നടന്‍ ശ്രീജിത്ത് രവി പെണ്‍കുട്ടികളെ അപമാനിച്ച സംഭവം: കേസ് ഒത്തുതീര്‍പ്പാക്കാന്‍ ശ്രമം നടക്കുന്നതായി ആരോപണം

പ്രായ പൂര്‍ത്തിയാവാത്ത കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമം തടയല്‍ ( പോസ്‌കോ ) പ്രകാരമാണ് നടനെതിരെ കേസെടുത്തിരിക്കുന്നത്.

നടന്‍ ശ്രീജിത്ത് രവി പെണ്‍കുട്ടികളെ അപമാനിച്ച സംഭവം: കേസ് ഒത്തുതീര്‍പ്പാക്കാന്‍ ശ്രമം നടക്കുന്നതായി ആരോപണം

പാലക്കാട്: സ്‌കൂളിലേക്ക് പോകുകയായിരുന്ന പെണ്‍കുട്ടികളുടെ മുന്നില്‍ കാറിലിരുന്ന് നടന്‍ ശ്രീജിത് രവി നഗ്‌നത പ്രദര്‍ശിപ്പിക്കുകയും പെണ്‍കുട്ടികളെ ഉള്‍പ്പെടുത്തി സെല്‍ഫി എടുക്കുകയും ചെയ്ത സംഭവത്തില്‍ കേസ് ഒതുക്കി തീര്‍ക്കാന്‍ ശ്രമം.

സംഭവത്തില്‍ ഉള്‍പ്പെട്ട ഒരു പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചതിനും പ്രതിയായ യുവ നടന്‍ ശ്രീജിത് രവി അറസ്റ്റിലായതിനും പുറമേയാണ് കേസ് പിന്‍വലിക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമായത്. പോലീസ് ഭീഷണിപ്പെടുത്തിയതായും പെണ്‍കുട്ടികള്‍ പരാതിപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം ഒറ്റപ്പാലം പോലീസ് സ്‌റ്റേഷനിലെ പോലീസുകാരന്‍ പരാതിക്കാരായ പെണ്‍കുട്ടികളെ രാത്രി ഏഴ് മണിക്ക് സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് പെണ്‍കുട്ടികളില്‍ ഒരാള്‍ ആത്മഹത്യക്ക് ശ്രമിച്ചത്.


ഫോണ്‍ വന്നതിനെ തുടര്‍ന്ന് മുറിക്കകത്ത് കയറി ആത്മഹത്യക്ക് മുതിര്‍ന്ന പെണ്‍കുട്ടിയെ വാതില്‍ ചവിട്ടി തുറന്ന് വീട്ടുകാര്‍ രക്ഷപ്പെടുത്തുകയായിരുന്നു. എന്നാല്‍ പെണ്‍കുട്ടി ആത്മത്യക്ക് ശ്രമിച്ച വിവരം ചൈല്‍ഡ് ലൈന്‍ അധികൃതര്‍ നിഷേധിച്ചു. ഇന്നലെ പരാതിക്കാരായ പതിനാല് പെണ്‍കുട്ടികളോടും സംസാരിച്ചതാണെന്നും പെണ്‍ക്കുട്ടി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചതായുള്ള വാര്‍ത്തകള്‍ തെറ്റാണെന്നും ചൈല്‍ഡ് ലൈന്‍ കോര്‍ഡിനേറ്റര്‍ നാരദ ന്യൂസിനോട് പറഞ്ഞു.

സ്‌റ്റേഷനിലേക്ക് വിളിച്ചു വരുത്തിയ പോലീസുകാരന്‍ ഭീഷണിപ്പെടുത്തിയതായി മറ്റ് പെണ്‍കുട്ടികളുടെ പരാതിയില്‍ പറയുന്നു. വനിതാ പോലീസും ഈ സമയത്ത് സ്‌റ്റേഷനിലുണ്ടായിരുന്നില്ല. ശ്രീജിത്ത് രവി സമൂഹത്തില്‍ ഉയര്‍ന്ന സ്ഥാനത്തുള്ളയാളാണെന്നും അത്തരക്കാരോട് ഏറ്റുമുട്ടിയാല്‍ ഭാവി ഇല്ലാതാകുമെന്നും ഈ പോലീസുകാരന്‍ പെണ്‍കുട്ടികളോട് പറഞ്ഞതായി കുട്ടികള്‍ പറയുന്നു.

ഇതുകൂടാതെ ഇന്നലെ പരീക്ഷാ സമയത്ത് സ്‌കൂളിലെത്തിയ വനിതാ പോലീസ് പരീക്ഷാ ഹാളില്‍ നിന്ന് രണ്ട് പെണ്‍കുട്ടികളെ വിളിച്ചിറക്കി പതിനഞ്ച് മിനുട്ടോളം കഴിഞ്ഞാണ് തിരിച്ചയച്ചത്.

അതേസമയം, ശ്രീജിത്ത് രവിയെടുത്ത ചിത്രങ്ങള്‍ പെണ്‍കുട്ടികളുടെ മുമ്പില്‍ വെച്ച് നശിപ്പിക്കുകയും ചിത്രങ്ങള്‍ മറ്റാര്‍ക്കും കൈമാറിയിട്ടില്ലെന്ന് ഉറപ്പു വരുത്തുകയും ചെയ്താല്‍ കേസ് ഒത്തുതീര്‍പ്പാക്കാനും ചില ശ്രമങ്ങള്‍ നടക്കുന്നുണ്ട്.

ഇതിനിടയില്‍ കസ്റ്റഡിയിലെടുത്ത ശ്രീജിത്ത് രവിയെ കുട്ടികള്‍ തിരിച്ചറിഞ്ഞു. ഫോട്ടോ കണ്ടാണ് കുട്ടികള്‍ ശ്രീജിത്തിനെ തിരിച്ചറിഞ്ഞത്.  സ്‌കൂളിലെ വൈസ് പ്രിന്‍സിപ്പല്‍ ഇന്ന് രാവിലെ സ്റ്റേഷനിലെത്തി പ്രതി ശ്രീജിത്ത് രവിയാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.

ഇന്നലെ വൈകീട്ട് പല്ലശ്ശന മീന്‍കുളത്തി ക്ഷേത്രത്തിനടുത്ത് വെച്ചാണ്  ശ്രീജിത്ത് രവിയെ ഒറ്റപ്പാലം പോലീസ് കസ്റ്റഡിയിലെടുത്തത്. നടന്റെ അറസ്റ്റ് രേഖപ്പെടുത്തി. പ്രായപൂര്‍ത്തിയാവാത്ത കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമം തടയല്‍ (പോക്സോ) പ്രകാരമാണ്  നടനെതിരെ കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ മാസം 27നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്.  പത്തിരിപ്പാലയിലെ സ്‌കൂളിലേക്ക് പോകുകയായിരുന്ന  പെണ്‍കുട്ടികളുടെ അടുത്തേക്ക് കാര്‍ ചേര്‍ത്തു നിര്‍ത്തി നഗ്‌നത പ്രദര്‍ശിപ്പിക്കുകയും പെണ്‍കുട്ടികളെ ഉള്‍പ്പെടുത്തി സെല്‍ഫി എടുക്കുകയും ചെയ്‌തെന്നാണ് കേസ്.

നടനെതിരെ പെണ്‍കുട്ടികള്‍ കൂട്ടമായി എത്തി പ്രിന്‍സിപ്പളിന് പരാതി നല്‍കുകയായിരുന്നു. നടന്റെ കാറിന്റെ നമ്പറും പെണ്‍കുട്ടികള്‍ പ്രിന്‍സിപ്പലിന് കൈമാറിയിരുന്നു. തുടര്‍ന്നാണ് പോലീസിനെ വിവരമറിയിച്ചത്. കാര്‍ നമ്പര്‍ വെച്ച് നടത്തിയ അന്വേഷണത്തിലാണ് ശ്രീജിത്ത് രവിയാണെന്ന് തിരിച്ചറിയുന്നത്.

എന്നാല്‍ കാര്‍ നമ്പര്‍ തന്റേതാണെന്നും സംഭവവുമായി തനിക്ക് ബന്ധമില്ലെന്നുമുള്ള വിശദീകരണവുമായി ശ്രീജിത്ത് രവിയും രംഗത്തെത്തി. പെണ്‍കുട്ടികള്‍ക്ക് കാര്‍ നമ്പര്‍ മാറിയതാകാമെന്നായിരുന്നു നടന്റെ വിശദീകരണം.

Read More >>