രഘുപതി രാഘവ രാജാറാം പാടി ബാബു തൃപൂണിത്തുറ പിടിച്ചു; ചാക്കാല കൂടി ജനമനസും: എം എം ലോറൻസ് ഓർത്തെടുക്കുന്നു

''തന്ത്രങ്ങളുടെ കാര്യത്തില്‍ ബാബു മിടുമിടുക്കനായിരുന്നു എന്നത് സമ്മതിക്കാതെ തരമില്ല. രാജീവ് ഗാന്ധിയുടെ മരണത്തെത്തുടര്‍ന്നു തൃപ്പൂണിത്തുറ സ്റ്റാച്യൂ ജംഗ്ഷനില്‍ അദ്ദേഹവും കോണ്‍ഗ്രസുകാരും ഒരു പന്തലൊക്കെ കെട്ടി നിലവിളക്കൊക്കെ കത്തിച്ചു വച്ച് രഘുപതി രാജാറാം പാടി ദിവസങ്ങള്‍ നീണ്ടു നിന്ന ദുഃഖാചാരണം നടത്തുകയുണ്ടായി. അപ്പോളത്തെ ജനങ്ങളുടെ വൈകാരികതയെ നന്നായി മുതലെടുക്കാന്‍ ബാബുവിനു സാധിച്ചു''

രഘുപതി രാഘവ രാജാറാം പാടി ബാബു തൃപൂണിത്തുറ പിടിച്ചു; ചാക്കാല കൂടി ജനമനസും: എം എം ലോറൻസ് ഓർത്തെടുക്കുന്നു

സിപിഐഎമ്മിലെ കരുത്തനായ നേതാവ് എംഎം ലോറന്‍സിനെ തൃപ്പുണിത്തുറയുടെ ചുവന്ന മണ്ണില്‍ തറ പറ്റിച്ചാണ് കെ ബാബു ആദ്യമായി എംഎല്‍എ ആകുന്നത്. 4946 വോട്ടുകള്‍ക്കാണ് ബാബു ജയിക്കുന്നത്. തുടര്‍ന്ന് 2016 ഇലക്ഷനില്‍ സിപിഎമ്മിന്റെ തന്നെ എം. സ്വരാജിനോട് ഏറ്റുമുട്ടുന്നതു വരെ കെ. ബാബു പരാജയമറിഞ്ഞിട്ടില്ല. പാരമ്പര്യമായി കോണ്‍ഗ്രസിനു സ്വാധീനമില്ലാത്ത ഒരു മണ്ഡലത്തില്‍ അനിഷേധ്യനായ നേതാവായി മാറിയ കെ.ബാബുവിന്റെ വളര്‍ച്ച അമ്പരപ്പിക്കുന്നതായിരുന്നു. എന്നാല്‍ ബാര്‍കോഴ ഉള്‍പ്പെടെയുള്ള വിവാദങ്ങളില്‍ പെട്ട് അദ്ദേഹത്തിന്റെ ജനപ്രിയത ഇടിയുന്ന കാഴ്ചയാണ് ഇന്ന് നമ്മള്‍ കാണുന്നത്. ഈ അവസരത്തില്‍, എം എം ലോറന്‍സ്, ബാബുവിനെക്കുറിച്ചും അദ്ദേഹത്തിന്റെ രാഷ്ടീയജീവിതത്തെക്കുറിച്ചും അദ്ദേഹത്തിനുള്ള ഓര്‍മ്മകളും അഭിപ്രായങ്ങളും പങ്കു വെയ്ക്കുന്നു.


1991ല്‍ താങ്കളെത്തോല്‍പ്പിച്ചാണല്ലോ കെ ബാബു ആദ്യമായി നിയമസഭയിലെത്തുന്നത് . അന്നത്തെ ബാബുവിനെ താങ്കള്‍ എങ്ങനെ ഓര്‍മ്മിച്ചെടുക്കുന്നു?


കെ. ബാബുവിനെക്കുറിച്ച് അന്നധികം കേട്ടിട്ടുണ്ടായിരുന്നില്ല. അന്നദ്ദേഹം അങ്കമാലിയായിരുന്നല്ലോ. ഞാനാദ്യം കരുതിയിരുന്നത് അദ്ദേഹം ക്രിസ്ത്യാനിയാണെന്നായിരുന്നു. അന്നു ഞാന്‍ ജയിക്കേണ്ടതായിരുന്നു. പക്ഷേ, ആ സമയത്താണ് രാജീവ് ഗാന്ധി കൊല ചെയ്യപ്പെടുന്നത്. തുടര്‍ന്ന് ഇലക്ഷന്‍ നീട്ടി വയ്ക്കുകയുണ്ടായി. ആ സംഭവത്തിന്റെ ഭാഗമായി കോണ്‍ഗ്രസിനനുകൂലമായൊരു തരംഗം രാജ്യത്താകമാനമുണ്ടായി. ബാബുവിന്റെ വിജയത്തില്‍ അതും നിര്‍ണായകമായി.

അന്നു ബാബു സ്വീകരിച്ച പ്രചരണ തന്ത്രങ്ങളെന്തൊക്കെയായിരുന്നു?

തന്ത്രങ്ങളുടെ കാര്യത്തില്‍ ബാബു മിടുമിടുക്കനായിരുന്നു എന്നത് സമ്മതിക്കാതെ തരമില്ല. രാജീവ് ഗാന്ധിയുടെ മരണത്തെത്തുടര്‍ന്നു തൃപ്പൂണിത്തുറ സ്റ്റാച്യൂ ജംഗ്ഷനില്‍ അദ്ദേഹവും കോണ്‍ഗ്രസുകാരും ഒരു പന്തലൊക്കെ കെട്ടി നിലവിളക്കൊക്കെ കത്തിച്ചു വച്ച് രഘുപതി രാജാറാം പാടി ദിവസങ്ങള്‍ നീണ്ടു നിന്ന ദുഃഖാചാരണം നടത്തുകയുണ്ടായി. അപ്പോളത്തെ ജനങ്ങളുടെ വൈകാരികതയെ നന്നായി മുതലെടുക്കാന്‍ ബാബുവിനു സാധിച്ചു. അതോടൊപ്പം സ്ഥലത്തെ ലോക്കല്‍ എസ് എന്‍ ഡി പി നേതൃത്വത്തെ കയ്യിലെടുക്കാനും കഴിഞ്ഞു. അതും ഗുണം ചെയ്തു കാണും.

എം എല്‍ എ ആയതോടെ പിന്നെ ബാബു തൃപ്പൂണിത്തുറ മണ്ഡലത്തെ മൊത്തമായി കയ്യിലെടുക്കുക ആണല്ലോ ഉണ്ടായത്. ഇടതുപക്ഷത്തിനു സാമാന്യം നല്ല സ്വാധീനമുള്ള ഒരിടത്ത് ബാബുവിനു അതെങ്ങനെ സാധിച്ചു?

ബാബു അക്കാര്യത്തില്‍ മിടുക്കനാണ്. ജനങ്ങളെ കയ്യിലെടുക്കാന്‍ രാഷ്ട്രീയ പ്രശ്‌നങ്ങള്‍ അവരോടു സംസാരിക്കുന്നതിനേക്കാള്‍ നല്ലത്, അവരെ വ്യക്തിപരമായി കയ്യിലെടുക്കുന്നതാണെന്ന് അദ്ദേഹത്തിനറിയാം. അതു ബാബു സമര്‍ഥമായി ചെയ്തു. ഏതൊക്കെ വീട്ടില്‍ കല്യാണം നടന്നാലും മരണം നടന്നാലും അദ്ദേഹം അവിടെയെത്തും. അതൊക്കെ അപ്പപ്പോള്‍ അറിയിക്കാനുള്ള നെറ്റ് വര്‍ക്ക് അദ്ദേഹത്തിനുണ്ടായിരുന്നു. എംഎല്‍എ തന്റെ വീട്ടില്‍ വന്നു എന്നതും ചില്ലറ സഹായങ്ങള്‍ ചെയ്തു എന്നതും ആളുകള്‍ക്ക് വലിയ കാര്യമായി തോന്നും. അയാളുടെ രാഷ്ട്രീയമെന്താണെന്നും അത് ഈ സമൂഹത്തില്‍ എന്താണ് ചെയ്തുകൊണ്ടിരിക്കുന്നതെന്നും ഭൂരിഭാഗം ആളുകളും ചിന്തിക്കില്ല. ആ അജ്ഞതയാണ് ബാബു മുതലെടുത്തത്. അതില്‍ അയാള്‍ക്ക് അപാരമായ മിടുക്കുണ്ടായിരുന്നു.

എന്റെ ഓര്‍മ്മയിലുള്ള ഒരു സംഭവം പറയാം. ഞങ്ങള്‍ പരസ്പരം മല്‍സരിച്ച ഇലക്ഷന്‍ കാലത്ത്, എന്റെ ഒരു പാര്‍ട്ടി സഹപ്രവര്‍ത്തകന്റെ വീട്ടില്‍ കല്യാണം നടക്കുന്നു. ക്ഷണം സ്വീകരിച്ചു ഞാനവിടെ ചെന്നു. ഭക്ഷണം കഴിക്കാനായി ഞാന്‍ ഇരുന്നതേയുള്ളൂ, നേരെ മുന്‍പിലുള്ള മേശയ്ക്കു മുന്‍പില്‍ അതാ ബാബുവും ഭക്ഷണം കഴിക്കാന്‍ റെഡിയായിരിക്കുന്നു. എന്റെ ആതിഥേയന്‍ കടുത്ത പാര്‍ട്ടിക്കാരനാണ്. അയാള്‍ക്കതിഷ്ടപ്പെട്ടില്ല. 'നിങ്ങളെയാരാണിവിടേയ്ക്ക് ക്ഷണിച്ചതെന്ന്' ചോദിച്ചുകൊണ്ട് അയാള്‍ ക്ഷുഭിതനായി ബാബുവിനോട് സംസാരിക്കാന്‍ ആരംഭിച്ചു. ഞാന്‍ അയാളെ തടയാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍, ബാബു അക്ഷോഭ്യനായി ചിരിച്ചു കൊണ്ടു പറഞ്ഞു, 'എന്നെ വിളിക്കണമെന്നില്ല. എനിക്ക് സ്‌നേഹമുള്ള എവിടെയും എന്താവശ്യത്തിനും ഞാനെത്തും.'' അങ്ങനെ തക്ക സമയത്ത് മറുപടി പറയാന്‍ ചില്ലറ കഴിവൊന്നും പോരാ. അതാണ് ഞാന്‍ നേരത്തെ പറഞ്ഞത് അക്കാര്യത്തില്‍ കെ. ബാബുവിനെ വെല്ലാന്‍ പറ്റുന്നവര്‍ അധികമില്ലെന്ന് പിന്നെ വ്യക്തിപരമായ സാമ്പത്തിക സഹായങ്ങള്‍ നല്‍കാറുണ്ടെന്നു പറഞ്ഞു കേട്ടിട്ടുണ്ട് അതും ആളുകളെ കൂടെ നിര്‍ത്താന്‍ സഹായമാകുന്നുണ്ടാകും.

കെ. ബാബുവിനു നേരെ ഇന്നുയരുന്ന ആരോപണങ്ങളൊന്നും അദ്ദേഹം എം എല്‍ എ ആയിരുന്ന കാലത്ത് അധികം കേട്ടിട്ടില്ല. രാഷ്ട്രീയ എതിരാളികള്‍ പോലും, ഉദാഹരണമായി ദിനേശ് മണിയെപ്പോലുള്ള പലരും, പറയുന്നത് ബാര്‍ കോഴയെത്തുടര്‍ന്നാണ് കെ. ബാബുവിന്റെ അഴിമതിയുടേയും അനധികൃത സ്വത്തു സമ്പാദനത്തിനേയും മറ്റും കഥകള്‍ കേള്‍ക്കാന്‍ തുടങ്ങുന്നത് എന്നാണ്.


അത് ഏറെക്കുറെ ശരിയാണ്. എന്നാലും ചില സൂചനകള്‍ ആദ്യമേ കിട്ടിയിരുന്നു. ഉദാഹരണമായി പോളക്കുളത്തുകാരുമായുള്ള ബന്ധങ്ങളെക്കുറിച്ചൊക്കെ ചില കഥകള്‍ കേട്ടിരുന്നു. എന്റെ പരിചയത്തിലുള്ള ഒരു വക്കീല്‍ പറഞ്ഞത് ശരിയാണെങ്കില്‍ എറണാകുളത്തുള്ള സമയങ്ങളില്‍ മിക്കവാറും ബാബു പോളക്കുളത്തിന്റെ ഓഫീസില്‍ ഉണ്ടാകുമെന്നാണ്. അതുമായി ചേര്‍ത്തു വായിക്കുമ്പോള്‍, റിനെ മെഡിസിറ്റിയില്‍ ബാബുവിനു പങ്കാളിത്തമുണ്ടെന്ന വിജിലന്‍സിന്റെ ആരോപണത്തില്‍ കഴമ്പുണ്ടാകാമെന്ന് ആര്‍ക്കെങ്കിലും സംശയം തോന്നിയാല്‍ കുറ്റം പറയാനൊക്കില്ല.

പോളക്കുളത്ത് ഗ്രൂപ്പിന്റെ സ്ഥാപകനായ അന്തരിച്ച പോളക്കുളത്ത് നാരായണന്‍ പുല്ലേപ്പടി ലവല്‍ ക്രോസിനടുത്തുണ്ടായിരുന്ന കള്ളു ഷാപ്പില്‍ ജീവനക്കാരനായിരുന്നു. അവിടെ നിന്നും വളര്‍ന്നു സമ്പന്നനായ വ്യക്തിയായിരുന്നു. കൊലക്കേസില്‍ ഒക്കെ പെട്ടിട്ടുള്ള ആളായിരുന്നു. അദ്ദേഹത്തിന്റെ മകളെ പ്രണയിച്ച കുറ്റത്തിനു സ്വന്തം ജീവനക്കാരനായ ഒരാളെ കൊന്നു കളഞ്ഞു. കേസില്‍ ശിക്ഷിക്കപ്പെട്ടതുമാണ്. എന്നാലും കയ്യില്‍ കാശും സ്വാധീനവും ഉള്ളതുകൊണ്ട് ജയിലില്‍ പോയിക്കിടക്കാതെ ഹോസ്പിറ്റലിലൊക്കെ കിടന്ന് എങ്ങനെയൊക്കെയോ തലയൂരി. അതുപോലുള്ള ബിസിനസുകാരുമായിട്ടൊക്കെയാണ് ബാബു അടുത്ത സൗഹൃദമൊക്കെ സൂക്ഷിക്കുന്നത്. വിജിലന്‍സ് പറയുന്നത് ശരിയാണെങ്കില്‍ കൂട്ടുകച്ചവടമൊക്കെ നടത്തുന്നത്.

കെ. ബാബു പോലുള്ള ഒരു ജനകീയ നേതാവിന്റെ അധഃപ്പതനത്തെ താങ്കളെങ്ങനെയാണ് വിലയിരുത്തുന്നത്? കേരള രാഷ്ട്രീയത്തെക്കുറിച്ച് അതു നല്‍കുന്ന സൂചനകളെന്താണ്?

തീര്‍ച്ചയായും നിരാശയുള്ള കാര്യമാണ്. രാഷ്ട്രീയപ്രവര്‍ത്തകര്‍ക്കു നേരെ ഇത്തരം ആരോപണങ്ങള്‍ ഉണ്ടാകുന്നത് രാഷ്ട്രീയത്തെക്കുറിച്ച് ജനങ്ങള്‍ക്കിടയില്‍ പ്രബലമായിക്കൊണ്ടിരിക്കുന്ന മോശം ധാരണകളെ ബലപ്പെടുത്തും. തെറ്റു ചെയ്തവരുണ്ടെങ്കില്‍, സത്യസന്ധമായി അന്വേഷണം നടത്തി അതു കണ്ടെത്തുകയും അര്‍ഹിക്കുന്ന നിയമനടപടികള്‍ സ്വീകരിക്കുകയും വേണം. അത്തരം നടപടികളുണ്ടാകുന്നത് നമ്മുടെ രാഷ്ട്രീയത്തെ ശുദ്ധീകരിക്കും.