കോഴിക്ക് കോഴ വാങ്ങിയ കേസ്; വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനു തന്നോടു വ്യക്തിവൈരാഗ്യമുണ്ടെന്ന് കെഎം മാണി

ആരെയും വഴിവിട്ടു സഹായിക്കുന്നതിനോ രക്ഷിക്കുന്നതിനോ താന്‍ ശ്രമിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു മന്ത്രിയായിരുന്ന വ്യക്തിക്കെതിരെ ഇങ്ങനെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുന്നത് ഇവിടത്തെ പാര്‍ട്ടികളും സര്‍ക്കാരും ഗൗരവമായി ചിന്തിക്കണമെന്നും കെ എം മാണി പറഞ്ഞു.

കോഴിക്ക് കോഴ വാങ്ങിയ കേസ്; വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനു തന്നോടു വ്യക്തിവൈരാഗ്യമുണ്ടെന്ന് കെഎം മാണി

അമ്പതു വര്‍ഷത്തെ പൊതുപ്രവര്‍ത്തന പാരമ്പര്യമുള്ള തനിക്കെതിരേ വ്യക്തിവൈരാഗ്യം മൂലമാണു വിജിലന്‍സ് ഡയറക്ടര്‍ കേസെടുത്തതെന്ന് മുന്‍ ധനകാര്യമന്ത്രിയും കേരള കോണ്‍ഗ്രസ്-എം ചെയര്‍മാനുമായ കെ.എം. മാണി. വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനു തന്നോടു വ്യക്തിവൈരാഗ്യമുണെ്ടന്നും കരുതിക്കൂട്ടിയും ഗൂഢാലോചനയുടെ ഫലവുമായാണു തനിക്കെതിരേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതെന്നും പാലായിലെ വസതിയില്‍ നടത്തിയ പത്രസമ്മേളനത്തിലാണ് അദ്ദേഹം പറഞ്ഞത്.


മുമ്പ് ജേക്കബ് തോമസ് മൈനര്‍ പോര്‍ട്ട് വകുപ്പില്‍ ഡയറക്ടറായിരിക്കെ അക്കാലത്ത് ഫിനാന്‍സ് ഇന്‍സ്‌പെക്ഷന്‍ വിംഗിന്റെ ശിപാര്‍ശയിന്മേല്‍ ധനകാര്യമന്ത്രിയായിരുന്ന താന്‍ അന്വേഷണത്തിന് ഉത്തരവിട്ടതിന്റെ പ്രതികാരമാണ് ഇപ്പോള്‍ അദ്ദേഹം തന്നോട് നടത്തുന്നതെന്നും മാണി പറഞ്ഞു. ഒരു മന്ത്രിയെന്ന നിലയില്‍ മുന്നില്‍വരുന്ന ഫയലില്‍ അന്വേഷണത്തിന് ഉത്തരവിടുക മാത്രമാണു താന്‍ ചെയ്തത്. എന്നാല്‍, താന്‍ ജേക്കബ് തോമസിനെതിരേ നടപടി എടുപ്പിച്ചു എന്ന തെറ്റായ ധാരണയില്‍ തന്നെ തേജോവധം ചെയ്യാന്‍ പലവിധ കേസുകളുമായി അദ്ദേഹം മുന്നിട്ടിറങ്ങിയിരിക്കുകയാണ്.

തനിക്കെതിരെയുള്ള നീക്കങ്ങളില്‍ ദുരൂഹതയുണ്ട്. ചിലയാളുകളുടെ ബന്ധുവും തീക്കോയി സ്വദേശിയുമായ ജേക്കബ് തോമസ് തന്നെ നിരന്തരം പരസ്യമായി ഭീഷണിപ്പെടുത്തുന്നതായും കെ.എം. മാണി സൂചിപ്പിച്ചു. എന്നാല്‍ കഴിഞ്ഞദിവസം വിജിലന്‍സ് ഉദ്യോഗസ്ഥര്‍ തന്നെ ചോദ്യംചെയ്ത് എഫ്‌ഐആര്‍ എടുത്തെന്ന് ഇന്നലെ മാധ്യമങ്ങള്‍ വഴിയാണ് അറിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.

ഇടതുപക്ഷ സര്‍ക്കാരിന്റെ കാലത്താണ് തോംസണ്‍ ഗ്രൂപ്പിന്റെ നികുതിവെട്ടിപ്പ് നടന്നത്. 32 കോടി രൂപയുടെ നികുതിവെട്ടിപ്പാണു നടന്നത്. ഇക്കാര്യം പുറത്തുകൊണ്ടുവന്നത് യുഡിഎഫ് ഗവണ്‍മെന്റാണ്. തട്ടിപ്പ് പുറത്തായതിനെ തുടര്‍ന്ന് പെനാല്‍റ്റിസഹിതം 64 കോടി അടയ്ക്കാന്‍ നിര്‍ദേശിച്ചു. ഇതിനെതിരേ അവര്‍ ഹൈക്കോടതിയെ സമീപിച്ചു. സ്റ്റാറ്റിയൂട്ടറിയായി നടപടി മുന്നോട്ടുപോകാന്‍ കോടതി നിര്‍ദേശിച്ചു. ഒരു മന്ത്രിയെന്ന നിലയില്‍ റവന്യൂ റിക്കവറിക്കു താന്‍ ശുപാര്‍ശ ചെയ്തു. അതിശനതുടര്‍ന്ന് അവര്‍ സുപ്രീം കോടതിയെ സമീപിച്ചു. കോടതിയില്‍ നിന്നും ഫൈനല്‍ അപ്പലറ്റ് അഥോറിറ്റി റീഅസസ്‌മെന്റ് നടത്തണമെന്നു നിര്‍ദേശംവന്നു. എന്നാല്‍ ഒറിജിനല്‍ തുക തന്നെ കെട്ടിവയ്ക്കാനാണു താന്‍ ധനകാര്യമന്ത്രിയായിരുന്ന ഗവണ്‍മെന്റ് നിലപാടു സ്വീകരിച്ചത്- മാണി പറഞ്ഞു.

എന്നാല്‍ ഇപ്പോള്‍ വാദി പ്രതിയായിരിക്കുകയാണെന്നും മാണി പറഞ്ഞു. ആയുര്‍വേദ മരുന്നുകമ്പനിക്കാരെ വഴിവിട്ടു സഹായിച്ചുവെന്നുള്ള ആരോപണവും തന്നെ അപമാനിക്കാന്‍ വേണ്ടിയാണെന്നും താന്‍ എന്തെങ്കിലും തീരുമാനം എടുത്തിട്ടുണ്ടെങ്കില്‍ അത് നിയമസഭയില്‍ ചര്‍ച്ചയ്ക്കുശേഷവും സബ്കമ്മിറ്റിയുടെ ശിപാര്‍ശയ്ക്കു ശേഷവുമാണെന്നും മാണി പറഞ്ഞു. ആരെയും വഴിവിട്ടു സഹായിക്കുന്നതിനോ രക്ഷിക്കുന്നതിനോ താന്‍ ശ്രമിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു മന്ത്രിയായിരുന്ന വ്യക്തിക്കെതിരെ ഇങ്ങനെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുന്നത് ഇവിടത്തെ പാര്‍ട്ടികളും സര്‍ക്കാരും ഗൗരവമായി ചിന്തിക്കണമെന്നും കെ എം മാണി പ്രസ്താവിച്ചു.

Read More >>