മലബാറിന്റെ വികസനത്തിൽ മുസ്ലിംലീഗിനും പങ്കുണ്ട്; മാത്യു സാമുവലിന് മറുപടി

സി.എച്ച് മുഹമ്മദ് കോയ ഇ.എം.എസ്. മന്ത്രിസഭയിൽ വിദ്യാഭ്യാസ മന്ത്രിയായിരുന്നപ്പൊഴാണു കോഴിക്കോട് സർവ്വകലാശാലയുടെ പ്രാരംഭ പ്രവർത്തനങ്ങൾ നടത്തുന്നതും സർവ്വകലാശാലയ്ക്ക് അംഗീകാരം കിട്ടുന്നതും. കോത്താരി കമ്മീഷൻ (1964-66) കേരളത്തിൽ പുതിയ സർവ്വകലാശാലകളുടെ ആവശ്യകത ചൂണ്ടിക്കാട്ടി വാദിച്ചപ്പോൾ ആ അവസരം പ്രയോജനപ്പെടുത്തി കോഴിക്കോട്, കൊച്ചി സർവ്വകലാശാലകൾ സ്ഥാപിക്കുന്നതിൽ സി.എച്ച്. മുഹമ്മദ് കോയയ്ക്ക് പങ്കുണ്ട്. അതുപോലെ കോഴിക്കോട് ലോ കോളെജിന്റെ സ്ഥാപനത്തിലും ഫറൂഖ് കോളെജിന്റെ വികസനത്തിലും മുസ്ലീം ലീഗിനു പങ്കുണ്ട്. മലബാറിലെ മാപ്പിളമാരുടെ വിദ്യാഭ്യാസവും പുരോഗതിയുമൊക്കെ ഗൾഫ് കൊണ്ട് മാത്രം ഉണ്ടായതാണു, മലബാറിലെ വിദ്യാഭ്യാസത്തിനു മുസ്ലീം ലീഗ് കാര്യമായി ഒന്നും ചെയ്തില്ല എന്ന് മാത്യു സാമുവലിന്റെ കുറിപ്പ് പറയുന്നു. അതിനൊരു വിമർശനക്കുറിപ്പ്. ഫ്രാൻസിസ് നസ്രേത്ത് എഴുതുന്നു.

മലബാറിന്റെ വികസനത്തിൽ മുസ്ലിംലീഗിനും പങ്കുണ്ട്; മാത്യു സാമുവലിന് മറുപടി

ഫ്രാൻസിസ് നസ്രേത്ത്

ചിത്രം: കടപ്പാട്

മലബാറിലെ മാപ്പിളമാരുടെ വിദ്യാഭ്യാസവും പുരോഗതിയുമൊക്കെ ഗൾഫ് കൊണ്ട് മാത്രം ഉണ്ടായതാണു, മലബാറിലെ വിദ്യാഭ്യാസത്തിനു മുസ്ലീം ലീഗ് കാര്യമായി ഒന്നും ചെയ്തില്ല എന്ന് മാത്യു സാമുവലിന്റെ കുറിപ്പ്  പറയുന്നു. അതിനൊരു വിമർശനമാണിത്.

മലബാറിലെ മാപ്പിളമാരുടെ വിദ്യാഭ്യാസ ചരിത്രം തുടങ്ങുന്നത് ഓത്തുപള്ളികളിലാണ്. തമിഴ് നാട്ടിലെ കായൽ പട്ടണത്തിൽ നിന്ന് എത്തിയ ശൈഖ് സൈനുദ്ദീൻ മഖ്ദൂം (1467-1522) പൊന്നാനിയിൽ ഒരു വിശ്വവിദ്യാലയം തുടങ്ങി. ഈജിപ്തിലെ അൽ-അസർ സർവ്വകലാശാലയിൽ നിന്നാണു ശൈഖ് സൈനുദ്ദീൻ പഠിച്ചത്. പൊന്നാനിയിലെ വലിയപള്ളിയോടു ചേർന്ന് തുടങ്ങിയ ഈ വിദ്യാലയത്തിൽ പഠിക്കാൻ ഈജിപ്ത്, സിറിയ, തുടങ്ങി ഏഷ്യയിലെ പല ഭാഗങ്ങളിൽ നിന്നുവരെ വിദ്യാർത്ഥികളെത്തി. ഇവിടെ പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥികൾ മുസലിയാർ എന്ന് അറിയപ്പെട്ടു. മുസലിയാർ ബിരുദമെടുത്തവർ പിന്നീട് മലബാറിനകത്തും പുറത്തും വിദ്യാഭ്യാസ പ്രവർത്തനങ്ങൾ വ്യാപിപ്പിച്ചു, പ്രാഥമിക വിദ്യാഭ്യാസത്തിനായി ഓത്തുപള്ളികളും ഉന്നത വിദ്യാഭ്യാസത്തിനായി പള്ളികളോടു ചേർന്ന് ദർസ്സുകളും തുടങ്ങി.


ശൈഖ് സൈനുദ്ദീൻ രചിച്ച പാഠ്യക്രമവും പാഠപുസ്തകങ്ങളും ഇന്നും മതപഠനത്തിനു ഉപയോഗിക്കുന്നുണ്ട്. ഇതേ സമയത്തുതന്നെ പുതുവിശ്വാസികൾക്ക് അറബി ഭാഷയിൽ സംസാരിക്കാൻ പറ്റില്ല എന്ന് മനസിലാക്കി അറബിത്തമിഴിന്റെ മാതൃകയിൽ അറബി മലയാളം രൂപീകരിച്ചു. അറബിത്തമിഴ് ലിപിയുടെ മാതൃകയിലാണു അറബിമലയാളം ലിപി വരുന്നത്. നാടോടി പദങ്ങൾ ഇല്ലാത്തിടത്ത് കൊടുംതമിഴ് പദങ്ങൾ കൂട്ടിച്ചേർത്താണു അറബിമലയാളം വികസിച്ചത്. 20-ആം നൂറ്റാണ്ടിന്റെ തുടക്കത്തിൽ അറബി മലയാളത്തിൽ മാസികകളും സ്ത്രീകൾക്ക് മാത്രമായുള്ള വാരികകളും ഉൾപ്പെടെ പല ആനുകാലികങ്ങളും ഉണ്ടായിരുന്നു. ആയിരക്കണക്കിനു പുസ്തകങ്ങൾ അറബിമലയാളത്തിൽ രചിക്കപ്പെട്ടിട്ടുണ്ട്.

പ്രാദേശിക ആചാരങ്ങളെ ഉൾക്കൊള്ളുന്ന സൂഫി സംസ്കാരത്തിലാണു മലബാറിലെ ഇസ്ലാം വികസിച്ചത്. ഹിന്ദു ഉൽസവങ്ങളുടെ മാതൃകയിൽ നേർച്ച ഉൽസവങ്ങളും (ഉർസുകളും), ആരാധനാവായ്പുകളിൽ ഹിന്ദു ദേവതമാർക്ക് പകരം അല്ലാഹുവിനെയും പ്രവാചകന്മാരെയും പ്രതിഷ്ഠിച്ചുകൊണ്ടുള്ള പാട്ടുകളും വളർന്നു. മാലപ്പാട്ടുകൾ, സ്തുതികീർത്തനങ്ങൾ, നാടൻ പാട്ടുകളുടെ രീതിയിൽ മാപ്പിളപ്പാട്ടുകൾ, കുപ്പിപ്പാട്ട്, പക്ഷിപ്പാട്ട്, പടപ്പാട്ടുകൾ, ഇതൊക്കെ രൂപപ്പെട്ടു. ജാതീയമായ വിവേചനങ്ങളിൽ നിന്ന് രക്ഷപെടാൻ തെക്കൻ തിരുവിതാംകൂറിലെ ദളിതർ ക്രിസ്തുമതത്തിലേക്ക് മതം മാറിയപ്പോൾ മലബാറിലെ ദളിതർ ഇസ്ലാമിലേക്കാണു മതം മാറിയത്. 1871-ലെയും 1881-ലെയും സെൻസസുകൾ നോക്കിയാൽ ചെറുമരുടെ എണ്ണത്തിൽ 35,000 പേരുടെ കുറവാണു കാണിക്കുന്നത്. ജാതി പീഢനങ്ങളിൽ നിന്നും രക്ഷപെടാൻ ദളിതർ മതം മാറിയതുകൊണ്ടാണു ഈ എണ്ണക്കുറവ്. സമാനമായ, അല്ലെങ്കിൽ ഇതിലും വലിയ എണ്ണക്കുറവ് തിരുവിതാംകൂർ സെൻസസിലും കാണാം.

മതം മാറിയതുകൊണ്ട് കർഷകർക്ക് നേരെയുള്ള ജന്മിമാരുടെ പീഢനങ്ങൾ അവസാനിച്ചില്ല. ഏറ്റവും മുകളിൽ ബ്രിട്ടീഷ് സർക്കാരും തൊട്ടു താഴെ ജന്മിമാരും അതിനും താഴെ കുടിയാന്മാരും കർഷകരും വരുന്ന ഒരു പിരമിഡായിരുന്നു മലബാറിലേത്. മതം മാറിയ കുടിയാന്മാർ ജന്മിമാർക്കു മുന്നിൽ പഞ്ചപുച്ഛമടക്കരുത്, അവരുടെ ഉച്ഛിഷ്ഠം ഭക്ഷിക്കരുത്, ജന്മിമാർക്കെതിരെ സമരം ചെയ്യേണ്ടത് മുസ്ലീങ്ങളുടെ ബാദ്ധ്യതയാണു എന്ന് തങ്ങന്മാർ പഠിപ്പിച്ചു. 19-ആം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ജീവിച്ച വെളിയങ്കോട് ഉമർ ഖാസി (ഉമർ ഖാളി) എന്ന കവി പ്രവാചകന്റെ ശത്രുവായി ബ്രിട്ടീഷുകാരെ മുദ്രകുത്തി, അവർക്കെതിരെയുള്ള സമരങ്ങൾ ദൈവിക ധർമ്മമാണെന്ന് ഉദ്ബോധിപ്പിച്ചു,ബ്രിട്ടീഷുകാരുടെ ജയിലിൽ കിടന്ന് മരിക്കുന്നത് സന്മാർഗ്ഗദാഹികൾക്ക് പുണ്യമാണെന്ന് എഴുതി. അറബി ഭാഷയിലായിരുന്നു ഉമർ ഖാളിയുടെ കവിതകൾ.

തെക്കൻ കേരളത്തിൽ ഇംഗ്ലീഷ് വിദ്യാഭ്യാസം ആരംഭിക്കുന്നത് മിഷനറിമാരാണു. വിദ്യാഭ്യാസത്തോടും സാമൂഹിക നവോത്ഥാനത്തോടും ഒപ്പം മതപരിവർത്തനത്തെയും മിഷനറിമാർ പ്രോൽസാഹിപ്പിച്ചിരുന്നു. മിഷനറിമാരുടെ പ്രവർത്തനങ്ങൾക്ക് ബ്രിട്ടീഷ് സർക്കാരിന്റെ പിന്തുണയും ഉണ്ടായിരുന്നു.

ഇംഗ്ലീഷിനെ ബ്രിട്ടീഷുകാർ കൊണ്ടുവന്ന, ക്രിസ്ത്യാനികളുടെ ഭാഷയായിട്ടാണു പല മുസ്ലീങ്ങളും കണ്ടിരുന്നത്. മതപരിവർത്തനത്തോടുള്ള പേടിയും ഇംഗ്ലീഷ് വിദ്യാഭ്യാസത്തെ ഹറാം (നിഷിദ്ധം) ആയി കാണാൻ മലബാറിലെ മുസ്ലീങ്ങളെ പ്രേരിപ്പിച്ചു. ഇംഗ്ലീഷ് ഭാഷയും സംസ്കാരവും നിഷിദ്ധമായി മലബാറിലെ മുസ്ലീങ്ങൾ കരുതിയിരുന്നു. മലയാളഭാഷ ആര്യനെഴുത്താണു, മലയാളം പഠിക്കുന്നത് ഹറാം (നിഷിദ്ധം) ആണു, എന്നൊരു വിശ്വാസവും മലബാറിൽ പ്രബലമായി ഉണ്ടായിരുന്നു. ഇംഗ്ലീഷ് സംസ്കാരം നരകത്തിലാണു എന്നും മലയാളം ജന്മിമാരുടെ ഭാഷയാണെന്നും ആയിരുന്നു വിശ്വാസം.

1871-ൽ ഓത്തുപള്ളികളിലൂടെ മലയാളം പഠിപ്പിക്കാൻ ബ്രിട്ടീഷ് സർക്കാർ ശ്രമിച്ചു, ഈ ശ്രമം ഫലം കണ്ടില്ല. 1894-ൽ മാപ്പിളമാരെ പ്രത്യേക പിന്നോക്ക ജാതിയായി പ്രഖ്യാപിക്കുകയും അവരുടെ വിദ്യാഭ്യാസത്തിനായി ഗ്രാന്റ് അനുവദിക്കുകയും ചെയ്തു. പക്ഷേ മതനേതൃത്വത്തിന്റെ വിലക്കുകാരണം സമുദായം ഈ ആനുകൂല്യങ്ങൾ സ്വീകരിച്ചില്ല.

ബ്രിട്ടീഷ് സർക്കാരിനു പകരം രാജാവാണു തിരുവിതാംകൂറും കൊച്ചിയും ഭരിച്ചത്. രാജാക്കന്മാർക്കെതിരെയുള്ള കലാപങ്ങൾ വിരളമായിരുന്നു. വേലുത്തമ്പി ദളവ പോലും രാജാവിനോട് കൂറു പ്രഖ്യാപിച്ചുകൊണ്ടാണു പാലിയത്തച്ഛനെ കൂട്ടുപിടിച്ച് ബ്രിട്ടീഷുകാർക്കെതിരെ യുദ്ധം ചെയ്യുന്നത്. രാജാവിനെതിരെ ബ്രിട്ടീഷ് സർക്കാരിനു കത്തെഴുതിയതിനു പാമ്പാടി ജോൺ ജോസഫിനെ കുതിരപ്പടയെക്കൊണ്ട് ചവിട്ടിച്ചുകൊന്നു.

ഇങ്ങനെ രാജഭരണത്തിനു നേർക്കുള്ള എതിർപ്പുകൾ ഒറ്റപ്പെട്ടതും വിരളവുമായിരുന്നു. രാജഭരണം കൊണ്ട് ഏറ്റവും കഷ്ടത അനുഭവിച്ച ദളിതർക്കും മറ്റും പ്രതികരിക്കാനുള്ള ധനശേഷിയോ ഉപകരണങ്ങളോ സംഘടിതരൂപമോ ഉണ്ടായിരുന്നില്ല. മുസ്ലീങ്ങൾ എണ്ണത്തിൽ കുറവായിരുന്ന തെക്കൻ കേരളത്തിൽ മിഷനറി /മലയാള വിദ്യാഭ്യാസത്തിൽ നിന്നോ മലയാളമോ ഇംഗ്ലീഷോ പഠിക്കുന്നതിൽ നിന്നോ മുസ്ലീങ്ങൾ മാറിനിൽക്കുന്ന അവസ്ഥ വന്നില്ല. മലബാറിലേതുപോലുള്ള സാംസ്കാരിക അടിയൊഴുക്കുകൾ തെക്കൻ കേരളത്തിലെ മുസ്ലീം സമൂഹത്തിൽ ഉണ്ടായില്ല.

ബ്രിട്ടീഷ് സർക്കാരിൽ റെവന്യൂ ഇൻസ്പെക്ടറായിരുന്ന സയ്യിദ് സനാഉള്ള മക്തി തങ്ങൾ (1847-1912) 1882-ൽ സർക്കാരുദ്യോഗം രാജിവെച്ച് മിഷനറിമാർക്കെതിരെ ശക്തമായി രംഗത്തുവന്നു. ഇംഗ്ലീഷിലും മലയാളത്തിലും അറബിയിലും പ്രവീണനായിരുന്ന മക്തി തങ്ങൾ മലയാളഭാഷ പഠിക്കാൻ കൂട്ടാക്കാതിരുന്ന മാപ്പിളമാരെ മലയാളം പഠിപ്പിക്കാൻ യത്നിച്ചു. പരമ്പരാഗത വിദ്യാഭ്യാസ സമ്പ്രദായത്തെ മക്തി തങ്ങൾ എതിർത്തു, നാരീനരാഭിചാരി എന്ന പുസ്തകത്തിലൂടെ സ്ത്രീവിദ്യാഭ്യാസത്തെ പ്രോൽസാഹിപ്പിച്ചു.

മക്തി തങ്ങളുടെ സമകാലികനായ ചാലിക്കകത്ത് കുഞ്ഞഹമ്മദ് ഹാജി (1858-1920) അറബി മലയാളം ലിപി പരിഷ്കരിച്ചു, പള്ളികളിലെ പരമ്പരാഗത വിദ്യാഭ്യാസരീതിയായ ദർസ്സുകൾ പരിഷ്കരിച്ചു. മലപ്പുറത്തെ വാഴക്കാട്ട് ദാറുൽ ഉലൂം അറബി കോളെജ് തുടങ്ങി. ഈജിപ്തിൽ പഠിച്ച പണ്ഠിതനായ വക്കം അബ്ദുൾഖാദർ മൗലവി (1873-1932) മലബാറിലും സ്വാധീനം ചെലുത്തി. ആധുനിക വിദ്യാഭ്യാസം നേടാൻ മുസ്ലീങ്ങളെ അദ്ദേഹം അടിക്കടി ഓർമ്മിപ്പിച്ചു. വക്കം മൗലവിയുടെ ചിന്തകളിൽ ആകൃഷ്ടരായ പരിഷ്കർത്താക്കളാണു കെ.എം. സീതിസാഹബ്, കെ.എം. മൗലവിസാഹബ്, സി.എൻ. അഹമ്മദ് മൗലവി തുടങ്ങിയവർ.

ഈ കാലത്താണു ബ്രിട്ടീഷ് സർക്കാർ മലബാറിലെ മാപ്പിള വിദ്യാഭ്യാസത്തിനുള്ള സ്പെഷ്യൽ ഓഫീസറായി ഖാൻ ബഹാദൂർ കെ. മുഹമ്മദിനെ നിയമിച്ചത്. തന്റെ വിദ്യാഭ്യാസ വീക്ഷണങ്ങൾ പ്രചരിപ്പിക്കുന്നതിനു അദ്ദേഹം മാപ്പിള റിവ്യൂ എന്ന മാസിക തുടങ്ങി.കോഴിക്കോടും മലപ്പുറത്തും മാപ്പിളമാർക്കായി ഹൈസ്കൂളുകൾ തുറന്നു. മാപ്പിളനാട്ടിന്റെ പലഭാഗത്തും മാപ്പിള സ്കൂളുകൾ സ്ഥാപിക്കപ്പെട്ടു. ഈ പ്രവർത്തനങ്ങളുടെ ഫലമായി മാപ്പിളമാരുടെ മലയാള സാക്ഷരത 10%-ൽ എത്തി. അതേസമയം സ്ത്രീകളുടെ മലയാള സാക്ഷരത തൂലോം കുറവായിരുന്നു. തെക്കൻ കേരളത്തിലെയും വടക്കൻ കേരളത്തിലെയും മുസ്ലീങ്ങളുടെ വിദ്യാഭ്യാസ നിലവാരം തമ്മിൽ വലിയ അന്തരമുണ്ടായിരുന്നു.

മുജാഹിദ് പ്രസ്ഥാനങ്ങളും വിദ്യാഭ്യാസ പ്രവർത്തനങ്ങളും

മലബാറിലെ പാരമ്പര്യ ഇസ്ലാം മൊത്തം തെറ്റാണു, ഇവരൊക്കെ മതത്തിനു പുറത്താണു എന്നുപറഞ്ഞാണു മുജാഹിദ് പ്രസ്ഥാനം വന്നത്. കേരള മുസ്ലീങ്ങളുടെ സമന്വയ സംസ്കാരത്തെയും ഹിന്ദു സംസ്കാരവുമായുള്ള സാംസ്കാരിക കലർപ്പുകളെയും മുജാഹിദ് പ്രസ്ഥാനം ചോദ്യം ചെയ്തു, അതോടൊപ്പം ആധുനിക വിദ്യാഭ്യാസം, സ്ത്രീ വിദ്യാഭ്യാസം എന്നിവയ്ക്ക് മുജാഹിദ് പ്രസ്ഥാനം വലിയ പ്രാധാന്യം നൽകി. അതിനായി പ്രത്യേക വിദ്യാലയങ്ങൾ സ്ഥാപിക്കുകയും ചെയ്തു. മാപ്പിള കലാരൂപങ്ങളെയും നേർച്ച ഉൽസവങ്ങളെയും ഹിന്ദു-മുസ്ലീം സങ്കര ശൈലികളെയും മുജാഹിദ് പ്രസ്ഥാനം തള്ളിക്കളഞ്ഞു, ഇത് ഇന്നും തുടരുന്നു.

അറബിമലയാളത്തോട് വിമുഖത കാണിച്ച മുജാഹിദ് പ്രസ്ഥാനം മലയാളത്തിൽ ഇസ്ലാമിക സാഹിത്യ ഗ്രന്ഥങ്ങൾ രചിച്ചു. അദ്യകാലത്ത് മുജാഹിദ് പ്രസ്ഥാനത്തിൽ പ്രവർത്തിച്ച സി.എൻ. മൗലവി ഖുർ-ആനു പാരമ്പര്യ വിശ്വാസങ്ങൾക്കെതിരായ വിധം മലയാള പരിഭാഷ രചിച്ചു. അതുവരെ ഖുർ-ആൻ മലയാളത്തിൽ ആക്കുന്നത് നിഷിദ്ധമാണെന്നായിരുന്നു വിശ്വാസം. പിന്നീട് സി.എൻ. മൗലവി മുജാഹിദ് പ്രസ്ഥാനത്തിൽ നിന്ന് അകന്നു, പാരമ്പര്യ ഇസ്ലാമിനെ ഒറ്റയ്ക്ക് നിന്നെതിർത്തു.

മുജാഹിദ് പ്രസ്ഥാനം വിദ്യാഭ്യാസത്തിനും സ്ത്രീ വിദ്യാഭ്യാസത്തിനും വലിയ പ്രാധാന്യം കൊടുത്തത് കണ്ട് മുജാഹിദുകളെ പ്രതിരോധിക്കാൻ ശ്രമിച്ച പാരമ്പര്യ ഇസ്ലാം നേതൃത്വം തങ്ങളുടേതായ സ്കൂളുകൾ സ്ഥാപിക്കാൻ നേതൃത്വം നൽകി.

ജമാ-അത്തെ ഇസ്ലാമിയും വിദ്യാഭ്യാസ പ്രവർത്തനങ്ങളും

ഹുക്കുമത്തെ ഇസ്ലാമി (ഇസ്ലാമിക ഭരണം) എന്ന ആശയത്തിനു മേൽ തുടങ്ങിയ ജമാ-അത്തെ ഇസ്ലാമി പിന്നീട് മതത്തിന്റെ സംസ്ഥാപനം എന്ന ലക്ഷ്യത്തിലേക്ക് മാറി. മലബാറിലെ പാരമ്പര്യ ഇസ്ലാമിനെ എതിർത്ത ജമാ-അത്തെ ഇസ്ലാമിക്കാരുടെ ശ്രദ്ധയും സാഹിത്യത്തിലും വിദ്യാഭ്യാസത്തിലും ആയിരുന്നു. മതപഠനവും മതേതര പഠനവും സമന്വയിപ്പിക്കുന്ന ബോർഡിങ്ങ് സ്കൂളുകൾ മലബാറിൽ ആദ്യം തുടങ്ങിയത് ജമാ-അത്തെ ഇസ്ലാമിയാണു.

സമസ്ത (സമസ്തകേരള ജമിയത്തുൾ ഉലമ)

പാരമ്പര്യ ഇസ്ലം പണ്ഠിതരുടെ സംഘടനയായ സമസ്ത മതപഠനരംഗം പരിഷ്കരിക്കാൻ മദ്രസ പ്രസ്ഥാനം തുടങ്ങി. നാടൊട്ടുക്കും മദ്രസകളും പല അറബി കോളെജുകളും തുടങ്ങി. 1965-ൽ സമസ്ത ഉന്നത മതപഠനത്തിനു മലപ്പുറത്തെ പട്ടിക്കാട്ട് ജാമിഅ നൂരിയ അറബി കോളെജ് തുടങ്ങി.

മുസ്ലീം എഡ്യുക്കേഷണൽ സൊസൈറ്റി (എം.ഇ.എസ്)

1964-ൽ ഡോ. ഫസൽ ഗഫൂറിന്റെ നേതൃത്വത്തിൽ തുടങ്ങിയ എം.ഇ.എസ്സിനു ഇന്ന് 28 കോളെജുകൾ ഉൾപ്പെടെ 150-ൽ പരം വിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ട്. 1994-ൽ മലപ്പുറത്തെ കുറ്റിപ്പുറത്ത് തുടങ്ങിയ എം.ഇ.എസ്. എഞ്ജിനിയറിങ്ങ് കോളെജാണു കേരളത്തിലെ ആദ്യ സ്വാശ്രയ കോളെജ്. 2003-ൽ എം.ഇ.എസ്. മലപ്പുറത്ത് തുടങ്ങിയ മെഡിക്കൽ കോളെജ് 2011-ഓടെ പോസ്റ്റ് ഗ്രാജ്വേറ്റ് പഠനവും തുടങ്ങി.

കാന്തപുരം മുസലിയാരുടെ മർക്കസ്

കാന്തപുരം എ.പി. അബൂബക്കർ മുസലിയാരുടെ നേതൃത്വത്തിലുള്ള മർക്കസിനു 26-ൽ പരം വിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ട്. എം.ബി.എ, ആർട്സ് & സയൻസ്, ഐ.ടി.ഐ, ഇസ്ലാമിക വിദ്യാഭ്യാസം, തുടങ്ങിയരംഗങ്ങളിൽ മർക്കസിന്റെ കോളെജുകൾ പ്രവർത്തിക്കുന്നു. ആധുനിക വിദ്യാഭ്യാസ രീതികൾ പിന്തുടരുന്ന വിവിധ മലയാളം, ഇംഗ്ലീഷ് മീഡിയം സ്കൂളുകളും മർക്കസിനുണ്ട്. മർക്കസിന്റെ കീഴിൽ നാടിന്റെ നാനാഭാഗത്തും ഇംഗ്ലീഷ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ വന്നതോടെ പാരമ്പര്യ വിഭാഗത്തിന്റെ പുരോഗതി ത്വരിതപ്പെട്ടു. മുൻപ് പള്ളികളിൽ ഒതുങ്ങിയിരുന്ന മതനേതൃത്വം ലിബറൽ വിദ്യാഭ്യാസ സാദ്ധ്യതകൾ പ്രയോജനപ്പെടുത്തുന്ന കാഴ്ച്ചയാണു മർക്കസിന്റെ പ്രവർത്തനങ്ങളിൽ കാണാൻ കഴിയുന്നത്.

മുസ്ലീം ലീഗും മലബാറിലെ വിദ്യാഭ്യാസ പുരോഗതിയും

സി.എച്ച് മുഹമ്മദ് കോയ ഇ.എം.എസ്. മന്ത്രിസഭയിൽ വിദ്യാഭ്യാസ മന്ത്രിയായിരുന്നപ്പൊഴാണു കോഴിക്കോട് സർവ്വകലാശാലയുടെ പ്രാരംഭ പ്രവർത്തനങ്ങൾ നടത്തുന്നതും സർവ്വകലാശാലയ്ക്ക് അംഗീകാരം കിട്ടുന്നതും. കോത്താരി കമ്മീഷൻ (1964-66) കേരളത്തിൽ പുതിയ സർവ്വകലാശാലകളുടെ ആവശ്യകത ചൂണ്ടിക്കാട്ടി വാദിച്ചപ്പോൾ ആ അവസരം പ്രയോജനപ്പെടുത്തി കോഴിക്കോട്, കൊച്ചി സർവ്വകലാശാലകൾ സ്ഥാപിക്കുന്നതിൽ സി.എച്ച്. മുഹമ്മദ് കോയയ്ക്ക് പങ്കുണ്ട്. അതുപോലെ കോഴിക്കോട് ലോ കോളെജിന്റെ സ്ഥാപനത്തിലും ഫറൂഖ് കോളെജിന്റെ വികസനത്തിലും മുസ്ലീം ലീഗിനു പങ്കുണ്ട്.

അതിനു ശേഷം അച്യുതമേനോൻ മന്ത്രിസഭയിൽ സി.എച്ച്. മുഹമ്മദ് കോയ വിദ്യാഭ്യാസമന്ത്രിയായിരിക്കുമ്പോഴാണു മുസ്ലീം പെൺകുട്ടികൾക്ക് വിദ്യാഭ്യാസത്തിനു സ്കോളർഷിപ്പ് ഏർപ്പെടുത്തിയത്. പത്ത് കുട്ടികളെങ്കിലും ഉണ്ടെങ്കിൽ സർക്കാർ സ്കൂളുകളിൽ അറബി ഭാഷയ്ക്ക് ഒരു ക്ലാസ് അനുവദിക്കാം എന്നും ഒരു അറബി അദ്ധ്യാപകനെ നിയമിക്കാം എന്നും സി.എച്ച് ചട്ടമുണ്ടാക്കി. ഇതോടെ മലബാറിൽ നിന്നുള്ള പല അറബി അദ്ധ്യാപകർക്കും ജോലിലഭിച്ചു, അവർക്ക് മറ്റ് അദ്ധ്യാപകർക്ക് തുല്യമായ വേതനവും ലഭിച്ചു. അതിലും ഏറ്റവും പ്രധാനമായി സർക്കാർ സ്കൂളുകളിൽ അറബി പഠിക്കാനുള്ള അവസരം ഉണ്ടായതോടെ സർക്കാർ സ്കൂളുകളോടുള്ള പലരുടെയും എതിർപ്പ് അവസാനിച്ചു, ഓത്തുപള്ളിക്കൂടം മാത്രം മതി എന്നു തീരുമാനിച്ച് സർക്കാർ വിദ്യാഭ്യാസത്തിനു പുറംതിരിഞ്ഞുനിന്നവർ വലിയതോതിൽ സ്കൂളിൽ ചേർന്നു.

അന്നത്തെ മുഖ്യമന്ത്രിയായിരുന്ന അച്യുതമേനോൻ ഇങ്ങനെ പറയുന്നു:
"മുസ്ലീം സമുദായത്തിനു ചില പ്രോൽസാഹനങ്ങൾ വിദ്യാഭ്യാസ വിഷയകമായി ചെയ്തതിനെത്തുടർന്ന് അത് വിഭാഗീയതയും സാമുദായികത്വവുമാണെന്ന് ആക്ഷേപിച്ചവരുണ്ട്. എന്നാൽ അതങ്ങനെയല്ല. ഒരു പിന്നോക്ക സമുദായത്തെ മറ്റുള്ളവരുടെയൊപ്പമെത്തിക്കാൻ വേണ്ടി ഒരു ജനാധിപത്യ ഗവണ്മെന്റ് അവശ്യം അനുവർത്തിക്കേണ്ട നടപടികളായിട്ട് മാത്രമാണു അവയെ കാണേണ്ടത്. അങ്ങനെ കാണാതിരിക്കുന്നതാണു മനോഭാവത്തിന്റെ വിലക്ഷണ പ്രകൃതം".

മലബാറിന്റെ വികസനവും കമ്യൂണിസ്റ്റ് പാർട്ടിയും

മലബാറിന്റെ വിദ്യാഭ്യാസ വികസനത്തിലെ ഒരു സുപ്രധാന നാഴികക്കല്ലാണു മലപ്പുറം ജില്ലയുടെ വികസനം. ഇ.എം.എസ്. മന്ത്രിസഭയുടെ കാലത്താണു മലപ്പുറം ജില്ല രൂപീകരിക്കുന്നത്. 1967-ൽ ഇ.എം.എസ്. സർക്കാർ ഭൂപരിഷ്കരണ നിയമം നടപ്പിലാക്കിയതോടെ മലബാറിലെ പല കർഷക കുടിയാന്മാർക്കും ഭൂമിലഭിച്ചു. നയനാർ സർക്കാരിന്റെ കാലത്ത്, മുസ്ലീങ്ങളുടെ പിന്നോക്കാവസ്ഥ പഠിക്കാൻ നിയമിച്ച പാലൊളി മുഹമ്മദ് കുട്ടി കമ്മിറ്റിയുടെ നിർദ്ദേശങ്ങളിൽ പലതും നടപ്പിലാക്കിയില്ലെങ്കിലും മുസ്ലീം സമുദായത്തിന്റെ സർക്കാരുദ്യോഗത്തിലും മറ്റ് രംഗങ്ങളിലുമുള്ള പിന്നോക്കാവസ്ഥ തുറന്നുകാട്ടാൻ റിപ്പോർട്ട് ഉപകരിച്ചു.

മലബാർ വികസനവും ഗൾഫ് കുടിയേറ്റവും

ഗൾഫ് കുടിയേറ്റത്തിനു മുൻപും മലബാറിൽ നിന്ന് കുടിയേറ്റമുണ്ടായിരുന്നു. 19-ആം നൂറ്റാണ്ടിന്റെ അവസാനം മുതൽക്കേ റംഗൂൺ, സിലോൺ, ഇന്തൊനേഷ്യ, മലേഷ്യ, ബോംബെ തുടങ്ങിയ പല സ്ഥലങ്ങളിലേക്കും മലബാറിലെ മാപ്പിളമാർ കുടിയേറി. അവർ അയക്കുന്ന മണി ഓർഡറുകളായിരുന്നു പല ഉൾപ്രദേശങ്ങളിലെയും കുടുംബങ്ങളുടെ വരുമാനമാർഗ്ഗം. ഒന്നാം ലോകമഹായുദ്ധത്തിൽ ബ്രിട്ടീഷ് സൈന്യത്തിൽ ചേർന്ന ഇന്ത്യക്കാരിൽ പല മലബാർ മാപ്പിളമാരുമുണ്ടായിരുന്നു.

ഗൾഫ് കുടിയേറ്റത്തിന്റെ ആദ്യഘട്ടത്തിൽ കായികാദ്ധ്വാനം ആവശ്യമുള്ള ജോലികളായിരുന്നു. വിസയോ പാസ്പോർട്ടോ ഇല്ലാതെ ഉരുവിൽ കയറി എത്തിയ ആദ്യ തലമുറ തങ്ങളുടെ കുട്ടികളെയും ഗൾഫിൽ കൊണ്ടുപോയി, വിദ്യാഭ്യാസത്തിൽ ശ്രദ്ധിക്കാതെ എത്രയും പെട്ടെന്ന് ജോലിയിൽ കയറ്റി. എന്നാൽ അവരുടെ സൂപ്പർവൈസർമാരായി വിദ്യാഭ്യാസമുള്ളവർ കടന്നുവന്നതു കണ്ട് പിന്നീട് ടെക്നിക്കൽ വിദ്യാഭ്യാസത്തിനും ആധുനിക വിദ്യാഭ്യാസത്തിനും പ്രാധാന്യം കൊടുത്തു.

സാമ്പത്തികശാസ്ത്രത്തിലെ ഒരു പ്രധാന തത്വം പണവും വിദ്യാഭ്യാസവും തമ്മിലുള്ള അനുപാതമാണു. ഉന്നത വിദ്യാഭ്യാസം വർദ്ധിക്കുന്നതോടെ ഒരാളുടെ ശരാശരി വരുമാനവും വർദ്ധിക്കുന്നു എന്ന് പഠനങ്ങൾ കാണിക്കുന്നു. ദാരിദ്ര്യ നിർമ്മാർജ്ജനത്തിനു ഏറ്റവും പ്രധാനപ്പെട്ട നടപടി ഉന്നതവിദ്യാഭ്യാസമുള്ള ഒരു തലമുറയെ നിർമ്മിക്കലാണു.

കഴിഞ്ഞ 11 വർഷമായി യു.എ.ഇ.യിൽ ജീവിക്കുന്ന, ജോലിയുടെ ഭാഗമായി സൗദി, ഖത്തർ, കുവൈറ്റ്, ഒമാൻ, ബഹ്രൈൻ, തുടങ്ങി മിക്ക ഗൾഫ് രാജ്യങ്ങളിലും യാത്രചെയ്യുന്ന ഒരാളാണു ഞാൻ. "സാറേ ഞാൻ ഒരു ദിർഹം ചിലവാക്കാനുള്ള മടികൊണ്ട് ചായ കുടിക്കാറില്ല, പക്ഷേ എന്റെ മകൻ / മകൾ സ്വാശ്രയ മെഡിക്കൽ കോളെജിൽ പഠിക്കുന്നു", എന്ന് പറയുന്ന പല ടാക്സി ഡ്രൈവർമാരെയും കണ്ടിട്ടുണ്ട്. ഗൾഫ് മലബാറിലെ സാമ്പത്തിക / വിദ്യാഭ്യാസ രംഗങ്ങളിൽ വരുത്തിയ കുതിച്ചുചാട്ടം കണ്ടില്ലെന്ന് നടിക്കാനല്ല ഇത്രയും എഴുതിയത് - എന്തുകൊണ്ട് ദളിതർ, ആദിവാസികൾ തുടങ്ങിയവർ ഉൾപ്പെടെ അസംഘടിതരും ദരിദ്രരുമായ സമൂഹങ്ങളെ ഗൾഫും അതിന്റെ ഗുണഫലങ്ങളും സ്പർശിക്കാതെ പോയി, അതേസമയം തീരദേശ ക്രിസ്ത്യാനികൾ, മലബാർ മുസ്ലീങ്ങൾ തുടങ്ങി പല സമുദായങ്ങൾക്കും എന്തുകൊണ്ട് ഗൾഫിന്റെ ഗുണം ലഭിച്ചു എന്ന് നോക്കിയാൽ ഒരു സമൂഹത്തെ രാഷ്ട്രീയമായും സാമുദായികമായും ഒരുമിപ്പിച്ച് നിർത്താൻ മുസ്ലീം ലീഗും മറ്റ് പലസംഘടനകളും ഉൾപ്പെടെ നടത്തിയ ശ്രമങ്ങളുടെ തുടർച്ചയാണു ഗൾഫ് കുടിയേറ്റം ഉൾപ്പെടെയുള്ള ഘടകങ്ങൾ കൊണ്ട് മലബാറിനു വന്ന ഉന്നമനം, അല്ലാതെ മലബാറിലെ വികസനം ഒറ്റരാത്രികൊണ്ട് പൊട്ടിവീണതല്ല എന്ന് കാണാൻ കഴിയും.

അവലംബം:

1) ഡോ. ഹുസൈൻ രണ്ടത്താണി : മലബാറിലെ മുസ്ലീങ്ങളും ഇടതുപക്ഷവും (ചിന്ത പബ്ലിഷേഴ്സ്). (ലേഖനത്തിന്റെ ആദ്യഭാഗം ഏകദേശം പൂർണ്ണമായും ഈ പുസ്തകത്തെ ആധാരമാക്കിയാണു).
2) സി.എച്ച്. മുഹമ്മദ് കോയ - ഇതിഹാസ പരിവേഷമുള്ള രാഷ്ട്രീയ നായകൻ - വാണിദാസ് ഇളയാവൂർ
3) 1921 മലബാർ കലാപം (എം പി ഗംഗാധരൻ)