ദേശീയ പണിമുടക്കും ബാംഗ്ലൂർ ബന്ദും അരാഷ്ട്രീയ സെൽഫിയും

ഇടതുപാര്‍ട്ടികളുടെ ശക്തി കുറവുമൂലം ദേശീയ പണിമുടക്കിനോട് മുഖം തിരിഞ്ഞു നിന്ന് റോഷന്‍ സ്റ്റാര്‍ ആവാന്‍ അവസരമൊരുക്കിയ അതേ ബംഗളൂരു നഗരം തന്നെ ദിവസങ്ങളോളം നിശ്ചലമായി കിടന്നു. എങ്ങും ആക്രമണങ്ങള്‍ മാത്രം. ഒന്ന് അതിജീവനത്തിനായുള്ള രാഷ്ട്രീയ പോരാട്ടത്തിന്റെ ഭാഗമായിരുന്നെങ്കില്‍ മറ്റൊന്ന് വൈകാരിക അരാഷ്ട്രീയ ജീര്‍ണതയുടെ ബാക്കി പത്രമാണ്. പക്ഷെ വലതു സ്വത്വങ്ങള്‍ക്ക് ഇവ രണ്ടും ഒരു വിഷയമേ അല്ല.

ദേശീയ പണിമുടക്കും ബാംഗ്ലൂർ ബന്ദും അരാഷ്ട്രീയ സെൽഫിയും

പി കെ ശ്രീകാന്ത്

സെപ്തംബര്‍ 2 ഐക്യ തൊഴിലാളി സംഘടനകള്‍ നടത്തിയ ദേശീയ പണിമുടക്ക് രാജ്യശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ഇന്ത്യന്‍ മാധ്യമങ്ങള്‍ സ്വാഭാവികമായും സമരത്തെ തിരസ്‌കരിച്ചിരുന്നെങ്കിലും അന്താരാഷ്ട്ര മാധ്യമങ്ങള്‍ വളരെ പ്രാധാന്യത്തോടെ തന്നെ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തു. സമൂഹത്തിന്റെ വിവിധ മേഖലകളിലെ തൊഴിലാളികള്‍ പങ്കെടുത്ത പണി മുടക്കില്‍ ഏകദേശം പതിനാറു കോടി തൊഴിലാളികള്‍ പങ്കെടുത്തതായി കണക്കുകള്‍ പറയുന്നു.


തൊഴിലാളികളുടെ വേതനം 16000 രൂപയാക്കുക, തൊഴിലവസരങ്ങള്‍ വര്‍ദ്ധിപ്പിക്കുക, തൊഴില്‍ നിയമങ്ങള്‍ പൊളിച്ചെഴുതാനുള്ള നീക്കത്തില്‍നിന്ന് സര്‍ക്കാര്‍ പിന്‍വാങ്ങുക, അറുനൂറുരൂപയെങ്കിലും അദ്ധ്വാനത്തിന് കൂലി നല്‍കുക തുടങ്ങിയ പതിനെട്ടോളം വരുന്ന തീര്‍ത്തും ന്യായമായ തൊഴില്‍ ആവശ്യങ്ങള്‍ക്കായുള്ള പണിമുടക്കില്‍ സിഐടിയു, ഐഎന്‍ടിയുസി, എഐടിയുസി അടക്കമുള്ള മുന്‍ നിര തൊഴിലാളി സംഘടനകളൊക്കെ പങ്കെടുത്തു. സംയുക്ത തൊഴിലാളി യൂണിയന് പണി മുടക്ക് തീരുമാനിച്ച അവസരത്തില്‍ അവര്‍ക്കൊപ്പം പണിമുടക്കില്‍ പങ്കാളിയാവാന്‍ തീരുമാനിച്ച ഭാരതീയ ജനതാ പാര്‍ട്ടിയുടെ തൊഴിലാളി സംഘടന ബിഎംഎസ് പണിമുടക്ക് ദിവസത്തോടടുത്തപ്പോള്‍ മുടന്തന്‍ ന്യായങ്ങള്‍ നിരത്തി പണിമുടക്കില്‍ നിന്നും പിന്മാറി തങ്ങളുടെ തൊഴിലാളി വഞ്ചനയുടെ ചരിത്രം ആവര്‍ത്തിച്ചു. രാജ്യത്തെ മുന്‍നിര തൊഴിലാളി യൂണിയന്‍ പണിമുടക്കില്‍ നിന്നും പിന്മാറിയ സാഹചര്യത്തില്‍ ദേശീയ പണിമുടക്ക് 'ദേശീയമാകുമോ' എന്ന തരത്തില്‍ പരിഹാസങ്ങള്‍ ഉയര്‍ന്നു വന്നിരുന്നെങ്കിലും രാജ്യത്തെ വിവിധ കോണുകളില്‍ കോടിക്കണക്കിന് തൊഴിലാളികളുടെ പങ്കാളിത്തത്തോടെ പ്രകടനങ്ങള്‍ നടന്നു.

സമരമെന്നാല്‍ പ്രതിബന്ധങ്ങളോടുള്ള ഏറ്റുമുട്ടലാണ്, തെറ്റായ വ്യവസ്ഥതികള്‍ക്കെതിരെയുള്ള സംഘര്‍ഷമാണ്. സമരങ്ങള്‍ക്ക് വിജയങ്ങളുടെ ചരിത്രമുണ്ടാകാം, പരാജയത്തിന്റെ ചരിത്രമുണ്ടാകാം, പങ്കാളിത്തമാണ് പ്രധാനം/അവകാശ സമരങ്ങള്‍ക്കായി മുഷ്ടി ചുരുട്ടാന്‍ തയ്യാറാവുന്ന മനസ്സുകള്‍ മാത്രമാണ് ഇവിടെ മാറ്റങ്ങള്‍ കൊണ്ട് വന്നിട്ടുള്ളത്. ഇതേ പണിമുടക്ക് ദിവസം മറ്റൊരു കാഴ്ച കൂടി സൈബര്‍ ഇടങ്ങളില്‍ വൈറലായി. പണിമുടക്ക് ദിവസം തിരക്കേറിയ ബംഗ്ലൂര്‍ നഗരത്തില്‍ നിന്നും ഫേസ്ബുക്കിലെ സാമാന്യം പ്രശക്തനായ സംഘപരിവാറുകാരന്‍ റോഷന്‍ രവീന്ദ്രന്‍ പോസ്റ്റു ചെയ്ത സെല്ഫിയായിരുന്നു അത് .പൊതുവേ പണിമുടക്കുകള്‍ ആഘോഷമാക്കുന്ന മലയാളികള്‍ ഈ ദേശീയ പണിമുടക്കും ആഘോഷിച്ചു, എന്നാല്‍ പണിമുടക്ക് ദിവസം തങ്ങളുടെ ജോലിയില്‍ മുഴുകുന്ന ബംഗളൂരു നിവാസികളുടെ ചിത്രം കാണിച്ച് മലയാളികളെ വളരെ സിമ്പിളും പവര്‍ ഫുളുമായി പരിഹസിച്ചിരിക്കുന്നു റോഷന്‍ എന്ന് മാതൃഭൂമി വാചകം. ശരിയാണ്, റോഷന്‍ പരിഹസിച്ചിരിക്കുന്നത് മലയാളികളെ തന്നെയാണ്. പണിമുടക്കുകള്‍ 'പണിമുടക്കി' വിജയിപ്പിക്കുന്ന മലയാളികളെ.

അതേ ദിവസം തന്നെ റോഷനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി അഭിപ്രായങ്ങളും പ്രത്യക്ഷപ്പെട്ടു. റോഷന്റെ പോസ്റ്റ് ആവേശ പൂര്‍വ്വം ഷെയര്‍ ചെയ്തതില്‍ അനേകം കോണ്‍ഗ്രസ് അനുഭാവികളും ഉണ്ടായിരുന്നുവെന്നതാണ് മറ്റൊരു തമാശ. തങ്ങളുടെ പാര്‍ട്ടിയുടെ തൊഴിലാളി യൂണിയന്‍ കൂടി പണിമുടക്കില്‍ പങ്കാളിയാവുന്നുണ്ടെന്നുള്ള കാര്യം നല്ലൊരു ശതമാനം കോണ്‍ഗ്രസ്സുകാര്‍ക്കും അറിയില്ലായിരുന്നു.

അല്ലെങ്കിലും പണിമുടക്ക് സമരമെന്നൊക്കെ പറയുന്നത് ഇടത് പാര്‍ട്ടികളുടെ സ്വകാര്യമായ കാര്യമാണല്ലോ! അതെന്തെങ്കിലുമാകട്ടെ, റോഷന്റെ അഭിപ്രായ സ്വാതന്ത്ര്യത്തെ അങ്ങേയറ്റം മാനിച്ചു കൊണ്ട് തന്നെ തുടരുന്നു.

ഇടതു പാര്‍ട്ടികളുടെ ദേശീയ പണിമുടക്കിനെ ഇകഴ്ത്തി കാണിക്കുക എന്ന രാഷ്ട്രീയ ഉദ്ദേശമായിരുന്നു റോഷന്റെ പ്രധാന ലക്ഷ്യം, രാഷ്ട്രീയ കണ്ണില്‍ അതില്‍ തെറ്റൊന്നും തന്നെയില്ല. വലത്, തീവ്ര വലത് രാഷ്ട്രീയം കയ്യാളുന്നവര്‍ക്ക് തൊഴിലാളി സമരങ്ങളെ എന്നും പുച്ഛത്തോടെ മാത്രം കണ്ട ചരിത്രമേയുള്ളൂ, തൊഴിലാളികള്‍ക്ക് അങ്ങനെ പ്രത്യേകിച്ച് എന്തെങ്കിലുമൊക്കെ അവകാശങ്ങള്‍ വേണം എന്ന് തന്നെ സവര്‍ണ്ണ ഫ്യൂഡല്‍ മാടമ്പികള്‍ക്ക് ചിന്തിക്കാന്‍ പോലും കഴിയാത്ത കാര്യമായിരുന്നു. ആ ബോധത്തിന്റെ രാഷ്ട്രീയ പിന്തുടര്‍ച്ച അവകാശപ്പെടാവുന്ന രാഷ്ട്രീയ ആശയം കയ്യാളുന്ന റോഷന്‍ തന്റെ രാഷ്ട്രീയത്തെ വേണ്ടരീതിയില്‍ പരിപോഷിപ്പിക്കാനുള്ള എല്ലാ അവകാശവുമുണ്ട്.

എന്റെ വിഷയം രണ്ടാമത്തേതാണ്, അതിലേക്ക് വരും മുന്നേ റോഷന്റെ പ്രസ്തുത പോസ്റ്റിനു ശേഷം റോഷനെ സ്റ്റാര്‍ ആക്കിയ പണിമുടക്ക് വിരുദ്ധ ബംഗ്ലൂരില്‍ നടക്കുന്ന സംഭവ വികാസങ്ങളിലൂടെ വരാം.

കര്‍ണ്ണാടകയില്‍ ഇപ്പോള്‍ എന്ത് സംഭവിക്കുന്നു എന്ന് പ്രത്യേകിച്ച് പറയേണ്ട ആവശ്യമില്ല. കര്‍ണ്ണാടക, തമിഴ് നാട് സംസ്ഥാനങ്ങള്‍ തമ്മിലുള്ള കാവേരി നദി തര്‍ക്കത്തിനു വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ഈയിടെ നദീജലം തമിഴ്‌നാടിനു കൊടുക്കാനുള്ള കോടതി വിധിയെ തുടര്‍ന്ന് നിയന്ത്രണാതീതമായ സംഘര്‍ഷങ്ങളാണ് കര്‍ണ്ണാടകയില്‍ നടക്കുന്നത്. സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം ബസ്സുകളും ലോറികളും കാറുകളും അടക്കം ഇരുന്നൂറ്റി അമ്പതില്‍ പരം വാഹനങ്ങള്‍ അഗ്നിക്കിരയാക്കി. അനേകം പേര്‍ ആക്രമിക്കപ്പെട്ടു. പോലീസ് വെടിവെപ്പില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു. തീര്‍ത്തും തീവ്രവാദപരമായ ആള്‍ക്കൂട്ട ചെയ്തികള്‍ ജനജീവിതം ആഴ്ചകളോളം ദുസ്സഹമാക്കി. തമിഴ് നാടു റെജിസ്‌ട്രേഷന്‍ വാഹനം എവിടെ കണ്ടാലും ആക്രമിക്കപ്പെടും എന്ന കാര്യം ഉറപ്പ്. സമാന രീതിയില്‍ ചെറിയ സംഘര്‍ഷങ്ങള്‍ തമിഴ് നാടിലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എന്നിരുന്നാലും മലയാളികള്‍ അടക്കം രാജ്യത്തെ വിവിധ ഭാഗങ്ങളിലെ തൊഴിലാളികളും വിനോദ സഞ്ചാരികളുമടക്കം പലരും ബംഗ്ലൂര്‍ നഗരത്തിലും കര്‍ണ്ണാടകയുടെ വിവിധ ഭാഗങ്ങളിലുമായി കുടുങ്ങിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ നീങ്ങുകയും ചെയ്തു.

മാതൃഭൂമി വാർത്ത:  പണിമുടക്കും പച്ച സിഗ്നലും

റോഷന്റെ പണിമുടക്ക് വിരുദ്ധ പോസ്റ്റും കര്‍ണ്ണാടകയിലെ ഇന്നത്തെ സംഭവ വികാസങ്ങളുമാണ് റോഷനെ ഇപ്പോള്‍ തിരിഞ്ഞു കുത്തിയിരിക്കുന്നത്. കര്‍ണ്ണാടക ബന്ദിനേയും അക്രമ സംഭവങ്ങളെയും തുടര്‍ന്ന് റോഷന്റെ ഒരാഴ്ച പഴക്കമുള്ള പണിമുടക്ക് വിരുദ്ധ ബംഗ്ളൂര്‍ സെല്‍ഫി പോസ്റ്റുമായി വന്ന് പലരും അദ്ദേഹത്തെ പരിഹസിക്കുകയും ചെയ്യുന്നുണ്ട്. അതിനെ തുടര്‍ന്ന് റോഷന്‍ സ്വഭാവികമായും ന്യായീകരണത്തിന്റെ പുത്തന്‍ വാദങ്ങളുമായി പ്രത്യക്ഷപ്പെടുകയുണ്ടായി. അതില്‍ റോഷന്‍ പറയുന്നത് കാവേരി നദി കന്നഡ മക്കള്‍ക്ക് ഒരു സ്വകാര്യ വികാരമാണെന്നും അതിനെ തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങളാണ് രംഗം വഷളാക്കിയതെന്നും എന്നിരുന്നാലും ഇടതുപക്ഷ ട്രേഡ് യൂണിയനുകളുടെ ദേശീയ പണിമുടക്ക് പോലെ പരാജയമല്ല. കര്‍ണാടകയില്‍ ഈര്‍ക്കിലി സംഘടന ബന്ദിന് ആഹ്വാനം ചെയ്താല്‍ പോലും കട കമ്പോളങ്ങള്‍ അടഞ്ഞു കിടക്കുന്നു എന്ന സ്വകാര്യ സന്തോഷമാണ് റോഷന്‍ മറുപടിയായി പറഞ്ഞത്.

റോഷന്‍ ഒരു പേരുമാത്രമാണ്, റോഷന്‍ പ്രതിനിധീകരിക്കുന്നത് ഒരു ശരാശരി വലതു മനസ്സിനെയാണ്. അതുകൊണ്ടുതന്നെ റോഷന്‍ എന്ന പേര് സമരങ്ങളെ പുച്ഛത്തോടെ കാണുന്ന, സമരം ചെയ്തിട്ട് എന്ത് മാറ്റം ഉണ്ടായി എന്ന് ചോദിക്കുന്ന, സമരം കാരണം തൊഴില്‍ ശാലകള്‍ പൂട്ടി പോയി എന്ന് വിലപിക്കുന്ന, തൊഴിലാളി സമരങ്ങള്‍ കാരണം കേരളം ഇന്ത്യയിലെ പിന്നോക്ക സംസ്ഥാനമാണെന്ന് അബദ്ധ ധാരണയുള്ള, രാഷ്ട്രീയത്തെ പുച്ഛത്തോടെ കാണുന്ന, കെട്ടിപ്പൊക്കുന്ന കോണ്‍ക്രീറ്റ് സൌധങ്ങളാണ് വികസന മാനദണ്ഡം എന്ന് കരുതുന്ന, അന്നത്തിനു മുട്ടില്ലാത്ത നല്ലൊരു വര്‍ഗ്ഗം അരാഷ്ട്രീയ വലത് മനസ്സുകളെ രേഖപ്പെടുത്താനാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്.

കര്‍ണാടകയിലെ സമാനമായ മറ്റൊരനുഭവം പറയാം. നാലഞ്ചു വര്‍ഷങ്ങള്‍ക്ക് മുന്നേ മുല്ലപ്പെരിയാര്‍ വിഷയം കേരളത്തിലും തമിഴ്‌നാടിലും കത്തി നില്‍ക്കുന്ന സമയം. തമിഴ്‌നാട്ടില്‍ മലയാളികളും കേരളാ വാഹനങ്ങളും നിരന്തരമായി ആക്രമിക്കപ്പെട്ടിരുന്നു. കര്‍ണ്ണാടകയിലെ ഇപ്പോഴത്തെ അവസ്ഥ പോലെ മലയാളികള്‍ ഭക്ഷണം പോലും ലഭിക്കാതെ തമിഴ്‌നാട്ടില്‍ നിന്നും പലായനം ചെയ്യേണ്ട അവസ്ഥയുണ്ടായിരുന്നു. പക്ഷെ കേരളത്തില്‍ ഒരു തമിഴ്നാട്ടുകാരന്‍ പോലും അക്രമം നേരിടേണ്ടി വന്നിന്നില്ല. പറയുന്നത് തമിഴനേയും കന്നഡക്കാരനേയും ഇകഴ്ത്തി കാണിക്കാനല്ല. റോഷന്‍ പരിഹസിക്കുന്ന സമരങ്ങള്‍ കൊണ്ടാടുന്ന മലയാളികളുടെ സമരങ്ങളുടെ പൊളിറ്റിക്കല്‍ കറക്റ്റ്‌നെസ്സിനെ കുറിച്ച് പറയാനാണ്. മലയാളികള്‍ പണിമുടക്കും, ഹര്‍ത്താലുകളും ആഘോഷിക്കും, പക്ഷെ അവരൊരിക്കലും പെരിയാറിലെ ജലം തമിഴ് നാടിനു കൊടുക്കില്ലെന്ന് പറഞ്ഞിട്ടില്ല, ആ ആവശ്യം ഉന്നയിച്ച് ഒരു ആക്രമണവും ഇവിടെ ഉണ്ടായില്ല. റോഷന്റെ ഭാഷയില്‍ പറഞ്ഞാല്‍ മലയാളുടെ പണിമുടക്കു വിഷയങ്ങള്‍ നിര്‍വികാരമാണ് ഉളവാക്കുന്നത്. കേരളത്തില്‍ തദ്ദേശീയമായ ചെറുകിട സമരങ്ങള്‍ക്കും പണിമുടക്കുകള്‍ക്കും കാണാം നിങ്ങള്‍ക്കൊരു രാഷ്ട്രീയം.

മലയാളികളുടെ കര്‍തൃത്വം മലയാളികള്‍ക്ക് മാത്രം സ്വന്തമാണ്. അതാണെങ്കിലോ താരതമ്യേന അങ്ങേയറ്റം രാഷ്രീയവുമാണ്. പണിമുടക്കില്‍ തൊഴിലാളികള്‍ പണിയെടുക്കാതെ കേരളം സ്തംഭിച്ചതു കൊണ്ടാണ് റോഷന്‍ അത് പണിമുടക്കാവുന്നത്. നൂറു പേരുള്ള ഒരു തൊഴില്‍ ശാലയില്‍ ഒരു തൊഴിലാളിയെങ്കില്‍ ഒരു തൊഴിലാളി അയാള്‍ തൊഴില്‍ അവകാശങ്ങള്‍ക്കായി സമരം ചെയ്യുന്നു എങ്കില്‍ അതും ഒരു രാഷ്ട്രീയ സമരമാണ്. നിങ്ങളുടെ ഭാഷയില്‍ യാതൊരു ചലനവുമുണ്ടാക്കാത്ത പരാജയപ്പെടുന്ന സമരം. താങ്കളുടെ രാഷ്ട്രീയ വര്‍ഗ്ഗം സമരങ്ങളെ വിലയിരുത്തുന്നത് ജയ പരാജയങ്ങളുടെ കണക്കുകള്‍ നിരതിയാവാം, അതുമല്ലെങ്കില്‍ സമൂഹത്തില്‍ സമരങ്ങള്‍ ഉണ്ടാക്കുന്ന കോലാഹലങ്ങളുടെ പേരിലാകാം. അതേ തീര്‍ച്ചയായും റോഷന്റെ രാഷ്ട്രീയ വര്‍ഗ്ഗത്തിന് കര്‍ണ്ണാടകയില്‍ നടക്കുന്നത് വിജയത്തിലേക്ക് നടക്കുന്ന ഒരു സമരം തന്നെയാകണം. എന്താണ് കര്‍ണ്ണാടകയില്‍ നടക്കുന്നത്? ഇടതു കക്ഷികളുടെ ദേശീയ പണിമുടക്കിനോട് മുഖം തിരിച്ച കന്നഡക്കാരെ റോഷന്‍ തന്നെ വിശേഷിപ്പിച്ചത് ഈര്‍ക്കില്‍ പാര്‍ട്ടിയുടെ ബന്ദിനെ പോലും വിജയിപ്പിക്കുന്നവര്‍ എന്നാണ്. ഏത് ഈര്‍ക്കില്‍ പാര്‍ട്ടിയുടെ എന്ത് രാഷ്ട്രീയമാണ് ഇപ്പോള്‍ കര്‍ണ്ണാടകയില്‍ നിന്നും കാണാന്‍ കഴിയുന്നത്. തൊഴിലാളികളുടെ ജീവിക്കാനുള്ള അവകാശത്തിനായി സമരത്തിനിരങ്ങിയ ഒരു ജനതയെ പുച്ഛിച്ച റോഷന്റെ മാതൃകാ നഗരമായ ബംഗ്ലൂരില്‍ ഇന്ന് അഗ്നി പടരുന്നത് ഏതു രാഷ്ട്രീയ ആശയത്തിന്റെ പേരിലാണ്? എന്ത് അവകാശ സംരക്ഷണത്തിന്റെ പേരിലാണ്?

മലയാളികളുടെ സമരാഘോഷങ്ങള്‍ മലയാളിയില്‍ ഒതുങ്ങാറാണ് പതിവ്. അത് എത്ര വൈകാരിക വിഷയമായാലും വിവേകത്തിനപ്പുറം പോവാറില്ല. അത് പക്ഷെ മലയാളികള്‍ക്ക് വരദാനമായി കിട്ടിയ കഴിവൊന്നുമല്ല. കേരള നവോത്ഥാനം ഈ ജനതയ്ക്ക് നല്‍കിയ ബാക്കി പത്രമാണത്. അതേ നവോത്ഥാനത്തിന്റെ ശകലങ്ങള്‍ തന്നെയാണ് മലയാളികളുടെ ഏജന്‍സി അബോധമായി നിയന്ത്രിക്കുന്നതും. പരാജയപ്പെട്ട എണ്ണിയാലൊടുങ്ങാത്ത സമരങ്ങളുടെ ആകെ തുകയാണ് ആ നവോത്ഥാനം. ഇന്നാണെങ്കില്‍ റോഷന് സെല്‍ഫിയെടുത്തു പുച്ഛിക്കാവുന്ന ഒരുപാട് ആളില്ലാ സമരങ്ങളുടെ കൂട്ടത്തില്‍ പെടുത്താവുന്ന സമരങ്ങള്‍.

കേരളത്തിനും സംഘിനും അവകാശപ്പെടാവുന്ന രണ്ടു രാഷ്ട്രീയ വ്യവഹാരങ്ങളുണ്ട്. ഒന്നാമത്തേത് നിരന്തമായ സമര പരമ്പരകളാല്‍ രൂപപ്പെട്ട ഒരു രാഷ്ട്രീയ ഭൂമികയും മറ്റേത് ആ സമരങ്ങളോടൊക്കെ പുറം തിരിഞ്ഞു നിന്ന് കൊണ്ട് യജമാനമാരോട് മാപ്പിരന്നു വളര്‍ന്നു വന്ന ഒരു രാഷ്ട്രീയ ശാഖയും. ഭാഗ്യവശാലോ നിര്‍ഭാഗ്യവശാലോ കേരളവും സംഘും ഈ രണ്ടു ചരിത്രം തന്നെയാണ് ഇന്നും തുടര്‍ന്ന് കൊണ്ടേയിരിക്കുന്നത്.

മലയാളികള്‍ മുഴുവന്‍ 916 പൊളിറ്റിക്കലി കറക്റ്റഡ് മനുഷ്യരാണെന്നൊന്നും ആര്‍ക്കും അഭിപ്രായമില്ല. പക്ഷെ ഒന്നുണ്ട്, മറ്റു ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും വിഭിന്നമായി സൂര്യന് താഴെയും മുകളിലും ഉള്ള എന്തിനെ പറ്റിയും അഭിപ്രായവും വിമര്‍ശനവും ഉള്ളവരാണ് ഈ മലയാളികള്‍. അതുകൊണ്ട് തന്നെയാണ് അമേരിക്കയിലും ആഫ്രിക്കയിലും നടക്കുന്ന സംഭവങ്ങള്‍ പോലും കേരളത്തിലെ ചായക്കടകളില്‍ പോലും ചര്‍ച്ചാ വിഷയമാകുന്നത്. അതുകൊണ്ടുതന്നെയാണ് റോഷന്‍ പരിഹസിച്ചതു പോലെ സദ്ദാം ഹുസൈനെ തൂക്കിലേറ്റിയപ്പോള്‍ കേരളത്തില്‍ പ്രതിഷേധമുണ്ടായത്. അത് പക്ഷെ തമാശയോ പരിഹാസ യോഗ്യമോ ആയ വിഷയമല്ല. സാമ്രാജ്യത്വത്തിന്റെ കുടില മോഹമായ ലോക ഭരണത്തിന്റെ ഇരയായ ഒരു വ്യക്തിയോടുള്ള രാഷ്ട്രീയ ഐക്യദാര്‍ഢ്യ പ്രഖ്യാപനമാണ്. തീര്‍ച്ചയായും വലതു രാഷ്ട്രീയ മനസ്സുകള്‍ക്ക് അന്യമായ ഒരു പ്രഹേളികയാണത്. കാരണം ഫലം ലഭിക്കുന്ന ഇടപാടുകള്‍ക്ക് മാത്രമാണ് നിങ്ങളുടെ കാലുകള്‍ ചലിക്കാറുള്ളൂ. കേരളം പക്ഷെ അങ്ങനെ ആയിരുന്നില്ല.

നവോത്ഥാനം ഉഴുതു മറിച്ച മണ്ണാണിത്. നവോത്ഥാന നായകന്മാരും ഇടതുപക്ഷ പ്രസ്ഥാനങ്ങളും സമരോത്സുകതയുടെ വിത്ത് പാകിയ ഈ മണ്ണിലെ ജനത അക്കാരണത്താല്‍ തന്നെ ഏറ്റവും അടിത്തട്ടില്‍ പോലും രാഷ്ട്രീയം ദൃശ്യവല്‍ക്കരിക്കും. കേരളം മുഴുവന്‍ രാഷ്ട്രീയ പൂര്‍ണകായന്മാരുടെ കൊത്തളമൊന്നുമല്ല. പക്ഷെ അജൈവ അരാഷ്ട്രീയ മേനികളെയും വര്‍ഗ്ഗീയ കോമര മനസ്സുകളെയും നേര്‍പ്പിച്ചു വയ്ക്കുന്ന ഒരു പൊളിറ്റിക്കലി സ്‌ട്രോംഗ് ലെയര്‍ ആണ് കേരളത്തിന്റെ ഏറ്റവും വലിയ സമ്പാദ്യം. ചില കേടുപാടുകള്‍ സംഭവിച്ചുവെങ്കിലും ഇതുവരെ നശിക്കാതെ അത് നിലനില്‍ക്കുന്നുണ്ട്. ആ ഒരു രാഷ്ട്രീയ ധാര ഉണ്ടാക്കിയ വീഥി തന്നെയാണ് വിമര്‍ശന ബുദ്ധിയുള്ള ഒരു ജനതയായി മലയാളികളെ പരിപോഷിപ്പിച്ചതും. കേരളത്തിന്റെ ആ ഒരു അബോധ രാഷ്ട്രീയ വൈശേഷ്യം തന്നെയാണ് ഏതു രാഷ്ട്രീയ സമരങ്ങളെയും പോസിറ്റീവ് ആയി ഉള്‍ക്കൊള്ളാന്‍ മലയാളികളെ പ്രേരിപ്പിക്കുന്നതും, അതൊക്കെ തന്നെയാണ് മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച് വിദ്യാര്‍ഥി രാഷ്ട്രീയം ഏറ്റവും ക്രിയാത്മകമായി നമ്മുടെ സംസ്ഥാനത്തെ കലാലായങ്ങളില്‍ ഇടപെടുന്നതും. ചുരുക്കി പറഞ്ഞാല്‍ ഇത്രയേ ഉള്ളൂ റോഷന്‍, സമരങ്ങളെ അവധി ആഘോഷമാക്കുന്ന ഒരു പറ്റം ആള്‍ക്കാറുണ്ടെങ്കിലും എല്ലാ രാഷ്ട്രീയ പ്രക്ഷോഭങ്ങളോടും അതേതു രാഷ്ട്രീയ പാര്‍ട്ടിയുടെതുമാകട്ടെ മലയാളി യുക്തി പൂര്‍വമായ അനുഭാവം പ്രകടിപ്പിക്കാറുണ്ട്.

സംഘപരിവാര്‍ എന്ന തീവ്ര വലത് സംഘടനയുടെ ട്രേഡ് യൂണിയന്‍ വിരുദ്ധത ആ സംഘടനയുടെ രാഷ്ട്രീയ ചരിത്രം പഠിക്കുന്ന ഏതൊരാള്‍ക്കും മനസ്സിലാവുന്ന ഒരു കാര്യമാണ്. മത ദേശീയ വാദത്തിനപ്പുറത്ത് ഇന്നേ വരെ യാതൊരു രാഷ്ട്രീയ മുന്നേറ്റങ്ങളുടെയും ഭാഗമാകത്ത ആ പറ്റത്തിന്റെ രാഷ്ട്രീയ പിന്മുറക്കാര്‍ സമര വിരുദ്ധന്മാര്‍ ആകുന്നതില്‍ യാതൊരു വിധ അതിശയോതിയുമില്ല. സ്വതന്ത്ര്യ സമര കാലഘട്ടങ്ങളില്‍ പോലും സാമ്രാജിത്വ ദാസന്മാരായി 'അഭ്യന്തര ശത്രുക്കള്‍ക്കെതിരെ' പോരാടാന്‍ ഉത്‌ബോധിപ്പിച്ച നേതാക്കന്മാരാണ് അവരുടെ രാഷ്ട്രീയ ഗുരുക്കന്‍മാര്‍. സമരങ്ങളുടെ രാഷ്ട്രീയ പ്രാധാന്യം ആ പറ്റത്തോട് സംവദിക്കുന്നത് തന്നെ വലിയൊരു തമാശയാണ്. നരേന്ദ്ര മോദി സര്‍ക്കാരിന്റെ നിരന്തരമായ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ പ്രമേയം പാസാക്കിയ തൊളിലാളി സംഘടനയാണ് ബിജെപിയുടെ പോഷക സംഘടനായ ബിഎംഎസ്. ആ ബിഎംഎസ് കൂടി പങ്കാളിയാവേണ്ടിയിരുന്ന സമരത്തെ പോലും അവര്‍ക്ക് എളുപ്പം പരിഹസിക്കാന്‍ കഴിയും. കാരണം അവരുടെ രാഷ്ട്രീയം ഡിസ്‌കോഴ്‌സില്‍ മെറിറ്റിനൊപ്പമല്ല. അഥവാ വിഷയത്തില്‍ മെറിറ്റ് എന്നൊന്നുണ്ട് എന്ന് ചിന്തിക്കേണ്ട രാഷ്ട്രീയ ബാധ്യത പോലും അവര്‍ കയ്യാളുന്ന പ്രത്യയശാസ്ത്രത്തിനില്ല, ഏജന്‍സി എന്നതെന്താണെന്നു ചിന്തിക്കേണ്ട ബുദ്ധിമുട്ടുകള്‍ അവരെ ആലട്ടില്ല. അത് കൊണ്ട് തന്നെ അരാഷ്ട്രീയ കയ്യടികളും വലതു മാധ്യമ പിന്തുണയും ഒരു മുട്ടുമില്ലാതെ വന്നുചേര്‍ന്നു കൊണ്ടേയിരിക്കും.

കര്‍ണ്ണാടകയില്‍ കാവേരി വിഷയത്തില്‍ ഒരു സംസ്ഥാനം കത്തിയമരുന്നത് പോലെ കേരളത്തിലെ ഒരു സമരത്തിന്റെ ഭാഗമായി ഇത് പോലുള്ള അക്രമ സംഭവങ്ങള്‍ ഉണ്ടാവുന്നത് നമ്മുടെ ചിന്തയ്ക്കപ്പുറമായിരിക്കും. അതിനു കാരണം ഇവിടെയുള്ള നിയമ സംവിധാനങ്ങള്‍ കുറ്റമറ്റതു കൊണ്ട് മാത്രമല്ല, നമ്മെ ആ ഒരു സാമൂഹിക യുക്തിയിലേക്ക് പാകപ്പെടുത്തിയ ഒരു രാഷ്ട്രീയ ധാരയാണതിനു കാരണം. ആ ഒരു രാഷ്ട്രീയ ധാര തന്നെയാണ് ഇന്ത്യയില്‍ മറ്റിടങ്ങളില്‍ നിന്നും വ്യത്യസ്തമായി വിവിധ ട്രേഡ് യൂണിയനുകളുടെയും തൊഴിലാളി സംഘടനകളുടെയും മെച്ചപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഇവിടെ കാഴ്ചവെക്കാന്‍ അവസരവും ഉണ്ടാക്കിയത്. അത് തന്നെയാണ് മലയാളികളുടെ പേരുകേട്ട രാഷ്ട്രീയ പ്രബുദ്ധത. ആ ഒരു രാഷ്ട്രീയ ധാരയുടെ ഗുണം തന്നെയാണ് സംഘിനു ഇല്ലാതെ പോയതും.

ഇടതുപാര്‍ട്ടികളുടെ ശക്തി കുറവുമൂലം ദേശീയ പണിമുടക്കിനോട് മുഖം തിരിഞ്ഞു നിന്ന് റോഷന്‍ സ്റ്റാര്‍ ആവാന്‍ അവസരമൊരുക്കിയ അതേ ബംഗളൂരു നഗരം തന്നെ ദിവസങ്ങളോളം നിശ്ചലമായി കിടന്നു. എങ്ങും ആക്രമണങ്ങള്‍ മാത്രം. ഒന്ന് അതിജീവനത്തിനായുള്ള രാഷ്ട്രീയ പോരാട്ടത്തിന്റെ ഭാഗമായിരുന്നെങ്കില്‍ മറ്റൊന്ന് വൈകാരിക അരാഷ്ട്രീയ ജീര്‍ണതയുടെ ബാക്കി പത്രമാണ്. പക്ഷെ വലതു സ്വത്വങ്ങള്‍ക്ക് ഇവ രണ്ടും ഒരു വിഷയമേ അല്ല. നോക്കൂ ഇടതു പാര്‍ട്ടികളുടെ സമരം പൊളിഞ്ഞിടത്തു ഈര്‍ക്കിളി പാര്‍ട്ടികളുടെ ബന്ദ് വിജയിക്കുന്നു എന്ന ആക്രോശം എത്രമാത്രം അപകടകരമാണ്. ഇടതു പാര്‍ട്ടികളുടെ സമരത്തിന്റെയോ ഈര്‍ക്കിളി പാര്‍ട്ടികളുടെ ബന്ദിന്റെയോ രാഷ്ട്രീയ കാരണങ്ങള്‍ അവരെ ബാധിക്കുന്ന വിഷയമേ അല്ല എന്നുള്ളിടത്താണ് അവര്‍ക്ക് ലഭിക്കുന്ന കയ്യടികളെ അവലോകനം ചെയ്യപ്പെടേണ്ടത്.

ഈ ദ്വന്ത്വസ്ഥിതി തീര്‍ച്ചയായും പരിഹസിക്കപ്പെടും. അങ്ങനെ പരിഹസിക്കപ്പെടുമ്പോള്‍ റോഷന്റെ ഭാഷയില്‍ പറഞ്ഞാല്‍ 'ദേശീയ പണിമുടക്കിനെ പരിഹസിച്ച തന്റെ സെല്‍ഫി കണ്ടുള്ള സഖാക്കളുടെ കുരുപോട്ടലായി വ്യാഖ്യാനിക്കുന്ന റോഷനും റോഷന്റെ വലതു ഫാന്‍സിനും നല്ല നമസ്‌കാരം പറയുന്നു. സഖാക്കളോട് വിഷമം തീര്‍ക്കാന്‍ വട്ടത്തിലിരുന്നു പൊട്ടി കരയാനാണ് റോഷന്‍ ഉപദേശിച്ചത്. മലയാളികള്‍ വട്ടത്തില്‍ ഇരുന്നു രാഷ്ട്രീയമാണ് ചര്‍ച്ച ചെയ്യാറുള്ളത് റോഷന്‍. പൊട്ടിക്കരച്ചില്‍ ടൈപ് വികാര വായ്പ്പുകളൊക്കെ റോഷന്റെ മാതൃകാ നഗരമായ കര്‍ണ്ണാടകയുടെ രാഷ്രീയമല്ലേ.

കാവേരി വിഷയം നല്ല 'രാഷ്ട്രീയ ചര്‍ച്ചകളിലൂടെയുള്ള' നയതന്ത്ര ഇടപെടലുകളിലൂടെ എത്രയും പെട്ടെന്ന് ഒത്തു തീര്‍പ്പാകട്ടെ എന്നാശിക്കുന്നു. വികാരങ്ങള്‍ക്ക് വേണ്ടി സമരം ചെയ്യാതെ വിവേകത്തോടെ അവകാശങ്ങള്‍ക്ക് വേണ്ടി സമരം ചെയ്യുന്ന ഒരു ബാംഗ്ലൂര്‍ ജനതയുടെ കൂടെ സെല്‍ഫിയെടുക്കാനുള്ള ഭാഗ്യം റോഷനും ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു.