നിങ്ങള്‍ തൊഴിലാളികള്‍ക്കൊപ്പമോ? അതോ കരിങ്കാലി പക്ഷത്തോ? ജോയ് മാത്യുവിന് എംഎ ബേബിയുടെ മറുപടി

സെപ്റ്റംബര്‍ രണ്ടിലെ പണിമുടക്കുമായി ബന്ധപ്പെട്ട് നടന്‍ ജോയി മാത്യു നടത്തിയ പ്രസ്താവനയും അതിനേ തുടര്‍ന്നുണ്ടായ വിവാദത്തിനും അക്കമിട്ട് മറുപടി പറഞ്ഞ് എംഎ ബേബി. ദേശാഭിമാനിയുടെ എഡിറ്റോറിയല്‍ പേജിലെഴുതിയ ലേഖനത്തിലാണ് ബേബിയുടെ മറുപടി

നിങ്ങള്‍ തൊഴിലാളികള്‍ക്കൊപ്പമോ? അതോ കരിങ്കാലി പക്ഷത്തോ? ജോയ് മാത്യുവിന് എംഎ ബേബിയുടെ മറുപടി

സെപ്റ്റംബര്‍ രണ്ടിലെ പണിമുടക്കുമായി ബന്ധപ്പെട്ട് നടന്‍ ജോയി മാത്യു നടത്തിയ പ്രസ്താവനയും അതിനേ തുടര്‍ന്നുണ്ടായ വിവാദത്തിനും അക്കമിട്ട് മറുപടി പറഞ്ഞ് എംഎ ബേബി. ദേശാഭിമാനിയുടെ എഡിറ്റോറിയല്‍ പേജിലെഴുതിയ ലേഖനത്തിലാണ് ബേബിയുടെ മറുപടി. മനോരമയിലെഴുതിയ ലേഖനത്തിലാണ് പണിമുടക്ക് എന്തു പ്രാകൃതമായ സമര മാര്‍ഗ്ഗമാണെന്നാണ് ജോയി മാത്യു ചോദിച്ചത്. എന്നാല്‍ മുതലാളിത്ത ചൂഷണം അതിലും പഴയതാണ്. അതിന്റെ പ്രാകൃതത്തെ ജോയിമാത്യു കാണാതെ പോയതായി ബേബി ലേഖനത്തില്‍ പറയുന്നു.


സമരം ചെയ്യുന്ന തൊഴിലാളികളുടെ പക്ഷത്താണോ അതോ വിയര്‍പ്പ് തുടയ്ക്കുന്ന തക്കത്തിന് ഐക്യം പൊളിച്ചകത്ത് കടക്കുന്ന കരിങ്കാലിയുടെ പക്ഷത്താണോ നിങ്ങള്‍? സമരത്തെക്കുറിച്ച് മനോരമയില്‍ എഴുതി സുകൃതം കണ്ടെത്തുന്നത് ജോയിയെപോലെ രാഷ്ട്രീയ ബോധമുള്ളവര്‍ക്ക് ചേര്‍ന്നതല്ലെന്ന് ബേബി കുറ്റപ്പെടുത്തുന്നു.

സമര രീതികള്‍ മാറണമെന്ന രീതിയിലാണ് മനോരമയിലെഴുതിയ ലേഖനത്തില്‍ ജോയി മാത്യു തന്റെ അഭിപ്രായം പങ്കുവച്ചത്. തൊഴിലാളികള്‍ പണിമുടക്കുകൊണ്ട് ഉണ്ടാക്കിയ നഷ്ടത്തെക്കുറിച്ച് വാചാലനാവാതെ തൊഴിലാളി വര്‍ഗത്തിന്റെ സമരം കൊണ്ടാണ് ഇപ്പോഴുള്ള ധന നേട്ടം ഉണ്ടായതെന്ന് ബേബി ഓര്‍മ്മിപ്പിക്കുന്നു.

എം.എ ബേബിയുടെ ലേഖനം:

സെപ്തംബര്‍ രണ്ടിന്റെ ദേശീയ പണിമുടക്കിനെ വിമര്‍ശിച്ച് ജോയി മാത്യു മലയാളമനോരമയിലെഴുതിയ ലേഖനത്തില്‍ ചോദിക്കുന്നത്, 'മാറിയില്ലേ, കിണ്ടിയും കോളാമ്പിയും'എന്നാണ്. അതെ, മാറി. കുറെയേറെ പണിമുടക്കുകള്‍ക്കുശേഷം വന്ന 1957ലെ ഇ എം എസ് സര്‍ക്കാരിന്റെ ഒരു ഉത്തരവ് കേരളത്തിലെ ഫ്യൂഡലിസത്തിന്റെ ഈ അടയാളങ്ങളെ മാറ്റി. ആ പണിമുടക്കുകളുടെ കാലത്തും പണിമുടക്കിയാല്‍ എന്ത് നേട്ടമെന്ന് ചോദിക്കുന്നവര്‍ ഇഷ്ടംപോലെ ഉണ്ടായിരുന്നു. പക്ഷേ പ്രിയ ജോയി മാത്യൂ, കിണ്ടിയും കോളാമ്പിയും മാറിയെങ്കിലും കുമ്പിള്‍ മാറിയിട്ടില്ല. ഇന്ത്യയിലെ കോരന് ഇന്നും കഞ്ഞി കുമ്പിളില്‍തന്നെ. സമരം ചെയ്യാതെ, പണിമുടക്കാതെ അത് മാറുമെന്നും തോന്നുന്നില്ല.
ജോയി മാത്യു രാഷ്ട്രീയബോധമില്ലാത്ത സിനിമാനടനല്ല. എഴുത്തുകാരനും ഷട്ടര്‍ എന്ന മികച്ച സിനിമയുടെ സംവിധായകനുമാണ്. ജനകീയ സാംസ്‌കാരികവേദിയില്‍ പ്രവര്‍ത്തിച്ച ആളാണ്. ഇടത് സാഹസികത്വത്തിന്റെ രാഷ്ട്രീയമുണ്ടായിരുന്ന ആളാണ്. ഇടത് സാഹസികത്വം യഥാര്‍ഥത്തില്‍ വലതുപക്ഷമാണെന്നാണ് രാഷ്ട്രീയസിദ്ധാന്തം. എന്നാല്‍, ജോയി മാത്യു ഇന്ന് ഇടതുപക്ഷത്തോടൊപ്പം നില്‍ക്കുന്ന പുരോഗമന മതേതരവാദിയാണ്.
കേരളത്തില്‍ ഇത്തരം വലതുവാദം പുതുതൊന്നുമല്ല. 1907ല്‍ അയ്യന്‍കാളി പണിമുടക്കിയപ്പോഴും അന്നത്തെ വിമര്‍ശകര്‍ പുലയര്‍ക്ക് പള്ളിക്കൂടത്തില്‍ പോകണമെങ്കില്‍ കൃഷിപ്പണി എന്തിന് മുടക്കണമെന്ന് ചോദിച്ചിട്ടുണ്ടാകും. കൃഷിയാകെ നശിച്ചുപോകുന്നത് കണ്ടില്ലേ, നെല്‍പ്പാടമാകെ മട്ടിപ്പുല്ല് വളര്‍ത്തും എന്നല്ലേ അയ്യന്‍കാളി പറയുന്നത്, ഈ രാജ്യത്തെ പട്ടിണിപ്പാവങ്ങള്‍ എന്തു തിന്നും? എന്നൊക്കെ.
എന്തിനായിരുന്നു ഈ പണിമുടക്ക്?
ഏകദേശം ഒരുവര്‍ഷത്തിനുമുമ്പ് എല്ലാ ട്രേഡ് യൂണിയനുകളും ഒറ്റക്കെട്ടായി സര്‍ക്കാരിനുമുന്നില്‍ 12 ആവശ്യങ്ങളുടെ ഒരു പട്ടിക സമര്‍പ്പിച്ചു. അതിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യയില്‍ നിലവിലുള്ള തൊഴിലവകാശങ്ങള്‍ സംരക്ഷിക്കാനായിരുന്നു പണിമുടക്ക്. തൊഴിലാളികള്‍ക്ക് സംഘടിക്കാനും കൂലിക്കായി മുതലാളിയോട് പേശാനുമുള്ള അവകാശത്തിനായിരുന്നു പണിമുടക്ക്. നരേന്ദ്ര മോഡിസര്‍ക്കാര്‍ കൊണ്ടുവരുന്ന തൊഴില്‍നിയമങ്ങള്‍ ഇന്ത്യയില്‍ ഇന്ന് നിലവിലുള്ള ഇത്തരം നിയമങ്ങള്‍ റദ്ദുചെയ്യാനുള്ളവയാണ്. മിനിമംകൂലിയായിരുന്നു ഈ സമരത്തിന്റെ ഒരു പ്രധാന ആവശ്യം. മോഡിസര്‍ക്കാരിന്റെതന്നെ കണക്കുകൂട്ടല്‍പ്രകാരം മാസം 18,000 രൂപയാകണം ഇന്ത്യയിലെ മിനിമംകൂലി. സെപ്തംബര്‍ രണ്ടിന് സമരംചെയ്ത ബാങ്കിലെയോ ട്രാന്‍സ്‌പോര്‍ട്ട് മേഖലയിലെയോ പൊതുമേഖലയിലെയോ തൊഴിലാളികള്‍ അവരവരുടെ ശമ്പള വര്‍ധനയ്ക്കായിരുന്നില്ല സമരം ചെയ്തത്. അധ്യാപകരോ സര്‍ക്കാര്‍ ജീവനക്കാരോ അവരവരുടെ വരുമാനം കൂട്ടാനായിരുന്നില്ല സമരംചെയ്തത്. അത്തരം സമരങ്ങള്‍ വേണ്ടെന്നല്ല, പക്ഷേ, അതിനും മുകളില്‍ മൗലികമായ ഒരാവശ്യത്തിനായിരുന്നു ഐതിഹാസികമായ ഈ സമരം.

അസംഘടിതമേഖലയിലെ തൊഴിലാളികളുടെ അവകാശങ്ങള്‍ ഉറപ്പുവരുത്തണം എന്നതായിരുന്നു സമരത്തിന്റെ ഒരു പ്രധാന ആവശ്യം. പെന്‍ഷന്‍കാരുടെ അവകാശങ്ങളായിരുന്നു അടുത്ത ഇനം. പൊതുമേഖല സ്ഥാപനങ്ങള്‍ അടച്ചുപൂട്ടുന്നതിനെതിരെയും സ്ഥിരംജോലികള്‍ കരാര്‍ജോലികളാക്കി മാറ്റുന്നതിനെതിരെയുമായിരുന്നു സമരം. റെയില്‍വേയിലും പ്രതിരോധത്തിലും സ്വകാര്യവല്‍ക്കരണം നടത്തുന്നതിനെതിരെയായിരുന്നു സമരം. ഭക്ഷ്യവസ്തുക്കളുടെയും മറ്റു നിത്യോപയോഗസാധനങ്ങളുടെയും പൊതുവിതരണം ശക്തിപ്പെടുത്തുകയായിരുന്നു ഒന്നാമത്തെ ആവശ്യം. തൊഴിലവസരങ്ങളുടെ വര്‍ധനയായിരുന്നു ഒരു പ്രധാന ആവശ്യം. നമ്മുടെ തൊഴിലാളിവര്‍ഗത്തിന്റെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും അവര്‍ക്ക് അടിസ്ഥാന ജീവിതസൌകര്യം ഉറപ്പാക്കുന്നതിനുമായിരുന്നു ഈ ആവശ്യങ്ങള്‍.
സമരരീതി മാറണമത്രേ
പണിമുടക്ക് എന്തു പ്രാകൃത സമരമാര്‍ഗമാണെന്നാണ് ജോയി മാത്യു എഴുതുന്നത്. അതെ, ഒരുനൂറ്റാണ്ടിലേറെ പഴക്കമുള്ള സമരരൂപമാണ്. അതിലും പഴയതാണ് മുതലാളിത്തചൂഷണവും. അതിന്റെ പ്രാകൃതത്വത്തെ ജോയി മാത്യു കാണാതെ പോകുന്നുവല്ലോ!
സമരരീതികള്‍ മാറണമെന്നമട്ടിലാണ് ജോയി മാത്യു തന്റെ വലത് ലിബറല്‍വാദം ഉന്നയിക്കുന്നത്. സമരരീതികളില്‍ മാറ്റമാകാം. പക്ഷേ, ലോകമെങ്ങുമുള്ള തൊഴിലാളിവര്‍ഗത്തിന് പണിമുടക്കുപോലെ ശക്തമായൊരു സമരായുധം ഇനിയും ഉണ്ടായിട്ടില്ല. അപ്പോള്‍ പണിമുടക്കുകൊണ്ടുണ്ടായ ധനനഷ്ടത്തെക്കുറിച്ച് വാചാലനാകുന്ന ജോയി, തൊഴിലാളിവര്‍ഗത്തിന്റെ സമരംകൂടിക്കൊണ്ടാണ് ഈ ധനനേട്ടങ്ങള്‍ ഉണ്ടായതെന്നുകൂടി കാണണം. കേരളത്തില്‍ ഒരു ദിവസത്തെ പണിമുടക്കുകൊണ്ട് 1700 കോടി രൂപ നഷ്ടമെന്നു പറയുന്ന ജോയി മാത്യു, തൊഴിലാളികള്‍ സംഘടിതരായിരിക്കുകയും പണിമുടക്ക് അടക്കം നടത്താതിരിക്കുകയും ചെയ്താല്‍ എത്രമാത്രം നഷ്ടം ഉണ്ടാകുമെന്നുകൂടി കാണണം. ഉദാഹരണത്തിന്, 2008ലെ ആഗോള സാമ്പത്തികമാന്ദ്യം ലോകമെങ്ങുമുള്ള ബാങ്കുകളെയും ഇന്‍ഷുറന്‍സ് സ്ഥാപനങ്ങളെയും തകര്‍ത്തപ്പോള്‍ ഇന്ത്യയിലെ അത്തരം സ്ഥാപനങ്ങള്‍ തകര്‍ന്നുപോകാതിരിക്കാന്‍ കാരണം അവയിലെ തൊഴിലാളികള്‍ നടത്തിയ ചെറുത്തുനില്‍പ്പാണെന്നത് പൊതുവില്‍ അംഗീകരിച്ച കാര്യമാണ്. കേരളത്തിന്റെ ഗള്‍ഫ് കുടിയേറ്റത്തെക്കുറിച്ച് ജോയി വാചാലനാകുന്നുണ്ട്, അതിന് കേരളീയരെ പ്രാപ്തരാക്കുംവിധം വിദ്യാഭ്യാസ, ആരോഗ്യ സംവിധാനങ്ങളുണ്ടാക്കിയത് പണിമുടക്കുകളിലൂടെ ഉണ്ടായ അവകാശബോധമാണെന്നത് ഓര്‍ക്കണം. പണിമുടക്ക് ഒരു തടസമല്ല, ഉത്പാദനത്തെ നേര്‍വഴി നയിക്കലും കൂടിയാണെന്ന് കാണണം.
പണിമുടക്കാത്തവനെ തൊഴില്‍ ചെയ്യാന്‍ അനുവദിച്ചുകൂടേ എന്ന ചോദ്യത്തിന് പണ്ട് പണിമുടക്കം എന്ന കവിതയില്‍ ഇടശ്ശേരി ഉത്തരം പറയുന്നുണ്ട്:
തുണിനെയ്യും മില്ലില്‍പ്പണിമുടക്കം
തൊഴിലാളിയ്ക്കന്നും സുദൃഢമൈക്യം
ഒരു മാസമുന്തിയ കൈക്കൊരാക്കം
വരുമാറു വേര്‍പ്പു തുടച്ച തക്കം
നയവലയത്തെപ്പൊളിച്ചകറ്റി
ക്കയറിപ്പോയി മില്ലില്‍ക്കരിങ്കാലികള്‍
തൊഴിലാളി തൂകിയ കണ്ണുനീരിന്
പുളിനക്കിനൊട്ടും കരിങ്കാലികള്‍
തടയാനിറങ്ങിയോര്‍ക്കെല്ലൊടിഞ്ഞു
പടയായി ലാത്തിയും തോക്കുമായി
മുതലാളി കാരുണ്യം വെച്ചുകാട്ടീ
ഇതില്‍ സമരം ചെയ്യുന്ന തൊഴിലാളിയുടെ പക്ഷത്താണോ അതോ വേര്‍പ്പു തുടയ്ക്കുന്ന തക്കത്തിന് ഐക്യം പൊളിച്ചകത്തു പോകുന്ന കരിങ്കാലിയുടെ പക്ഷത്താണോ നിങ്ങള്‍?

സമരംകൊണ്ട് എന്തു കിട്ടി?

സമരത്തെക്കുറിച്ച് മലയാളമനോരമ നല്‍കുന്ന റിപ്പോര്‍ട്ടുമാത്രം വായിച്ച് പണിമുടക്കിനെതിരെ മനോരമയില്‍ എഴുതി സുകൃതം കണ്ടെത്തുന്നത് രാഷ്ട്രീയബോധമുള്ള ഒരാളുടെ പ്രവൃത്തിയല്ല. മനുഷ്യചരിത്രത്തിലെ ഏറ്റവും വലിയ പണിമുടക്കെന്നാണ് ഇന്ത്യന്‍ തൊഴിലാളികള്‍ സെപ്തംബര്‍ രണ്ടിന് നടത്തിയ സമരത്തെ ലണ്ടനിലെ ഇന്‍ഡിപെന്‍ഡന്റ് എന്ന പത്രം വിശേഷിപ്പിച്ചത്. 18 കോടിയോളം തൊഴിലാളികള്‍ പണിമുടക്കി. ഇന്ത്യയെങ്ങും നിന്ന് അഭൂതപൂര്‍വമായ പിന്തുണയാണ് പണിമുടക്കിന് ലഭിച്ചത്. മോഡി സര്‍ക്കാരിനുകീഴില്‍ എത്ര സാഹസികമായാണ് തൊഴിലാളികള്‍ സമരം ചെയ്തതെന്നറിയാന്‍ മാരുതിയുടെ മാനേസര്‍ പ്‌ളാന്റിലെ തൊഴിലാളികള്‍ ചെയ്ത സമരത്തെക്കുറിച്ചുമാത്രം ജോയി വായിച്ചാല്‍ മതി. ഏറ്റവും തൊഴിലാളിവിരുദ്ധമായ ഒരു മാനേജുമെന്റാണ് മാരുതി. സ്വന്തം സംഘടിതശേഷി ഉറപ്പിച്ചുനിര്‍ത്തി ഇവര്‍ക്കൊക്കെ ഒരു മുന്നറിയിപ്പ് കൊടുക്കാനായി എന്നതാണ് ഈ സമരത്തിന്റെ മുഖ്യനേട്ടം. 'എന്തു നേടീ,യറിയില്ലെന്നിളം തലമുറ, പക്ഷേ എന്തു നഷ്ടപ്പെടാനുണ്ടെന്നറിഞ്ഞേ പറ്റൂ'' എന്നും ഇടശ്ശേരി എഴുതുന്നുണ്ട്.
ഇടതുപക്ഷ തൊഴിലാളിസംഘടനകളാണ് തീവ്രമുതലാളിത്തത്തിനെതിരായ ഈ സമരം ആരംഭിച്ചത്. നവലിബറല്‍ നയങ്ങളെന്ന പേരില്‍ അറിയപ്പെടുന്ന രൂക്ഷചൂഷണത്തെ തീവ്രമുതലാളിത്തനയം എന്ന് വിളിക്കണമെന്നാണ് എന്റെ അഭിപ്രായം. അവ നവവുമല്ല ഒരുവിധത്തിലും ലിബറലുമല്ല. പില്‍ക്കാലത്ത് മറ്റ് ട്രേഡ് യൂണിയനുകളും ഈ സമരങ്ങളില്‍ ചേര്‍ന്നു. ഐഎന്‍ടിയുസി തുടങ്ങി സാധാരണ ഇത്തരം സമരങ്ങളില്‍ ചേരാത്ത തൊഴിലാളിസംഘടനകളെക്കൂടി ചേരാന്‍ പ്രേരിപ്പിക്കുന്നവിധമാണ് ഇന്നത്തെ തൊഴിലാളിദ്രോഹനയങ്ങളുടെ ആക്കം. സമരത്തിനൊപ്പം തന്നെയായിരുന്ന ബിഎംഎസ് രാഷ്ട്രീയമായ കാരണങ്ങളാല്‍ കഴിഞ്ഞ രണ്ടുവര്‍ഷമായി പണിമുടക്കില്‍ പങ്കെടുക്കുന്നില്ല. അതൊഴിവാക്കിയാല്‍ ഇന്ത്യന്‍ തൊഴിലാളിവര്‍ഗത്തിന്റെ അസാധാരണമുന്നേറ്റമാണ് ഈ പണിമുടക്കിലൂടെ വളര്‍ന്നുവന്നത്.

Read More >>