വിലാസത്തിന് പകരം ദിശാസൂചിക; പടിഞ്ഞാറന്‍ ഐസ്‌ലാന്റിലെ പോസ്റ്റല്‍ സര്‍വ്വീസില്‍ ലഭിച്ച കത്ത് വൈറലാകുന്നു

യാത്രക്കിടയില്‍ പരിചയപ്പെട്ട സുഹൃത്തിന് കത്തയക്കണം. എന്നാല്‍ കൃത്യമായ വിലാസം കൈയ്യിലില്ല.

വിലാസത്തിന് പകരം ദിശാസൂചിക; പടിഞ്ഞാറന്‍ ഐസ്‌ലാന്റിലെ പോസ്റ്റല്‍ സര്‍വ്വീസില്‍ ലഭിച്ച കത്ത് വൈറലാകുന്നു

യാത്രക്കിടയില്‍ പരിചയപ്പെട്ട സുഹൃത്തിന് കത്തയക്കണം. എന്നാല്‍ കൃത്യമായ വിലാസം കൈയ്യിലില്ല. അയാളുടെ വീടിരിക്കുന്ന സ്ഥലവും വഴിയും ഓര്‍മ്മയുണ്ട്താനും. അതുകൊണ്ട് വിലാസത്തിന് പകരം അയാളുടെ വീട്ടിലേക്കുള്ള വഴിയുടെ റൂട്ട് മാപ്പ് വരച്ച് കത്ത് സുഹൃത്തിന്റെ കൈയ്യില്‍ എത്തിക്കാന്‍ കഴിയുമോ? കഴിയുമെന്ന് പടിഞ്ഞാറന്‍ ഐസ്‌ലാന്റിലെ പോസ്റ്റല്‍ സര്‍വ്വീസ് തെളിയിച്ചിരിക്കുകയാണ്.

ഐസ്‌ലാന്റിന്റെ തലസ്ഥാനമായ റെയ്ക് ജാവിക്കിലെ തപാല്‍ വകുപ്പിനാണ് ഇത്തരമൊരു കത്ത് കിട്ടിയത്. കത്തെഴുതിയ ആള്‍ക്ക് വിലാസം ഓര്‍മ്മയില്ലാത്തതിനാല്‍ വിലാസത്തിന് പകരം റൂട്ടുമാപ്പ് വരച്ചു. വഴി ചെന്നവസാനിക്കുന്നത് പടിഞ്ഞാറന്‍ ഐസ്‌ലാന്റിലെ ഹ്വാംസ്വെയിറ്റിലുള്ള ഫാമിലും. പോസ്റ്റുമാന്‍ എത്തിച്ചേരേണ്ട സ്ഥലത്ത് ചുവന്ന അടയാളവും കൊടുത്തിരുന്നു. കൂടാതെ ലക്ഷ്യത്തിലേക്കുള്ള സൂചനകളും കൊടുത്തിരുന്നു. രാജ്യത്തിന്റെ പേര്, സിറ്റിയുടെ പേര് എന്നിവയ്‌ക്കൊപ്പം ഫാം ഹൗസില്‍ താമസിക്കുന്നവരുടെ വിവരങ്ങളും കൊടുത്തിരുന്നു.

ഓസ്റ്റന്‍ഫീല്‍ഡിലുള്ള റെബേക്ക കാതറൈന്‍ എന്ന യുവതിയായിരുന്നു ആ കത്ത് തേടിയെത്തിയത്. കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് ലഭിച്ച കത്തിന്റെ ചിത്രം ഇന്റര്‍നെറ്റില്‍ വൈറലായതോടെയാണ് കത്ത് വാര്‍ത്തയില്‍ ഇടം നേടിയത്. ഇ-മെയിലും, ഇന്‍സ്റ്റന്റ് മെസഞ്ചറുകളും ആശയവിനിമയത്തിന്റെ ചുമതല ഏറ്റെടുത്ത ഈ കാലത്ത് ഈ വ്യത്യസ്ത ശ്രമം ശ്രദ്ധേയമായിരിക്കുകയാണ്.

Read More >>