'അന്യ'സംസ്ഥാന ജാസ്മിന് എന്തൊരു സുഗന്ധം!

ക്രിമിനലുകളും റേപ്പിസ്റ്റുകളും സംസ്‌ക്കാരം തകര്‍ക്കാന്‍ ഒരുമ്പെട്ടവരുമല്ല, ജാസ്മിനുമാരുമുണ്ട് ഇതര തൊഴിലാളികളായി കേരളത്തില്‍. അജിത് നീലാഞ്ജനം എഴുതുന്നു.

അജിത് നീലാഞ്ജനം

പ്രാതല്‍ ഒരുക്കുന്ന ഭാര്യയെ സഹായിക്കാന്‍ ഞാന്‍ അടുക്കളയില്‍ കയറുമ്പോള്‍ ഞങ്ങളുടെ റേഡിയോ ഇളവന്നൂര്‍ മഠത്തിലെ ഇണക്കുയിലേ എന്ന ഗാനം പാടുന്നുണ്ടായിരുന്നു.

സ്വപ്നത്തില്‍ ഞാന്‍ കണ്ട ജാസ്മിനെക്കുറിച്ചു പറയാനാണു പതിവില്ലാത്ത സഹായ വാഗ്ദാനം ഞാന്‍ നടത്തിയത്. എന്തെങ്കിലും സഹായം വേണോ എന്നു ചോദിച്ചപ്പോള്‍ തിളയ്ക്കുന്ന കറിയുടെ ഉപ്പു നോക്കുന്നതിനിടെ, പരത്തിയ പൂരി തിളച്ച വെളിച്ചെണ്ണയില്‍ പാകം ചെയ്യുന്നതിന്റെ, കാബേജ് അരിയുകയും കരഞ്ഞു കൊണ്ടു അവളുടെ കാലില്‍ ഉരുമ്മി ശ്രദ്ധ ക്ഷണിക്കുന്ന പൂച്ചയെ കാലുകൊണ്ടു തടുത്തു മാറ്റിയും ഇടയ്ക്ക് അതെല്ലാം അവിടെയിട്ട്, ഒരാളുടെ പിന്‍ബലമില്ലാതെ പ്രവര്‍ത്തിക്കാത്ത ഓട്ടോ മാറ്റിക് അലക്കുയന്ത്രത്തിനു ആത്മധൈര്യം പകര്‍ന്നും ഹേമ നിമിഷങ്ങള്‍ പാഴാക്കാതെ തിരക്കിലായിരുന്നു.


'എന്നാ ആ ചോറോന്നു വാര്‍ക്കാമോ?' ഞാന്‍ ഏറ്റവും ഭയപ്പെടുന്ന ഒരു ജോലിയാണു അവള്‍ പറഞ്ഞത്. അടച്ചൂറ്റിയും അരിക്കലവും തമ്മിലുള്ള ബാലന്‍സ് എന്നെ ഇപ്പോഴും കുഴക്കും. പ്രതീക്ഷിച്ച പ്രയാസമില്ലാതെ കാര്യം ചെയ്യാനായി.

ചന്നക്കറിയുടെ ഉപ്പു നോക്കുമ്പോള്‍ റേഡിയോ കുയിലിന്റെ മണിനാദം കേട്ടു എന്ന ഗാനത്തിലേക്ക് കടന്നിരുന്നു. തൊപ്പിയും ഇടുങ്ങിയ പാന്റും ഷര്‍ട്ടും ധരിച്ചു ഒരു തോക്ക് രണ്ടു കയ്യിലുമായി താഴ്ത്തി തുടകള്‍ക്കു സമാന്തരമായിപ്പിടിച്ചു കൂസലില്ലാതെ നടക്കുന്ന വേട്ടക്കരിയായ വിജയശ്രീയെ നോക്കി പ്രേംനസീര്‍ പാടുന്ന ആ ഗാനം എന്റെ മുഖത്ത് വരുത്തിയ അശ്ലീല ച്ചിരി കൊണ്ടാകണം എരുവ് ശിരസ്സില്‍ കയറി. ആ തമാശ അപ്പോള്‍ അവളോട് പറയാന്‍ നിന്നില്ല. അതിനേക്കാള്‍ ഗൗരവമുള്ള ഒരു കഥ എനിക്കു പറയാന്‍ ഉണ്ടായിരുന്നു. പക്ഷെ ഞാന്‍ ഉദ്ദേശിക്കുന്ന ഒരു പ്രതികരണം അവളില്‍ നിന്നുണ്ടാകുമോ എന്ന കാര്യത്തില്‍ ഞാന്‍ സംശയാലുവായിരുന്നു.

പലപ്പോഴും എന്റെ കഥകള്‍ ഞാന്‍ ഉദ്ദേശിക്കുന്ന ഒരു വൈകാരികതയോടെ അവളെ അനുഭവിപ്പിക്കാന്‍ എനിക്കാകാറില്ല. പതിവു മുഖവുരകളോടെ ഞാന്‍ തുടങ്ങുന്നതിനു മുന്‍പേ എനിക്കെന്തോ പറയാനുണ്ടെന്ന് അവള്‍ മനസ്സിലാക്കിയിരുന്നു. എന്റെ മേലുദ്യോഗസ്ഥനും സര്‍വോപരി സുഹൃത്തും അഭ്യുദയാകാംക്ഷിയുമായ അദ്ദേഹം പറഞ്ഞ കഥയിലെ നായികയായ ഞാനൊരിക്കലും കണ്ടിട്ടില്ലാത്ത ജാസ്മിനെ ഇന്നലെ രാത്രി സ്വപ്നത്തില്‍ ബ്രോഡ്വേയിലെ തെരുവില്‍ ഞാന്‍ കണ്ടു എന്ന് പറഞ്ഞില്ല.

ഒരേ പ്രായത്തിലുള്ള മൂന്നു ആണ്‍കുട്ടികളുടെ അച്ഛനായ എന്റെ സുഹൃത്തിനെ ഹേമ ഒരിക്കല്‍ കണ്ടിട്ടുണ്ട്. മക്കള്‍ക്ക് ഒന്നര വയസ്സിനിടെ അഞ്ചോളം ഹോം നഴ്‌സുമാര്‍ അദ്ദേഹത്തിന്റെ വീട്ടിലെ സേവനം മതിയാക്കിപ്പോയിക്കഴിഞ്ഞു. അത്തരുണത്തിലാണ് ഹൈദരാബാദ് സ്വദേശിയായ അത്ര വലുതല്ലാത്ത ഒരു ഹോംനഴ്‌സിംഗ് സ്ഥാപനത്തില്‍ തലേന്നു വന്നെത്തിയ ഭാഷ പോലുമറിയാത്ത പതിനേഴുകാരി ജാസ്മിന്‍ എന്ന പെണ്‍കുട്ടിയെ ആവശ്യത്തിനു രേഖകള്‍ ഉണ്ടെന്ന ഉറപ്പില്‍ അദ്ദേഹം വീട്ടിലേക്കു കൊണ്ടു പോന്നത്. ദിവസങ്ങള്‍ക്കുള്ളില്‍ സംസാര ഭാഷയ്ക്കും അപ്പുറമുള്ള സ്‌നേഹത്തിന്റെ ഭാഷ കൊണ്ട് അവള്‍ മൂന്നു കുഞ്ഞുങ്ങളെയും മാതാ പിതാക്കളെയും കയ്യിലാക്കി. വളരെ ഇഷ്ടപ്പെട്ട കളിപ്പാട്ടങ്ങള്‍ സമ്മാനം കിട്ടിയ കുട്ടിയുടെ ഭാവമായിരുന്നു അവള്‍ക്ക് അപ്പോഴുണ്ടായിരുന്നതെന്ന എന്റെ സങ്കല്പം ഞാന്‍ പങ്കുവെച്ചില്ല.

അലക്കുയന്ത്രം തുടര്‍ച്ചയായി വിസില്‍ മുഴക്കി വിളിച്ചപ്പോള്‍ അതിനകം കാബേജ് തോരനിലെക്കും പാല്‍ തിളപ്പിക്കുന്നതിലേക്കും കടന്ന ഹേമ, ഇപ്പൊ വരാം... ഒന്ന് നോക്കിക്കോണേ എന്നു പറഞ്ഞു അലക്കുയന്ത്രത്തെ സമാശ്വസിപ്പിക്കാന്‍ ഓടി. ഇത്ര പ്രായമല്ലേ ആയുള്ളൂ, നിനക്ക് ഒന്നുമില്ല എന്നൊക്കെ പറയുന്നത് പോലെ അവള്‍ ഏതൊക്കെയോ സ്വിച്ച് ഓഫ്ചെയുതും ഓണ്‍ ആക്കിയും അവനെ ശാന്തനാക്കി.. അപ്പോള്‍ റേഡിയോ സ്വപ്നങ്ങളെ വീണുറങ്ങൂ എന്ന പാട്ടാണ് പാടിക്കൊണ്ടിരുന്നത്. എനിക്കാ പാട്ട് പണ്ട് മുതലേ ഇഷ്ടമായിരുന്നില്ല.. പല്ലവിയുടെ അവസാനം 'ഇനിയുറങ്ങൂ ..വീണുറങ്ങൂ ' എന്നാവര്‍ത്തിക്കുമ്പോള്‍ സ്വപ്നവും മോഹവും ആജ്ഞ അനുസരിച്ച് എഴുന്നേല്‍ക്കുകയും ഇരിക്കുയും ചെയ്യുന്ന ഒന്നാണെന്ന തോന്നല്‍ ഉണ്ടാക്കുന്നതാണ് കാരണം എന്ന് ഹേമയോട് പറയണം എന്നാശിച്ചെങ്കിലും പറഞ്ഞു തുടങ്ങിയ കഥയുടെ പിരിമുറുക്കം കുറഞ്ഞാലോ എന്ന് കരുതി മറ്റൊരു അവസരത്തിലേക്ക് മാറ്റി.

ചുവരിലെ ക്ലോക്കിലേക്ക് നോക്കിക്കൊണ്ട് ആ എന്നിട്ട്? എന്ന് ഹേമ തുടരാനുള്ള സിഗ്‌നല്‍ തന്നു.

അദ്ദേഹത്തിന്റെ മൂന്നു മക്കളില്‍ അല്പം ആരോഗ്യക്കുറവുണ്ടായിരുന്ന, മൂന്നു പേരില്‍ പിന്നോക്കക്കാരനായ ഒരുവനെയാണ് ജാസ്മിന്‍ കൂടുതല്‍ ശ്രദ്ധിച്ചത്. മൂന്നുമാസക്കാലംകൊണ്ട് അവന്റെ ആരോഗ്യ നിലയില്‍ അഭിവൃദ്ധികരമായ മാറ്റം കൊണ്ടുവരാന്‍ അവള്‍ക്ക് കഴിഞ്ഞു. രണ്ടാനമ്മയുടെ പീഡനങ്ങളും അച്ഛന്റെ സ്‌നേഹക്കുറവുകളും കൊണ്ട് പൊറുതിമുട്ടി നാട് വിട്ട അവളെ ഒരു അനുജത്തിയായിക്കണ്ട് കഴിയുമെങ്കില്‍ അവളുടെ മതവിഭാഗത്തില്‍പ്പെട്ട ഒരാള്‍ക്ക് വിവാഹം ചെയ്തു കൊടുക്കണം എന്നു വരെ എന്റെ സുഹൃത്ത് നിശ്ചയിച്ചു. പക്ഷെ പോകെപ്പോകെ അവളുടെ സ്വഭാവത്തില്‍ ചില വ്യത്യാസങ്ങള്‍ കണ്ടു തുടങ്ങി. സുഹൃത്തിന്റെ ഭാര്യയോടു തട്ടിക്കയറുക, അവരോടുള്ള ദേഷ്യത്തിന് പച്ച മുളക് കടിച്ച ചവച്ചു തിന്നുക, നിസ്സാര കാര്യങ്ങളില്‍ കലഹിച്ചു ഹിസ്റ്റീരിയ ബാധിച്ച പോലെ പെരുമാറുക തുടങ്ങി അവളില്‍ പ്രകടമായ പുതിയ സ്വഭാവങ്ങള്‍ മൊത്തത്തിലുള്ള അസ്വാരസ്യത്തിനു കാരണമായി.

അത്തരം അവസ്ഥകളിലാണ് ഒരാള്‍ നമുക്ക് എത്രമാത്രം അന്യനാണെന്ന് പലരും തിരിച്ചറിയുന്നത്. എന്റെ സുഹൃത്ത് പറഞ്ഞല്ലാതെ അദ്ദേഹത്തിന്റെ ഭാര്യ പറയുന്ന ഒന്നും തന്നെ അനുസരിക്കില്ല എന്നവള്‍ വാശി പിടിച്ചു തുടങ്ങി. അതോടെ കുടുംബ ജീവിതം തകരാറിലാക്കിയുള്ള അലിവ് ആരോഗ്യകരമല്ലെന്നു മനസ്സിലാക്കിയ എന്റെ സുഹൃത്ത് ഒരു വിധത്തിലും പറഞ്ഞു നേര്‍വഴിക്കു കൊണ്ടുവരാനാകാത്ത അവളെ തിരികെ ഹോം നേഴ്‌സിംഗ് സ്ഥാപനത്തില്‍ അയയ്ക്കാന്‍ തീരുമാനം എടുത്തു. താന്‍ ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയ അവളെ അനുനയത്തില്‍ സ്ഥാപനത്തില്‍ എത്തിച്ചുവെന്നു സുഹൃത്ത് പറഞ്ഞപ്പോള്‍, സ്‌നേഹത്തോടെ ചേര്‍ത്ത് പിടിച്ചു ചാക്കിലാക്കി കൊണ്ട് കളഞ്ഞ എന്റെ പൂച്ചയെ ഞാന്‍ ഓര്‍ത്തു. വളരെ വിഷമത്തോടെയാണ് എന്റെ സുഹൃത്തിന്റെ കുടുംബം അത്തരം അവസ്ഥ അഭിമുഖീകരിച്ചത്. അവര്‍ സ്‌നേഹപൂര്‍വ്വം അവള്‍ക്കു കൊടുത്ത പണം അവള്‍ കരഞ്ഞു കൊണ്ട് വലിച്ചെറിഞ്ഞു.

പിറ്റേന്ന് രാവിലെ നഗരത്തിലെ പോലീസ് സ്റ്റേഷനില്‍ നിന്നു സുഹൃത്തിനെ വിളിക്കുകയും നിങ്ങളുടെ വീട്ടില്‍ സേവനത്തിനു നിന്ന പെണ്‍കുട്ടി ഞങ്ങളുടെ കസ്റ്റഡിയില്‍ ഉണ്ടെന്നും വല്ലതും മോഷണം പോയിട്ടുണ്ടോ എന്ന് അന്വേഷിക്കുകയും ചെയ്തു. അവര്‍ ആവശ്യപ്പെട്ടതനുസരിച്ച് സ്റ്റേഷനില്‍ അദ്ദേഹം എത്തിയപ്പോള്‍ ഒന്നു രണ്ടു ബാഗുകള്‍ക്കിടയില്‍ അവള്‍ കൂസലില്ലാതെ ഇരിപ്പുണ്ടായിരുന്നു. സുഹൃത്തിനെ കണ്ട മാത്രയില്‍ മുഖം നിറഞ്ഞ ചിരിയോടെ ബാബു ആഗയാ എന്ന് പറഞ്ഞെങ്കിലും നിമിഷ നേരത്തിനുള്ളില്‍ മുഖം പരിഭവം നിറച്ചു. എന്റെ സുഹൃത്ത് വിവരങ്ങള്‍ പറഞ്ഞതനുസരിച്ച് പോലീസ് സ്ഥാപന ഉടമയെ വിളിച്ചു അന്വേഷിച്ചപ്പോള്‍ അവള്‍ അവിടെനിന്നും ഇന്നലെ വൈകുന്നേരം നിര്‍ബന്ധപൂര്‍വം ഇറങ്ങി എന്നാണു അറിഞ്ഞത്. രാത്രി തെരുവില്‍ അലഞ്ഞു നടക്കുമ്പോഴാണ് അവള്‍ പോലീസിന്റെ പിടിയില്‍ അകപ്പെടുന്നത്. എന്റെ സുഹൃത്തിന്റെ അവസ്ഥ മനസ്സിലാക്കിയ പോലീസ് അയാളോട് പൊയ്‌ക്കൊള്ളാന്‍ പറഞ്ഞു. അവളെ കോടതിയില്‍ ഹാജരാക്കിയ ശേഷം ഉത്തരവാദിത്തപ്പെട്ടവര്‍ വരുന്നത് വരെ ഏതെങ്കിലും റെസ്‌ക്യൂഹോമില്‍ അഭയം നല്‍കുമെന്നും അവര്‍ സമാധാനിപ്പിച്ചു.

ഈസമയത്ത് മലയാളത്തിലുള്ള അവരുടെ സംഭാഷണങ്ങളില്‍ അല്പം പോലും താല്പര്യം പ്രദര്‍ശിപ്പിക്കാതെ കഴിച്ചുകൂട്ടിയ അവള്‍ തന്റെ ബാഗ് തുറന്നു നിരത്തില്‍ നിന്നും വാങ്ങിയ കുറെ കളിപ്പാട്ടങ്ങള്‍ അയാള്‍ക്ക് കൊടുത്തു. ഓരോന്നും ഓരോ കുഞ്ഞുങ്ങള്‍ക്കും വേണ്ടി വാങ്ങിയതാണെന്ന് പറഞ്ഞു അവള്‍ പങ്കു വെച്ച് ഏല്‍പ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ അയാള്‍ കരയാതിരിക്കാന്‍ പണിപ്പെട്ടു. ആ സമയത്താണ് പോലീസിന്റെ നോട്ടം അവളുടെ ബാഗില്‍ എത്തിയത്. ഒന്നും തന്നെ മോഷണം പോയിട്ടില്ല എന്നയാള്‍ തീര്‍ത്തു പറഞ്ഞെങ്കിലും അവര്‍ അവളുടെ ബാഗ് തുറന്നു പരിശോധിച്ചു. ബാഗില്‍ ഉണ്ടായിരുന്ന ഒരു നോട്ട് പുസ്തകത്തിലെ താളില്‍ എഴുതിയിരുന്ന ഫോണ്‍ നമ്പറുകള്‍ അയാളുടെതാണോ എന്ന് പോലീസ് തിരക്കി. എന്റെ സുഹൃത്തിന്റെയും ഭാര്യയുടെയും നമ്പറുകള്‍ മാത്രമാണ് ആ പുസ്തകത്തില്‍ എഴുതിയിരുന്നത്. വനിതാ പോലീസ് ഇന്‍സ്‌പെക്ടര്‍ ആ താളു കീറി അയാളെ ഏല്‍പ്പിക്കുമ്പോള്‍ ലോകത്ത് തനിക്കാകെയുള്ള ബന്ധം പോലും അവസാനിക്കുകയാണെന്ന ബോധം അവളുടെ നില തെറ്റിച്ചെങ്കിലും കൈവീശിയുള്ള ഒരൊറ്റ അടികൊണ്ട് അത് നിയന്ത്രിക്കാന്‍ പോലീസിനു കഴിഞ്ഞു.

കഥ ഞാന്‍ പറഞ്ഞു തീരുന്നതിനിടയില്‍ ഹേമ കുഞ്ഞുണ്ണിക്ക് സോക്‌സ് കണ്ടു പിടിച്ചു കൊടുക്കാനും അവനും അവള്‍ക്കുംമകള്‍ക്കുമുള്ള ഉച്ചയൂണ് പാത്രങ്ങളില്‍ ആക്കാനും കുടിക്കാനുള്ള വെള്ളം തിളപ്പിച്ച് വെയ്ക്കാനും പ്രാതല്‍ മേശപ്പുറത്ത് എത്തിക്കാനും സമയം കണ്ടെത്തിയിരുന്നു.

ഇതുങ്ങളെയൊന്നും വിശ്വസിക്കാന്‍ പറ്റില്ല. നാളെ വേറെ വല്ല കേസും അവളുണ്ടാക്കില്ല എന്നെങ്ങനെ വിശ്വസിക്കും, ഒന്നും മോഷ്ടിക്കാതിരുന്നത് ഭാഗ്യം എന്നൊക്കെയാണ് ഞാന്‍ പ്രതീക്ഷിച്ചത് . തിരക്കിനിടയില്‍ ആയതു കൊണ്ടാകാം അവളൊന്നു ചിരിച്ചതേയുള്ളൂ. കഴിക്കാനിരുന്നോളൂ എന്ന് പറഞ്ഞു ചായ കപ്പിലാക്കി ഡൈനിങ്ങ് മേശമേല്‍ കൊണ്ട് വെച്ച് തോര്‍ത്ത് എടുത്തു കുളിമുറിയിലേക്ക് കടക്കുമ്പോള്‍ അവള്‍ ചോദിച്ചു.

'ആ കുഞ്ഞിനു ഇപ്പോള്‍ നല്ല ആരോഗ്യമായോ?' ഇന്നു രണ്ടാം ക്ലാസ്സില്‍ പഠിക്കുന്ന മൂന്നാളില്‍ അവനാണ് കൂടുതല്‍ വികൃതിയും ഊര്‍ജ്ജസ്വലനും എന്ന അറിവ് ഞാന്‍ പങ്കു വെച്ചു. റേഡിയോ ഇതിനകം പുലയനാര്‍ മണിയമ്മ, സന്ധ്യയ്‌ക്കെന്തിന് സിന്ദൂരം ഒക്കെ കഴിഞ്ഞു സ്വപ്നങ്ങള്‍ പാടാന്‍ തുടങ്ങിയിരുന്നു. ആ ഗാനത്തിന്റെ പശ്ചാത്തലത്തില്‍ ഞാന്‍ പ്രഭാത ഭക്ഷണം കഴിക്കുമ്പോള്‍ ജാസ്മിന്‍ ഒരു വെറും കഥ മാത്രമായി അവസാനിച്ചു കഴിഞ്ഞിരുന്നു. തോട്ടത്തില്‍ നിന്നും പറിച്ച പച്ചമുളകുകള്‍ മേശപ്പുറത്തു കഴുകി നിരത്തി വെച്ചിരുന്നതില്‍ നിന്ന് ഒന്ന് രണ്ടെണ്ണം എടുത്തു കടിച്ചു ചവച്ചു തിന്നാല്‍ എങ്ങനെയിരിക്കും എന്ന് ഞാന്‍ ചിന്തിക്കാതിരുന്നില്ല.