ആറളം ഫാമില്‍ മാവോയിസ്റ്റ് സാന്നിധ്യമെന്ന് റിപ്പോര്‍ട്ട്; ജില്ലാ പോലീസ് മേധാവി മലയോര പോലീസ് സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥരുടെ അടിയന്തിരയോഗം വിളിച്ചുകൂട്ടി

ആറളം ഫാമിലിയും അതിര്‍ത്തി പ്രദേശങ്ങളിലെയും മാവോയിസ്‌റ് സാന്നിധ്യത്തെ ഗൗരവകരമായി കാണാനും മേഖലയില്‍ തണ്ടര്‍ബോള്‍ട്ട് കമാന്‍ഡോകളെ ഉപയോഗിച്ച് വ്യാപകമായി തിരച്ചില്‍ നടത്താനും യോഗത്തില്‍ തീരുമാനമായിട്ടുണ്ട്.

ആറളം ഫാമില്‍ മാവോയിസ്റ്റ് സാന്നിധ്യമെന്ന് റിപ്പോര്‍ട്ട്; ജില്ലാ പോലീസ് മേധാവി മലയോര പോലീസ് സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥരുടെ അടിയന്തിരയോഗം വിളിച്ചുകൂട്ടി

കണ്ണൂര്‍: ആറളം ഫാമിലും കേരള-കര്‍ണാടക അതിര്‍ത്തി പ്രദേശങ്ങളിലും മാവോയിസ്റ്റ് സാന്നിധ്യമുണ്ടെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് ജില്ലാ പോലീസ് മേധാവി അടിയന്തിര യോഗം വിളിച്ച് ചേര്‍ത്തു. ഇരിട്ടി ഡിവൈഎസ്പി ഓഫിസില്‍ നടന്ന യോഗത്തില്‍ ആറളം, കേളകം, കരിക്കോട്ടക്കരി, ഉളിക്കല്‍, മുഴക്കുന്ന് എസ്ഐ മാരും മേഖലയിലെ സിഐ മാരും പങ്കെടുത്തു. ഇരിട്ടി ഡിവൈഎസ്പി പ്രജീഷ് തോട്ടത്തില്‍, വിവിധ രഹസ്യാന്വേഷണവിഭാഗം ഉദ്യോഗസ്ഥര്‍ എന്നിവരും യോഗത്തില്‍ സംബന്ധിച്ചു.


ആറളം ഫാമിലും അതിര്‍ത്തി പ്രദേശങ്ങളിലെയും മാവോയിസ്‌റ് സാന്നിധ്യത്തെ ഗൗരവകരമായി കാണാനും മേഖലയില്‍ തണ്ടര്‍ബോള്‍ട്ട് കമാന്‍ഡോകളെ ഉപയോഗിച്ച് വ്യാപകമായി തിരച്ചില്‍ നടത്താനും യോഗത്തില്‍ തീരുമാനമായിട്ടുണ്ട്.

നേരത്തെയും ജില്ലയുടെ കിഴക്കന്‍ മേഖലകളില്‍ മാവോയിസ്‌റ് സാന്നിധ്യം ഉള്ളതായി രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ടുകള്‍ നല്‍കിയിരുന്നു. ഇരിട്ടിയുടെയും തളിപ്പറമ്പിന്റെയും കിഴക്കന്‍ മേഖലകളിലെ ചില ആദിവാസി കോളനികളില്‍ മാവോയിസ്‌റ് സംഘം എത്തിയെന്ന വിവരത്തെത്തുടര്‍ന്ന് തണ്ടര്‍ബോള്‍ട്ട് കമാന്‍ഡോകള്‍ വനപ്രദേശങ്ങളില്‍ തിരച്ചില്‍ നടത്തിയെങ്കിലും ആരെയും കണ്ടെത്തിയിരുന്നില്ല.

പോലീസ് സന്നാഹങ്ങളെ ഞെട്ടിച്ചുകൊണ്ട് 2015 ജനുവരി രണ്ടാം തീയതി നെടുംപൊയിലിലെ ക്വാറി ഓഫിസിനു നേര്‍ക്ക് മാവോയിസ്റ്റ് ആക്രമണം നടന്നിരുന്നു. പുലര്‍ച്ചെ രണ്ടേ മുക്കാലോടെയായിരുന്നു ആക്രമണം. ന്യൂ ഭാരത് സ്റ്റോണ്‍ ക്രഷറിന്റെ ഓഫീസ് ആയുധധാരികളായ സംഘം അടിച്ച് തകര്‍ക്കുകയായിരുന്നു. ഒരു സ്ത്രീ അടക്കം പട്ടാള യൂണിഫോമില്‍ എത്തിയ അഞ്ചംഗ സംഘം മാവോയിസ്റ്റ് അനുകൂല മുദ്രാവാക്യം വിളിച്ചു ഓഫിസ് ആക്രമിക്കുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികള്‍ നല്‍കിയ മൊഴി.

സെക്യൂരിറ്റി ജീവനക്കാരെ ബന്ദിയാക്കി ഓഫിസ് മുറിയിലെ ഫര്‍ണിച്ചറുകള്‍ക്കു തീയിട്ട സംഘം ഉപകരണങ്ങള്‍ തല്ലിത്തകര്‍ത്തു. സംഘം പോകുന്നതിനു മുന്‍പ് സിപിഐ മാവോയിസ്റ്റ് പശ്ചിമഘട്ട മേഖലാ കമ്മിറ്റിയുടെ പേരിലുള്ള പോസ്റ്ററുകള്‍ ഓഫിസിലും മതിലിലും പതിക്കുകയും ചെയ്തിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് മാവോയിസ്‌റ് നേതാവ് രൂപേഷിനെ മാത്രമാണ് ഇതുവരെയായി അറസ്റ്റു ചെയ്തിട്ടുള്ളത്.

ഏറെക്കാലമായി മാവോയിസ്‌റ് ഭീഷണി സംബന്ധിച്ച റിപോര്‍ട്ടുകള്‍ ഇല്ലാതിരുന്നതിനാല്‍ കിഴക്കന്‍ മേഖലയിലെ പോലീസ് സ്റ്റേഷനുകള്‍ക്ക് നല്‍കിയിരുന്ന പ്രത്യേക സായുധ സുരക്ഷാ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഉപേക്ഷിച്ച മട്ടിലാണ്. പുതിയ സാഹചര്യം പരിഗണിച്ച് മലയോര പോലീസ് സ്റ്റേഷനുകളുടെയും വനം വകുപ്പ് ഓഫിസുകളുടെയും സുരക്ഷാ സംവിധാനങ്ങള്‍ കാര്യക്ഷമമാക്കുമെന്ന സൂചനകളും ലഭിക്കുന്നുണ്ട്. തില്ലങ്കേരി മേഖലയില്‍ നിലനില്‍ക്കുന്ന രാഷ്ട്രീയ അക്രമങ്ങളെക്കുറിച്ചും യോഗത്തില്‍ ചര്‍ച്ച നടന്നു. രാഷ്ട്രീയ ആകര്‍മ്മങ്ങളില്‍ കര്‍ശന നിലപാട് സ്വീകരിക്കാന്‍ തന്നെയാണ് പോലീസ് തീരുമാനിച്ചിരിക്കുന്നത്.

Read More >>