മുക്കിയത് കോടികള്‍: കൊച്ചി നഗരസഭയുടെ പ്രവര്‍ത്തനത്തില്‍ വ്യാപക ക്രമക്കേട്; നികുതി പിരിച്ചെടുക്കുന്നതിലും കുറ്റകരമായ അനാസ്ഥ; 2014- 15 വര്‍ഷത്തിലെ ഓഡിറ്റ് റിപ്പോര്‍ട്ട് നാരദ ന്യൂസിന്

നിയമപരമായി ലഭിക്കേണ്ട നികുതികള്‍ പിരിച്ചെടുക്കുന്നതിനും കോർപ്പറേഷൻ അനാസ്ഥ കാണിച്ചു. മാത്രമല്ല ഫീസുകള്‍ ഈടാക്കുന്നതിന് ആവശ്യമായ ശ്രദ്ധ ഭരണതലത്തില്‍ നിന്നുണ്ടായില്ല. ഇതാണ് കോടിക്കണക്കിന് രൂപയുടെ നഷ്ടം കോർപ്പറേഷന് വരാന്‍ കാരണമാകുന്നതെന്നാണ് റിപ്പോര്‍ട്ടിലെ മറ്റൊരു പരാമര്‍ശം.

മുക്കിയത് കോടികള്‍: കൊച്ചി നഗരസഭയുടെ പ്രവര്‍ത്തനത്തില്‍ വ്യാപക ക്രമക്കേട്; നികുതി പിരിച്ചെടുക്കുന്നതിലും കുറ്റകരമായ അനാസ്ഥ; 2014- 15 വര്‍ഷത്തിലെ ഓഡിറ്റ് റിപ്പോര്‍ട്ട് നാരദ ന്യൂസിന്

കൊച്ചി: അഴിമതിയും കെടുകാര്യസ്ഥതയും കൊടികുത്തി വാഴുന്നു എന്ന ആരോപണം കൊച്ചി നഗരസഭയെ കുറിച്ച് കേള്‍ക്കാന്‍ തുടങ്ങിയിട്ട് കാലം കുറെയായി. കോടിക്കണക്കിന് രൂപയുടെ അഴിതിക്കഥകളാണ് കൊച്ചി കോർപ്പറേഷനില്‍ നിന്ന് കഴിഞ്ഞ വര്‍ഷങ്ങളില്‍ ഉയര്‍ന്നു കേട്ടത്. പരസ്യബോര്‍ഡ് അനുമതി, റിലയന്‍സിന് ഫോര്‍ ജി കേബിള്‍ വലിക്കാന്‍ കൗണ്‍സില്‍ അറിയാതെ അനുമതി, മാലിന്യനീക്കത്തിനായി വാങ്ങിയ പെട്ടി ഓട്ടോറിക്ഷകള്‍ കാണാതായ സംഭവം തുടങ്ങിയവയെ കുറിച്ച് വിജിലന്‍സ് നടത്തിയ അന്വേഷണം എങ്ങുമെത്തിയില്ല.


റൈറ്റ് ടു ഇന്‍ഫോര്‍മഷന്‍ ആക്ട് പ്രകാരം സാമൂഹ്യ പ്രവര്‍ത്തകനായ അഡ്വ. ഡി ബി ബിനു സമര്‍പ്പിച്ച അപേക്ഷയിലാണ് കോർപ്പറേഷനിലെ വ്യാപക ക്രമക്കേടിന്റെ ചിത്രം പുറത്തു വന്നത്.  ടോണി ചമ്മണി മേയറായിരിക്കുന്ന കാലയളവിലെ ഓഡിറ്റ് റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ഇപ്പോഴത്തെ മേയര്‍ സൗമിനി ജെയിന്‍ അന്ന് പൊതുമരാമത്ത് കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗമായിരുന്നുവെന്നതും റിപ്പോര്‍ട്ടിന്റെ പ്രസക്തി വര്‍ധിപ്പിക്കുന്നുണ്ട്. നഗരസഭയക്ക് നിയമപരമായി ലഭിക്കേണ്ട നികുതികള്‍ പിരിച്ചെടുക്കുന്നതിനും ഈടാക്കേണ്ട ഫീസുകള്‍ ചുമത്തി ഈടാക്കുന്നതിനും ആവശ്യമായ ശ്രദ്ധ ഭരണതലത്തില്‍ നിന്നുണ്ടാകാതിരുന്നതാണ് കോടിക്കണക്കിന് രൂപയുടെ നഷ്ടം കോർപ്പറേഷന് വരാന്‍ കാരണമാകുന്നതെന്നാണ് റിപ്പോര്‍ട്ടിലെ മറ്റൊരു  പരാമര്‍ശം.

kochi-6

kochi-8
വാടക- നികുതിയിനത്തില്‍ പരിച്ചെടുക്കാനുളളത് കോടികള്‍; പരസ്യ നികുതിയില്‍ മാത്രം പിരിഞ്ഞു കിട്ടാനുളളത് 3,34,63,212 കോടി


ഓഡിറ്റ് ചെയ്ത കണക്കുകള്‍ പ്രകാരം 2014-15 വര്‍ഷത്തെ ആകെ വരവ് 5,27,55,88,900,91 രൂപയും ആകെ ചെലവ് 3,82,31,36,905.00 രൂപയും ആണ് . മേല്‍പ്പറഞ്ഞ വരവ് ചെലവ് കണക്കുകള്‍ ഓഡിറ്റിന് വിധേയമാക്കിയതില്‍ 3, 1548,603 രൂപ നഗരസഭയുടെ വരവിനങ്ങളില്‍ നഷ്ടമുണ്ടായതായും 1 ,75,07,059 രൂപ ഓഡിറ്റില്‍ അംഗീകരിക്കാന്‍ സാധിക്കാത്ത വിധം ചെലവു ചെയ്തതായും കണ്ടെത്തുകയായിരുന്നു. വിവിധ കാരണങ്ങളാല്‍ 10,86,24,900 രൂപയുടെ ചെലവ് തടസ്സത്തില്‍ വെക്കുന്നതായും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.

kochi-5

kochi-7

കുടിശ്ശിക അടക്കം ആകെ പിരിഞ്ഞു കിട്ടിയ തുക (സെസ് അടക്കം) 104,76,18,952 രൂപയാണ്. മുന്‍ വര്‍ഷങ്ങളില്‍ കുടിശ്ശികയിനത്തില്‍ കിട്ടേണ്ടതായ നികുതികള്‍ സെസ് അടക്കം 86,74,32,496 രൂപയാണ്. 2014- 15 സാമ്പത്തിക വര്‍ഷാവസാനം നഗരസഭയ്ക്ക് നികുതിയിനത്തില്‍ തന്നെ 108, 32, 88,357 രൂപയോളം പിരിഞ്ഞു കിട്ടാനുണ്ട്.

kochi-9

kochi-12

വസ്തു നികുതിയിനത്തില്‍ തന്നെ മുന്‍ വര്‍ഷങ്ങളില്‍ 43,69,52,852 രൂപ പിരിച്ചെടുക്കേണ്ട സ്ഥാനത്ത് 15,85,80,875 രൂപ മാത്രം പിരിച്ചെടുക്കാനെ കോർപ്പറേഷന് കഴിഞ്ഞിട്ടുളളു. നഗരസഭയുടെ പ്രധാന തനത് വരുമാന മേഖലയായ വ്യാപാരികളുടെയും പ്രൊഫഷണലുകളുടെയും സ്ഥാപനങ്ങളുടെയും തൊഴില്‍ നികുതിയിനത്തില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 54, 14,07, 133 രൂപയാണ് ലഭിക്കേണ്ടത്.  ഇതില്‍ ഓഡിറ്റ് വര്‍ഷം 39,82,319 രൂപ മാത്രമേ പിരിഞ്ഞു കിട്ടിയുളളു. ഈ ഇനത്തില്‍ കുടിശ്ശിക തന്നെ 53, 74,24,814 രൂപയോളം പിരിഞ്ഞു കിട്ടാനുണ്ട് . ആ വര്‍ഷം തന്നെ ഈ ഇനത്തില്‍ 20,96,42,669 രൂപ പിരിഞ്ഞു കിട്ടാനുണ്ട്. ബാലന്‍സ് ഷീറ്റ് പ്രകാരം 747067483 രൂപയാണ് പിരിഞ്ഞു കിട്ടേണ്ടത്.

1994 ലെ കേരള മുനിസിപ്പാലിറ്റി നിയമത്തിലെ 442 ാം വകുപ്പ് പ്രകാരം നഗരസഭയ്ക്ക് കിട്ടേണ്ടതായ ഏതെങ്കിലും നികുതി നല്‍കുന്നതിന് വീഴ്ച വരുത്തിയാല്‍ ലൈസൻസ് പുതുക്കി നൽകാതിരിക്കാം. അതിനാൽ തന്നെ   ഇത്രയധികം തുക കുടിശ്ശിക വരുത്തുന്നത് ആശങ്കാ ജനകമാണെന്നും റിപ്പോര്‍ട്ടില്‍ പരാമർശിക്കുന്നുണ്ട്. നഗര പ്രദേശത്ത് പരസ്യം പ്രദര്‍ശിപ്പിക്കുന്നതിന് നഗരസഭ ചുമത്തിയ നികുതി വര്‍ഷാവസാനം 3,34,63,212 രൂപ പിരിഞ്ഞു കിട്ടാനുളളതായി കാണുന്നുണ്ട്. മുന്‍സിപ്പാലിറ്റി നിയമത്തിലെ 275 -ാം വകുപ്പ് പ്രകാരം ചുമത്തിയ നികുതി ഒടുക്കാതെ പ്രദര്‍ശിപ്പിക്കപ്പെട്ട പരസ്യം നീക്കം ചെയ്യേണ്ടതാണെന്ന കര്‍ശനമായ വ്യവസ്ഥയുളളപ്പോഴാണ് നടപടികള്‍ സ്വീകരിക്കാന്‍ കോപ്പറേഷന്‍ വിമുഖത കാണിക്കുന്നത്.

നഗരസഭ ലൈസന്‍സ് നല്‍കേണ്ടതായ സ്ഥാപനങ്ങള്‍ നഗര പരിധിയില്‍ ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിക്കുന്നു

ലൈസന്‍സ് നിര്‍ബന്ധമായ വ്യവസായങ്ങളും വ്യാപരങ്ങളും നഗര പരിധിയില്‍ ലൈസന്‍സില്ലാതെയാണ് പ്രവര്‍ത്തിക്കുന്നത്. ലൈസന്‍സ് ഫീസ് ഈടാക്കാതെ ലൈസന്‍സ് നല്‍കുന്ന പ്രവണത ഭരണ തലത്തില്‍ ഉണ്ടെന്നു നേരത്തെയും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

ഈ വര്‍ഷം തന്നെ ഈ ഇനത്തില്‍ കുടിശ്ശിക 2,66,104 രൂപയും മുന്‍വര്‍ഷങ്ങളിലെ ഈ ഇനത്തിലെ കുടിശ്ശിക 1,31,955 രൂപയുമാണ്. ഇതില്‍ നിന്നും കേരള മുന്‍സിപ്പാലിറ്റി നിയമം 447 ാം വകുപ്പ് പ്രകാരം ലൈസന്‍സ് നിര്‍ബന്ധമായ വ്യവസായങ്ങളും വ്യാപരങ്ങളും നഗര പരിധിയില്‍ ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിക്കുന്നതായി വാര്‍ഷിക കണക്കുകളില്‍ വ്യക്തമായി പ്രതിഫലിക്കുന്നുണ്ട്. നിയമപ്രകാരം രജിസ്‌ട്രേഷന്‍ ആവശ്യമായിട്ടുളള വിദ്യാഭ്യാസ സ്ഥാപനങ്ങളായ ട്യൂട്ടോറിയല്‍ സ്ഥാപനങ്ങള്‍, പാരലല്‍ കോളേജുകള്‍, പാരാ മെഡിക്കല്‍ സ്ഥാപനങ്ങള്‍ എന്നിവയും നഗരപ്രദേശത്ത് നഗര സഭയുടെ അനുമതിയില്ലാതെയും രജിസ്‌ട്രേഷന്‍ ഇല്ലാതെയും പ്രവര്‍ത്തിക്കുന്നതായി രേഖകൾ വ്യക്തമാക്കുന്നു.

ഓഫീസ് രേഖകള്‍ സൂക്ഷിക്കല്‍, പ്രൊജക്ടുകള്‍, ഫ്രണ്ട് ഓഫീസ് സേവനം, സേവനാവകാശ നിയമം, പൗരവകാശ രേഖ പ്രസിദ്ധീകരണം, വാര്‍ഡ് കേന്ദ്രങ്ങള്‍ സ്ഥാപിക്കല്‍, ക്ഷേമ പെന്‍ഷന്‍ വിതരണം, തൊഴിലുറുപ്പ് പദ്ധതി എന്നിവയിലും നഗര സഭയ്ക്ക് വീഴ്ച വന്നിട്ടുണ്ട്.

നിയമവിധേയമല്ലാതെ രൂപീകരിച്ച മേയേഴ്‌സ് ഡൈവലപ്പ്‌മെന്റ് ഫണ്ടില്‍ ഒരു കോടിയിലധികം രൂപയുടെ നീക്കിയിരിപ്പ്

കൊച്ചി കോര്‍പ്പറേഷനിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പണം കണ്ടെത്തുന്നതിനു വേണ്ടിയാണ് മേയേഴ്‌സ് ഡെവലപ്പ്‌മെന്റ് ഫണ്ട് രൂപീകരിച്ചത്. കേരള മുനിസിപ്പാലിറ്റി ആക്ടിലെ 51 -ാം വകുപ്പു പ്രകാരം മുനിസിപ്പാലിറ്റികള്‍ക്ക് വികസന പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുന്നതിന്റെ ഭാഗമായി പണമായോ വസ്തുക്കളായോ വിഭവ സമാഹരണം നടത്താവുന്നതാണെന്നും അതിനാല്‍ നഗരസഭാ ഫണ്ടില്‍ നിന്ന് വ്യത്യസ്തമായി ഒരു ഫണ്ട് രൂപീകരിക്കേണ്ടതില്ലെന്നും എല്‍എസ്ജിഡി പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ വ്യക്തമായ നിർദ്ദേശമുണ്ട്. എന്നാൽ ഈ നിർദ്ദേശം ലഭിച്ച ശേഷവും ഈ ഫണ്ടില്‍ നിന്നും ചെലവുകള്‍ നടത്തി. ഡെവലപ്പ്‌മെന്റ് ഫണ്ടിനായി എറണാകുളം അര്‍ബന്‍ കോ ഓപ്പറേറ്റീവ് ബാങ്ക് നമ്പര്‍ 7 ലുളള 152 -ാം നമ്പര്‍ എസ്ബി അക്കൗണ്ട് ക്ലോസ് ചെയ്തതിനു ശേഷമുളള 1, 01,71, 302. 85 രൂപ ഈ അക്കൗണ്ടിലേയ്ക്ക് മുതല്‍ കൂട്ടുകയോ ചെയ്തിട്ടില്ല. എസ്ബി അക്കൗണ്ടില്‍ സൂക്ഷിച്ചിട്ടുളള ഒരു കോടിയിലധികം തുക ടേം ഡിപ്പോസിറ്റ് ആക്കിയിരുന്നെങ്കില്‍ പലിശയിനത്തില്‍ കൂടുതല്‍ വരുമാനം ഉണ്ടാക്കാമായിരുന്നു.

ഇഷ്ടക്കാര്‍ക്ക് പണം അനുവദിക്കാന്‍ മേയേഴേസ് ഡെവലപ്പ്‌മെന്റ് ഫണ്ടിനു പുറമേ മേയേഴ്‌സ് റീഹാബിലിറ്റേഷന്‍ ഫണ്ടും

പൊതുജനങ്ങളില്‍ നിന്നും സംഭാവനകള്‍ മുനിസിപ്പല്‍ ഫണ്ടിന്റെ ഭാഗമാക്കേണ്ടതുണ്ടെന്ന ചട്ടം കാറ്റില്‍ പറത്തിയാണ് മേയേഴ്‌സ് റീഹാബിലിറ്റേഷന്‍ ഫണ്ടിന്റെ രൂപികരണം. പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി മേയേഴ്‌സ് റീഹാബിലിറ്റേഷന്‍ ഫണ്ട് എന്ന പേരില്‍ ഒരു ഫണ്ട് രൂപീകരിച്ച് നഗര സഭ അക്കൗണ്ടില്‍ നിന്ന് വേറിട്ട് പ്രത്യേക രസീത് ഉപയോഗിച്ച് പണം പിരിക്കുകയും പ്രത്യേക അക്കൗണ്ടില്‍ സൂക്ഷിക്കുകയും ചെയ്യുന്ന ഇപ്പോഴത്തെ രീതി തീര്‍ത്തും നിയമവിരുദ്ധമാണ്.

kochi-11

kochi-10

റിലയന്‍സ് ജിയോ ഇന്‍ഫോകോം കേബിളുകള്‍ സ്ഥാപിച്ചതിലും ക്രമക്കേട്: നഗരസഭയക്ക് വരുമാന നഷ്ടം കോടികള്‍


നഗര പരിധിയില്‍ ജിയോ ഇന്‍ഫോകോം ലിമിറ്റഡ് കേബിളുകള്‍ സ്ഥാപിച്ചതിലും വന്‍ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്ന ആരോപണം സ്ഥിരീകരിക്കുന്നതാണ് ഓഡിറ്റ് റിപ്പോർട്ടിലെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. 107-  184 കി. മീറ്റര്‍ നീളത്തില്‍ റോഡ് കഴിക്കുന്നതിന്   ഫീസായി 4-02- 2014 ല്‍ ഒരു കോടി 25 ലക്ഷം രൂപ മാത്രമാണ് റിലയന്‍സ് അടച്ചിട്ടുളളത്. നഗരസഭാ പരിധിയില്‍ കേബിള്‍ സ്ഥാപിക്കുന്നതിന് റോഡ് കട്ടിംഗ് ചാര്‍ജിനു പുറമേ തറവാടക, സര്‍വീസ് ടാക്‌സ് എന്നിവ ഈടാക്കണമെന്ന പതിവു റിലയന്‍സിന്റെ കാര്യത്തില്‍ അട്ടിമറിക്കപ്പെട്ടു. ഈ ഇനത്തില്‍ മാത്രം 1, 92,01,960 കോടിയാണ് നഗര സഭയുടെ നഷ്ടം.

kochi-2

റോഡ് കുഴിച്ചതിന് ആനുപാതികമായല്ല ചാര്‍ജ് ഈടാക്കിയതെന്നും ആക്ഷേപമുണ്ട്. 107- 184 കിലോമീറ്റര്‍ കേബിള്‍ സ്ഥാപിക്കുന്നതിന് അനുമതി നല്‍കിയതില്‍ 8.64 കി. മീറ്റര്‍ റോഡ് കട്ടിംഗ് പ്രവര്‍ത്തനങ്ങള്‍ മാത്രമാണ് ചെയ്തിട്ടുളളത്. നഗരസഭ കണക്കാക്കിയ റോഡ് കട്ടിംഗ് ഫീസ് 2, 76,82,560 രൂപയായിരിക്കേ ഒരു കോടി 25 ലക്ഷം രൂപ മാത്രമാണ് റിലയന്‍സ് അടച്ചത്. ഈ ഇനത്തില്‍ മാത്രം നഗര സഭയുടെ വരുമാന നഷ്ടം 1,51,82,560 രൂപയാണ്. റിലയന്‍സില്‍ നിന്ന് ബാക്കിയുളള തുക ഈടാക്കാനോ, ഈ തുക ഈടാക്കാന്‍ നടപടിയെടുക്കാതെ ഉദ്യോഗസ്ഥരില്‍ നിന്നും യാതൊരു വിശദീകരണമോ നഗര സഭ തേടിയിട്ടില്ല. തറവാടക ഈടാക്കാത്തതിനാല്‍, 40,19,400 രൂപയുടെയും സര്‍വ്വീസ് ടാക്‌സ് ഈടാക്കാത്തതിനാല്‍ 4,96,798 രൂപയുടെയും നഷ്ടവും കണക്കാക്കുന്നു. സര്‍ക്കാര്‍ ഉത്തരവിലെ വ്യവസ്ഥകള്‍ എല്ലാം തന്നെ മറികടന്നാണ് ഇത്തരത്തില്‍ റിലയന്‍സ് ജിയോ ഇന്‍ഫോകോം ലിമിറ്റഡ് കേബിളുകള്‍ സ്ഥാപിക്കാന്‍ അനുമതി നല്‍കിയതെന്നാണ് പ്രധാന ആക്ഷേപം. കേബിളുകള്‍ സ്ഥാപിച്ചതിലും നഗര സഭ ഫണ്ടിനുളള ലക്ഷ്യം 36,35,751 രൂപയാണ്.

പുനരധിവാസ പദ്ധതിക്കായി വാങ്ങിയത് തീരദേശ നിയന്ത്രണ മേഖലയില്‍ വരുന്ന (CRZ) സ്ഥലം; നഷ്ടം 1.11 കോടി

തീരദേശമേഖലയിലുളള പുറമ്പോക്ക് നിവാസികളെ പുനരധിവസിപ്പിക്കുന്നതിനായി നഗര സഭ സ്ഥലം വാങ്ങിയത് വേണ്ടത്ര അന്വേഷണം നടത്താതെ. സ്ഥലത്തിന്റെ ലൊക്കേഷന്‍ സംബന്ധിച്ച് ബില്‍ഡിംഗ് ഇന്‍സ്‌പെക്ടറുടെ പരിശോധനാ റിപ്പോര്‍ട്ട് പരിഗണിക്കാതെയാണ് സ്ഥലം വാങ്ങിയത്. ഈ വസ്തുവിന്റെ പിടിഞ്ഞാറെ അതിര്‍ത്തി കടല്‍ ഭിത്തിയാണെന്നും ലൊക്കേഷന്‍ മാപ് പ്രകാരം 15 മീറ്റര്‍ കിഴക്കു മാറിയുളള ഈ സ്ഥലത്തിന് കടല്‍ഭിത്തിയില്ലെന്നും ബില്‍ഡിംഗ് ഇന്‍സ്‌പെക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. CRZ ന്‍െ പരിധിയില്‍ വരുന്നതിനാല്‍ ഇവിടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങൾ നടത്തുന്നതിന് CRZ ക്ലിയറന്‍സ് ആവശ്യമാണെന്നിരിക്കെ അന്വേഷണം നടത്തുകയോ അനുമതി സര്‍ട്ടിഫിക്കറ്റ് ലഭിക്കുകയോ ചെയ്യാതെ തിടുക്കത്തില്‍ സ്ഥലം വാങ്ങുകയായിരുന്നു. ഒരു കോടിയിലധികം രൂപ ചെലവഴിച്ച് സ്ഥലം വാങ്ങിയെങ്കിലും പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ നടത്തിയില്ലെന്നതും വന്‍ അഴിമതിയിലേയ്ക്കാണ് വിരല്‍ ചൂണ്ടുന്നത്.

kochi-1
ആതുരസേവനങ്ങള്‍ക്ക് ഉപയോഗിക്കാനാകാത്ത ആംബുലന്‍സ്


കൊച്ചി നഗര സഭയുടെ KL- 07LF 1758 നമ്പര്‍ ആംബുലന്‍സ് വാഹനം പൊതുജനങ്ങൾക്ക് പ്രയോജനപ്പെടുന്നില്ലെന്നത് പ്രധാന ആക്ഷേപമായിരുന്നു. വാഹനം നഗര സഭയുടെ ആസ്തിയില്‍ പെടാത്തതിനാല്‍ നഗരസഭാ ഫണ്ടിൽ നിന്ന് തുക ചെലവഴിക്കുന്നില്ല. വാഹനത്തിന് നിയമാനുസൃതം സൂക്ഷിക്കേണ്ട ലോഗ് ബുക്ക് അടക്കം യാതോരു രേഖയും ഇല്ല. വാഹനം രജിസ്റ്റര്‍ ചെയ്ത നാള്‍ മുതല്‍ ഇന്നു വരെ യാതോരു വരവും ഈ വാഹനത്തിനില്ല. വാഹനം നഗരസഭയുടെ കാര്‍ പോര്‍ച്ചില്‍ ഉപയോഗിക്കാതെ പാര്‍ക്ക് ചെയ്തിരിക്കുകയാണ്.