'ഇസബെല്ല' ഒരു സീസണ്‍ മാത്രം നീളുന്ന പ്രണയം!

പ്രണയത്തില്‍ ഇത്ര അപമാനിക്കപ്പെട്ടിട്ടും ഇസബെല്ല എന്തിനാണ് തിരിച്ചു മേനോനിലേക്ക് തന്നെ എത്തുന്നതെന്ന് പ്രേക്ഷകന് തോന്നുന്നത് സ്വാഭാവികം. ഒരു പക്ഷെ, ഇസബെല്ല എന്ന കഥാപാത്രത്തിന്‍റെ നെഗറ്റീവ്സ് ഇതൊക്കെ തന്നെയായിരിക്കണം.

'ഇസബെല്ല' ഒരു സീസണിലെ പ്രണയം ആയിരുന്നു, അല്ലെങ്കില്‍ മൂടല്‍ മഞ്ഞ് പോലെയുള്ള ഒരു സ്വപ്നം!

മോഹന്‍ സംവിധാനം ചെയ്തു 1988 പുറത്തിറങ്ങിയ ഇസബെല്ല എന്ന ചിത്രം ഒരു സുന്ദരിയുടെ കഥ പറഞ്ഞു തന്നിരുന്നു. യക്ഷിയെ പോലെ സുന്ദരിയായ ഒരു യുവതിയുടെ കഥയാണ് അത്. യക്ഷിയെ പോലെ സുന്ദരി എന്ന് ഇസബെല്ലയെ വിശേഷിപ്പിക്കുന്നത് മറ്റാരുമല്ല, അവളുടെ കാമുകന്‍ തന്നെയാണ്. മധ്യവയസിലേക്ക് കടന്ന അവിവാഹിതനായ ഉണ്ണികൃഷ്ണമേനോന്‍ ആയിരുന്നു ആ കാമുകന്‍.


ഇസബെല്ല എന്ന കഥാപാത്രത്തെ സുമലതയും, ഉണ്ണികൃഷ്ണ മേനോനായി ബാലചന്ദ്രമേനോനും വെള്ളിത്തിരയില്‍ എത്തി.

സഹോദരിക്കും അവളുടെ മക്കള്‍ക്കും വേണ്ടി ജീവിക്കാന്‍ മറന്നു പോകുന്ന പതിവ് ക്ലീഷേ കഥാപാത്രം പോലെ ഉണ്ണികൃഷ്ണമേനോന്‍ രംഗത്തെത്തുന്നു. ആ ജീവിതത്തില്‍ നിറങ്ങള്‍ വന്നു നിറയുന്നത് ഇസബെല്ല എന്ന സുന്ദരിയെ കണ്ടുമുട്ടുമ്പോഴാണ്.

സ്വസ്ഥത തേടി ഊട്ടിയിലെത്തുന്ന മേനോന് ആദ്യം ഗൈഡ് ആയി ലഭിക്കുന്നത് ഫ്രെഡ്രിക് എന്ന കിളവനെയാണ് (നെടുമുടിവേണു). ഊട്ടിയിലെ തണുപ്പില്‍ അങ്ങനെയൊരു ഗൈഡ് അല്ല തനിക്ക് ചേരുന്നത് എന്ന് തോന്നുന്ന മേനോന്‍ ഒരു സുന്ദരി ഗൈഡിനായി ആവശ്യപ്പെടുന്നു.

വെറുതെ ഒരു കൂട്ടിന്..അല്ലാതെ ഒന്നിനുമല്ല..Isabellafilm

ഇസബെല്ലയുടെ എന്ട്രി അങ്ങനെയാണ്.

" ദി ഗൈഡ്.."

" അതാണോ നിങ്ങളുടെ പേര്?"

" അല്ല..ഇസബെല്ല.."

" ഇസബെല്ല..സ്വീറ്റ് നെയിം"

വെസ്റ്റേണ്‍ വേഷം അവള്‍ക്ക് നന്നായി ഇണങ്ങുന്നുണ്ട് എന്ന് മാത്രമല്ല, അതില്‍ അവള്‍ മറ്റു ഗൈഡുകളെക്കാള്‍ കൂടുതല്‍ സുന്ദരിയുമായിരുന്നു. മേനോന് ഇസബെല്ലയോട് ആകര്‍ഷണം തോന്നാന്‍ ഇത് മാത്രം മതിയായിരുന്നു.

ബെല്‍ എന്ന വാക്കില്‍ മണിമുഴക്കം ഉണ്ടെന്നും, അത് മരണത്തെ സൂചിപ്പിക്കുന്നതായി അനുഭവപ്പെടുന്നതായും മേനോന്‍ പറയുന്നു. അതുക്കൊണ്ട് ഇനി അവള്‍ അയാള്‍ക്ക് 'ബേലാ' ആയിരിക്കും. തിരിച്ചു അയാള്‍ 'മോനു'വും.

ആ ആകര്‍ഷണം കിടക്കയില്‍ എത്താന്‍ കുറച്ചു ദിവസങ്ങള്‍ മാത്രമേ വേണ്ടിയിരുന്നുള്ളു. താന്‍ ഡാഡിയുടെ മരണത്തിന്നു ശേഷം ഇത്രത്തോളം ആശ്വസിച്ച നിമിഷങ്ങള്‍ ഉണ്ടായിട്ടില്ല എന്ന് പറയുന്ന ബേലായോടുള്ള മോനുവിന്‍റെ മറുപടി മറ്റൊരു ചോദ്യമായിരുന്നു-

"മറ്റുള്ളവരോട് കിടന്നപ്പോഴും അങ്ങനെ തോന്നിയിട്ടില്ല എന്നാണോ ? "

അവളുടെ തൊഴില്‍ ആവശ്യപ്പെടുന്ന അനുഭവം മാത്രമാണ് ബേലായ്ക്ക് തന്നോടുള്ളതെന്നാണ് മേനോന്‍ കരുതിയത്‌ പോലും! പ്രണയത്തില്‍ ഇത്ര അപമാനിക്കപ്പെട്ടിട്ടും ഇസബെല്ല എന്തിനാണ് തിരിച്ചു മേനോനിലേക്ക് തന്നെ എത്തുന്നതെന്ന് പ്രേക്ഷകന് തോന്നുന്നത് സ്വാഭാവികം.
ഒരു പക്ഷെ, ഇസബെല്ല എന്ന കഥാപാത്രത്തിന്‍റെ നെഗറ്റീവ്സ് ഇതൊക്കെ തന്നെയായിരിക്കണം.

ഇസബെല്ലയുടെ മമ്മ മാഗ്ഗി തികഞ്ഞ ഒരു മദ്യപാനിയാണ്, ഭര്‍ത്താവിനെ കൊലപ്പെടുത്തിയ മദ്യം തന്നെ തന്‍റെ ജീവിതവും എടുക്കട്ടെ എന്ന ലൈനാണ് അവര്‍ക്ക്. ഇസബെല്ലയുടെ ഒരേയൊരു സഹോദരന്‍ ടോണിയാകട്ടെ ബുദ്ധിസ്ഥിരതയില്ലാത്ത യുവാവും. ഈ കുടുംബത്തിന്‍റെ പരിപൂര്‍ണ്ണ ഉത്തരവാദിത്തമാണ് ഇസബെല്ലയുടെ സ്ഥായിയായ നിരാശാഭാവത്തിന് കാരണം.

വിവാഹ വേഷമണിഞ്ഞ ഒരു യുവതിയെ കാണുമ്പോള്‍ അവളുടെ ആത്മഗതം ഏതോ ഭാഗ്യം ചെയ്തവള്‍ എന്നായിരുന്നു. കേരളീയ ചുറ്റുപാടുകളില്‍ അന്ന് ജീവിച്ചിരുന്ന എതൊരു പെണ്ണിനും ഉണ്ടാകുന്ന ആഗ്രഹങ്ങളും സ്വപ്നങ്ങളും മാത്രമേ തനിക്കും ഉള്ളു എന്ന് സ്ഥാപിക്കാനുള്ള ഒരു പാഴ്ശ്രമമായി ഈ വാക്കുകള്‍ അനുഭവപ്പെടുന്നു. ഒരു വശത്ത്‌ 'ചട്ടക്കാരി' ഇമേജും മറുവശത്ത് കേരളീയ നാരീസ്വപ്നങ്ങളും തമ്മിലുള്ള ഒരു ക്ലാഷ് പ്രേക്ഷകന് അനുഭവപ്പെടുക സ്വാഭാവികം.

പക്ഷെ, ഇതൊന്നും നമ്മുക്ക് ഇസബെല്ലയെ വെറുക്കാനുള്ള കാരണങ്ങള്‍ ആകുന്നില്ല. ഇസബെല്ലയുടെ കണ്ണുകള്‍ക്ക്‌ അത്രമേല്‍ വശീകരണശക്തിയുണ്ട്! ( മേനോനെ വെറുക്കാതിരിക്കാന്‍ പ്രേക്ഷകന്‍ മനപ്പൂര്‍വ്വമായി ശ്രദ്ധിക്കുകയും വേണം)

യക്ഷിയെ പോലെ സുന്ദരിയാണ് ബേലാ എന്ന് മേനോന്‍ പറയുമ്പോള്‍, അവളുടെ മറുപടി ഈ യക്ഷി ഒരു പുരുഷന്റെയും ചോര കുടിക്കുന്നവള്‍ അല്ലെന്നാണ്.

ബേലായില്‍ നിന്നും ഒളിച്ചോടി മേനോന്‍ തന്‍റെ സഹോദരിക്കും മക്കള്‍ക്കും വേണ്ടി തുടര്‍ന്നും ജീവിക്കുന്നു. അവരില്‍ നിന്നുണ്ടാകുന്ന തിക്താനുഭവങ്ങള്‍ അയാളെ വീണ്ടും ഇസബെല്ലയില്‍ എത്തിക്കുന്നു. അപ്പോഴേക്കും അടുത്ത സീസണ്‍ ആയിട്ടുണ്ടാകും. രണ്ടാമത്തെ വരവില്‍ അയാള്‍ക്ക് പഴയ ആരോഗ്യം ഉണ്ടായിരുന്നില്ല. ഒരു കാല്‍ ഭാഗികമായ തളര്ന്നിട്ടുണ്ട്, കൂടാതെ മറ്റു പല രോഗങ്ങളും. ഇതൊന്നും ഇസബെല്ല കാര്യമാക്കുന്നതേയില്ല. ശാരീരികവും മാനസികവുമായ വൈകല്യം മേനോന്‍ എന്ന കഥാപാത്രത്തിനാണ് എങ്കിലും, സഹതാപം മുഴുവന്‍ യൌവനത്തിന്‍റെ പരകോടിയില്‍ ഒരു രാജകുമാരി കണക്കെ, തിളങ്ങുന്ന ബേലയ്ക്കാണ് അയാള്‍ നല്‍കുന്നത്.

ഹിസ്‌ ഹൈനസ്, ബ്ലാക്ക്‌ പേള്‍, മൈ ലോഡ് എന്നീ വാക്കുകളില്‍ ബേലയുടെ പ്രണയം ആവോളം അനുഭവിച്ചു, സീസണ്‍ കഴിയുമ്പോഴേക്കും അയാള്‍ മടങ്ങിയിട്ടുണ്ടാകും. കൂടെ പോകാന്‍ ഇസബെല്ലയ്ക്ക് കഴിയുമായിരുന്നില്ല, കാരണം മമ്മയുടെയും, ടോണിയുടെയും ഭാരിച്ച ഉത്തരവാദിത്തം തന്നെ.

ഒടുവില്‍ സഹോദരിയും മക്കളും തള്ളിപറയുമ്പോള്‍, മേനോന്‍ ഇസബെല്ലയോടൊപ്പം ജീവിക്കാന്‍ തീരുമാനിക്കുന്നു. പാലിയത്ത് ഉണ്ണികൃഷ്ണ മേനോന്‍ എങ്ങോ കിടന്ന പെണ്ണിനെ വിവാഹം കഴിക്കുന്നതിനെ ഇനി അയാള്‍ ഭയപ്പെടുന്നില്ല പോലും. ഊട്ടിയിലേക്കുള്ള മേനോന്‍റെ മൂന്നാമ്മത്തെ വരവ് അതിന്നുള്ളതാണ്.

മൂന്ന് ഉയിര്‍പ്പിന്‍റെ സംഖ്യയാണ്...പക്ഷെ ബേലയ്ക്ക് അത് മരണത്തിന്നുള്ള സമയമായിരുന്നു.

മമ്മയുടെ മരണവും, ടോണി നാടുവിട്ടതും കൂടിയായപ്പോള്‍ അവള്‍ക്ക് പ്രതീക്ഷകള്‍ ഒന്നും അവശേഷിച്ചിരുന്നില്ലത്രേ. മോനു വരുമെന്ന് പ്രതീക്ഷിച്ചിരുന്ന സീസണും കഴിഞ്ഞു. പിന്നെ അവള്‍ക്കുണ്ടായിരുന്ന ജീവിതത്തിനു മരണം എന്നാണ് അര്‍ത്ഥം!

ബേലായുടെ കുഴിമാടത്തില്‍ നീലപൂക്കള്‍ അര്‍പ്പിച്ചു, മേനോന്‍ തിരികെ മടങ്ങുന്നു..

"അടിവച്ചകലും പകലിന്‍ വഴിയില്‍,
വിടരും താരക പോലെ..
ഒരു വിഷാദ രാഗം പോലെ..
ഒരു വിഷാദ രാഗം പോലെ..

നില്പൂ നീ ജനിമൃതികള്‍ക്കകലേ..
കല്പനതന്‍ കണി മലരേ ..കണി മലരേ..
ഇസബെല്ലാ.. ഇസബെല്ലാ.."

ഓ.എന്‍.വി യുടെ രചനയും, ജോണ്‍സണ്‍ മാഷിന്‍റെ സംഗീതവും, യേശുദാസിന്‍റെ ശബ്ദവും ചേര്‍ന്ന ഈ വരികളില്‍ ഇസബെല്ല പൂര്‍ണ്ണമാകുന്നു..1987-ൽ പത്മരാജൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചലച്ചിത്രമായ തൂവാനത്തുമ്പികളിലെ ക്ലാര എന്ന കഥാപാത്രവും ഇസബെല്ലയും തമ്മില്‍ എവിടെയൊക്കെയോ സാമ്യമുണ്ട്‌, എന്നാല്‍ അവര്‍ തമ്മില്‍ ഒരു ചേര്‍ച്ചയില്ലാ താനും! ഒരുപക്ഷെ, സുമലത തന്നെ രണ്ടു കഥാപാത്രങ്ങളെയും വെള്ളിത്തിരയില്‍ അവതരിപ്പിച്ചതാകാം ആ സാമ്യം അനുഭവപ്പെടാനുള്ള കാരണം, അതോ വിവാഹത്തിന്‍റെ നേര്‍ത്ത രേഖയ്ക്കിപുറം മനസിലാക്കാന്‍ കഴിയാത്ത ഒരു ബന്ധം നായകനുമായി ഇവര്‍ സൃഷ്ടിക്കുന്നതോ?

ക്ലാര ഇന്നും യവനസുന്ദരിയായി പ്രേക്ഷകമനസ്സില്‍ നിലനില്‍ക്കുമ്പോള്‍, ഇസബെല്ല ഒരു ദുരന്തഗീതമായി മാറുന്നത് അവരുടെ അന്തിമ തീരുമാനങ്ങളിലെ വ്യതിയാനം മൂലമാണ്.
കരുത്തുറ്റ നായികാ സങ്കല്‍പ്പങ്ങള്‍ അവകാശപ്പെടാന്‍ കഴിയില്ലെങ്കിലും, പ്രേക്ഷക മനസ്സില്‍ ഇസബെല്ലയോടുള്ള പ്രണയം ഇല്ലാതാക്കാന്‍ ഇവയ്ക്കൊന്നും കഴിയുന്നതല്ല. ഒരു നോവ്‌ പോലെ നെഞ്ചില്‍ പടരുന്ന ദുരന്തഗീതമായി മോനുവിന്‍റെ ബേലാ ഉറങ്ങുന്നു..പൂക്കള്‍ക്കിടയില്‍!

അതുമല്ലെങ്കില്‍, ജനിമൃതികള്‍ക്കകലെ അവള്‍ നില്‍ക്കുന്നുണ്ടാവും..മൂടല്‍ മഞ്ഞിലെ ഒരു സ്വപ്നം പോലെ..