സൗമ്യ വധക്കേസ്: വധശിക്ഷ റദ്ദാക്കി; ഗോവിന്ദച്ചാമിക്ക് ജീവപര്യന്തം

സൗമ്യ വധക്കേസില്‍ വധശിക്ഷ ഇളവ് നല്‍കണമെന്നാവശ്യപ്പെട്ടാണ് ഗോവിന്ദച്ചാമി നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതി വിധി.

സൗമ്യ വധക്കേസ്: വധശിക്ഷ റദ്ദാക്കി; ഗോവിന്ദച്ചാമിക്ക് ജീവപര്യന്തം

ന്യൂഡല്‍ഹി: സൗമ്യ വധക്കേസില്‍ വധശിക്ഷ ഒഴിവാക്കി സുപ്രീംകോടതി വിധി.  കൊലപാതക കുറ്റം സംശയാതീതമായി തെളിയിക്കാനായില്ല എന്നതിനാലാണ് വധശിക്ഷ ഒഴിവാക്കിയത്. അതേ സമയം ബലാത്സംഗക്കുറ്റത്തിന് സെഷൻസ് കോടതി വിധിക്കുകയും കേരള ഹൈക്കോടതി ശരിവയ്ക്കുകയും ചെയ്ത പരമാവധി ശിക്ഷയായ ജീവപര്യന്തം തടവ് ഗോവിന്ദച്ചാമി അനുഭവിക്കേണ്ടിവരും. സുപ്രീം കോടതിയുടെ പുതിയ ഉത്തരവനുസരിച്ച് ജീവപര്യന്തം ശിക്ഷ ജീവിതാവസാനം വരെയുള്ള ശിക്ഷയാണ്. ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് വിധി പറഞ്ഞത്.


മുമ്പ് ഗോവിന്ദച്ചാമിക്ക് ഏഴുവർഷം കഠിന തടവു മാത്രമാണ് സുപ്രീം കോടതി വിധിച്ചതെന്നും ഒന്നരവർഷത്തിനു ശേഷം പ്രതി പുറത്തിറങ്ങുമെന്നുമാണ് നാരദ ന്യൂസ് അടക്കമുള്ള മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നത്. ചാനൽ ബ്രേക്കിങ്ങിനെ അടിസ്ഥാനമാക്കി നൽകിയ ഈ വാർത്ത അപ്പാടെ തെറ്റാണെന്നു തെളിയാൻ വിധിപ്പകർപ്പു ലഭിക്കേണ്ടിവന്നു. ഗോവിന്ദച്ചാമിക്ക് ജീവപര്യന്തം തടവ് ശിക്ഷയാണ് സുപ്രീംകോടതി വിധിച്ചിരിക്കുന്നത്. അതേ സമയം ദേശീയ വാർത്താ ഏജൻസിയായ പിടിഐ അടക്കം ഈ തെറ്റായ വാർത്തയാണ് നൽകിയിരുന്നത്. രാവിലെ മാദ്ധ്യമങ്ങൾക്ക് നൽകിയ ബ്രീഫിങ്ങിൽ കടന്നുകൂടിയ തെറ്റാകാം ഇതെന്നു കരുതുന്നു.

സൗമ്യ വധക്കേസില്‍ വധശിക്ഷ ഇളവ് ചെയ്യണമെന്നാവശ്യപ്പെട്ട് ഗോവിന്ദച്ചാമി നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതി വിധി. ശാസ്ത്രീയമായ തെളിവുകള്‍ മാത്രം പരിഗണിക്കാനാവില്ലെന്ന് നിരീക്ഷിച്ച കോടതി സാക്ഷിമൊഴികളുടെ അടിസ്ഥാനത്തില്‍ സംശയത്തിന്റെ ആനുകൂല്യം നല്‍കിയാണ് വധശിക്ഷ റദ്ദാക്കിയത്. പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഷെര്‍ളി വാസുവിന്റെ മൊഴിയില്‍ ട്രെയിനില്‍ നിന്നുള്ള വീഴ്ച്ചയിലേറ്റ പരിക്കാവാം മരണകാരണം എന്ന് വ്യക്തമാക്കിയിരുന്നു.

ബലാത്സംഗം(ഐപിസി 376), മോഷണം(397), പരിക്കേല്‍പ്പിക്കല്‍(394), ട്രെയിനില്‍ അതിക്രമിച്ച് കടക്കല്‍(447), കൊലപാതകം(302) എന്നീ വകുപ്പുകളായിരുന്നു ഗോവിന്ദച്ചാമിക്കെതിരെ ചുമത്തിയിരുന്നത്. ഇതില്‍ കൊലപാതകക്കുറ്റം മാറ്റി കൈകൊണ്ടടിച്ച് പരിക്കേല്‍പ്പിക്കല്‍(325) ആക്കുകയായിരുന്നു. ബലാത്സംഗത്തിന് മാത്രമാണ് കോടതി ശിക്ഷിച്ചത്. കൊലപാതകം തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടു.

സൗമ്യ ആക്രമിക്കപ്പെട്ട വനിതാ കംപാർട്ട്‌മെന്റിനു മുന്നിലെ കംപാർട്ട്‌മെന്റിലെ യാത്രക്കാരായിരുന്ന നാലാം സാക്ഷി ടോമി ദേവസിയും 40ാം സാക്ഷി അബ്‌ദുൽ ഷുക്കൂറും നൽകിയ മൊഴികൾ വിചാരണക്കോടതിയും ഹൈക്കോടതിയും പൂർണമായി അംഗീകരിച്ചെങ്കിൽ, സുപ്രീം കോടതി കുഴപ്പം കണ്ടെത്തിയതും ഇതേ മൊഴികളിലാണ്.

ഒരു സ്‌ത്രീ വനിതാ കംപാർട്ട്‌മെന്റിലെ കിഴക്കേ വാതിലിലൂടെ ചാടി രക്ഷപ്പെടുന്നതു കണ്ടതായി ഒരു മധ്യവയസ്‌കൻ ടോമിയോടു പറഞ്ഞുവെന്നായിരുന്നു മൊഴി. ഈ മധ്യവയ്‌സകൻ ആരെന്ന് കണ്ടെത്താനായില്ലെന്നതു ശ്രദ്ധേയമാണ്. സ്‌ത്രീ ചാടി രക്ഷപ്പെടുന്നതായി പറഞ്ഞയാൾ, അപായച്ചങ്ങല വലിച്ച് ട്രെയിൻ നിർത്താൻ തുനിഞ്ഞ ടോമിയെ തടഞ്ഞെന്നും മൊഴിയുണ്ടായി. ഫലത്തിൽ, സൗമ്യയുടെ വീഴ്‌ച നേരിട്ടു കണ്ടയാളാണ് ആദ്യം സംഭവത്തിൽ അന്യായമായി ഇടപെട്ടത്. അയാളെ കണ്ടെത്താൻ സാധിച്ചതുമില്ല.

സൗമ്യ യാത്ര ചെയ്‌തിരുന്ന കംപാർട്ട്‌മെന്റിൽ പടിഞ്ഞാറുവശത്തെ വാതിൽപ്പടിയിൽ ഗോവിന്ദച്ചാമി ഇരിക്കുന്നതും ടോമി കണ്ടുവത്രേ. അബ്‌ദുൽ ഷുക്കൂറും മറ്റു പലരും ഗോവിന്ദച്ചാമിയെ കണ്ടുവെന്നും വിചാരണക്കോടതിയുടെ വിധിന്യായത്തിൽ പറയുന്നു. ഇരുവരും കോടതിയിൽ ഗോവിന്ദച്ചാമിയെ തിരിച്ചറിഞ്ഞിരുന്നു.

ചാടിയതാണെന്നു പ്രോസിക്യൂഷൻ സാക്ഷികളുടെ മൊഴിയുള്ളപ്പോഴാണ്, ചാട്ടത്തിലല്ല, തള്ളിയിട്ടതാണെന്ന വിലയിരുത്തൽ പോസ്‌റ്റ്‌മോർട്ടം റിപ്പോർട്ടിൽ രേഖപ്പെടുത്തിയത് എന്നതും ശ്രദ്ധേയമാണ്. ചാട്ടത്തിൽ സംഭവിക്കുന്ന തരമല്ല പരുക്കെന്നു ഡോക്‌ടർ വിലയിരുത്തിയ കാരണങ്ങൾ സുപ്രീം കോടതിയുടെ വിധിന്യായത്തിൽ വിശദമായി ഉദ്ധരിച്ചിട്ടുണ്ട്. ട്രെയിനിൽവച്ച് തലയ്‌ക്കേറ്റ പരുക്കാണ് എടുത്തുചാടാവുന്ന അവസ്‌ഥ അനുവദിക്കാത്തതെന്നും ചാടുമ്പോൾ കൈകൾ കുത്തിയും മറ്റുമുണ്ടാകാവുന്ന പരുക്കുകൾ ഇല്ലെന്നതും ഡോക്‌റുടെ പ്രധാന നിഗമനങ്ങളായിരുന്നു. പീഡനത്തിനായി മലർത്തിക്കിടത്തിയതു പരുക്കുകളിൽനിന്നു ചോരവാർന്നുള്ള മരണത്തിലേക്കു നയിച്ചതിനെക്കുറിച്ചും പോസ്‌റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറഞ്ഞിരുന്നു. സൗമ്യയെ പ്രതി മലർത്തിക്കിടത്തിയത് മരണം സംഭവിക്കട്ടെയെന്ന ഉദ്ദേശ്യത്തോടെയെന്ന് അനുമാനിക്കുന്നതെങ്ങനെയെന്ന ചോദ്യമാണ് കോടതി ഉന്നയിച്ചിട്ടുള്ളത്.

സര്‍ക്കാരിന് ആവശ്യമെങ്കിൽ റിവ്യൂ ഹര്‍ജി നല്‍കാമെന്ന് സുപ്രീംകോടതി അഭിഭാഷകന്‍ ദീപക് പ്രകാശ് പറഞ്ഞു. ശാസ്ത്രീയമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ ബലാത്സംഗ കുറ്റം അംഗീകരിച്ച കോടതി എന്തുകൊണ്ട് കൊലപാതകം അംഗീകരിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി സര്‍ക്കാരിന് പുനഃപരിശോധനാ ഹര്‍ജി നല്‍കാം.

ഗോവിന്ദച്ചാമിക്കെതിരെ തെളിവ് എവിടെയെന്ന് കഴിഞ്ഞ ദിവസം കേസ് പരിഗണിക്കവേ സുപ്രീംകോടതി ചോദിച്ചിരുന്നു. ഗോവിന്ദചാമി സൗമ്യയെ മാനഭംഗപ്പെടുത്തി കൊല ചെയ്തെന്ന് ബോധ്യപ്പെടുത്തണമെന്ന് പ്രോസിക്യൂഷനോട് സുപ്രീംകോടതി പറഞ്ഞിരുന്നു.

സാഹചര്യതെളിവുകള്‍ മാത്രമായിരുന്നു പ്രോസിക്യൂഷന്റെ അടിസ്ഥാനമെന്നും സൗമ്യയെ തള്ളിയിട്ടത് ഗോവിന്ദച്ചാമിയാണെന്ന് പ്രോസിക്യൂഷന് തെളിയിക്കാന്‍ കഴിഞ്ഞില്ലെന്നുമായിരുന്നു സുപ്രീം കോടതിയുടെ നിരീക്ഷണം.

2011 ഫെബ്രുവരി ഒന്നിന് എറണാകുളം-ഷൊര്‍ണൂര്‍ പാസഞ്ചര്‍ ട്രെയിനിലായിരുന്നു സൗമ്യ കൊല്ലപ്പെടാനിടയായ സംഭവം നടന്നത്. വള്ളത്തോള്‍ നഗറില്‍ സൗമ്യയെ ട്രെയിനില്‍നിന്നു തള്ളിയിട്ടശേഷം മാനഭംഗപ്പെടുത്തിയെന്നാണു പ്രോസിക്യൂഷൻ കേസ്. ഗുരുതരമായി പരുക്കേറ്റ സൗമ്യ ഫെബ്രുവരി ആറിന് ആശുപത്രിയില്‍ മരിച്ചു.

Read More >>