വയനാട്ടിലെ റിസോര്‍ട്ടില്‍ ദളിത് മാധ്യമപ്രവര്‍ത്തകയെ പീഡിപ്പിച്ചു; പൊലീസ് മേധാവി പരാതി അവഗണിച്ചെന്നും ആക്ഷേപം

തന്റെ ടെലിഫിലിമിനായുള്ള ഫോട്ടോ ഷൂട്ടിനാണ് പ്രതിയും ഒരു പെണ്‍കുട്ടിയുള്‍പ്പെടെയുള്ള മൂന്നംഗസംഘത്തോടൊപ്പം വയനാട്ടിലെത്തിയത്. ഫോട്ടോ ഷൂട്ടിനായി കൂടെ വന്ന കക്കോടി സ്വദേശിയായ ടെലിഫിലിം പ്രവര്‍ത്തകന്‍ ഇവിടെവച്ച് പീ ഡിപ്പിച്ചെന്നും ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി ബ്ലാക്ക് മെയില്‍ ചെയ്‌തെന്നും പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കി

വയനാട്ടിലെ റിസോര്‍ട്ടില്‍  ദളിത് മാധ്യമപ്രവര്‍ത്തകയെ പീഡിപ്പിച്ചു; പൊലീസ് മേധാവി പരാതി അവഗണിച്ചെന്നും ആക്ഷേപം

കോഴിക്കോട്: ടെലിഫിലിമിന്റെ ഭാഗമായുള്ള ഫോട്ടോഷൂട്ടിനെത്തിയ കോഴിക്കോട് സ്വദേശിയായ ദളിത് മാധ്യമപ്രവര്‍ത്തകയെ വയനാട്ടിലെ സ്വകാര്യ റിസോര്‍ട്ടില്‍ ബലാത്സംഗം ചെയ്തതായി പരാതി. സംസ്ഥാന പൊലീസ് മേധാവി തന്റെ ഇ-മെയിൽ പരാതി അവഗണിച്ചുവെന്നും യുവതി പരാതിയിൽ പറഞ്ഞു.

2016 ജൂണ്‍ പതിനഞ്ചിനാണ് സംഭവം. കോഴിക്കോട്ടെ ഒരു മാധ്യമ സ്ഥാപനത്തില്‍ ജോലി ചെയ്യുകയാണ് ഈ ഇരുപതുകാരി.

തന്റെ ടെലിഫിലിമിനായുള്ള ഫോട്ടോ ഷൂട്ടിനാണ് പ്രതിയും ഒരു പെണ്‍കുട്ടിയുള്‍പ്പെടെയുള്ള മൂന്നംഗസംഘത്തോടൊപ്പം വയനാട്ടിലെത്തിയത്. ഫോട്ടോ ഷൂട്ടിനായി കൂടെ വന്ന കക്കോടി സ്വദേശിയായ ടെലിഫിലിം പ്രവര്‍ത്തകന്‍ ഇവിടെവച്ച് പീ ഡിപ്പിച്ചെന്നും ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി ബ്ലാക്ക് മെയില്‍ ചെയ്‌തെന്നും പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കി.


ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് പ്രതി ബ്ലാക്ക് മെയില്‍ തുടര്‍ന്നതോടെ പെണ്‍കുട്ടി കോഴിക്കോട് കസബ പൊലീസ് സ്റ്റേഷനിലെത്തി സി ഐയോട് കാര്യങ്ങള്‍ പറഞ്ഞു. കേസെടുക്കാനും‍ ആവശ്യപ്പെട്ടു. എന്നാല്‍ തന്റെ അധികാരപരിധിയില്‍ നടന്ന സംഭവമല്ലെന്നും കേസെടുക്കാന്‍ പറ്റില്ലെന്നും പറഞ്ഞ് സി ഐ, പ്രതിയെയും തന്നെയും വിളിച്ച് പ്രശ്നം ഒത്തുതീര്‍ക്കാന്‍ ശ്രമിച്ചെന്നും പരാതിയില്‍ പറഞ്ഞു.

എന്നാല്‍ പെണ്‍കുട്ടി പരാതിയില്‍ ഉറച്ചുനിന്നപ്പോള്‍ വനിതാ പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കാൻ സി ഐ നിര്‍ദേശിച്ചു. വനിതാ സ്‌റ്റേഷനിലുള്ളവരും തന്നെ കയ്യൊഴിഞ്ഞുവെന്ന് മാധ്യമ പ്രവർത്തക പരാതിയിൽ ചൂണ്ടിക്കാട്ടി.

ജീവന് ഭീഷണിയുണ്ടെന്ന് കാണിച്ച് പെണ്‍കുട്ടി സെപ്തംബര്‍ ഏഴിന് സംസ്ഥാന പൊലീസ് മേധാവിക്കും വയനാട് ജില്ലാ പൊലീസ് ചീഫിനും സൂപ്രണ്ടിനും കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ക്കും ഇ-മെയില്‍ വഴി പരാതി നല്‍കിയിട്ടും യാതൊരു നടപടിയുമുണ്ടായില്ല. തുടര്‍ന്ന് മനുഷ്യാവകാശപ്രവര്‍ത്തകർ ഇടപെട്ട് വൈത്തിരി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.

സംഭവത്തെക്കുറിച്ച് യുവതി പറയുന്നതിങ്ങനെ


സംഭവദിവസം ഷൂട്ടിംഗിന്റെ ഭാഗമായുള്ള തിരക്കഥ തയ്യാറാക്കാനും ചര്‍ച്ചകള്‍ക്കുമായി വൈത്തിരിയിലെ സ്വകാര്യ റിസോര്‍ട്ടില്‍ രണ്ട് മുറികളിലായി താമസമൊരുക്കി. കൂടെയുണ്ടായിരുന്ന പെണ്‍കുട്ടി മദ്യപിക്കാന്‍ മറ്റൊരു യുവാവിനൊപ്പം പോയപ്പോള്‍ താന്‍ മുറിയില്‍ കയറിയിരുന്നു. വാതില്‍ ബലമായി തുറന്ന് പ്രതി അകത്തുകയറി. തുടർന്നാണ് ബലാത്സംഗം.

പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ പ്രതി മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തു. പോണ്‍സൈറ്റുകളില്‍ പോസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു പിന്നെ.

അനുനയിപ്പിക്കാൻ വാഗ്ദാനങ്ങൾ

പുതിയ സിനിമകള്‍ ആരംഭിക്കുന്നുണ്ടെന്നും അവയിൽ അഭിനയിപ്പിക്കാമെന്നും നിര്‍ധന കുടുംബത്തിലെ അംഗമായ തനിക്ക് പ്രതി വാഗ്ദാനം നല്‍കി. പീഡിപ്പിക്കപ്പെട്ട വിവരം പുറത്തറിഞ്ഞാലുള്ള മാനഹാനിയും ദൃശ്യങ്ങള്‍ പുറത്തുവന്നാലുള്ള പ്രശ്‌നങ്ങളും ഭയന്ന് സംഭവം ആരോടും പറഞ്ഞിരുന്നില്ല.

ഇത് മുതലെടുത്ത് തന്നോടൊപ്പം ഇനിയും വരണമെന്ന് പ്രതി നിർബന്ധിച്ചു. ഏറ്റവുമൊടുവില്‍ സെപ്റ്റംബര്‍ അഞ്ചിന് തന്റെ കൂടെ വയനാട്ടിൽ വരണമെന്നും അതിന് ശേഷം മൊബൈല്‍ ദൃശ്യങ്ങള്‍ നശിപ്പിക്കാമെന്നും പെണ്‍കുട്ടിക്ക് വാക്കു നൽകി.

കോഴിക്കോട് ബീച്ചിലേക്കാണ് ആദ്യം തന്നെ ക്ഷണിച്ചത്. അഞ്ചു സുഹൃത്തുക്കള്‍ക്കൊപ്പമാണ് പ്രതി ബീച്ചിലെത്തിയത്. തുടര്‍ന്ന് പെണ്‍കുട്ടിയോട് വളരെ മോശമായ രീതിയില്‍ പെരുമാറുകയും പ്രശ്‌നങ്ങളുണ്ടാക്കിയാല്‍ കേസ് കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്‌തു. തുടര്‍ന്ന് ഒരു മൊബൈല്‍ ഫോണ്‍ പൊട്ടിച്ച് കടലിലെറിഞ്ഞ ശേഷം ഫോട്ടോകളെല്ലാം നശിപ്പിച്ചെന്നും തനിക്കെതിരെ പരാതി കൊടുക്കരുതെന്നും പ്രതി ആവശ്യപ്പെട്ടു.

എന്നാൽ പിന്നെയും ഭീഷണി തുടർന്നുവെന്ന് പരാതിയില്‍ പറഞ്ഞു. ഇതോടെയാണ് പെണ്‍കുട്ടി പൊലീസിൽ നേരിട്ടെത്തി പരാതി നൽകിയത്.