പരിയാരത്തെ മുറുകെപ്പിടിച്ച് യുഡിഎഫ്; കെണിയിൽ കുരുങ്ങി എൽഡിഎഫ്

35 സീറ്റുകളാണ് മാനേജുമെന്റ് ക്വാട്ടയിൽ പരിയാരത്തുളളത്. ഫീസ് വർദ്ധനയിലൂടെ ഒറ്റയടിക്ക് 35 ലക്ഷം രൂപയാണ് ഇക്കുറി കോളജിന് അധികമായി ലഭിക്കുന്നത്. ഫീസ് വർദ്ധനയ്ക്കു വേണ്ടിയുളള മറ്റു സ്വാശ്രയകോളജുകളുടെ ശാഠ്യം മറയാക്കി പരിയാരത്തെ ഫീസും അവർക്കു തുല്യമായി ഏകീകരിക്കുകയാണ് സർക്കാർ ചെയ്തത്. ഇക്കാര്യം യുക്തിസഹമായി ന്യായീകരിക്കാൻ സിപിഐഎമ്മിനു വേണ്ടി വാദിക്കാനിറങ്ങുന്നവർ ബുദ്ധിമുട്ടുമെന്ന് യുഡിഎഫ് കണക്കുകൂട്ടുന്നു.

പരിയാരത്തെ മുറുകെപ്പിടിച്ച് യുഡിഎഫ്; കെണിയിൽ കുരുങ്ങി എൽഡിഎഫ്

അജയ് ഗോപൻ

സ്വാശ്രയ സമരത്തിന്റെ കേന്ദ്രബിന്ദുവായി പരിയാരം മെഡിക്കൽ കോളജിലെ ഫീസ് വർദ്ധന ഉയർത്തിപ്പിടിച്ച് എൽഡിഎഫിനെയും സിപിഐഎമ്മിനെയും സമ്മർദ്ദത്തിലാക്കാൻ യുഡിഎഫ്. സിപിഐഎം നിയന്ത്രണത്തിലുളള കോളജിൽ ഒറ്റയടിക്ക് ഒരു ലക്ഷം രൂപയാണ്  മാനേജ്മെന്റ് സീറ്റിൽ ഫീസ് വർദ്ധിപ്പിച്ചത്. മറ്റു സ്വാശ്രയ കോളജുകളിൽ  65000 രൂപ വർദ്ധനയുണ്ടായ സ്ഥാനത്താണിത്. ഇത് സർക്കാരിന്റെ തന്ത്രപരമായ പിഴവാണെന്ന് അഭിപ്രായമുളളവർ എൽഡിഎഫിൽത്തന്നെയുണ്ട്. എന്നാൽ പരിയാരത്തേതടക്കം ഒരു ഫീസിന്റെ കാര്യത്തിലും പുനഃപരിശോധനയില്ലെന്ന് സർക്കാർ പ്രഖ്യാപിച്ചു കഴിഞ്ഞു.


എത്ര ഫീസ് ഉയർത്തിയാലും രക്ഷയില്ല എന്ന അവസ്ഥയിലാണ് പരിയാരം ഭരണസമിതി. എഴുനൂറു കോടിയുടെ ബാധ്യതയും 1500ലധികം ജീവനക്കാരുമായി മുടന്തി നീങ്ങുകയാണവർ. കോളജ് സർക്കാർ ഏറ്റെടുക്കുമെന്ന് ഉമ്മൻചാണ്ടിയുടെ കാലത്ത് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നാൽ പുതിയ സർക്കാർ എത്തിയപ്പോൾ അത് നഷ്ടക്കച്ചവടമാകുമെന്ന നിലപാടിലാണ് ധനവകുപ്പ്. യഥാർത്ഥ ബാധ്യത ആയിരത്തി ഇരുനൂറോളം കോടിയോളം വരുമെന്നും അത്  ഏറ്റെടുക്കുന്നത് ഖജനാവിനോടു ചെയ്യുന്ന നീതികേടായിരിക്കുമെന്നും അവർ കരുതുന്നു.

35 സീറ്റുകളാണ് മാനേജുമെന്റ് ക്വാട്ടയിൽ പരിയാരത്തുളളത്. ഫീസ് വർദ്ധനയിലൂടെ ഒറ്റയടിക്ക് 35 ലക്ഷം രൂപയാണ് ഇക്കുറി കോളജിന് അധികമായി ലഭിക്കുന്നത്. ഫീസ് വർദ്ധനയ്ക്കു വേണ്ടിയുളള മറ്റു സ്വാശ്രയകോളജുകളുടെ ശാഠ്യം മറയാക്കി പരിയാരത്തെ ഫീസും അവർക്കു തുല്യമായി ഏകീകരിക്കുകയാണ് സർക്കാർ ചെയ്തത്. ഇക്കാര്യം യുക്തിസഹമായി ന്യായീകരിക്കാൻ സിപിഐഎമ്മിനു വേണ്ടി വാദിക്കാനിറങ്ങുന്നവർ ബുദ്ധിമുട്ടുമെന്ന് യുഡിഎഫ് കണക്കുകൂട്ടുന്നു.

എൻആർഐ സീറ്റിലും മറ്റു സ്വാശ്രയ കോളജുകളുടെ വഴി തന്നെയാണ് പരിയാരവും പിന്തുടരുന്നതെന്ന് വി വി രമേശൻ വിവാദത്തോടെ ബോധ്യമായിരുന്നു. ഡിവൈഎഫ്ഐ സംസ്ഥാന ട്രഷറും പരിയാരം ഭരണസമിതി അംഗവുമായിരിക്കെ, 40 ലക്ഷം രൂപ നൽകിയാണ് മകൾക്ക് രമേശൻ അഡ്മിഷൻ തരപ്പെടുത്തിയത് എന്നായിരുന്നു വിവാദം. ഇതേക്കുറിച്ച് അന്വേഷിക്കാൻ സിപിഐഎം സംഘടനാ കമ്മിഷനെ നിയോഗിക്കുകയും ചെയ്തിരുന്നു. സിപിഐഎം തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് അംഗവും ഡിവൈഎഫ്ഐ സംസ്ഥാന നേതാവുമായിരുന്ന അഡ്വ. ഷൈലജാ ബീഗത്തിന്റെ മകൾ 50 ലക്ഷം തലവരി നൽകി പരിയാരത്ത് പ്രവേശനം നേടിയെന്നും പാർട്ടിയ്ക്കുളളിൽ പരാതി ഉയർന്നിരുന്നു. എൻആർഐ സീറ്റിന് സർക്കാർ പത്തു ലക്ഷം രൂപ ഫീസ് നിശ്ചയിച്ച സ്ഥാനത്താണ് പരിയാരം മാനേജ്മെന്റ് നാൽപതും അമ്പതും ലക്ഷം വാങ്ങുന്നതായി ആരോപണമുയർന്നത്.

സ്വാശ്രയക്കൊളളയ്ക്ക് സ്വകാര്യ മാനേജുമെന്റുകൾ സ്വീകരിക്കുന്ന അതേ വഴി തന്നെയാണ് സിപിഎം നിയന്ത്രണത്തിലുളള സഹകരണസ്ഥാപനവും സ്വീകരിക്കുന്നത് എന്നും അന്നേ സംശയം ജനിച്ചിരുന്നു. ആ സാഹചര്യത്തിൽ ഇതര മാനേജുമെന്റുകളെ വരച്ചവരയിൽ നിർത്താൻ സമരവും അധികാരവും ഉപയോഗിക്കാൻ സിപിഎമ്മിന് ധാർമ്മികാവകാശമില്ല എന്നും വാദിക്കപ്പെട്ടു.

മാനേജുമെന്റു സീറ്റുകളിൽ അവർ ആവശ്യപ്പെടുന്ന ഫീസു തന്നെയാണ് സമ്മതിച്ചുകൊടുക്കേണ്ടത് എന്ന നിലപാടാണ് യഥാർത്ഥത്തിൽ സിപിഐഎമ്മിന്റേത് എന്ന് സ്ഥാപിക്കാൻ പരിയാരം ഉയർത്തിക്കാട്ടുന്നതിലൂടെ യുഡിഎഫിന് നിഷ്പ്രയാസം കഴിയും. നിലവിൽ സർക്കാർ കടുംപിടിത്തം തുടരുന്ന സാഹചര്യത്തിൽ പരിയാരത്തെ ഫീസെങ്കിലും കുറയ്ക്കാൻ കഴിഞ്ഞാൽ തങ്ങൾക്കു വലിയ വിജയമാണെന്നും യുഡിഎഫ് നേതൃത്വം കരുതുന്നു. അതുകൊണ്ട് സ്വാശ്രയസമരം പരിയാരത്തിൽ പിടിച്ച് ശക്തിപ്പെടുത്താനാണ് അവരുടെ തീരുമാനം.

സ്വാശ്രയ ഫീസ് ഇത്തരത്തിൽ ഉയർത്തി ഉത്തരവിറക്കുമ്പോൾ യുഡിഎഫിന്റെ ശക്തി കുറച്ചു കണ്ടതും ഒരു കാരണമാണ്. കെ ബാബു, കെ എം മാണി വിഷയങ്ങളിൽ വലിയ പ്രതിരോധത്തിൽ നിൽക്കുന്ന കോൺഗ്രസും യുഡിഎഫും ഉപരിപ്ലവമായ എതിർപ്പുകളുയർത്തി പിൻവാങ്ങുമെന്ന പ്രതീക്ഷയിലായിരുന്നു എൽഡിഎഫ്. എന്നാൽ എൽഡിഎഫ് ബുദ്ധികേന്ദ്രങ്ങൾ കരുതിയതിനും അപ്പുറത്തേയ്ക്ക് സമരം തീക്ഷ്ണമാക്കാൻ യുഡിഎഫിനു കഴിഞ്ഞു. കനത്ത തിരഞ്ഞെടുപ്പു പരാജയത്തിന്റെയും ഗ്രൂപ്പുപോരിന്റെയും നിഴൽപോലെ വേട്ടയാടുന്ന അഴിമതിക്കേസുകളുടെയും മധ്യത്തു നിന്നുകൊണ്ട് പ്രതിപക്ഷത്തിന്റെ ശക്തി തെളിയിക്കാൻ കഴിഞ്ഞുവെന്ന ആത്മവിശ്വാസവും അവർക്കുണ്ട്.

Read More >>