ആദ്യ സിനിമയുടെ ആനന്ദത്തില്‍ ഗണേഷും സംഘവും...

തട്ടത്തിൻ മറയത്തിലൂടെ വിനീതിന്റെ കളരിയില്‍ എത്തിയ ഗണേഷ് ആനന്ദത്തിലൂടെ പറയുന്നത് എഞ്ചിനിയറിങ് വിദ്യാർഥികളുടെ കോളേജ് ട്രിപ്പിനിടെ നടക്കുന്ന ഒരു കൊച്ചു കഥയാണ്.

ആദ്യ സിനിമയുടെ ആനന്ദത്തില്‍ ഗണേഷും സംഘവും...

നടനും തിരക്കഥാകൃത്തും സംവിധായകനുമായ വിനീത് ശ്രീനിവാസന്‍ ആദ്യമായി നിർമ്മാതാവുകുന്ന ചിത്രമെന്ന നിലയിലാണ് ആനന്ദം ആദ്യഘട്ടങ്ങളില്‍ വാര്‍ത്തകളില്‍ നിറഞ്ഞതെങ്കിലും ഇപ്പോള്‍ മലയാള സിനിമ പ്രേക്ഷകര്‍ ചിത്രത്തെ ഉറ്റുനോക്കുന്നത് വിനീതിന്റെ സഹ സംവിധായകനായിരുന്ന ഗണേഷ് രാജിന്റെ പ്രഥമ സംവിധാന സംരംഭമെന്ന നിലയിലാണ്.

തട്ടത്തിൻ മറയത്തിലൂടെ വിനീതിന്റെ കളരിയില്‍ എത്തിയ ഗണേഷ് ആനന്ദത്തിലൂടെ പറയുന്നത് എഞ്ചിനിയറിങ് വിദ്യാർഥികളുടെ കോളേജ് ട്രിപ്പിനിടെ നടക്കുന്ന ഒരു കൊച്ചു കഥയാണ്.


ഗണേഷ് രാജും ചിത്രത്തിലെ  മൂന്ന് നായികമാരില്‍ രണ്ടുപേരായ സിദ്ധിയും അന്നുവും നാരദ ന്യൂസുമായി അവരുടെ 'ആനന്ദം' പങ്കുവയ്ക്കുന്നു...

[video width="1280" height="720" mp4="http://ml.naradanews.com/wp-content/uploads/2016/09/mp4.mp4"][/video] • വിനീതിന്റെ കളരിയിലാണ് തുടക്കം. തട്ടത്തിന്‍ മറയത്ത് മുതല്‍ ഇങ്ങോട്ടുള്ള എല്ലാ വിനീത് ചിത്രങ്ങളിലും സംവിധാന സഹായിയായി പ്രവര്‍ത്തിച്ചു. ഇപ്പോള്‍ ആദ്യമായി സംവിധായകനാകുന്ന ചിത്രത്തിന്റെ നിര്‍മ്മാണം നിര്‍വഹിക്കുന്നത് വിനീത് ശ്രീനിവാസന്‍. 


എല്ലാം വളരെ യാദൃശ്ചികമായാണു സംഭവിച്ചത്. അങ്ങനെ അധികം സിനിമകള്‍ കണ്ടു വളര്‍ന്ന ഒരാളല്ല ഞാന്‍. പഠനത്തിനു ശേഷം കുറച്ചു നാള്‍ വെറുതെയിരിക്കാന്‍ അവസരം കിട്ടി. ആ സമയത്താണ് ഞാന്‍ സിനിമകള്‍ കൂടുതലായി കണ്ടു തുടങ്ങിയത്. പിന്നെ ഞാന്‍ ചെറിയ രീതിയിലൊക്കെ എഴുതുമായിരുന്നു. അത്യാവശ്യം ഭാഷ കൈകാര്യം ചെയ്യാന്‍ സാധിക്കുമെന്ന വിശ്വാസമാണ് ഒരു ചെറുകഥയെ എന്ത് കൊണ്ട് സിനിമയാക്കിക്കൂടാ എന്ന് ചിന്തിക്കാന്‍ പ്രേരിപ്പിച്ചത്. അങ്ങനെയാണ് 2010ല്‍ ആദ്യമായി ഒരു ഹ്രസ്വചിത്രം ചെയ്യുന്നത്. തുടര്‍ന്ന്, 2011ല്‍ മറ്റൊരു ചിത്രം കൂടി ചെയ്തു. ഈ രണ്ടു ചിത്രങ്ങളുടെ ലിങ്ക് ഞാന്‍ ഫേസ്ബുക്ക് വഴി വിനീത് ചേട്ടന് അയച്ചുകൊടുത്തു. അന്ന് ചേട്ടന്‍ മലര്‍വാടി കഴിഞ്ഞു നില്‍ക്കുകയാണ്. ഇന്നത്തെ പോലെ അന്ന് വിനീത് ചേട്ടന്റെ അക്കൗണ്ട്‌ അത്ര സജീവമല്ല. എന്തോ ഭാഗ്യത്തിന് അദ്ദേഹം റിപ്ലൈ ചെയ്തു. എന്നോട് വന്നു കാണാന്‍ പറഞ്ഞു, ഞാന്‍ പോയി കണ്ടു. എന്തോ അദ്ദേഹത്തിനു എന്നെ ഇഷ്ടമായി, അങ്ങനെയാണു ഞാന്‍ തട്ടത്തിന്‍ മറയത്തിലേക്ക് എത്തുന്നത്.

 • തട്ടത്തിന്‍ മറയത്ത് മുതല്‍ ആനന്ദം വരെ...


Gnesh 0004

വിനീത് ചേട്ടനുമായി എനിക്ക് വലിയ ആത്മബന്ധമുണ്ട്. അദ്ദേഹത്തിന്റെ സിനിമകളില്‍ പ്രവര്‍ത്തിക്കാനായിരുന്നു എനിക്ക് ആഗ്രഹം. തട്ടത്തിന്‍ മറയത്ത് കഴിഞ്ഞു രണ്ടു വര്‍ഷത്തിനു ശേഷമാണ് തിര വരുന്നത്. ഈ ഗ്യാപ്പില്‍ ഞാന്‍ വേറെ ചിത്രങ്ങളിലൊന്നും  പ്രവര്‍ത്തിച്ചില്ല. കുറച്ചു മ്യൂസിക് വീഡിയോകള്‍, പരസ്യങ്ങള്‍, ഹ്രസ്വ ചിത്രങ്ങള്‍ എന്നിവ മാത്രമാണ് ചെയ്തത്. തിര കഴിഞ്ഞു വന്നപ്പോഴാണ് എനിക്ക് അഞ്ജലി മാമിന്റെ ബാംഗ്ലൂര്‍ ഡേയ്സില്‍ പ്രവര്‍ത്തിക്കാന്‍ അവസരം ലഭിക്കുന്നത്. അതിനു ശേഷം പിന്നെ സ്വന്തം സിനിമയെക്കുറിച്ചായി ചിന്ത. അങ്ങനെ ഞാന്‍ എഴുതിത്തുടങ്ങി. അത് ഒരു കരയ്ക്ക് അടുത്ത സമയത്താണ് ജേക്കബിന്‍റെ സ്വര്‍ഗ്ഗരാജ്യത്തിലേക്ക് വിനീത് ചേട്ടന്‍ വീണ്ടും വിളിക്കുന്നത്. വിനീത് ചേട്ടന്‍ വിളിച്ചു, ഞാന്‍ പോയി.

 • പുതുമുഖങ്ങളെ അണിനിരത്തി ഒരു പുതുമുഖ സംവിധായകന്‍ ചെയ്യുന്ന ചിത്രം. ഈ ചിത്രത്തെ നിര്‍മ്മാതാവ് സ്വീകരിച്ചതെങ്ങനെ? 


ഞാനും എന്‍റെ സഹപ്രവര്‍ത്തകരും സിനിമ എന്ന ഫ്രെയിമിനുള്ളില്‍ നിന്നു ചിന്തിച്ചാല്‍ പുതുമുഖങ്ങളാകും. പക്ഷെ ഞങ്ങളെല്ലാം ഒരുമിച്ചു പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിട്ട്‌ അഞ്ചു വര്‍ഷത്തിലേറെയായി. അതുകൊണ്ട് തന്നെ പുതിയ ഒരാളുടെ കൂടെയാണ് ജോലി ചെയ്യുന്നതെന്ന ഫീല്‍ ഞങ്ങളില്‍ ആര്‍ക്കുമുണ്ടായിരുന്നില്ല. സംഗീത സംവിധായകന്‍ സച്ചിന്‍ വാര്യരായാലും, ക്യാമറമാന്‍ ആനന്ദായാലുമൊക്കെ എന്‍റെ വര്‍ഷങ്ങളായുള്ള സുഹൃത്തുക്കളാണ്. പിന്നെ വിനീതേട്ടന്‍ എന്നോട് പറഞ്ഞത് നിന്റെ കംഫര്‍ട്ട് പോലെയെല്ലാം ചെയ്യാനാണ്. അദ്ദേഹത്തിന്റെ പൂര്‍ണ പിന്തുണയില്ലാതെ ഇത് ഒന്നും സാദ്ധ്യമാകില്ലല്ലോ.

ഈ ചിത്രത്തിന്റെ തിരക്കഥ ഞാന്‍ പൂര്‍ത്തിയാക്കുന്നത് 2014ലാണ്. ആദ്യം ഞാനിത് വിനീതേട്ടനെ കാണിച്ചപ്പോള്‍ വളരെ മോശം തിരക്കഥയെന്നാണ് അദ്ദേഹം പറഞ്ഞത്. ഇതൊരു മോശം ഐഡിയയാണ് , ഇത് നീ പൊളിച്ചെഴുതണമെന്ന് പറഞ്ഞു. ഈ ഡ്രാഫ്റ്റ് മോശമാണെന്ന് പറയുമ്പോഴും എന്താണ് അതിലെ പ്രശ്നമെന്ന് പറഞ്ഞില്ല. നീ എഴുതിയതില്‍ എവിടെയോ ഒരു നല്ല സിനിമയുണ്ട്, പക്ഷെ അത് ചികഞ്ഞു കണ്ടു പിടിക്കേണ്ടത് നീയാണ് എന്ന് മാത്രമാണ് പറഞ്ഞത്. അങ്ങനെ തെറ്റുകള്‍ തിരുത്തിയും മാറ്റങ്ങള്‍ വരുത്തിയും ഒരു വര്‍ഷം കൊണ്ടാണ് ആനന്ദത്തിന്റെ ഫൈനല്‍ ഡ്രാഫ്റ്റുണ്ടാക്കിയത്.

Ganesh001

 • ആദ്യ സംവിധാന സംരംഭം. ട്രാവല്‍ മൂവി. ലൊക്കേഷനുകള്‍ മാറിക്കൊണ്ടിരിക്കുന്നു.ആനന്ദം ഗണേശിനെ സംബന്ധിച്ചിടത്തോളം എത്രത്തോളം വലിയ വെല്ലുവിളിയായിരുന്നു. 


അതിനു രണ്ടു വശമുണ്ട്. ആദ്യ ചിത്രം പരിചയ സമ്പന്നരായ അഭിനേതാക്കളെ വച്ചു എടുക്കുന്നതിലുമെളുപ്പമല്ലേ പുതുമുഖങ്ങളെ വച്ചു എടുക്കുന്നത്. മുതിര്‍ന്ന അഭിനേതാക്കള്‍ക്ക് ഡേറ്റ് പ്രശ്നം വരാം, സമയത്ത് എത്താന്‍ സാധിച്ചില്ലെന്നു വരാം, അങ്ങനെ പല പ്രശ്നങ്ങളും ഉണ്ടാവാം. അതേസമയം ഈ കുട്ടികള്‍ ഷൂട്ട്‌ തുടങ്ങി തീരും വരെ എന്‍റെ ഒപ്പമുണ്ടായിരുന്നു. ട്രാവല്‍ മൂവിയായത് കൊണ്ട് തന്നെ സമയം വലിയ ഒരു കടമ്പയായിരുന്നു. മിനിറ്റിനു പൈസ പോകുന്ന അവസ്ഥയായത് കൊണ്ട് എല്ലാം വേഗം വേഗം തീര്‍ക്കേണ്ട സാഹചര്യമുണ്ടായിരുന്നു.

 • എന്താണ് ആനന്ദം?


ഒരു 'കമിംഗ്  ഓഫ് ഏജ്' ചിത്രം. ആനന്ദത്തെ അങ്ങനെ വിളിക്കാനാണ് എനിക്കിഷ്ടം. കൂട്ടുകാര്‍ തമ്മിലുള്ള പ്രണയവും പ്രശ്നങ്ങളും സൗഹൃദവും സ്നേഹവുമൊക്കെയാണ് ആനന്ദം.

 • മലയാളികള്‍ ഇരുകൈകളും നീട്ടി സ്വീകരിച്ച ക്യാമ്പസ്‌ ചിത്രമാണ് ഹാപ്പി ഡെയ്സ്. അന്യഭാഷാ ചിത്രമായിരുന്നിട്ട് കൂടി ഹാപ്പി ഡെയ്സ് കേരളത്തില്‍ വിജയിച്ചു. ഹാപ്പി ഡെയ്സ് എന്ന വാക്കിന്റെ മലയാളം പരിഭാഷ 'ആനന്ദമെന്നാണ്'. രണ്ടു ചിത്രങ്ങളും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ? 


എനിക്ക് വളരെയധികം ഇഷ്ടപ്പെട്ട ഒരു ചിത്രമാണ് ഹാപ്പി ഡെയ്സ്. ആ ചിത്രം കണ്ട ശേഷം അതുപോലെയൊരു ക്യാമ്പസ്‌ ലൈഫ് നമുക്കുമുണ്ടായിരുന്നെങ്കില്‍ എന്ന് നമ്മളില്‍ പലരും ആഗ്രഹിച്ചിട്ടുണ്ടാകും. ഹാപ്പി ഡെയ്സ് നാല് വര്‍ഷം കൊണ്ട് നടക്കുന്ന സിനിമയാണ്, അതെസമയം ആനന്ദം നാല് ദിവസത്തെ കഥയാണ്. ഇരു ചിത്രങ്ങള്‍ക്കും തമ്മില്‍ യാതൊരു സാദൃശ്യവുമില്ല.

 • കലാലയ ജീവിതത്തിലെ സൗഹൃദങ്ങളുടെ കഥ പറയുന്ന ചിത്രമാണ് ആനന്ദം. അങ്ങനെയാണെങ്കില്‍ ഗണേഷിന്റെ കലാലയ ഓര്‍മ്മകളും കൂട്ടുകാരുമൊക്കെ ഈ ചിത്രത്തില്‍ എവിടെയൊക്കെയോ വന്നു പോകില്ലേ? 


തീര്‍ച്ചയായും. ഇതിലെ ദേവിക എന്ന കഥാപാത്രം എന്‍റെ ഏറ്റവും അടുത്ത സുഹൃത്തായ ടീനയില്‍ നിന്നും രൂപപ്പെടുത്തിയെടുത്തതാണ്. പിന്നെ എന്‍റെ ഒരു ഷെയ്ഡ് ഇതിലെ മിക്ക കഥാപാത്രങ്ങള്‍ക്കുമുണ്ട്. അക്ഷയ് എന്ന കഥാപാത്രത്തിനാകും കൂടുതല്‍ സാമ്യത. കാരണം എന്‍റെ കോളേജ് കാലത്ത് ഞാനും അവനെപോലെയായിരുന്നു. അതുപോലെ, ഇതിലെ ഓരോ കഥാപാത്രങ്ങളെയും ഞാന്‍ എവിടെയൊക്കെയോ കണ്ടിട്ടുണ്ട്.

 • മറ്റുള്ള സംവിധായകരുടെയടുത്ത് അ
  വരുടെ സിനിമയിറങ്ങും മുന്‍പ് ഈ ചോദ്യം ചോദിക്കുന്നതില്‍ കാര്യമില്ല, പക്ഷെ ഗണേശിനോട്‌ വളരെ സീരിയസായി തന്നെ ചോദിക്കാം, താങ്കളുടെ സഹസംവിധായകരെ കുറിച്ച്...


എന്‍റെ നാല് സഹായികളുടെയും ആദ്യത്തെ ചിത്രമാണ് ആനന്ദം. ഇവരില്‍ രണ്ടു പേര്‍ എന്‍റെ കൂടെ വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്നവരാണ്. മറ്റു രണ്ടു പേര്‍ ഈ സിനിമയില്‍ എന്നോടൊപ്പം ജോയിന്‍ ചെയ്തവരാണ്.

 • കോസ്റ്റ്യൂംസ്...


രസകരമായ സംഭവം തന്നെയായിരുന്നു ഈ ചിത്രത്തിലെ കോസ്റ്റ്യൂം ഡിസൈനിംഗ്. ഉച്ചയ്ക്ക് മൂന്ന് മണിവരെ ഇവരെ ഏഴ് പേരെ വച്ചു റിഹേഴ്സല്‍ നടത്തും. അതിനു ശേഷം ഭക്ഷണം, പിന്നെ നേരെ മാളിലേക്ക്. അവിടെ ചെന്ന് ഇവരെ തുറന്നു വിടുകയായിരുന്നു. അവരവരുടെ കഥാപാത്രങ്ങളുടെ രൂപവും സ്വഭാവും ഡ്രസ്സ് കോഡുമെല്ലാം ഓരോരുത്തര്‍ക്കുമറിയം. അപ്പോള്‍ അതിനനുസരിച്ച വേഷങ്ങള്‍ നോക്കി വരാന്‍ ഇവരെ തന്നെ ചുമതലപ്പെടുത്തുകയാണു ഞങ്ങള്‍ ചെയ്തത്. നാല് ദിവസം കൊണ്ട് നടക്കുന്ന കഥയായത് കൊണ്ട് അങ്ങനെ ഒരുപാട് കോസ്റ്റ്യൂംസിന്റെ ആവശ്യവുമില്ലായിരുന്നു.

 • പോസ്റ്ററുകള്‍...


Anandam

ഇതുവരെ പോസ്റ്റര്‍ ഡിസൈന്‍ ചെയ്യാത്ത ഒരാളാണ് ആനന്ദത്തിന്റെ പോസ്റ്ററുകള്‍ ചെയ്തിരിക്കുന്നത്. അതായിരിക്കാം പോസ്റ്ററുകള്‍ക്ക് ഒരു ഫ്രഷ്‌നെസ്സ് ഫീല്‍ ചെയ്യുന്നത്. എന്‍റെ സുഹൃത്തായ പാര്‍വതിയാണ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. ആനന്ദം എഴുതി പൂര്‍ത്തിയായ ശേഷം ഞാന്‍ അവള്‍ക്ക് സ്ക്രിപ്റ്റ് വായിക്കാന്‍ കൊടുത്തു, വായിച്ച ശേഷം അവള്‍ എനിക്ക് ഒരു സംഭവം വരച്ചു തന്നു, അന്ന് തന്നെ അവളെ ആനന്ദത്തിന്റെ പോസ്റ്റര്‍ ഡിസൈനറായി ഞാന്‍ ഫിക്സ് ചെയ്തു. എല്ലാ പോസ്റ്ററുകളും ബ്രൈറ്റ് ആന്‍ഡ്‌ ഫണ്ണിയുമാക്കാമെന്നത് അവളുടെ ഐഡിയയായിരുന്നു.

 • പുതുമുഖങ്ങള്‍...


ആനന്ദം പറയുന്നത് ഒരു ക്ലാസില്‍ പഠിക്കുന്ന ഏഴ് കുട്ടികളുടെ കഥയാണ്. മൂന്ന് പെണ്‍കുട്ടികളും നാല് ആണ്‍കുട്ടികളും. ദിയ എന്ന കഥാപാത്രത്തെ സിദ്ധി അവതരിപ്പിക്കുന്നു. അന്നു ദേവിക എന്ന ക്യാരക്ടറിനേയും അനാര്‍ക്കലി ദര്‍ശനയെന്ന കഥാപാത്രത്തെയും അവതരിപ്പിക്കുന്നു. നാല് ആണ്‍കുട്ടികളില്‍ അക്ഷയ് ആയി തോമസാണ് വരുന്നത്. റോഷന്‍ ഗൌതമും വിശാഖ് കുപ്പിയും അരുണ്‍ വരുണുമാകുന്നു.

 • ദിയയേയും ദേവികയേയും അക്ഷയേയുമൊക്കെ കണ്ടെത്തിയ ഓഡിഷനുകള്‍...


കൂടുതലായും ഞങ്ങള്‍ ഓഡിഷനുകള്‍ നടത്തിയത് ബാംഗ്ലൂരാണ്. അവിടെ നടത്തിയ  ഓഡിഷനുകളില്‍ നിന്നുമാണ് ഇതിലെ മിക്ക താരങ്ങളും കാസ്റ്റ് ചെയ്യപ്പെട്ടത്. പിള്ളേരെ മാക്സിമം ടെന്‍ഷനടിപ്പിക്കാതെ  ഓഡിഷന്‍ ചെയ്യുകയെന്നതായിരുന്നു എന്‍റെ പ്രധാന ഉദ്ദേശം. അഭിനേതാക്കളെയല്ല മറിച്ചു എന്‍റെ കഥയിലെ അതേ കഥാപാത്രങ്ങളെ തന്നെയാണ് ഞാന്‍ കണ്ടെത്താന്‍ ശ്രമിച്ചത്.

 • ചിത്രത്തിലെ പുരുഷ കഥാപാത്രങ്ങള്‍ 


നേരത്തേ പറഞ്ഞത് പോലെ ഇതില്‍ പ്രധാനമായും നാല് പുരുഷ കഥാപാത്രങ്ങളാണുള്ളത്. വളരെ ക്വയറ്റും ഇന്റ്രോവര്‍ട്ടുമൊക്കെയായ അക്ഷയ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് തോമസാണ്. തോമസിനെയും എനിക്ക് ക്രൈസ്റ്റില്‍ നിന്നുമാണ് ലഭിക്കുന്നത്. അവിടെ വച്ചു ആദ്യ റൗണ്ട് ഓഡിഷന്‍ നടന്നപ്പോള്‍ അവനെ ഞങ്ങള്‍ ശ്രദ്ധിക്കാതെ പോയി, പിന്നീട്, ഞങ്ങള്‍ നാട്ടിലേക്ക് പുറപ്പെടുന്നതിനു മണിക്കൂറുകള്‍ക്ക് മുന്‍പ് അവിചാരിതമായി അവനെ വീണ്ടും കാണുകയും ഓഡിഷന്‍ നടത്തി കാസ്റ്റ് ചെയ്യുകയുമായിരുന്നു. പിന്നെ ഗൌതമായി അഭിനയിക്കുന്ന റോഷന്‍, അവന്‍ മമ്മൂക്കയുടെ 'പുതിയ നിയമ'ത്തിലും ധ്യാനിന്റെ കൂടെ 'അടി കപ്പ്യാരെ കൂട്ടമണി'യിലുമൊക്കെ അഭിനയിച്ചു. റോഷന്‍ ഒരു തീയറ്റര്‍ ആര്‍ട്ടിസ്റ്റാണ്. ഈ സിനിമയ്ക്ക് വേണ്ടി ഞാന്‍ ആദ്യമായി ഓഡിഷന്‍ ചെയ്യുന്നതും റോഷനെയാണ്.

ഞാന്‍ ഇങ്ങനെ ഒരു സിനിമ ചെയ്യുന്നുണ്ടെന്ന് എന്‍റെ പരിചയത്തിലുള്ള ഒരുപിടി തീയറ്റര്‍ ഗ്രൂപ്പുകളെ ഞാന്‍ അറിയിച്ചിരുന്നു. അങ്ങനെ അവരില്‍ ആരോ വഴി വന്നതാണ് കുപ്പി അഥവാ കെ ഉണ്ണികൃഷ്ണ പിള്ളയെന്ന കഥാപാത്രത്തെ അവതരിപ്പിച്ച വിശാഖ്. അവന്റെ ഡബ്ബ് സ്മാഷ്‌ വീഡിയോകളിലെ കോമിക്ക് ടൈമിംഗ് എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു. പിന്നെ അന്വേഷിച്ചപ്പോള്‍ നല്ല കഴിവുള്ള പയ്യനാണെന്ന് മനസിലായി. അങ്ങനെയാണ് അവനെ ഈ പടത്തിലേക്ക് വിളിക്കുന്നത്. അവസാനമായി, വരുണിനെ കണ്ടെത്താന്‍ ഞാന്‍ ഒരുപാട് കഷ്ട്ടപ്പെട്ടു. ഒരു നേതാവ് ടൈപ്പ് കഥാപാത്രമായിരുന്നു എനിക്ക് വേണ്ടത്.  ശരീരഘടനയെക്കാള്‍ ഉപരി സ്വഭാവ സവിശേഷതകളും ശബ്ദവുമൊക്കെ കൊണ്ട് ആളുകളെ പിടിച്ചിരുത്താന്‍ കഴിവുള്ള ഒരു നേതാവിനെയാണു ഞാന്‍ അന്വേഷിച്ചിരുന്നത്. അങ്ങനെ അന്വേഷിച്ചു അന്വേഷിച്ചു ഏറ്റവും അവസാനമാണ് ഞാന്‍ അരുണിനെ കണ്ടെത്തിയത്. ആദ്യം അവന്റെ ഓഡിഷന്‍ എനിക്ക് തീരെ ഇഷ്ടപ്പെട്ടില്ല. ആത്മവിശ്വാസ കുറവായിരുന്നു  പ്രശ്നം. പിന്നീട് അവനെ തിരിച്ചു വിളിച്ചു മൂന്നു-നാല് ഓഡിഷന്‍ കൂടി നടത്തി. പതിയെ പതിയെ അവന്‍ അതുമായി സിങ്കായി.

ദിയയെയും ദേവികയെ കുറിച്ചും ആ കഥാപാത്രങ്ങളെ സ്ക്രീനില്‍ അവതരിപ്പിച്ച സിദ്ധിയും അന്നുവും തന്നെ സംസാരിച്ചപ്പോള്‍ ബാക്കി കഥാപാത്രങ്ങളെ കുറിച്ചു വാചാലനായത് സംവിധായകന്‍ ഗണേഷ് രാജ് തന്നെയാണ്...

Gnesh 002

 • ദിയയെ കുറിച്ചു സിദ്ധി


എല്ലാവരോടും ചിരിച്ചു കളിച്ചു നടക്കുന്ന ഒരുപാട് ആണ്‍കുട്ടികള്‍ കൂട്ടുകാരായുള്ള പെണ്‍കുട്ടിയാണു ദിയ. അവളാണ് ആ ക്ലാസിലെ സെന്‍റര്‍ ഓഫ് അട്രാക്ഷന്‍. ആരെയും പേടിയില്ലാതെ, ജീവിതത്തില്‍ അടിച്ചു പൊളിച്ചു നടക്കുന്ന എല്ലാവരെയും ഇഷ്ടപ്പെടുന്ന എല്ലാവര്‍ക്കും പെട്ടന്ന്‍ ഇഷ്ടപ്പെടുന്ന പെണ്‍കുട്ടി.

 • എങ്ങനെ ആനന്ദത്തിലെത്തി? 


Gnesh 002

ഗണേഷ് ചേട്ടന്‍ സ്കൂളില്‍ എന്‍റെ സൂപ്പര്‍ സീനിയറായിരുന്നു. തട്ടത്തിന്‍ മറയത്ത് കഴിഞ്ഞു നില്‍ക്കുന്ന സമയത്ത് ഗണേഷ് ഒരു ക്ലാസ് എടുക്കാന്‍ വേണ്ടി കോളേജില്‍ വന്നിരുന്നു. അവിടെ വച്ചാണ്‌ ഞങ്ങള്‍ പരിചയപ്പെടുന്നത്. പിന്നീട് രണ്ടു മൂന്ന് തവണ കണ്ടു. കാണുമ്പോഴൊക്കെ ഞാന്‍ ചാന്‍സും ചോദിക്കുമായിരുന്നു. അവസാനം എനിക്ക് പ്ലസ്‌ 2 ബോര്‍ഡ് എക്സാം നടക്കുന്ന സമയത്താണ് ഗണേഷ് ചേട്ടന്‍ ഈ സിനിമ ചെയ്യാന്‍ വിളിക്കുന്നത്.

ഓഡിഷന് പോയി കുറെ ദിവസത്തേക്ക് വിവരമൊന്നുമുണ്ടായിരുന്നില്ല. പിന്നെ കുറെ ദിവസം കഴിഞ്ഞു എന്‍റെ പരീക്ഷയൊക്കെ കഴിഞ്ഞൊരു ദിവസം ഗണേഷ് ചേട്ടന്‍ വിളിച്ചിട്ട് പറഞ്ഞു, എന്നെ സെലക്റ്റ് ചെയ്തുവെന്ന്.

തന്റെ കഥാപാത്രത്തെ കുറിച്ചു അന്നുവും മനസ്സ് തുറക്കുന്നു...

 • ദേവികയെ കുറിച്ചു അന്നു


എന്‍റെ കഥാപാത്രത്തിന്റെ പേര് ദേവികയെന്നാണ്. അത്യാവശ്യം ടോം ബോയിഷായ ഒരു പെണ്‍കുട്ടി. എന്തിനെ കുറിച്ചും വ്യക്തമായ കാഴ്ചപ്പാടും തന്റെതായ ചിന്താഗതിയുമുള്ള പെണ്‍കുട്ടി. അതേസമയം, ദേവിക മനസ്സ് കൊണ്ട് പഞ്ച പാവവുമാണ്.

 • ആനന്ദത്തിലേക്ക്...


GNES 001

ഞാന്‍ ക്രൈസ്റ്റ് കോളേജില്‍ ഡിഗ്രി ചെയ്യുമ്പോഴാണ് ഗണേഷ് ചേട്ടന്‍ ഈ സിനിമയുടെ ഓഡിഷന്‍സിന് വേണ്ടി അവിടെയെത്തുന്നത്. കാസ്റ്റിംഗ് കാള്‍ ഒന്നും നേരത്തേ നടത്താതെ ആരുമറിയാതെയാണ് ഇവര്‍ അവിടെയെത്തിയത്. ആ ദിവസം എന്‍റെ സുഹൃത്ത് സവാനാണ് വന്നു പറയുന്നത്, തട്ടത്തിന്‍ മറയത്തിലും പ്രേമത്തിലും ഒക്കെ പ്രവര്‍ത്തിച്ചവര്‍ കാസ്റ്റിംഗിന് വേണ്ടി വന്നിട്ടുണ്ടെന്ന്. ഇവര്‍ ഒക്കെ എന്താ ഇവിടെ, ഇവര്‍ക്ക് വേറെ പണിയൊന്നുമില്ലേയെന്നാണ് ഞാന്‍ ആദ്യം ചിന്തിച്ചത്.  പെട്ടെന്ന് എനിക്ക് ഇവരെ തിരിച്ചറിയാന്‍ സാധിച്ചില്ലയെന്നതാണ് സത്യം. പിന്നെ സംഭവം മനസിലായപ്പോള്‍ ഞാന്‍ ഓഡിഷന് പോയി.  അവിടെ ചെന്നിട്ടും എനിക്ക് വലിയ വിശ്വാസമൊന്നുമുണ്ടായിരുന്നില്ല. എന്തെങ്കിലും ഉണ്ടെങ്കില്‍ തിരിച്ചു വിളിക്കാമെന്ന് പറഞ്ഞ് അവര്‍ എന്നെ തിരിച്ചുവിട്ടു. പിന്നെ കുറെ നാള്‍ കഴിഞ്ഞു കൊച്ചിയില്‍ നടന്ന ഓഡിഷന് എന്നെ വീണ്ടും വിളിച്ചു. അപ്പോഴേക്കും എനിക്കും ഒരു വിശ്വാസമൊക്കെ വന്നു തുടങ്ങിയിരുന്നു.

 • സംവിധായകനേക്കുറിച്ച്


ഒട്ടും ടെന്‍ഷനില്ലാത്ത സംവിധായകന്‍. ക്ഷമയുടെ കാര്യം പറയണ്ട. ചില സീനുകളൊക്കെ ഒട്ടും ശരിയാവാതെ പോയിട്ടുണ്ട്.അപ്പോഴേല്ലാം റീടേക്കുകള്‍ പോകുമ്പോള്‍ വളരെ കൂളായാണു ഗണേഷ് ചേട്ടന്‍ നില്‍ക്കുന്നത്. ഞങ്ങളോട് ആരോടും ഗണേഷ് ചേട്ടന്‍ ദേഷ്യപ്പെട്ടിട്ടേയില്ല.

 • ദര്‍ശനയെ കുറിച്ചു സംവിധായകനും പറയുന്നു...


ANARKALI

ഇവരില്‍ നിന്നെല്ലാം വ്യത്യസ്തയാണു ദര്‍ശന. അവള്‍ക്ക് ഉള്‍വലിഞ്ഞ പ്രകൃതമാണ്. അതേസമയം അവള്‍ ആര്‍ട്ടിസ്റ്റിക്കാണ്. അവള്‍ക്ക് ഒരു പുസ്തകമുണ്ട്. അതിലാണ് അവള്‍ ജീവിക്കുന്നത്. ആവശ്യമുള്ള കാര്യങ്ങള്‍ മാത്രം സംസാരിക്കുന്ന ഒരുപാട് ചിത്രങ്ങള്‍ വരയ്ക്കുന്ന നാണക്കാരിയായ ഒരു പെണ്‍കുട്ടി. അതാണ്‌ അനാര്‍ക്കലി അവതരിപ്പിച്ച ദര്‍ശന.

 • പ്രേക്ഷകരോട് ഒരു വാക്ക്....


[video width="1280" height="720" mp4="http://ml.naradanews.com/wp-content/uploads/2016/09/Anandam-Ganesh-raj-.mp4"][/video]

(ഫോട്ടോ: സാബു കോട്ടപ്പുറം/ അനീഷ്‌ ലാല്‍)

Read More >>