ബാലേട്ടന്‍ മുരുകന്‍ ആകുന്നു

വിജയ്ബാബു, കമ്മട്ടിപ്പാടം ഫെയിം മണികണ്ഠന്‍ ജീവിതത്തിന്റെ രണ്ട് വ്യത്യസ്തസാഹചര്യങ്ങളില്‍ കഴിയുന്ന രണ്ടുപേരുടെ സൗഹൃദത്തിന്റെ കഥ പറയുന്ന ചിത്രമാണ്‌ അയാള്‍ ജീവിച്ചിരിപ്പുണ്ട്

ബാലേട്ടന്‍ മുരുകന്‍ ആകുന്നു

ഇന്ദ്രിയം, മെട്രോ, അവതാരം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ വ്യാസന്‍. കെ.പി ആദ്യമായി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'അയാള്‍ ജീവിച്ചിരിപ്പുണ്ട്.' വിജയ്ബാബു, കമ്മട്ടിപ്പാടം എന്ന ചിത്രത്തില്‍ ബാലേട്ടന്‍ എന്ന കഥാപാത്രം പ്രേക്ഷരുടെ മുന്നില്‍ എത്തിച്ച  മണികണ്ഠന്‍ എന്നിവര്‍ ജീവിതത്തിന്റെ രണ്ട് വ്യത്യസ്തസാഹചര്യങ്ങളില്‍ കഴിയുന്ന രണ്ടുപേരുടെ സൗഹൃദത്തിന്റെ കഥ പറയുന്നു.ഒരുപാട് പുരസ്‌കാരങ്ങള്‍ നേടിയ പ്രശസ്തനായ എഴുത്തുകാരനാണ് ജോണ്‍മാത്യു .നാട്ടിന്‍പുറത്തെ സാധാരണക്കാരനായ ചെറുപ്പക്കാരനാണ് മുരുകന്‍. ഒരു പ്രത്യേകസാഹചര്യത്തില്‍ അവരുടേതായ യാത്രയ്ക്കിടയില്‍ ഇരുവരും പരസ്പരം കണ്ടുമുട്ടുന്നു. അങ്ങനെ കഥയില്ലാത്ത എഴുത്തുകാരനും കഥയുള്ള ഒരു സാധാരണക്കാരനും തമ്മില്‍ സൗഹൃദത്തിലാവുന്നു. അവരുടെ തീവ്രമായ അടുപ്പത്തില്‍ മുരുകന്‍, എഴുത്തുകാരനായ ജോണ്‍മാത്യുവിന് പ്രചോദനമാവുകയാണ്. തുടര്‍ന്ന് ഇരുവരുടെയും ജീവിതത്തിലുണ്ടാകുന്ന രസകരവും സംഭവബഹുലമായ മുഹൂര്‍ത്തങ്ങളാണ് അയാള്‍ ജീവിച്ചിരിപ്പുണ്ട് എന്ന ചിത്രത്തില്‍


വ്യാസന്‍. കെ.പി. ദൃശ്യവല്‍ക്കരിക്കുന്നത്. ജോണ്‍മാത്യുവായി വിജയ് ബാബുവും മുരുകനായി മണികണ്ഠനും അഭിനയിക്കുന്നു. 'ഇവരില്‍ ഒരു കഥാപാത്രം ജീവിച്ചിരിക്കുന്ന ഒരാളുടെ മാതൃകയില്‍നിന്ന് രൂപപ്പെടുത്തിയിട്ടുള്ളതാണ്. അതുകൊണ്ടാണ് 'പറയാത്ത ഒരു സംഭവകഥ' എന്ന ടാഗ്‌ലൈന്‍ ഈ ചിത്രത്തിന് കൊടുത്തിട്ടുള്ളത്. സംവിധായകന്‍ വ്യാസന്‍.കെ.പി പറഞ്ഞു.

കൈലാഷ്, സുധീര്‍കരമന, ഹരീഷ് പേരടി, രാജേഷ് പെന്റേക്കര്‍, ഗോകുല്‍, തെസ്‌നിഖാന്‍ തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. നായിക ബോളിവുഡ്ഡിലെ പ്രശസ്തതാരമാണ്. ഒട്ടേറെ വിദേശതാരങ്ങള്‍ക്കൊപ്പം ഏകദേശം പത്തോളം കൊങ്കിണി ആര്‍ട്ടിസ്റ്റുകളും ഇതില്‍ അഭിനയിക്കുന്നുണ്ട്.

ഫോര്‍ട്ടിഫോര്‍ ഫിലിംസിന്റെ ബാനറില്‍ ഡി.ഡി നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ഹരിനായര്‍ ഐ.എസ്.സി ഛായാഗ്രഹണം  നിര്‍വ്വഹിക്കുന്നു. സന്തോഷ്‌വര്‍മ്മ, ബാപ്പു വച്ചാട് എന്നിവരുടെ വരികള്‍ക്ക് ഔസേപ്പച്ചന്‍ സംഗീതം പകരുന്നു. കല ജോസഫ് നെല്ലിക്കല്‍, മേക്കപ്പ് ജിതേഷ്, വസ്ത്രാലങ്കാരം സമീറ സനീഷ്, സംഘട്ടനം മാഫിയാശശി, അസോസിയേറ്റ് ഡയറക്ടര്‍ സുധീഷ് ചന്ദ്രന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ നോബിന്‍ ജേക്കബ്ബ്. ഒക്‌ടോബര്‍ മൂന്നിന് ഗോവയില്‍ ചിത്രീകരണമാരംഭിക്കും.