ഒരു കൂട്ടമാളുകൾ സദാചാര കവിതകൾ 'വായിക്കുന്നു'

ലോകം നന്നാക്കാനിറങ്ങിയിരിക്കുന്ന സാമൂഹിക ചിന്തകരും സാംസ്‌കാരിക നായകരും ആൾ ദൈവങ്ങളും മതവാദികളും സ്ത്രീപക്ഷചിന്തകരും സിവിൽസമൂഹ വിദഗ്ദ്ധന്മാരും പറയുന്നിടത്തല്ല മറ്റൊരിടത്താണ് ലോകം തെറ്റിപ്പോകുന്നതെന്ന് കിംഗ് ജോൺസിന്റെ കവിതകൾ അടിവരയിടുന്നു.

ഒരു കൂട്ടമാളുകൾ സദാചാര കവിതകൾ

എന്റെ സ്വപ്നത്തിലെ കവികളെ ഞാൻ കണ്ടുമുട്ടിയിട്ടേയില്ല. കിംഗ് ജോൺസ് എന്റെ സ്വപ്നത്തിലെ കവിയുമല്ല. എന്നാൽ അയാൾ എഴുതുന്ന ചില വരികൾ, വരികളിലെ കാഴ്ച പതിക്കുന്ന ചില ഇടങ്ങൾ എന്റെ സ്വപ്നത്തിലെ കവികൾ എഴുതാനിടയുള്ള വരികളുടെ, കാഴ്ചകളുടെ വിദൂരസാമ്യങ്ങളെ അല്പമായെങ്കിലും മുമ്പിൽ കൊണ്ടു വരുന്നു. കവിതയല്ലെന്നു തോന്നിപ്പിച്ചുകൊണ്ട് പരാജയപ്പെടുന്ന കിംഗ് ജോൺസിന്റെ കവിതകൾ വലിയ വിജയങ്ങൾ നിരന്തരം ആവർത്തിക്കുകയും മികച്ച കവിതകളേക്കാൾ സമീപഭാവിയിൽ മലയാളകവിതയിൽ ഇനിയും സംഭവിക്കാനിടയുള്ള മാറ്റങ്ങളെക്കുറിച്ചുള്ള സൂചനകൾ നൽക്കുന്നു. പലപ്പോഴും എകതാനതയുടെ എഴുത്തുകുഴികളിൽ വീണുപോകുന്നുണ്ടെങ്കിലും കാവ്യവാഹനത്തിന്റെ പോക്ക് ഒരുപ്പോക്ക് പോക്കാണ്. തലതെറിച്ച പോക്ക്.


സദാചാരകൃത്യത രാഷ്ട്രീയകൃത്യത കവിതയെഴുത്തിലെ കൃത്യത കവിതയെ കവിതയാക്കാനുള്ള ശ്രമത്തിലെ കൃത്യത ഈവിധമുള്ള ഒരുതരം കൃത്യതയുമില്ലാതെ കവിത ഇങ്ങനെയുമാകാമെന്ന് 'ഒരുപ്പോക്ക് പോകുന്ന പോക്കിൽ എടുത്തുകാട്ടുന്നു. സ്ത്രീവിരുദ്ധമാകുമെന്നോ ധാർമ്മികയുക്തികൾക്ക് വിരുദ്ധമാകുമെന്നൊ പേടിച്ചുവിറച്ചു കൊണ്ടല്ല കിംഗ് ജോൺസ് കവിതയെഴുതുന്നതെന്ന് കവിതകളിൽ നിന്നും മനസ്സിലാക്കാം. കാരണം, അയാളുടെ കവിതയിൽ അയാളില്ല. ഒരു മസിൽപിടുത്തവുമില്ലാതെ അധോലോകങ്ങളിലേക്ക് അയാൾ കവിതയെ തുറന്നിട്ടിരിക്കുന്നു. തിളങ്ങുന്നതിനും വാഴ്ത്തപ്പെട്ടതിനും സുഗന്ധം പൂശിയതിനുമെല്ലാം അടിത്തട്ടിൽ അളിഞ്ഞഴുകിപ്പുഴുത്തു കിടക്കുന്നതെല്ലാം അയാളുടെ കവിതയിലേക്ക് അടിച്ചു കേറുന്നു. അയാൾ അതിൽ പ്രതിയല്ല.

പുറമേ ഇസ്തിരിയിട്ട പകൽമാന്യതയും രഹസ്യമായി കുട്ടികളോടും സ്ത്രീകളോടും ജനാധിപത്യപ്രയോഗങ്ങൾ തിരിഞ്ഞു നോക്കാത്ത മനുഷ്യരോടും മണ്ണിനോടും മരങ്ങളോടും സർവ്വ അനീതികളും കാണിക്കുന്ന ഒരുവന് ഭിന്നലൈംഗികതയേയും ട്രാൻസ്‌ജെന്റർ എന്നും കേട്ടാൽ അറപ്പോടെ മുഖം തിരിച്ച് സൂര്യനുദിക്കാത്ത പാതിരാനേരങ്ങളിൽ അറപ്പുളവാക്കുന്ന സർവ്വ വൃത്തികേടുകളുടെയും വിളനിലമായി മാറുന്ന ഒരുവന്, ബസ്സിലും തീവണ്ടിയിലും സ്‌കൂളിലും കോളേജിലും സർവ്വകലാശാലകളിലും അധികാരത്തിന്റെ ഇടനാഴികളിലും പുണ്യവാളനായി പ്രത്യക്ഷപ്പെടുകയും തരം കിട്ടിയാൽ കൈകൾ കൊണ്ടും കണ്ണു കൊണ്ടും കാലു കൊണ്ടും മനസ്സു കൊണ്ടും ചെകുത്താനായി അഴിഞാടുകയും ചെയ്യുന്ന ഒരുവന്, കളളമോ കഞ്ചാവെന്നൊ കേട്ടാൽ ചെവിപൊത്തി വിശുദ്ധനായി ഞെളിയുന്ന, അധികാമെന്നും അഴിമതിയെന്നും പേരുള്ള മയക്കുമരുന്ന് കഴിച്ച് ലഹരിപിടിക്കുന്ന സന്മാർഗവാദിയായ ഒരുവന്, തന്റെ രഹസ്യ ജീവിതത്തിലെ 'അവനെ' കവിതയിൽ കിങ്ങ് കിംഗ് ജോൺസാണെ് ആരോപിച്ച് അയാളെ പ്രതിക്കൂട്ടിൽ നിർത്തി സ്വയം രക്ഷപ്പെട്ടേക്കാം. കവിത എങ്ങനെ വായിക്കണമെന്നു പഠിപ്പിക്കാൻ തൽക്കാലം ദുർഗുണപരിഹാര പാഠശാലകളിലേക്ക് അവനെ പറഞ്ഞു വിടാം.

ലോകം നന്നാക്കാനിറങ്ങിയിരിക്കുന്ന സാമൂഹിക ചിന്തകരും സാംസ്‌കാരിക നായകരും ആൾ ദൈവങ്ങളും മതവാദികളും സ്ത്രീപക്ഷചിന്തകരും സിവിൽസമൂഹ വിദഗ്ദ്ധന്മാരും പറയുന്നിടത്തല്ല മറ്റൊരിടത്താണ് ലോകം തെറ്റിപ്പോകുതെന്ന് കിംഗ് ജോൺസിന്റെ കവിതകൾ അടിവരയിടുന്നു. ഉള്ളൂർ എസ്. പരമേശ്വരയ്യർ അടക്കമുള്ള സാഹിത്യചരിത്ര രചയിതാക്കളും കാവ്യപാരമ്പര്യം വായിച്ചു പഠിക്കൂ എന്നുപദേശിക്കുന്ന കാവ്യഗുരുക്കന്മാരും പറയുന്ന എഴുത്തച്ഛൻ മുതലാരംഭിക്കുന്ന മഹാപാരമ്പര്യമല്ല ഇനിയും രേഖപ്പെടുത്തേണ്ടതും കണ്ടെടുക്കേണ്ടതുമായ പലകാരണങ്ങളാൽ മറയത്താക്കപ്പെട്ട മലയാളകവിതയുടെ അഴകും വൃത്തിയും കൃത്യതയുമില്ലാത്ത സമാന്തര ചരിത്രത്തിന്റെ പിന്തുടർച്ചയാണ് കിംഗ് ജോൺസിന്റെ കവിതയും.

സാബു ഷണ്മുഖം
ആയിരമാളുകൾ നടത്തുന്ന ധർണയെക്കാൾ, സമരങ്ങളെക്കാൾ, കോടതി അലക്ഷ്യമെന്ന് വകുപ്പ് ചുമത്തപ്പെടാവുന്ന പ്രസ്താവനകളെക്കാൾ കവിത ഇടപെടുന്നു.

ഹൻല്ലലത് അലൻ

ഒന്നിലോ രണ്ടിലോ ഇരിക്കാതെ നേരെ പത്താം തരത്തിലേക്ക് സഞ്ചരിച്ച കുട്ടിയാണു ജോൺസ്. തോറ്റെന്ന് ഉറപ്പുള്ളവരെ പരീക്ഷയ്ക്കിരുത്തുന്ന വിദ്യാലയത്തിന്റെ പ്രിൻസിപ്പൽ.

ശരത് പയ്യന്നൂർ

ജോൺസിന്റെ എല്ലാ കവിതകൾക്കും മുകളിലായി ഒരു കൊടിയടയാളം കാണാം. ഒരു നിഷേധിയുടെ ചോരച്ചുവപ്പ്. തോന്ന്യവാസം കാട്ടുന്ന സമൂഹത്തെ, ശരീരങ്ങളെ വാക്കുകളാൽ, ആശയങ്ങളാൽ, ഒളിപ്പോരാൽ നേരിടുന്ന ഗറില്ലയാണ് കിംഗ് ജോൺസ് അതുകൊണ്ട് കവിയെ വിചാരണ ചെയ്യുന്നവർ സ്വയം ചതിക്കപ്പെടുന്നു എന്ന് എപ്പോൾ തിരിച്ചറിയും.

ജയശങ്കർ എസ് അറയ്ക്കൽ

മൂർച്ചയേറിയ വാക്കുകൾ സങ്കുചിത മനസുകളിൽ രക്തച്ചൊരിച്ചിൽ ഉണ്ടാക്കും എന്നത് തീർച്ച. ശുഷ്‌ക്കിച്ച ചിന്താവലയത്തിനുള്ളിൽ നിന്നുകൊണ്ട് സൃഷ്ടികളെ അളക്കുന്ന, പ്രബുദ്ധർ എന്നും, പരിജ്ഞാനികൾ, തികഞ്ഞ വിമർശകർ എന്നും സ്വയം കരുതുവർ ശ്രദ്ധിക്കുക സൃഷ്ടിയെയും സൃഷ്ടി കർത്താവിനെയും മാനിക്കാതെ, ഇതിൽ 'അശ്ലീലം' മാത്രം കണ്ടെത്തിയ സദാചാരവാദികൾ ഈ കവിതകളുടെ തീക്ഷ്ണതയും അതിന്റെ ചുവപ്പും, പച്ചയായ ഭാഷാ പ്രയോഗവും നിങ്ങളിൽ ഉണർത്തിയത് മറ്റേതെങ്കിലും വിശിഷ്ടമായ വികാരം ആണെങ്കിൽ അത് നിങ്ങളുടെ ബലഹീനത ആണെന്ന് മനസിലാക്കുവാൻ വൈകരുത്. കാരണം, ഇത്തരം സൃഷ്ടികൾ കാലം ആവശ്യപ്പെടുവയാണ്. അതിനിയുമുാകും. ഒരു പക്ഷെ ഇതിലും തീവ്രമായി.

സൂരജ് എസ്

ജനാധിപത്യ നൈതികതയുടെ ഇക്കാലത്തും നമ്മുടെ നാട്ടിലും പുറത്തും സ്ത്രീകളും കുഞ്ഞുങ്ങളും അനുഭവിക്കുന്ന ലൈംഗികമായ വേട്ടയാടൽ പച്ചയായി ആവിഷ്‌കരിച്ചിരിക്കുന്ന ഈ കവിതകൾ പുരുഷകേന്ദ്രീകൃത അധികാരവ്യവസ്ഥയുടെ അമാനവികമായ കാ'ുനീതികളോടുള്ള അമർഷവും വെറുപ്പും വർദ്ധിപ്പിക്കുവാനും പ്രതികരിക്കുവാനുമാണ് എന്നോട് ഉദ്‌ബോധനം ചെയ്തത്. ഒരു തർക്കവുമില്ല. മറിച്ച് ആർക്കെങ്കിലും അനുഭവപ്പെട്ടെങ്കിൽ എനിക്കൊന്നും പറയാനില്ല. അതവരെ ഭരിക്കുന്ന കൃത്രിമ സദാചാരബോധം കൊണ്ടാകാം. ഈ കവിത മഞ്ഞയും കാവിയുമൊന്നുമല്ല. ചുവന്ന കവിതയാണ്. അനീതികൾ അഴിഞ്ഞാടു സമൂഹബോധത്തോടും നിയമവ്യവസ്ഥയോടും കപടസദാചാരത്തോടും പച്ചയായ ഭാഷയിൽ തുറന്ന് പ്രതിഷേധിക്കുന്നു. ലളിതവും സുതാര്യവുമായ ഈ വായനയിൽ കവിഞ്ഞൊന്നും എനിക്കനുഭവപ്പെട്ടില്ല. അതിന് ആധുനികാനന്തരമോ മറ്റേതെങ്കിലുമോ സിദ്ധാന്തങ്ങളുടെ സഹായമോ പിൻബലമോ ആവശ്യമായും വന്നിട്ടില്ല.

ഇ എസ് സതീശൻ

Juvenile delinquency എന്ന സങ്കേതത്തിലൂടെ ശരീരത്തിന്റെ പ്രകടവർണ്ണനയുൾപ്പെടെ അധികാരത്തെ രൂപക പുനഃർനിർമ്മിതി നടത്തുന്ന ഒരുപാട് കൃതികളുണ്ട്. വായിക്കുന്ന ഏവർക്കും അത് അത്ര ഇഷ്ടപ്പെടണമെന്നില്ല, എനിക്കും ഇഷ്ടമല്ല. പക്ഷെ അസ്വസ്ഥത ജനിപ്പിക്കാറുണ്ട്. മനസും ശരീരവും പ്രകടമായോ അല്ലാതെയോ വർണ്ണിച്ച് തന്നെ രൂപകനിർമ്മിതികളുള്ള ഒരുപാട് സൃഷ്ടികളുണ്ട്. സിനിമകളിൽ സോളോ.. സോദോം, ഹുമാനിറ്റി, നിംഫോമാനിക് തുടങ്ങി പലതും സൂചിപ്പിച്ചത് പോലെയാണ് സാഹിത്യത്തിലാണെങ്കിൽ ലോർഡ് ഓഫ് ദി ഫ്‌ളൈസ്, ഫ്‌ളവേഴ്‌സ് ഇൻ ദി ആറ്റിക്, സിമെന്റ് ഗാർഡൻ തുടങ്ങി ഒരുപാട് ഉദാഹരണങ്ങൾ നൽകാൻ കഴിയും.

ദേവദാസ് വി എം

ഒറ്റവായന, കിംഗ് ജോൺസിന്റെ കവിതയിൽ ധാർമ്മികരോഷവും സങ്കടവും കലിപ്പും കാണിക്കുന്നവരോട് സഹതാപത്തോടെ, ഇത് അശ്ലീലമാണെങ്കിൽ ഇതുപോലുള്ള അശ്ലീലങ്ങൾ ഇനിയുമിനിയും കവിതയിലും കഥയിലും ഉണ്ടാകട്ടെ എന്നും, ഇതിൽ അധികാരത്തിന്റെയും പുരുഷാധിപത്യത്തിന്റെയും പുരുഷനോട്ടങ്ങളെ കടന്ന് അതിനെയൊക്കെ സംഭ്രാന്തിയോടെ കണ്ട കണ്ണുകൾക്ക് എന്തെങ്കിലും നേർക്കാഴ്ച കിട്ടുമെന്നും ഉൽക്കടമായി ആഗ്രഹിച്ചുകൊണ്ട്.

രാജീവ് ചേലനാട്ട്

ഈ കവിതകളിൽ ചിലപ്പോൾ ചോര മണത്തേക്കാം കനത്ത നിശ്ശബ്ദ്തകൾ ഹൃദയമിടിപ്പു കൂട്ടിയേക്കാം, നിലവിളികൾ ഉറക്കം കെടുത്തിയേക്കാം. എങ്കിലും ഇത് കൈക്കൊള്ളുന്നു. പൂവും പൂമ്പാറ്റയും നിലാവും മാത്രമല്ലല്ലോ ജീവിതം അതുകൊണ്ട് തന്നെ കവിതയും.

അനുശ്രീ നികേഷ്

മതത്താലും മനുഷ്യനാലും വിലക്കപ്പെട്ട വാക്കുകളുടെ ക(ഖ)നിയാണു കിംഗ് ജോൺസിന്റെ കവിത. വിശുദ്ധിയും വിധേയത്വവും ഭീരുത്വവും അനുസരണശീലവുമുള്ളവരെ പാപബോധത്താലും കുറ്റബോധത്താലും അകം നീറ്റിയുണർത്തുന്ന രാസലായനി. ഭാഷയിലും ഭാവുകത്വത്തിലും നാം ചെയ്തുകൂട്ടിയ പാപങ്ങൾക്കുവേണ്ടി കവിതയുടെ കാൽവരി കയറിയ ഒരുവന്റെ ആണിപ്പാടുള്ള അരുളപ്പാടുകളാണു ഈ താളുകൾ നിറയെ. വാക്കുകളെ വീഞ്ഞാക്കിയെഴുതുന്ന വിദ്യകൊണ്ട് വായനക്കാരനെ മത്തുപിടിപ്പിക്കുന്ന അത്ഭുതപ്രവൃത്തിയൊന്നും ചെയ്യുന്നില്ല, ഈ കവി. പകരം അനുവാചകഭാവനയുടെ തോൽക്കുടങ്ങൾ നിറയെ നിറക്കലർപ്പില്ലാത്ത യാഥാർത്ഥ്യത്തിന്റെ പച്ചവെള്ളം നിറയ്ക്കുകയാണു ഇയാൾ. അഴിച്ചുമാറ്റുതിനും എടുത്തണിയുന്നതിനും ഇടയിൽ നാം നമ്മെത്തന്നെ നഗ്‌നമായി അഭിമുഖീകരിക്കേണ്ടതുണ്ട് എന്ന് കവി പരസ്യമായി ഓർമ്മപ്പെടുത്തുകയാണ്.

കിംഗ് ജോൺസിനെ വായിക്കുമ്പോൾ നിങ്ങൾക്ക് ഒരുപക്ഷേ, കാർക്കിച്ചുതുപ്പാൻ തോന്നിയേക്കാം, ഓക്കാനം വന്നേക്കാം, മനം പിരട്ടലുണ്ടായേക്കാം. നിങ്ങളുടെ വികാരങ്ങളെ അത് വന്യമായി ആക്രമിക്കാനുള്ള സാധ്യത വളരെ കൂടുതലാണു. തീർത്തും ദയാരഹിതമായ ഒരു ഇടപെടലാണു കിംഗിന്റെ പദകോശം നിങ്ങളുടെ ജീവകോശങ്ങളുമായി നടത്താൻ പോകുന്നത്. ഉദ്യാനത്തിനു നടുവിൽ നിൽക്കുന്ന ജീവന്റെ വൃക്ഷമാണിത്. ദൈവത്തെപ്പോലും ധിക്കരിച്ച ആദത്തിന്റെ ചങ്കുറപ്പുള്ളവർക്ക് ഇതിന്റെ ഫലം ഭക്ഷിക്കാം. ഏദനിൽനിന്നും പുറത്താക്കപ്പെട്ടാലും അവർ ജീവിക്കുകതന്നെ ചെയ്യും.

റ്റിജോ ഇല്ലിക്കൽ


ഒരു പാത്രസൃഷ്ടിപ്പിൽ അല്ലെങ്കിൽ പശ്ചാത്തല രൂപീകരണത്തിൽ ആശയാദാന പ്രക്രിയക്ക് എളുപ്പവും വ്യക്തതയുമുണ്ടാകത്തക്ക രീതിയിൽ ഒരെഴുത്താൾ ഇടപെടുന്നതിനെ എങ്ങനെയാണ് അതയാളിൽ അന്തർലീനമായ ബോധത്തിന്റെ പ്രശ്‌നമാണെന്ന് ആരോപിക്കുന്നതും നിരൂപണ വ്യംഗ്യേന തീർപ്പാക്കുന്നതും.? തന്റെ നിലപാടിന് പുറത്തു നിൽക്കുന്നവരോട് കാണിക്കുന്ന അസഹിഷ്ണുതയാണ് വലിയ അശ്ലീലം. നമ്മുടെ മിക്ക ചർച്ചകളിലും കാണുന്നത് ഈയൊരസഹിഷ്ണുത നിറഞ്ഞ ഒച്ചപ്പാടുകളാണ്.

നാമൂസ് പെരുവള്ളൂർ

കവിത വായിച്ചപ്പോൾ പെട്ടെന്നൊരു തോന്നലുണ്ടായത് പാമുഖിന്റെ ചുകപ്പാണെന്റെ പേര് എന്ന നോവലിന്റെ മറുവശം വായിക്കുകയാണ് എന്നാണ്. ഒരു കവിതയിൽ ഇത്രയും വലിയ ഒരു ചിത്രപടത്തുണി ഇഴചേർത്തു നെയ്യുന്ന ആ കൈവിരുതുണ്ടല്ലോ അത് പണ്ടൊരിക്കൽ ദോസ്‌റ്റൊവ്‌സ്‌കിയുടെ റോഡിയോ റസ്‌കാൾനിൽകാഫ് 'കുറ്റവും ശിക്ഷയും' ആ പാവം വൃദ്ധയെ കൊല്ലാൻ ഉപയോഗിച്ച തന്ത്രങ്ങളിൽപ്പോലും ഉണ്ടായിട്ടുണ്ടാകില്ല (ലോകസാഹിത്യത്തിലെ ശ്രദ്ധാപൂർണ്ണം നടത്തിയ ആദ്യത്തെ കൊലപാതകം planned murder?). ഈ കൃതികൾ വായിച്ചപ്പോഴും ഡ്രിനാ നദിക്കു മുകളിലെ പാലം വായിച്ചപ്പോഴും ഒക്കെയാണ് വല്ലാത്ത ഒരു തോന്നൽ ഉണ്ടായത് (വിസേഗ്രാദ് പണത്തിനെയും ഡ്രിനാനദിക്കു മുകളിലെ മെഹമെദ് പാഷാ സൊകൊലോവിക് പാലത്തിനെയും കേന്ദ്രമാക്കിക്കൊണ്ടുള്ള ഐവോ ആന്ദ്രിക്കിന്റെ പ്രശസ്ത യുഗോസ്ലാവിയൻ നോവൽ. ഒളിച്ചോടാൻ ശ്രമിക്കുന്ന ജോലിക്കാരനെ മുളംകുറ്റിയിൽ തറച്ചു കൊല്ലുന്നതിന്റെ ചിത്രം) ഞാൻ വായിച്ചത് തെറ്റിയോ എന്നുപോലും അറിയാത്തൊരവസ്ഥയാണ്.

അച്ച്യുതൻ വടക്കേടത്ത് രവി

വായനക്കാരനെ അവസാനം വരെ കൂടെകൊണ്ടുപോകണം. പക്ഷേ അതുകവിതയിൽ അവസാനിക്കണം. വായനക്കാരനെ ചിന്തകൊണ്ടും അപാരമായ കലാസ്പർശം കൊണ്ടും പുതിയ ലോകം കാണിച്ചുകൊടുക്കണം. ഏറ്റവും നല്ല മാനവികനായി സ്‌നാനപ്പെടുത്തി അവന്റെ വായനാമുറിയിൽ സ്വസ്ഥനാക്കണം. ചിന്തയിൽ നവലോകം പണിയുമ്പോഴും കലയുടെ ദർപ്പണത്തിൽ സൃഷ്ടി പരാജയപ്പെടാൻ പാടില്ല. കിംഗ് ജോൺസ് സാഹിത്യത്തിലെ അപഥസഞ്ചാരിയുടെ വേഷമണിഞ്ഞു സാഹിത്യമറിയാത്തവരുടെ കൈയ്യടി നേടാൻ ശ്രമിക്കുകയാണ്. സാഹിത്യ വിഷയം എന്തുമാകാം. പക്ഷേ മലയാള കവിതയുടെ വികാസപരിണാമം ഇങ്ങനെയാണെങ്കിൽ പിന്നെ വായനക്കാർക്ക് കൂട്ട ആത്മഹത്യ ചെയ്യേണ്ടിവരും

സതീശൻ ഇടക്കുടി

നൈരന്തര്യം ശീലിച്ചുപോയ ഒരു സമൂഹത്തിന്റെ മുന്നിലേക്കാണ് തീപ്പൊരി ചിതറുന്ന കവിത ജോൺസ് അവതരിപ്പിക്കുന്നത്. വ്യക്തമായ രാഷ്ട്രീയബോധ്യമുള്ള ഒരു വ്യക്തിക്ക് നൈരന്തര്യത്തെ പുനഃപരിശോധനയ്ക്ക് വിധേയമാക്കാതിരിക്കാനാവില്ല.

സലിം കൈതാൽ

Read More >>