''ചുവന്ന മഷി പോലെ പച്ച മഷിയുടെയും സാധ്യതകള്‍ പരിശോധിക്കുമോ'' ; യൂത്ത് കോണ്‍ഗ്രസ്- കെഎസ്‌യു സമരത്തെ പരിഹസിച്ച് എം സ്വരാജ്

സ്വാശ്രേയ മെഡിക്കല്‍ കോളേജ് ഫീസ്‌ കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നില്‍ യൂത്ത് കോണ്‍ഗ്രസ്സ് നടത്തിയ സമരത്തില്‍ രക്തമെന്ന വ്യാജേന പ്രവര്‍ത്തകര്‍ ചുവന്ന മഷി ഷര്‍ട്ടില്‍ പുരട്ടിയെന്നതാണ് വിവാദവിഷയം

തിരുവനന്തപുരം: നിയമസഭയില്‍ പ്രതിപക്ഷ ബഹളത്തിനിടയിലെ ചോദ്യോത്തരവേളയില്‍ യൂത്ത് കോണ്‍ഗ്രസ്- കെഎസ്‌യു സമരത്തെ പരിഹസിച്ച് എം സ്വരാജ്. സമരത്തിലെ ശ്രദ്ധേയമായ മഷിക്കുപ്പി വിവാദത്തിലാണ് സ്വരാജ് യൂത്ത് കോണ്‍ഗ്രസ്സിനെ പരിഹസിച്ച് രംഗത്തെത്തിയത്.

സഭയിലെ ചോദ്യോത്തരവേളയില്‍, കൃഷിഭൂമിയില്‍ അതിക്രമിച്ചു കയറുന്ന വന്യമൃഗങ്ങളെ നിയന്ത്രിക്കണമെന്ന തരത്തിലുള്ള ചില പരാമര്‍ശങ്ങള്‍ യൂത്ത് കോണ്‍ഗ്രസ്സ് സംഘര്‍ഷവുമായി ബന്ധപ്പെട്ട്  പിസി ജോര്‍ജ്ജും ബിജിമോളും ഒക്കെ നടത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് സ്വരാജ് സംസാരിച്ചുതുടങ്ങിയത്. ഇപ്പോള്‍ സമരമുഖങ്ങളില്‍ നൂതന സമരമുറകള്‍ പരീക്ഷിക്കുന്നതായി കാണുന്നുണ്ടെന്നും ചുവന്ന മഷി പോലെ പച്ച മഷി ഉപയോഗിച്ച് വന്യമൃഗങ്ങളെ  പ്രതിരോധ സംവിധാനത്തില്‍ വനത്തില്‍ തന്നെ നിര്‍ത്താന്‍ കഴിയുന്ന സാധ്യതകളെക്കുറിച്ച് പരിശോധിക്കുമോ എന്നുമാണ് സ്വരാജ് പറഞ്ഞത്. സ്വരാജിന്റെ പരാമര്‍ശം ഇപ്പോള്‍ നവമാധ്യമങ്ങളില്‍ വൈറലായി മുന്നേറുകയാണ്.
സ്വാശ്രേയ മെഡിക്കല്‍ കോളേജ് ഫീസ്‌ കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നില്‍ യൂത്ത് കോണ്‍ഗ്രസ്സ് നടത്തിയ സമരത്തില്‍ രക്തമെന്ന വ്യാജേന പ്രവര്‍ത്തകര്‍ ചുവന്ന മഷി ഷര്‍ട്ടില്‍ പുരട്ടിയെന്നതാണ് വിവാദവിഷയം. സ്വരാജിന് പുറമേ, മുഖ്യമന്ത്രി പിണറായി വിജയനും ഇതിനെ കണക്കറ്റു പരിഹസിച്ചിരുന്നു. മഷിക്കുപ്പിയെടുത്ത് ഷര്‍ട്ടില്‍ തേച്ച് തങ്ങളെ ആക്രമിച്ചെന്ന് പറയുന്ന ലജ്ജാകരമായ നിലപാട് എടുത്തവരാണെന്നായിരുന്നു മുഖ്യമന്ത്രി സഭയില്‍ പറഞ്ഞത്.

Read More >>