അഴിമതിക്കേസിലെ സാക്ഷികളെ പ്രതി സസ്പെൻഡു ചെയ്യുന്ന വിചിത്രക്കാഴ്ച സമ്മാനിച്ച് ഇ പി ജയരാജൻ, മലബാർ സിമെന്റ്സിൽ കൈവെച്ച ജേക്കബ് തോമസിന്റെ അഴിമതിവിരുദ്ധ പോരാട്ടം ഇനിയെത്ര നാൾ?

മലബാർ സിമന്റ്സ് അഴിമതിക്കേസിലെ പ്രതികളെ സസ്പെൻഡു ചെയ്യണമെന്ന വിജിലൻസ് നിർദ്ദേശം തളളിക്കളഞ്ഞ് മുഖ്യപ്രതിയെ വീണ്ടും സ്ഥാപനത്തിന്റെ എംഡിയാക്കി തെളിവു നശിപ്പിക്കാൻ ഒത്താശ നൽകിയ വ്യവസായ മന്ത്രി ഇ പി ജയരാജൻ ഇടതു സർക്കാരിന്റെ അഴിമതിവിരുദ്ധ പ്രതിച്ഛായയ്ക്ക് കോടാലിയാകുന്നു.

അഴിമതിക്കേസിലെ സാക്ഷികളെ പ്രതി സസ്പെൻഡു ചെയ്യുന്ന വിചിത്രക്കാഴ്ച സമ്മാനിച്ച് ഇ പി ജയരാജൻ, മലബാർ സിമെന്റ്സിൽ കൈവെച്ച ജേക്കബ് തോമസിന്റെ അഴിമതിവിരുദ്ധ പോരാട്ടം ഇനിയെത്ര നാൾ?

പാലക്കാട്: മലബാർ സിമന്റ്സ് അഴിമതിക്കേസിലെ പ്രതികളെ സസ്പെൻഡു ചെയ്യണമെന്ന വിജിലൻസ് നിർദ്ദേശം തളളിക്കളഞ്ഞ് മുഖ്യപ്രതിയെ വീണ്ടും സ്ഥാപനത്തിന്റെ എംഡിയാക്കി തെളിവു നശിപ്പിക്കാൻ ഒത്താശ നൽകിയ വ്യവസായ മന്ത്രി ഇ പി ജയരാജൻ ഇടതു സർക്കാരിന്റെ അഴിമതിവിരുദ്ധ പ്രതിച്ഛായയ്ക്ക് കോടാലിയാകുന്നു. മലബാർ സിമെന്റ്സ് എംഡി കെ പത്മകുമാർ, ഡപൃൂട്ടി മാര്‍ക്കറ്റിങ്ങ് മാനേജര്‍ വേണുഗോപാല്‍, ലീഗല്‍ ഓഫീസര്‍ പ്രകാശ് ജോസഫ്, മെറ്റീരിയല്‍ മാനേജര്‍ നമശിവായം, ഫിനാന്‍സ് മാനേജര്‍ നരേന്ദ്രനാഥ്, ഡപൃൂട്ടി ജനറല്‍ മാനേജര്‍ മുരളീധരന്‍ എന്നീ പ്രതികളെ ഉടൻ സസ്പെൻഡു ചെയ്യണമെന്ന് ഒരു മാസത്തിനു മുമ്പേ വിജിലൻസ് നൽകിയ നിർദ്ദേശം അട്ടിമറിച്ചാണ് കഴിഞ്ഞ ആഗസ്റ്റ് ആറിന് കെ പത്മകുമാറിനെ വീണ്ടും എംഡിയാക്കി മലബാർ സിമന്റ്സ് ഭരണസമിതി പുനസംഘടിപ്പിച്ചത്. ഇക്കഴിഞ്ഞ ജൂലായ് എട്ടിനാണ് പത്മകുമാർ കേസിൽ പ്രതിചേർക്കപ്പെട്ടത്.


രണ്ടാമതും എംഡിയായി സ്ഥാപനത്തിലെത്തിയ കെ പത്മകുമാർ അഴിമതിക്കേസിൽ സാക്ഷികളായ മാര്‍ക്കറ്റിങ്ങ് ഓഫീസറായിരുന്ന ജി ടി ബാലന്‍, അസി മാനേജര്‍ ( പേഴസണല്‍ ആന്‍ഡ് അഡ്മിനിട്രേഷന്‍) സുലൈമാന്‍ എന്നിവരെ സസ്പെൻഡു ചെയ്യാൻ ഉത്തരവിട്ടു. കേസിലെ നിർണായക വിവരങ്ങൾ അടങ്ങിയ ഫയലുകൾ തിരികെ വാങ്ങുകയും ചെയ്തു. ഈ വിവരം അറിഞ്ഞതിനെ തുടര്‍ന്നാണ് പത്മകുമാറിന്റെ വീടുകളിലും ഓഫീസിലും വിജിലൻസ് റെയ്ഡ് നടത്തിയതും അറുപതിലേറെ ഫയലുകൾ പിടിച്ചെടുത്തതും.

നിർദ്ദേശമടങ്ങിയ റിപ്പോർട്ട് ഒരു മാസത്തിനു മുമ്പാണ് വിജിലൻസ് വ്യവസായ വകുപ്പിനു സമർപ്പിച്ചത്. എന്നാൽ ഇവരിൽ ഒരാളെപ്പോലും സസ്പെൻഡു ചെയ്യാൻ വകുപ്പു മന്ത്രി ഇ പി ജയരാജൻ തയ്യാറായില്ല. ഈ റിപ്പോർട്ട് നിലനിൽക്കെയാണ് ഇക്കഴിഞ്ഞ ആഗസ്റ്റ് ആറിന് കെ പത്മകുമാറിനെ വീണ്ടും മലബാർ സിമെന്റ്സ് എംഡിയാക്കി ഭരണസമിതി പുനഃസംഘടിപ്പിച്ചത്. മലബാർ സിമെന്റ്സിൽ ഇപ്പോൾ രജിസ്റ്റർ ചെയ്ത അഞ്ച് അഴിമതിക്കേസുകളിൽ നാലിലും പ്രതിയാണ് കെ പത്മകുമാർ. ഇദ്ദേഹം തന്നെയാണ് സംസ്ഥാന പൊതുമേഖല സ്ഥാപനങ്ങളുടെ പുനസംഘടനക്കും ഇന്റേണല്‍ ഓഡിറ്റിങ്ങിനുമുള്ള സമിതിയായ 'റിയാബിന്റെ ' സെക്രട്ടറിയും.

മലബാര്‍ സിമന്റ്‌സുമായി ബന്ധപ്പെട്ട ഉള്ള ഹര്‍ജികളും അഴിമതിയാരോപണങ്ങളും പൊതുമേഖല സ്ഥാപനമായ മലബാര്‍ സിമന്റ്‌സിനെ തകര്‍ക്കാനുള്ള ഗൂഡാലോചനയുടെ ഫലമാണെന്ന വാദമുയർത്തി അഴിമതിക്കാരെ സംരക്ഷിക്കാൻ വ്യവസായ മന്ത്രി ഇ പി ജയരാജന്‍ ആദ്യമേ രംഗത്തുണ്ടായിരുന്നു. ഈ അഴിമതികൾക്കെല്ലാം ചുക്കാൻ പിടിച്ചയാളെന്ന് പരക്കെ വിശ്വസിക്കപ്പെടുന്ന വി എം രാധാകൃഷ്ണന്റെ ഉറ്റചങ്ങാതി എന്ന ബഹുമതിയും ഇ പി ജയരാജനുണ്ട്. എം ഡിയ്ക്കു പിന്നാലെ രാധാകൃഷ്ണനടക്കമുളള മറ്റു പ്രതികളെയും ഉടൻ അറസ്റ്റു ചെയ്യാനൊരുങ്ങുകയാണ് വിജിലൻസ്.

ചട്ടങ്ങള്‍ മറികടന്ന് സിമന്റ്‌സിന് ഡീലര്‍ഷിപ്പ് അനുവദിച്ചതിലൂടെ 2.70 കോടി രൂപ നഷ്ടമുണ്ടാക്കിയെന്ന കേസിലാണ് പത്മകുമാറിനെ അറസ്റ്റ് ചെയ്തത്. വീണ്ടും മൂന്ന് കേസുകളില്‍ കൂടി അറസ്റ്റ് വരാനിരിക്കുന്നുണ്ട്. ഇപ്പോള്‍ നിലവിലുള്ള അഞ്ചു കേസുകളില്‍ മാത്രം 30 കോടിയോളം രൂപ നഷ്ടമുണ്ടായതാണ് കണക്ക്. അതേസമയം അറസ്റ്റിലായ മുന്‍ എം ഡി പത്മകുമാറിന്റെ ജാമ്യാപേക്ഷ ത്യശൂര്‍ വിജിലന്‍സ് കോടതി തള്ളി. ആരോഗ്യ സ്ഥിതി മോശമായതിനാല്‍ പത്മകുമാറിന് വിദഗ്ദ ചികിത്സ നല്‍കണമെന്ന നിര്‍ദേശത്തോടെ ജില്ലാ ജയിലിലേക്ക് അയച്ചു. കേസ് സെപ്തംബർ 9ന് വീണ്ടും പരിഗണിക്കും.

ആഭ്യന്തര വകുപ്പും വിജിലന്‍സ് ഡയറക്ടര്‍ ഉള്‍പ്പടെയുള്ളവരും അഴിമതിക്കെതിരെ സ്വീകരിക്കുന്ന ശക്തമായ നടപടികളെ വിജിലന്‍സ് ഡയറക്‌ട്രേറ്റിലെ ഭരണ വിഭാഗത്തിലേയും വ്യവസായ വകുപ്പിലെയും ചില ഉദ്യോഗസ്ഥരാണ് അട്ടിമറിക്കാൻ ശ്രമിക്കുന്നത്. മലബാര്‍ സിമന്റ്‌സിലെ അഴിമതിയെ നിസാരവത്കരിച്ച് കുറ്റക്കാരെ രക്ഷിക്കാൻ എല്ലാ ഒത്താശയും ചെയ്ത യുഡിഎഫ് സർക്കാരിന്റെ യഥാർത്ഥ പിൻഗാമിയായി മാറുകയാണ് ഇടതുമന്ത്രിസഭയിലെ വ്യവസായമന്ത്രി. യു ഡി എഫ് സർക്കാരിൽ വ്യവസായ വകുപ്പിന്റെ ചുമതലയുള്ള മുസ്ലീംലീഗിലെ നേതാക്കളുമായും ഇ പി ജയരാജനുമായും വി എം രാധാകൃഷ്ണൻ എന്ന വ്യവസായിയ്ക്കുളള ചങ്ങാത്തം കുപ്രസിദ്ധമാണ്.

മലബാർ സിമൻറ്സ് അഴിമതിക്കേസിൽ കൈവെച്ചതോടെ വിജിലൻസ് ഡയറക്ടറുടെ കസേരയിൽ ജേക്കബ് തോമസിന്റെ നാളുകൾ എണ്ണപ്പെട്ടുവെന്ന് കരുതുന്നവരുണ്ട്. ബാർ കോഴയ്ക്കെതിരെയുളള വിജിലൻസ് നീക്കം അതേ അളവിലും തൂക്കത്തിലും ഈ അഴിമതിക്കേസിലും ഉണ്ടെന്ന് തെളിയിക്കേണ്ടത് ഇനി പിണറായി വിജയന്റെയും ജേക്കബ് തോമസിന്റെയും ബാധ്യതയാണ്. കാരണം മുഖ്യമന്ത്രിയുടെ ഓഫീസിന് നേരെ എതിരെയാണ് വ്യവസായമന്ത്രി. ആ ഓഫീസാണ് എംഡിയായിരിക്കെ ഒരു സ്ഥാപനത്തിൽ നാല് അഴിമതിക്കേസിൽ പ്രതിയായ ആൾക്ക് വീണ്ടും അതേ സ്ഥാപനത്തിന്റെ എംഡിക്കസേര നൽകിയത്. സാക്ഷികളെ പ്രതി സസ്പെൻഡു ചെയ്യുന്ന വിചിത്രമായ കീഴ്വഴക്കത്തിനു തുടക്കമിട്ടത് ആ എംഡിയാണ്. ചുരുക്കിപ്പറഞ്ഞാൽ, റിമാൻഡിൽ കഴിയുന്ന കെ പത്മകുമാർ വ്യവസായമന്ത്രി ഇ പി ജയരാജൻറെ വിശ്വാസ്യതയ്ക്കുനേരെ ഉയർന്ന വലിയൊരു ചോദ്യചിഹ്നമാണെന്നതിൽ തർക്കമില്ല.

Read More >>