വരൂ, കേൾക്കാം കോഴിക്കോടിന്റെ മെഹ്‌ഫിൽ ഭൂതകാലം; പത്തരമാറ്റോടെ...

കോഴിക്കോട് അബ്ദുൾ ഖാദറിന്റെയും എം എസ് ബാബുരാജിന്റെയും കാലത്ത് പ്രസിദ്ധിയിൽ നിന്നകന്നു നിന്ന കോഴിക്കോട്ടെ സൂഫി സംഗീതഗുരു രാഗ് അബ്ദുൾ റസാഖ് പതിറ്റാണ്ടുകൾക്കു ശേഷം പൊതുവേദിയിൽ പാടുന്നു. കോഴിക്കോടൻ ദേശി സംഗീതത്തിന്റെ എന്നും പ്രിയപ്പെട്ട അവതരണ വേദിയായ ടൗൺ ഹാളിൽ സെപ്തംബർ ആറിനാണ് പരിപാടി.

വരൂ, കേൾക്കാം കോഴിക്കോടിന്റെ മെഹ്‌ഫിൽ ഭൂതകാലം; പത്തരമാറ്റോടെ...

കോഴിക്കോട് അബ്ദുൾ ഖാദറിന്റെയും എം എസ് ബാബുരാജിന്റെയും കാലത്ത് പ്രസിദ്ധിയിൽ നിന്നകന്നു നിന്ന കോഴിക്കോട്ടെ സൂഫി സംഗീതഗുരു രാഗ് അബ്ദുൾ റസാഖ് പതിറ്റാണ്ടുകൾക്കു ശേഷം പൊതുവേദിയിൽ പാടുന്നു. കോഴിക്കോടൻ ദേശി സംഗീതത്തിന്റെ എന്നും പ്രിയപ്പെട്ട അവതരണ വേദിയായ ടൗൺ ഹാളിൽ സപ്തംബർ ആറിനാണ് പരിപാടി.

ഇക്കണ്ട കാലമത്രയും എല്ലാ ഇനം സാംസ്കാരിക സംഘാടകരും തമസ്കരിച്ച, എല്ലാത്തരം പൊലിമകളിൽ നിന്നും ഒഴിഞ്ഞു നിന്ന് ഒരു കാലഘട്ടത്തിന്റെ ശബ്ദസംസ്കാരത്തെ ധ്യാനപൂർവം സംരക്ഷിക്കാൻ ജീവിതം ഉഴിഞ്ഞുവച്ച ഉസ്താദ് റസാഖ് ഭായി കാൽനൂറ്റാണ്ടിന്റെ ഇടവേള അവസാനിപ്പിച്ചാണ് കോഴിക്കോടിന്റെ ഓണം- ബക്രീദ് നാളുകൾക്ക് ശുഭാരംഭം കുറിയ്ക്കുക.


ആദ്യം, രാഗ് റസാഖിന്റെ കാലത്തെയും കലാജീവിതത്തെയും മുൻനിർത്തി കോഴിക്കോട്ടെ ആർടിസ്റ്റ്സ് കളക്ടീവ് നിർമ്മിച്ച ഡോക്യുമെന്ററി പ്രദർശിപ്പിക്കും. പിന്നെ റസാഖ് ഭായ് അവതരിപ്പിക്കും, കോഴിക്കോടിന്റെ മെഹ്‌ഫിൽ ഭൂതകാലം യഥാർത്ഥത്തിൽ എങ്ങനെയായിരുന്നുവെന്ന്. മലബാറിലെ മാളികപ്പുരകളിലും തറവാട്ടു കോലായകളിലും ക്ലബ്ബുകളിലും കല്യാണങ്ങളിലും പാടിപ്പാടിയുറച്ച മെഹ്‌ഫിൽ സംസ്കാരത്തിന്റെ തൽസ്വരൂപം എന്താണെന്ന്.

ആ രുചിയറിയാൻ ഇതൊന്നു കേട്ടു നോക്കാം:

[embed]https://youtu.be/Zv2GTXdo9Bw[/embed]

ആരാണ് രാഗ് റസാഖ്?

കോഴിക്കോട്ടെ പുകൾപെറ്റ അവധൂത സംഗീതപാരമ്പര്യത്തിന്റെ ബാക്കിയായ കണ്ണിയാണ് രാഗ് റസാഖ്. സംഗീത ക്ലബുകളുടെ പുഷ്കല കാലത്ത് ക്ലബുകളിൽ പോലും കാര്യമായി സാന്നിധ്യമില്ലാതിരുന്ന സംഗീതജ്ഞൻ.

മുഖദാറുകാരൻ അബ്ദുൾ റസാഖിന് രാഗങ്ങളിൽ തിരഞ്ഞുകൊണ്ടിരിക്കലായിരുന്നു, പാട്ടു വേദികളിൽ വരുന്നതിനെക്കാൾ പ്രിയം. കോഴിക്കോടിന്റെ സവിശേഷ രാഗങ്ങളായ കേദാറിലും ദേശിലും പല ജന്യ രാഗങ്ങളിലും നിതാന്തമായി റസാഖ് സംഗീതാന്വേഷണം തുടർന്നു. രാഗാധിഷ്ഠിതമായ ഒരു പാട്ടു പാരമ്പര്യത്തിന്റെ വസന്തം തീർത്തു. അപ്പോഴൊക്കെയും ശിഷ്യർക്ക് തന്റെ സംഗീത അറിവിന്റെ കടൽ പകർന്നുകൊടുത്തേ ഇരുന്നു റസാഖ് ഭായ്.

ഇന്നത്തെ ബൈപ്പാസും കോതിപ്പാലവുമൊന്നുമില്ലാതിരുന്ന കാലത്ത് മുഖദാറിലെ പഴയൊരു മാപ്പിളത്തറവാട്ടിലായിരുന്നു റസാഖ് ഭായിയുടെ ജനനം. കൊട്ടിലയിൽ എന്നും പാട്ടുകച്ചേരി ഉയർന്ന തറവാടുകളിലൊന്ന്. അന്ന് ഗ്രാമഫോൺ സൗകര്യമുള്ള ചുരുക്കം വീടുകളിലൊന്ന്.

കോഴിക്കോടിന്റെ ഏറ്റവും സുന്ദര നാളുകൾ വിടർന്നു നിന്ന എഴുപതുകൾ, എൺപതുകൾ. കൽക്കത്തയിലെ ഇരുണ്ട തെരുവുകളിൽ വളർന്ന ഫയാസ് ഖാനെ ഓർമ്മിപ്പിക്കുംവിധം, തിരസ്കൃതമായ ജീവിതം തിരഞ്ഞെടുത്തു മുഖദാറിന്റെ ഈ മണിവിളക്ക്.

കുറ്റിച്ചിറയാണ് അന്നും കോഴിക്കോടൻ മുസ്ലിം പാരമ്പര്യങ്ങളുടെയെല്ലാം രാജസദസ്സ്. കുറ്റിച്ചിറയുടെ പ്രതാപങ്ങൾക്ക് പിൻനിന്നു സേവിച്ചവർ വസിച്ചിരുന്ന നീണ്ടു കിടക്കുന്ന കടലോര ജീവലോകം - മുഖദാറും, കുണ്ടുങ്ങലും, ചക്കുംകടവും, കുറ്റിച്ചിറയും. രാപ്പിറന്നാൽ പുലരും വരെ നീളുന്ന സംഗീത സദിരുകൾ.

സ്റ്റേജുകളായിരുന്നില്ല, കല്യാണരാവുകളും വീടുവിട്ടിറങ്ങുന്ന 'പുത്യാപ്ലമാർ' സംഗമിക്കുന്ന പീടിക മാളികകളുമാണ് അന്നത്തെ തിളക്കമുള്ള സംഗീത വേദികൾ. അസാധ്യമായ കമ്പോസ്‌ഡ് സോങ്ങ്സ് അന്ന് കല്യാണ വീടുകളിൽ ഒഴുകി; ക്ലബ്ബുകളിലും. മൂന്നും നാലും പാട്ടുകാർ ഒരുമിച്ചിരുന്നു പാടുന്ന 'ഹൈ എനർജി' സംഗീത സദസ്സുകളായിരുന്നു അവ. അവിടങ്ങളായിരുന്നു റസാഖിന്റെ പാട്ടിടങ്ങൾ.

ബാബുരാജിന്റെയും വിമർശകൻ

ബാബുക്കയെന്ന എം എസ് ബാബുരാജിന്റെ സുവർണ്ണകാലത്താണ് റസാഖ് ഭായ് എന്ന പേരാൽ മരവും വിടർന്നു നിന്നത്. ബാബുരാജിലും വിൻസന്റ് മാഷിലും രാഘവൻ മാഷിലും ദേവരാജനിലുമൊക്കെയായി സിനിമാ സംഗീതം വളരെ മുൻകയ്യിൽ നിലനിൽക്കുമ്പോഴാണ് മറ്റൊരു ലളിതസംഗീത മേഖല റസാഖ് ഭായിയും മറ്റും കൊണ്ടു നടന്നു.

ബാബുരാജായിരുന്നു അന്നിവിടെ പാട്ടിന്റെ ഐക്കൺ. എന്നാൽ ബാബുരാജിനെപ്പോലും വിമർശനാത്മകമായി സമീപിക്കുന്ന റെബലായിരുന്നു റസാഖ് ഭായ്. പൊതുഭാവുകത്വത്തോട് പൊരുത്തപ്പെടാത്തതിന്റെ സംഘർഷങ്ങൾ പലവിധത്തിലും റസാഖ് അനുഭവിച്ചിട്ടുണ്ടെന്ന് റസാഖിന്റെ ആത്മസുഹൃത്തും പ്രദേശത്തുകാരനുമായ ഷുഐബ് പറയുന്നു.

'റസാഖ് പറയുന്നതിന്റെ ആഴങ്ങൾ പിടികിട്ടാത്തവർക്ക് റസാഖ് അപ്രിയനും അഹങ്കാരിയുമായി തോന്നി. അയാൾ ഒട്ടും ജനപ്രിയതയില്ലാത്തയാളായി പതിയെ മാറി' - വീടും പൊതുജനസമ്പർക്കവും വിട്ട് മുഴുസമയ സംഗീത പഠനത്തിലേക്കും ഏകാന്തവാസത്തിലേക്കും റസാഖ് ഭായ് ഒഴിഞ്ഞതിന്റെ പശ്ചാത്തലം ഷുഐബ് വിവരിക്കുന്നത് ഇങ്ങനെയാണ്.

Rag_Razack1

ആയിരത്തഞ്ഞൂറോളം  'സ്വന്തം ലിറിക്സ് സ്വന്തം കോമ്പസിഷൻസ്'

ആയിരത്തഞ്ഞൂറോളം ഈണങ്ങൾ ആകാശവാണിക്കു വേണ്ടി മാത്രം റസാഖ് ഭായ് ചെയ്തിട്ടുണ്ട്. നല്ലൊരു പങ്കും സ്വന്തം രചനകൾ തന്നെ.

ഒരു ദിവ്യ കീർത്തനം കേട്ടിട്ടുണർന്നൂ/മക്കാ നിവാസികളന്ന്, പരിതാപ ലോകം പരിശോഭമാക്കി/പരിശുദ്ധ ഇസ്ലാം പരിപൂർണ്ണമാക്കി, ഇലാഹായോനേ കരീമായോനേ/ഈ ലോകം പോറ്റി വാഴും കദീമായോനേ, ജലാലായ നിന്റെ ജമീയത്താകേ/നിറഞ്ഞുള്ള നൂറാനിയത്താണ് ലോകം തുടങ്ങി സർവ്വശക്തനെ വാഴ്ത്തുന്ന സൂഫി സ്തുതികളുടെ നിരയാണ് അതിൽ ഒരു ഭാഗത്ത്. ടാഗോറിയൻ പ്രപഞ്ച വീക്ഷണത്തെ ഓർമിപ്പിക്കുന്ന, 'വാക്യത്തിൽ മഹത്വമേറും സുന്ദരമാം നാമത്തിൽ/മേന്മയാകെ നിറഞ്ഞൊഴുകി കാണ്മതാകെയും സൃഷ്ടികൾ' തുടങ്ങിയ ഘനഭാവങ്ങളാൽ സാന്ദ്രമായ ഗീതകങ്ങളുടെ നിരയാണ് മറ്റൊരു ഭാഗം. രംഗവേദിയിൽ നർത്തനമാടാൻ ചിലങ്ക കെട്ടി നീ വന്നില്ലേ എന്നതു പോലത്തെ പൂർണ്ണ സെമി-ക്ലാസിക്കൽ ആലാപനങ്ങൾ ഇവയ്ക്കും പുറമേ.

കേരളത്തിൽ 'സ്വന്തം ലിറിക്സ് സ്വന്തം കോമ്പസിഷൻ' എന്ന് ഇന്നവതരിപ്പിച്ചു കേൾക്കാറുള്ള ഏക പാട്ടുകാരൻ ഷഹബാസ് അമനാണ്. റസാഖ് ഭായ് തുടങ്ങി വച്ച ആ പാരമ്പര്യം കണ്ണിയറ്റു കിടക്കുകയായിരുന്നു കേരളത്തിൽ ഇതേ വരെയും. റസാഖിന്റെ കാലത്തിൽ നിന്നും ഒരു കാൽ നൂറ്റാണ്ടിന്റെയെങ്കിലും അകലത്തിലാണ് ഷഹബാസ് ആ രീതി വീണ്ടെടുക്കാൻ ശ്രമിച്ചത്.

എന്നാൽ, സച്ചിദാനന്ദനും വേണു വി. ദേശവും പ്രദീപ് അഷ്ടമിച്ചിറയും പോലുള്ള അക്ഷരലോകത്തുള്ളവരുടെ വരികളെയും, ഷഹബാസിനെത്തന്നെയും, അതിശയിക്കുന്ന ഭാവഗീതങ്ങൾ പിറവിയെടുത്തിട്ടുണ്ട് റസാഖിന്റെ നെഞ്ചിൽ നിന്ന്. അതും നാലു നാലര പതിറ്റാണ്ടുകൾ മുമ്പു മുതൽ. എന്തിനായ് നീയകന്നൂ സഖീ/എൻ മധുരിതഗാനങ്ങളാകെ/എന്തിനായ് നീ മറന്നൂ എന്നതു പോലത്തെ എണ്ണമറ്റ പ്രണയ-വിരഹ ഗീതകങ്ങൾ.

ചെവിയിൽ പാടിത്തരുന്ന 'കുറ്റിച്ചിറ ഘരാന'

'ശില്പി തൻ നിസ്സീമസ്നേഹം ഈ കാവ്യശില്പം രചിക്കവേ/ അതിൻ ഈരടിയിൽ നിന്നേറെയേറെ ഭാവഗീതമുണരവേ' എന്നും ' കോടാനുകോടി വർഷങ്ങൾ പിന്നിട്ടു/കോട്ടങ്ങളില്ലാതെ പ്രപഞ്ചം തുടിപ്പൂ' എന്നുമെല്ലാം റസാഖ് ഭായ് എഴുതുമ്പോൾ റൂമി തൊട്ടുള്ള മിസ്റ്റിക് കവികളുടെ സത്ത അതിൽ ആസ്വാദകനറിയാം. അവയുടെ ആലാപനത്തിൽ നൽകുന്ന രാഗ ടോണുകളാവട്ടെ, വിശ്രുതമായ ഉത്തരേന്ത്യൻ ഘരാനകളുടെ നിരയിലേക്കാണ് 'കുറ്റിച്ചിറ ഘരാന'യെ ഉയർത്തി വെക്കുന്നത്. അത്രയ്ക്കും തന്റെ സാംസ്കാരിക ഭൂമിശാസ്ത്രം അടയാളപ്പെട്ടു നിൽക്കുന്നവയാണ് റസാഖ് ഭായിയുടെ കോമ്പസിഷനുകളും ആലാപനവും.

ഒരു പാട്ടും മുന്നൊരുക്കത്തോടെ പാടുന്നതല്ല റസാഖ് ഭായ് ശൈലി. തൊട്ടു മുന്നിലുള്ളവരിൽ ദൃഷ്ടിയുറപ്പിച്ച്, അവരോടുള്ള സ്വകാര്യഭാഷണമാണ് റസാഖ് ഭായിക്ക് ആലാപനം. പാട്ടു പാടാൻ വിളിച്ചാൽ പോകാതായതും അതുകൊണ്ടാണെന്ന് റസാഖ് ഭായ് തന്നെ പറയുന്നു. 'ഹൃദയത്തിൽ നിന്ന് വരുന്നതാണ് സംഗീതം, ആത്മാവിന്റെ ശബ്ദമാണത്, അതെങ്ങനെ നിർബന്ധങ്ങളിൽ പുറത്തു വരും' എന്ന് തന്റെ അനുകരിക്കാനാവാത്തത്ര സരസമായ ശൈലിയിൽ റസാഖ് ഭായ് തമാശയാക്കും.

മനുഷ്യത്വം മുറ്റുന്ന ഇമോഷണൽ സംഗീതം

'കോഴിക്കോടിന്റെ മെലഡി സൂക്ഷിച്ച്, അതിനെ താലോലിച്ച് കൊണ്ടു നടക്കുന്നയാളെന്ന നിലക്കാണ് റസാഖ് എനിക്ക് ബഹുമാന്യനാവുന്നത്. വാക്കുകളെ കവിത്വത്തോടു കൂടിത്തന്നെ താലോലിച്ച്, രാഗബദ്ധമായും ശ്രുതിബദ്ധമായും പരിചരിച്ച് വീണ്ടും പാടിക്കൊടുക്കുന്ന പദ്ധതിയാണയാളുടേത്' - റസാഖ് ശൈലിയെ ആർടിസ്റ്റ് ഹരി നാരായണൻ ഇങ്ങനെ ചിമിഴിലാക്കി പറയുന്നു.

കോഴിക്കോടിന്റെ പ്രിയരാഗങ്ങളായി അറിയപ്പെടുന്ന ദേശിനെയും കേദാറിനെയുമൊക്കെ വീണ്ടുവിചാരങ്ങൾക്ക് വിധേയമാക്കി അതിൽ നിന്ന് വേറെ രാഗഭൂമികകളിലേക്ക് സഞ്ചരിക്കുകയും ചെയ്യുന്ന സംഗീതജ്ഞനാണ് രാഗ് റസാഖ്.

തീർത്തും ഇമോഷണലാണ് റസാഖ് പ്രതിനിധാനം ചെയ്യുന്ന കോഴിക്കോടൻ സംഗീതം. ഇത്തരം പാട്ടുകൾക്കുള്ള മനുഷ്യത്വം കർണ്ണാടക സംഗീതത്തിനോ കഥകളി സംഗീതത്തിനോ മറ്റു സംഗീത പദ്ധതികൾക്കോ ഇല്ലെന്നും ഹരി നാരായണൻ.

ശിഷ്യർക്ക് സമർപ്പിച്ച അവധൂത ജീവിതം

ഒറ്റക്ക് താമസിക്കുന്ന ഒരു ചായ്പുമുറിയിൽ കിടക്കവിട്ടെണീറ്റാൽ തന്റെ പ്ലാസ്റ്റിക് ചാരുകസേരയിൽ ഉപവിഷ്ടനാവും റസാഖ് ഭായ്. ബിസിനസും മറ്റു പലേ പണികളും ചെയ്യുന്ന ശിഷ്യന്മാർ പണിക്ക് ഒഴിവുണ്ടാക്കി ആ കുടുസ്സുമുറിയിലെ രണ്ടു മൂന്നു കസേരകളിലും റസാഖ് ഭായിയുടെ കട്ടിൽക്കാൽക്കലും ഇരിപ്പു തുടങ്ങും, റസാഖ് ഭായ് ഉണർന്ന് വാതിൽ തുറന്ന പാടേ.

കിടക്കക്ക് അടിയിലോ കുപ്പായക്കീശയിലോ തലേന്ന് ശിഷ്യന്മാർ നിക്ഷേപിച്ച നോട്ടുകൾ റസാഖ് ഭായ് ഇവരിലാർക്കെങ്കിലും നീട്ടും. മുറിയിലൊരു മൂലക്ക് പത്രക്കെട്ടുകൾക്ക് മുകളിൽ നിന്നും ഫ്ലാസ്ക് കരസ്ഥമാക്കി അയാൾ തൊട്ടടുത്ത തെരുവിലെ ഹോട്ടലിൽ നിന്നും ചായയെത്തിക്കും. സമൃദ്ധമായി സിഗരറ്റും. അതിഥികളുണ്ടെങ്കിൽ ചിപ്സും ലഡുവും കൂടി എത്തും. ലഡു പൊടിച്ചത് ചിപ്സും കൂട്ടിയുള്ള വിശിഷ്ടഭോജ്യം ഒറ്റ പ്ലേറ്റിൽ നിന്ന് എല്ലാവരും കൂടി പങ്കിട്ടു കഴിക്കും.

നിലം നിരപ്പല്ലാത്തതു കൊണ്ട് കാൽ അല്പം ഇടറുന്ന, നരച്ചു വിളറിയ ചുവന്ന പ്ലാസ്റ്റിക് സ്റ്റൂളിലേക്ക് അപ്പോഴേക്കും ഉസ്താദിന്റെ കട്ടിലിൽ നിന്ന് ഹാർമോണിയം ഇടം മാറിയിരിക്കും. കത്തിച്ച സിഗരറ്റിനെയും ഒരിക്കലും കുടിച്ചു തീരാത്ത ചായ ഗ്ലാസിനെയും പിന്നണിയിൽ നിർത്തി കട്ടയിൽ വിരലുകൾ ഓടിത്തുടങ്ങും. സംഗീത പഠനം ആരംഭിക്കുകയായി.

എന്താണ് ജീവിതമെന്നും എങ്ങനെ ജീവിച്ചാലാണ് സംഗീതാത്മകമാവുക എന്നും പാട്ടിനെ മുൻനിർത്തി ശിഷ്യർക്ക് പറഞ്ഞു കൊടുക്കൽ തന്നെ സംഗീത ക്ലാസ്. അടിമുടി 'അനൗപചാരികം. ശിഷ്യരല്ല അവർ റസാഖ് ഭായിക്ക്. മറിച്ച്, തന്റെ ജീവിതത്തിന് അർത്ഥം നൽകുന്ന, തന്റെ ജീവിതം' തനിക്കു വേണ്ടി ജീവിക്കുന്ന തോഴരാണവർ. പെരുന്നാളും ഓണവുമടുക്കുമ്പോൾ താൻ ഷർട്ടും തുണിയും വാങ്ങിക്കൊടുക്കാൻ ബാധ്യതപ്പെട്ട കൂട്ടുകാർ.

പ്രാവും പാട്ടും

പ്രാവു വളർത്തലും പാട്ടും തമ്മിലെന്താണ്? ഉത്തരം എന്തായാലും കോഴിക്കോടൻ സംഗീത പാരമ്പര്യം തലമുറകളായി പ്രാവു വളർത്തലിനോടും കണ്ണി ചേർന്നിരിക്കുന്നു!

കോഴിക്കോടൻ കടപ്പുറ പ്രദേശങ്ങൾ സംഗീത പ്രഭയിൽ മുങ്ങി നിന്ന കാലത്ത് റസാഖിന് മുഖ്യ പരിപാടി പ്രാവു വളർത്തലായിരുന്നു. അക്കാലത്ത് സ്കൂൾ വിദ്യാർത്ഥിയായിരുന്ന ആർടിസ്റ്റ് ഹരി നാരായണൻ ഓർക്കുന്നു: 'കട്ടയിട്ട് പണം സ്വരൂപിച്ച് പ്രാവിനെ വാങ്ങി പോറ്റുമായിരുന്നു ഞങ്ങൾ കുട്ടികൾ. അന്നാണ് റസാഖുമായി പരിചയം. അറിയപ്പെടുന്ന പ്രാവു വളർത്തുകാരനായിരുന്നു അന്ന് റസാഖ്. പരിചയപ്പെട്ടപ്പോഴാണ് പാട്ടുകാരനാണെന്നറിയുന്നത്. പാട്ടുകൾ വേറൊരു രീതിയിൽ പാടുന്നയാളാണെന്നറിയുന്നതും.'

ഒറ്റയിരിപ്പിൽ നീളുന്ന സംഗീത സംഭാഷണങ്ങളിൽ നിന്ന്, പ്രഭാതകൃത്യങ്ങളുടേതൊഴിച്ചാൽ, റസാഖ് ഭായിക്ക് രണ്ട് ഇടവേളകളേയുള്ളൂ. ഒന്ന്, നമസ്കാരമുഹൂർത്തങ്ങൾ. ഇരുണ്ട വെളിച്ചം മാത്രം നിറഞ്ഞു കണ്ടിട്ടുള്ള കുടുസ്സുമുറിയിൽ ചാരുകസേര കഅബക്കു മുഖം തിരിച്ചിട്ട്, ഇരുന്നു ചെയ്യുന്ന നിസ്കാരം. മുറിയെയും കൂടെയുള്ളവരെയും കൂടുതൽ പ്രകാശമാനമാക്കിത്തീർക്കുന്ന ധ്യാനവേള.

പിന്നൊന്ന്, പ്രാവുകൾക്ക് തീറ്റയും വെള്ളവും നൽകാനുള്ള ഇറങ്ങി നടപ്പാണ്. ഇരുന്നിരുന്ന് വീങ്ങിയ കാലിൽ ഉയർന്നു നിൽക്കും വരെയേ റസാഖ് ഭായ് ആയാസപ്പെടുന്നത് കണ്ടിട്ടുള്ളൂ. പിന്നെ ഇറങ്ങി നടക്കാൻ ആരുടെയും ഒരു സഹായവും വേണ്ട.

പലപ്പോഴും, പാട്ടധ്യയനവും സൂഫിസ ചർച്ചകളും ശിഷ്യർക്കുള്ള ദർശനപാഠങ്ങളും ചേർന്നു നിറയുന്ന മുറിയിൽ, ഏതെങ്കിലുമൊക്കെ കസേരയ്ക്കടിയിൽ കുറുകലുകൾ കേൾക്കാം.

അവസാനം ചെന്നപ്പോഴത് രോഗിയായ ഒരു പ്രാവായിരുന്നു.

ബീവറേജസിൽ നിന്നുള്ള അല്പം മരുന്നുകൊണ്ടേ അതിന്റെ അസുഖം മാറൂ എന്ന് പുറത്തേക്കിറങ്ങിക്കഴിഞ്ഞിരുന്ന ഒരു ശിഷ്യനോട് റസാഖ് ഭായ് ഉറക്കെ വിളിച്ചു പറയുന്നതു കേട്ടു.

Read More >>