പഞ്ചായത്ത് ഓഫീസില്‍ അപേക്ഷയ്ക്കൊപ്പം ഹാജരാക്കിയത് വ്യാജ ജനനസര്‍ട്ടിഫിക്കറ്റ്; എട്ടുപേരെ പ്രതിചേര്‍ത്ത് മൂന്നു കേസുകള്‍ രജിസ്റ്റര്‍ ചെയ്തു

ഒരു അക്ഷയകേന്ദ്രം വഴിയാണ് സര്‍ട്ടിഫിക്കറ്റൊന്നിന് 12,000 രൂപ വെച്ച് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തതെന്നാണ് സൂചനകള്‍. വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് പ്രായപൂര്‍ത്തിയാകാതെ നടന്ന വിവാഹങ്ങള്‍ പോലും രജിസ്റ്റര്‍ ചെയ്തിരിക്കാന്‍ ഇടയുണ്ടെന്നും ഇതു സംബന്ധിച്ച് മറ്റു പഞ്ചായത്ത് ഓഫിസുകളില്‍ കൂടി പരിശോധന നടത്തണമെന്നും ആവശ്യം ഉയര്‍ന്നിട്ടുണ്ട്.

പഞ്ചായത്ത് ഓഫീസില്‍ അപേക്ഷയ്ക്കൊപ്പം ഹാജരാക്കിയത് വ്യാജ ജനനസര്‍ട്ടിഫിക്കറ്റ്; എട്ടുപേരെ പ്രതിചേര്‍ത്ത് മൂന്നു കേസുകള്‍ രജിസ്റ്റര്‍ ചെയ്തു

കാസര്‍ഗോഡ്: വിവിധ അപേക്ഷകള്‍ക്കൊപ്പം മംഗല്‍പാടി പഞ്ചായത്തില്‍ വ്യാജ ജനനസര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കിയ സംഭവത്തില്‍ എട്ടുപേരെ പ്രതി ചേര്‍ത്ത് പോലീസ് അന്വേഷണം തുടങ്ങി. പഞ്ചായത്ത് സെക്രട്ടറി ടി പവിത്രന്‍ നല്‍കിയ പരാതിയില്‍ മൂന്ന് കേസുകള്‍ പോലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പഞ്ചായത്ത് ഓഫീസില്‍ ലഭിച്ച മൂന്ന് അപേക്ഷകളിലായി വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് കണ്ടെത്തിയതിനാല്‍ വെവ്വേറേ കേസുകള്‍ രജിസ്റ്റര്‍ ചെയ്താണ് പോലീസ് അന്വേഷണം നടത്തുന്നത്.


ഹിദായത്ത് നഗര്‍ സ്വദേശികളായ നൈനാസ് ബാബു, ഇക്ബാല്‍ എന്നിവരാണ് ആദ്യ കേസിലെ പ്രതികള്‍. രണ്ടാമത്തെ കേസില്‍ ഷിറിയ സ്വദേശിനികളായ ഖൈറുന്നീസ, സുഹ്റ, ഷൈനി എന്നിവരും മൂന്നാമത്തെ കേസില്‍ മംഗല്‍പാടി സ്വദേശികള്‍ ആയ ബീഫാത്തിമ, ഹസീന, ഇബ്രാഹിം എന്നിവരുമാണ് പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.

പ്രതികള്‍ക്ക് വ്യാജസര്‍ട്ടിഫിക്കറ്റ് നിര്‍മിച്ച് നല്‍കിയവരെക്കുറിച്ച് വ്യക്തമായ സൂചനകള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഒരു അക്ഷയകേന്ദ്രം വഴിയാണ് സര്‍ട്ടിഫിക്കറ്റൊന്നിന് 12,000 രൂപ വെച്ച് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തതെന്നാണ് സൂചനകള്‍. വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് പ്രായപൂര്‍ത്തിയാകാതെ നടന്ന വിവാഹങ്ങള്‍ പോലും രജിസ്റ്റര്‍ ചെയ്തിരിക്കാന്‍ ഇടയുണ്ടെന്നും ഇതു സംബന്ധിച്ച് മറ്റു പഞ്ചായത്ത് ഓഫിസുകളില്‍ കൂടി പരിശോധന നടത്തണമെന്നും ആവശ്യം ഉയര്‍ന്നിട്ടുണ്ട്.

ഒരു പഞ്ചായത്ത് മെമ്പറും ഒരു മുന്‍ പഞ്ചായത്ത് മെമ്പറുമാണ് വ്യാജ സര്‍ട്ടിഫിക്കറ്റുകളും മറ്റു രേഖകളും നിര്‍മ്മിച്ച് നല്‍കുന്ന റാക്കറ്റിനു പിന്നിലെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്നും മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ മഞ്ചേശ്വരം ബ്ലോക്ക് കമ്മിറ്റി മംഗല്‍പാടി പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി.

Read More >>