സ്റ്റുഡന്റ് പോലീസ്, പുണ്യം പൂങ്കാവനം പദ്ധതികളില്‍ അഴിമതി; സ്റ്റുഡന്റ് പോലീസ് പദ്ധതിയുടെ പേരില്‍ 2014ല്‍ ഇന്ത്യന്‍ ഓഫ് ഇയര്‍ പുരസ്‌കാരം ലഭിച്ച ഡിഐജി വിജയനെതിരെ വിജിലന്‍സ് ത്വരിതപരിശോധന

തൃശ്ശൂര്‍ പോലീസ് അക്കാദമി ഡിഐജി പി വിജയനെതിരെയാണ് ത്വരിത പരിശോധനയ്ക്ക് വിജിലന്‍സ് ഉത്തരവിട്ടത്. സ്റ്റുഡന്റ് പോലീസ് നോഡല്‍ ഓഫീസറായിരിക്കെ നടത്തിയ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം

സ്റ്റുഡന്റ് പോലീസ്, പുണ്യം പൂങ്കാവനം പദ്ധതികളില്‍ അഴിമതി; സ്റ്റുഡന്റ് പോലീസ് പദ്ധതിയുടെ പേരില്‍ 2014ല്‍ ഇന്ത്യന്‍ ഓഫ് ഇയര്‍ പുരസ്‌കാരം ലഭിച്ച ഡിഐജി വിജയനെതിരെ  വിജിലന്‍സ് ത്വരിതപരിശോധന

കൊച്ചി: മുന്‍ മന്ത്രി ബാബുവിന് പിന്നാലെ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ശക്തമാക്കി വിജിലന്‍സ്. അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് തൃശ്ശൂര്‍ പോലീസ് അക്കാദമി ഡിഐജി പി വിജയനെതിരെയാണ് ത്വരിത പരിശോധനയ്ക്ക് വിജിലന്‍സ് ഉത്തരവിട്ടത്. സ്റ്റുഡന്റ് പോലീസ് നോഡല്‍ ഓഫീസറായിരിക്കെ നടത്തിയ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം. നേരത്തെ സിഎന്‍എന്‍ഐബിഎന്‍ ചാനല്‍ നടത്തിയ ഇന്ത്യന്‍ ഓഫ് ഇയര്‍ പുരസ്‌ക്കാരം 2014ല്‍ വിജയന് ലഭിച്ചിരുന്നു. ഓണ്‍ലൈനിലൂടെ മാസങ്ങളോളം നടന്ന തിരഞ്ഞെടുപ്പിനെ തുടര്‍ന്നാണ് വിജയന്‍ തിരഞ്ഞെടുക്കപ്പെട്ടത്. സ്റ്റുഡന്റ് പോലീസ് പദ്ധതിയാണ് വിജയനെ ഇതിന് അര്‍ഹനാക്കിയത്.


സ്റ്റുഡന്റ് പോലീസ് പദ്ധതിക്ക് കോടികളാണ് സര്‍ക്കാര്‍ വിഹിതമായി ലഭിച്ചത്. എന്നാല്‍ ഇത് വിജയന്‍ വകമാറ്റി ചിലവഴിച്ചുവെന്നാണ് പരാതി. സ്റ്റുഡന്റ് പോലീസ് ക്യാമ്പുകള്‍ സംഘടിപ്പിക്കുമ്പോള്‍ ബന്ധപ്പെട്ട സംഘാടപരും ഡിവൈ എസ്പിമാരും പരിപാടിക്കുള്ള പണം കണ്ടെത്തണം. പിരിച്ച് കിട്ടുന്ന പണം കൊണ്ട് പരിപാടി വിജയിപ്പിക്കും തുടര്‍ന്ന് ബില്‍ കൈമാറി സര്‍ക്കാര്‍ ഫണ്ട് സ്വന്തമാക്കും. എന്നാല്‍ ഗവണ്‍മെന്റില്‍നിന്ന് ലഭിക്കുന്ന പണം സംഘാടകര്‍ക്ക് കൈമാറിയിരുന്നില്ല. ഇതിനെക്കുറിച്ച് ആക്ഷേപം ശക്തമായതിനെ തുടര്‍ന്ന് വിജയനെ സ്റ്റുഡന്റ് പോലീസ് നോഡല്‍ ഓഫീസര്‍ സ്ഥാനത്തുനിന്ന് മാറ്റിയിരുന്നു. നിലവില്‍ പദ്ധതിയുടെ ചുമതല കമ്മിറ്റിക്കാണ് കൈമാറിയിരിക്കുന്നത്. ഇതില്‍ ഒരു അംഗം മാത്രമാണ് വിജയന്‍.

ശബരിമലയില്‍ പുണ്ണ്യം പൂങ്കാവനം പദ്ധതിയിലും അഴിമതിയുണ്ടെന്ന് വിജിലന്‍സിന് വിവരം ലഭിച്ചിരുന്നു. രണ്ട് പദ്ധതികളിലുമായി നടന്ന അഴിമതിയുടെ വിവരങ്ങള്‍ ശേഖരിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കി നല്‍കാന്‍ വിജിലന്‍സ് സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റിനോട് ഡയര്‍ക്ടര്‍ ജേക്കബ് തോമസ് ആവശ്യപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞ ദിവസം കെ ബാബുവിനെതിരെ അനധികൃത സ്വത്ത് സമ്പാദനക്കേസ് അന്വേഷിക്കാനുള്ള വിജിലന്‍സ് കോടതി ഉത്തരവ് വിജിലന്‍സ് എസ്പി ആയിരുന്ന ആര്‍ നിശാന്തിനി പൂഴ്ത്തിയതായി വിജിലന്‍സ് കണ്ടെത്തിയിരുന്നു. നിശാന്തിനിക്കെതിരെയുള്ള നീക്കങ്ങള്‍ ശക്തമാക്കിയതിന് തൊട്ടുപിന്നാലെയാണ് വിജയനെതിരെയുള്ള വിജിലന്‍സ് നടപടി. മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.

Read More >>