കുറ്റിച്ചൂലും സ്വാതിതിരുനാളും

ഒരു ഭരണകക്ഷിക്ക് അനഭിമതനാകുന്നവർ എത്ര കൊടിയ കുറ്റം ചെയ്തവരായാലും ഇവിടെ അടുത്ത ഭരണകക്ഷിക്കു പ്രിയങ്കരനാകും! ജനപ്രിയ തെരുവുനാടകങ്ങൾ കാട്ടിക്കൂട്ടുന്നവരെ ജനം കൈയ്യടിച്ചു പ്രോൽസാഹിപ്പിക്കും. കുറ്റാരോപിതനെ കത്തിച്ച സ്റ്റൗവിൽ ഇരുത്തുക മുതലായ 'ശാസ്ത്രീയ കുറ്റാന്വേഷണ രീതികൾ'ക്കു നേതൃത്വം കൊടുത്തവരും ഇന്ന് കേരളത്തിൽ ജനപ്രിയനാണ്! ബ്യൂറോക്രസിയിലെ പുഴുക്കുത്തുക്കളെക്കുറിച്ച് ഡോ എം കുര്യൻ തോമസ് എഴുതുന്നു.

കുറ്റിച്ചൂലും സ്വാതിതിരുനാളും

ഡോ. എം. കുര്യൻ തോമസ്

കേരള രാഷ്ട്രീയ സാഹിത്യത്തിൽ 'കുറ്റിച്ചൂൽ' ഒരു പ്രതീകമാക്കിയത് പട്ടം താണുപിള്ളയാണന്നാണ് പരക്കെ അറിയപ്പെടുന്നത്. '(ഇന്ന) മണ്ഡലത്തിൽ (ഇന്ന) പാർട്ടി എതു കുറ്റിച്ചുലിനെ നിർത്തിയാലും ജയിക്കും' എന്ന അദ്ദേഹത്തിന്റെ പ്രസ്താവനയാണ് പിന്നീട് ഒരു ഭാഷാ പ്രയോഗമായി പരിണമിച്ചത് എന്നാണ് വയ്പ്പ്.

ഇതു ശരിയല്ല. രാഷ്ട്രീയപരമായി കുറ്റിച്ചൂലിനെ ആദ്യം പ്രതീകവൽക്കരിച്ചത് സാക്ഷാൽ സ്വാതി തിരുനാൾ ആണ്. കൊട്ടാരത്തിൽ ശങ്കുണ്ണി വർണ്ണിക്കുന്ന സംഭവം ഇപ്രകാരം സംഗ്രഹിക്കാം. പ്രഗത്ഭനായ ദിവാൻ ഒരു മാസത്തെ അവധിക്കു അപേക്ഷിച്ചു. അത് അനുവദിച്ചുകിട്ടിയ ദിവാൻ തന്റെ അഭാവത്തിൽ കാര്യപ്രാപ്തിയുള്ള ആരെയെങ്കിലും മാത്രമേ ആ സ്ഥാനത്തു പകരം വയ്ക്കാവു എന്നു അപേക്ഷിച്ചു. ആരെയെങ്കിലും നിയമിക്കുന്നതിനു പകരം ഹജൂർ കച്ചേരി അടിച്ചുവാരുന്ന പഴകിത്തേഞ്ഞ ഒരു ചൂൽ അദ്ദേഹത്തിന്റെ ഇരിപ്പിടത്തിൽ വയ്ക്കാനാണ് മഹാരാജാവ് നിർദ്ദേശിച്ചത്. അവധികഴിഞ്ഞു മടങ്ങിയയെത്തിയ ബുദ്ധിമാനായ ദിവാനു അതിന്റെ അർത്ഥം മനസിലായി.


കേരളത്തിൽ ഇപ്പോൾ കുറെ കുറ്റിച്ചൂലുകളുടെ അടിയന്തിര ആവശ്യമുണ്ട്. സെക്രട്ടറിയേറ്റ് എന്നു പേരുമാറ്റിയ പഴയ ഹജൂർ കച്ചേരിയിലെ നവീന സർവാധികാര്യക്കാരന്മാരുടെ കറങ്ങുന്ന കസേരകളിൽ നിരത്തിവെക്കാൻ! കേരളത്തിൽ ഉദ്യോഗസ്ഥ ദുർഭരണം അത്രകണ്ട് വർദ്ധിച്ചിരിക്കുന്നു. പൊതുജനസേവകർ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഉന്നത ഉദ്യോഗസ്ഥർ പൊതുജനഭീഷണയാകുന്ന വർത്തമാനകാല ദുരന്തമാണ് കേരളം നേരിടുന്നത്.
പണ്ട്, രാജഭരണകാലത്ത്, മിക്കയിടങ്ങളിലും ഉദ്യോഗസ്ഥദുർഭരണമാണ് നടന്നിരുന്നത്. അത്തരം കാട്ടുനീതികൾ മുകൾത്തട്ടുമുതൽ താഴെവരെ വ്യാപിച്ചിരുന്നു. അത്തരം സാഹചര്യത്തിൽ നിയമപരിപാലനശ്രമംപോലും വിപരീതഫലമാണ് പ്രദാനം ചെയ്തിരുന്നത്. 'രുക്മിണീ സ്വയംവരം' തുള്ളലിൽ

'... കാര്യക്കരതുകേട്ടുടനെ നാ-
ലാര്യപ്പട്ടൻമാരെയയച്ചു
പട്ടൻമാർവന്നെന്നുടെ വീട്ടിൽ
തൊട്ടതശേഷം തല്ലിമുടക്കി
തിരുവാണയുമിട്ടായവരോരോ
കരുമനചെയ്തതു പറവാൻ വിഷമം'

എന്നു കുഞ്ചൻ നമ്പ്യാർ പരിതപിക്കുന്നത് അത്തരമൊരവസ്ഥയാണ്. അതിനു തൊട്ടുപിന്നാലെയുള്ള കാലത്താണ് തിരുവതാംകൂറിൽ ഉദ്യോഗസ്ഥദുർഭരണം അതിന്റെ പാരമ്യത്തിലെത്തിയത്. ജയന്തൻ ശങ്കരൻ നമ്പൂതിരിപ്പാട്, ശങ്കരനാരായണൻ ചെട്ടി, തച്ചിൽ മാത്തുത്തരകൻ എന്നീ ത്രിമൂർത്തികൾ യഥാക്രമം വല്യ സർവാധികാര്യക്കാർ, വലിയ മേലെഴുത്ത്, സർക്കാർകുത്തക എന്നീ നിലകളിൽ തിരുവിതാംകൂർ ഭരണം കൈയ്യടക്കി. അവരും, ഇവരുടെ ശിങ്കിടികളായ കൊട്ടാരം വിചാരിപ്പു ജയന്തൻ സുബ്രമണ്യൻ നമ്പൂതിരിപ്പാട്, സർവാധികാര്യക്കാരായ തിരുവാർപ്പു കൃഷ്ണപിള്ള, ചാലയിൽ പദ്മനാഭനണ്ണാവി, വലിയമേലഴുത്തുപിള്ള യോഗീശ്വരൻ രാമൻ, വലിയ യജമാനൻ പദ്മനാഭൻ ചെമ്പകരാമൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ നടത്തിയ അഴിഞ്ഞാട്ടം അവസാനിപ്പിക്കാൻ വേലുത്തമ്പിയുടെ നേതൃത്വത്തിൽ 'നാഞ്ചിനാട്ടു കൂട്ടത്തിന്റെ' വിപ്ലവം വേണ്ടിവന്നു.
ഇതിനുശേഷം തിരുവിതാംകൂറിലെ റീജന്റ് മഹാറാണിമാരായ ഗൗരിലക്ഷ്മിഭായി, ഗൗരി പാർവതിഭായി എന്നിവർ സ്വതന്ത്ര കോടതികൾ സ്ഥാപിച്ചും ഭരണത്തിനു വ്യക്തമായ മാർഗ്ഗനിർദ്ദേശ രേഖകൾ പുറപ്പെടുവിച്ചും ഭരണയന്ത്രം സുതാര്യമാക്കാനുള്ള ശ്രമം അരംഭിച്ചു. ഇതേകാലത്ത് കൊച്ചിയിൽ ശക്തൻ തമ്പുരാനും സമാനപാതയിലാണ് നീങ്ങിയത്.

തിരുവിതാംകൂറിൽ ഈദൃശ്യശ്രമങ്ങളുടെ പരിപൂർണ്ണതയായി 1839-ൽ സ്വാതിതിരുനാൾ ഭരണനിർവഹണ നിയമങ്ങൾ രൂപീകരിച്ചു നടപ്പിൽവരുത്തുകയും അത് അച്ചടിച്ചു പ്രസിദ്ധീകരിക്കുകയും ചെയ്തു. നയരൂപീകരണം മഹാരാജാവിനും, നീതിനിർവഹണം കോടതികളിലും നിക്ഷിപ്തമാക്കുകയും ഭരണ നിർവഹണം നടത്തുന്ന ഉദ്യോഗസ്ഥർക്ക് 'ചട്ടവര്യോല'വഴി മൂക്കുകയർ ഇടുകയും ചെയ്തു. ഈ പശ്ചാത്തലത്തിൽവേണം അദ്ദേഹത്തിന്റെ കുറ്റിച്ചൂൽ പ്രയോഗത്തെ പരിഗണിക്കാൻ.

ഇന്ത്യൻ ഭരണഘടനയനുസരിച്ച് നയരൂപീകരണം, നിയമനിർമ്മാണം എന്നിവ പൂർണമായും തിരഞ്ഞെടുക്കപ്പെടുന്ന സമതികളിലും സ്ഥാനികളിലും നിക്ഷിപ്തമാണ്. നിയമങ്ങളുടെ വ്യാഖ്യാനം കോടതികൾക്കുമാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു. നയ-നിയമങ്ങൾ നടപ്പാക്കുവാൻ മാത്രമാണ് ഉദ്യോഗസ്ഥവൃന്തത്തിന് അധികാരവും ചുമതലയുമുള്ളു. ഉദ്യോഗസ്ഥർതന്നെ നിയമം സൃഷ്ടിക്കുകയും, വ്യാഖ്യാനിക്കുകയും, നടപ്പാക്കുകയും ചെയ്യുന്ന 'ബ്യൂറോക്രസി' എന്ന സംവിധാനം ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങൾക്കുതന്നെ വിരുദ്ധമാണ്.

പക്ഷേ കുറഞ്ഞത് കേരളത്തിലെങ്കിലും സംഭവിക്കുന്നത് മറിച്ചാണ്. ബ്രിട്ടീഷ് സർക്കാർ ഇന്ത്യയിലെ തങ്ങളുടെ കൊളോണിയൽ ഭരണയന്ത്രത്തിന്റെ നടത്തിപ്പിന് രൂപീകരിച്ചതാണ് ഇന്ത്യൻ സിവിൽ സർവീസ് (ICS). അതിന്റെ ചുവടുപിടിച്ചാണ് സ്വതന്ത്ര ഇന്ത്യയിൽ ഇന്ത്യൻ അഡ്മിനിസ്‌ട്രേറ്റീവ് സർവീസ് (IAS), ഇന്ത്യൻ പോലീസ് സർവീസ് (IPS) മുതലായവ രുപീകൃതമായത്. കേന്ദ്രത്തിൽ മാത്രമല്ല, ഇന്ന് എല്ലാ സംസ്ഥാനങ്ങളുടെയും മുഖ്യ സ്ഥാനങ്ങളെല്ലാം ഇവരുടെ കൈകളിലാണ്. അവരാണ് കേരളത്തിൽ പിൻവാതിലിലൂടെ 'ഉദ്യോഗസ്ഥരാജ്' നടപ്പാക്കുന്നത്. തിരഞ്ഞെടുക്കപ്പെട്ട സർക്കാർ തീരുമാനിക്കേണ്ട നയപരമായ വിഷയങ്ങളിൽ സ്വയം തീരുമാനമെടുത്ത് അവർതന്നെ നടപ്പാക്കുമ്പോൾ വലയുന്നത് ജനമാണ്. പലപ്പോഴും ഇതിനു ബലിയോടാവുന്നത് ചെറുകിട കീഴ്ജീവനക്കാരും.

ഇതു കാടടച്ചുള്ള വെടിയൊന്നുമല്ല. വ്യക്തമായ ഉദാഹരണങ്ങൾ മുമ്പിലുണ്ട്. ദിവസവും പുതിയത് ഉണ്ടായിക്കൊണ്ടുമിരിക്കുന്നു. ഹയർ സെക്കണ്ടറിയിലെ ഓണാഘോഷം നിയന്ത്രിച്ചിറക്കിയതും, സർക്കാർ നയത്തിനു വിരുദ്ധമായതിനാൽ അന്നുതന്നെ പിൻവലിച്ചതുമായ ഉത്തരവുതന്നെ ഉദാഹരണം. അതേപോലെ പെട്രോളിനു ഹെൽമറ്റ് നിബന്ധനയും മറ്റൊരു വർത്തമാനകാല സംഭവമാണ്. തൃശൂർ പൂരത്തിനു ആന എഴുന്നള്ളത്ത് നിരോധിച്ചതും, ആധാരം സ്വയം എഴുതാമെന്ന ഉത്തരവും സർക്കാർ നയമല്ലന്നു വ്യക്തമാക്കിയിട്ടുണ്ട്. എങ്കിൽ എന്തു നിയമത്തിന്റെ ബലത്തിലാണ് 'സർവാധികാര്യക്കാർമാർ' ഇത്തരം ഉത്തരവുകൾ ഇറക്കുന്നത്?

ദിവസവും രാഷ്ട്രീയക്കാരുടെ അഴിമതിക്കഥകൾകൊണ്ടു മാദ്ധ്യമങ്ങൾ നിറയുകയാണ്. പലരുടേയും പേരിൽ കേസുകൾ ചാർജ്ജ് ചെയ്യപ്പെടുന്നു. അതേപോലെതന്നെ ഉന്നത ഉദ്യോഗസ്ഥരും സംശയത്തിന്റെ മുൾമുനയിൽ നിൽക്കുന്നു. വരവിൽ കവിഞ്ഞ സ്വത്തുസമ്പാദനം മുതൽ രാജ്യദ്രോഹക്കുറ്റത്തിന്റെ ഗണത്തിൽ പെടുത്താവുന്നവ വരെ അക്കൂട്ടത്തിലുണ്ട്. പക്ഷേ അവരിൽ ഒറ്റയാൾപോലും നടപടിക്കു വിധേയമായ ചരിത്രമില്ല. എന്തുകൊണ്ട്? സർക്കാരിന്റെ നയങ്ങളേയോ പ്രവർത്തനരീതിയേയോ പരസ്യമായി വിമർശിക്കാൻ ഒരു ഉദ്യോഗസ്ഥനേയും സർവീസ് നിയമങ്ങൾ അനുവദിക്കുന്നില്ല. പക്ഷേ അങ്ങിനെയുള്ളവർക്ക് ശിക്ഷണ നടപടിക്കുപകരം സ്ഥാനക്കയറ്റം നൽകുന്നത് എന്തു സന്ദേശമാണ് ജനങ്ങൾക്കു നൽകുന്നത്?

അഴിമതിക്കു തുല്യമായ ഗൗരവമേറിയ കുറ്റമാണ് സ്വജനപക്ഷപാതവും. മേലുദ്യോഗസ്ഥന്റെ വ്യക്തിപരമായ തത്വശാസ്ത്രങ്ങൾ ജനത്തിന്റെമേലോ കീഴ് ജീവനക്കാരുടെമേലോ അടിച്ചേൽപ്പിക്കുന്നതും ഈ ഗണത്തിൽവരാം. ഇത്തരം പ്രവണതകൾക്കെതിരെ രാജ്യത്തെ പ്രഥമ പൗരൻ താക്കീതു നൽകിയത് ഏതാനും മാസം മുമ്പാണ്. പക്ഷേ കേരളത്തിൽ അതൊന്നും ബാധകമല്ല. നിയമവിരുദ്ധമായി തന്റെ ഭക്ഷണസംസ്‌കാരം കീഴ്ജീവനക്കാരുടെമേൽ അടിച്ചേൽപ്പിച്ചവർ ഇവിടെ നിർബാധം വിഹരിക്കുന്നു. ഇക്കഴിഞ്ഞ മദ്ധ്യവേനൽ അവധിക്ക് കടുത്ത വെയിലിൽ കുട്ടികൾക്ക് സൂര്യാഘാതം ഏൽക്കുന്നത് തടയാൻ അവധിക്കാല ക്ലാസുകൾ നിരോധിച്ച് സർക്കാർ ഉത്തരവിറക്കി. ലംഘിച്ചവർക്കെതിരെ ചില ജില്ലകളിൽ കടുത്ത നടപടി എടുത്തു. പക്ഷേ കുറഞ്ഞത് ഒരു 'പേഷ്‌ക്കാരെങ്കിലും' ഈ ഉത്തരവ് കേരളാ സിലബസ് സ്‌കൂളുകൾക്ക് മാത്രമാണന്നും, സി.ബി.എസ്.സി. സ്‌കൂളുകൾക്ക് ബാധകമല്ലന്നും വ്യാഖ്യാനിച്ചു അതനുസരിച്ച് പ്രവർത്തിച്ചു! അവിടെ പഠിക്കുന്ന കുട്ടികളുടെ ആരോഗ്യസുരക്ഷയിൽ സർക്കാരിന് നിയന്ത്രണവും ഉത്തരവാദിത്വും ഇല്ലേ? ഉണ്ണായി വാര്യരുടെ നളചരിതത്തിനുപകരം സ്വന്തം കൃതി പാഠപുസ്തകമാക്കിയ സർവാധികാര്യക്കാർമാർ ഉള്ള കേരളത്തിൽ ഇതും ഇതിലപ്പുറവും സംഭവിക്കും!

കേന്ദ്ര ഉത്തരവുകൾ, കോടതിവിധികൾ മുതലായവയിൽ സർക്കാർ നയപരമായ തീരുമാനം എടുക്കുന്നതിനുമുമ്പ് അവ നടപ്പിലാക്കി ഉത്തരവിറക്കി ഒരു പുനർചിന്തനത്തിനുള്ള അവസരംപോലും ഇത്തരക്കാർ ഇല്ലാതാക്കുകയാണ്. കോടതികൾപോലും ബലിയാടാക്കപ്പെടുന്ന ഇവിടെ അവസ്ഥയാണ് സംജാതമാകുന്നത്. സ്വകാര്യ ബസുകളിലെ എയർകണ്ടീഷണറുകൾ നിരോധിച്ച സംഭവംതന്നെ ഉദാഹരണം. അധികമായി ഘടിപ്പിക്കുന്ന എയർകണ്ടീഷണർ ബസുകൾക്ക് ഘടനാപരമായ (Structural) മാറ്റം വരുത്തുമെന്നും അത് അപകങ്ങൾ ഉണ്ടാക്കുമെന്നും മോട്ടോർവാഹന വകുപ്പ് നൽകിയ റിപ്പോർട്ടാണ് നിഷേധാത്മക നിലപാടെടുക്കാൻ കോടതിയെ നിർബന്ധിതമാക്കിയത്. റോഡിൽനിന്നും ഒരു മീറ്റർ ഉയരെ ചേസിസിൽ ദൃഡമായി ഘടിപ്പിച്ച 350 കിലോഗ്രാം മാത്രം തൂക്കമുള്ള എയർകണ്ടീഷണർ ഉണ്ടാക്കുന്ന സ്ഥിരതാ (Stability) പ്രശ്‌നങ്ങൾ എത്രയെന്നറിയാൻ ഓട്ടോമോബൈൽ എൻജിനിയറിംഗ് വൈദഗ്ദ്യം ഒന്നും വേണ്ട, ഗുരുത്വ കേന്ദ്രത്തെപ്പറ്റിയുള്ള അടിസ്ഥാന ഭൗതികശാസ്ത്രജ്ഞാനം മാത്രം മതി. ഒന്നുമാത്രം പറയാം, റോഡിൽനിന്നും 2 മീറ്റർ ഉയരത്തിൽ ബസിനുള്ളിൽ 'നിൽക്കുന്ന' ആറുപേരുണ്ടാക്കുന്ന സ്ഥിരതാപ്രശ്‌നത്തിന്റെ നൂറിലൊന്നുപോലും എയർകണ്ടീഷണർ ഉണ്ടാക്കില്ല. വിദഗ്‌ദോപദേശം തേടാതയും, സർക്കാർ നയം ആരായാതെയും തിരക്കിട്ടു നൽകിയ സത്യവാഗ്മൂലം നഷ്ടപ്പെടുത്തിയത് അധികച്ചിലവില്ലാതെ യാത്രക്കാർക്കു ലഭിച്ചുകൊണ്ടിരുന്ന ഒരു യാത്രാ സുഖമാണ്. രാഷ്ട്രീയ തീരുമാനങ്ങൾ കൂടാതെ എടുക്കുന്ന ഇത്തരം ഉദ്യോഗസ്ഥ നിശ്ചയങ്ങളാണ് ഇന്നു കേരളത്തെ പമ്പരംചുറ്റിക്കുന്ന പല വിവാദ കരാറുകളുടേയും പിമ്പിലെന്നാണ് ജനസംസാരം.

സാദാ ജനം മാത്രമല്ല കീഴുദ്യോഗസ്ഥരും ഉദ്യോഗസ്ഥ ദുർഭരണത്തിന്റെ ഇരകളാണ്. ഏമാന്മാർ ഇടുന്ന വിഹിതം തികയ്ക്കാൻ ഹെൽമറ്റ് വേട്ടക്കിറങ്ങുന്ന പോലീസുകാരാണ് ഇതിന്റെ നല്ല ദൃഷ്ടാന്തം. തന്റെ സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾക്ക് എതിരുനിന്ന ഒരു ഡി.വൈ.എസ്.പി.-യുടെ ജോലികളഞ്ഞതിന്റെയും അതിനു സഹായിച്ച 'വല്യ ഏമാന്റെയും' ചരിത്രം ഒരു ക്രിമിനൽ ബ്ലേഡ് മാഫിയാ തലവൻ വിവരിച്ചു കേട്ടിട്ടുണ്ട്. പോരാത്തതിനു അയാളുടെ വിദ്യാസമ്പന്നയായ മകളുടെ വിവാഹം മുടക്കുകയും ചെയ്തത്രെ! ആരാണ് കുറ്റവാളി?

കേരളത്തിലെ ഈ ഉദ്യോഗസ്ഥ തേർവാഴ്ചയ്ക്ക് പല കാരണങ്ങളുണ്ട്. കേന്ദ്രനിയമം, അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബൂണൽ, കേന്ദ്ര സർവീസുകാരുടെ സംഘടിത ശക്തി മുതലായവമൂലം ഭരണ നേതൃത്വത്തിനു ഇവർക്കെതിരെ ഒരു നടപടിയെടുക്കുന്നതിനു പ്രതിബന്ധമാകുന്നു. പരസ്പരം പോരടിക്കുന്നു എന്ന് പുറമേ തോന്നുന്ന ഈ വിഭാഗക്കാരുടെ കൂട്ടായ്മയുടെ ദൃഡത അറിയണമെങ്കിൽ തിരഞ്ഞെടുപ്പു കമ്മീഷൻ കേന്ദ്ര നിരീക്ഷകരെ നിയമച്ചുതുടങ്ങിയ കാലം പരിശോധിച്ചാൽ മതി. എന്തൊക്കെയായിരുന്നു അവരുടെ ഡിമാന്റ്? മുന്തിയ കാർ, ഹോട്ടൽ, സീഫുഡ്, തീർത്ഥാടനം, വിനോദസഞ്ചാരം, സുഖവാസ കേന്ദ്രങ്ങൾ... അത് അണുവിടാതെ സാധിച്ചു കൊടുക്കാൻ കേരളത്തിലെ ഇവരുടെ സമസ്ഥാനികളും! അവരുടെ ചിറകരിയാൻ അവസാനം തിരഞ്ഞെടുപ്പു കമ്മീഷൻതന്നെ കർശനമായി ഇടപെടേണ്ടിവന്നു.

മാദ്ധ്യമ മാജിക്കുകൾ കാട്ടിയും ചില തട്ടുപൊളിപ്പൻ നാടകങ്ങളും പ്രസ്താവനകളും നടത്തിയും കൈയ്യടി നേടുന്നവരെ മഹത്വവൽക്കരിക്കുന്ന മലയാളിയുടെ സംസ്‌കാരമാണ് രണ്ടാമത്തെ കുറ്റവാളി. ഒരു ഭരണകക്ഷിക്ക് അനഭിമതനാകുന്നവർ എത്ര കൊടിയ കുറ്റം ചെയ്തവരായാലും ഇവിടെ അടുത്ത ഭരണകക്ഷിക്കു പ്രിയങ്കരനാകും! ജനപ്രിയ തെരുവുനാടകങ്ങൾ കാട്ടിക്കൂട്ടുന്നവരെ ജനം കൈയ്യടിച്ചു പ്രോൽസാഹിപ്പിക്കും. കുറ്റാരോപിതനെ കത്തിച്ച സ്റ്റൗവിൽ ഇരുത്തുക മുതലായ 'ശാസ്ത്രീയ കുറ്റാന്വേഷണ രീതികൾ'ക്കു നേതൃത്വം കൊടുത്തവരും ഇന്ന് കേരളത്തിൽ ജനപ്രിയനാണ്!

bureaucracy_1അവസാനമായും ഏറ്റവും പ്രധാനമായും രാഷ്ട്രീയ നേതൃത്വത്തിന്റെ ഇച്ഛാശകതിയില്ലായ്മയാണ് കേരളത്തിലെ ബ്യൂറോക്രസിയെ കയറൂരി വിടുന്നത്. നയപരമായ കാര്യങ്ങളിൽ തീരുമാനമെടുക്കാൻ ഒരിക്കലും ഉദ്യോഗസ്ഥവൃന്ദത്തെ അനുവദിക്കരുത്. അവരെ സരവീസ് ചട്ടങ്ങൾക്കുള്ളിൽ കർശനമായി തളച്ചിടുകയും, അവരുടെ ജോലി നിർവഹണം  മാത്രമാണ് എന്നും, നയരൂപീകരണം അല്ല എന്നും ബോദ്ധ്യപ്പെടുത്താൻ ഭരണനേതൃത്വത്തിനു കഴിയണം. മറിച്ചുള്ള പ്രവർത്തനങ്ങളെ കേവലം 'അനിഷ്ടം രേഖപ്പെടുത്തി' അവസാനിപ്പിക്കുന്നതിനു പകരം ശിക്ഷണ നടപടിലൂടെയോ പരസ്യമായി മാപ്പു പറയിച്ചോ മാത്രം തീർപ്പാക്കണം. സർവീസ് ചട്ടങ്ങൾ ലംഘിക്കുന്നവരേയും സംസ്ഥാന താല്പര്യങ്ങൾക്കു വിരുദ്ധമായി നലപാടെടുക്കുന്നവരേയും, സ്വന്തം അജൻഡകൾ നടപ്പാക്കാൻ ശ്രമിക്കുന്നവരേയും എന്തുവിലകൊടുത്തും പടിക്കു പുറത്താക്കണം. സിവിൽ-ക്രിമിനൽ നിയമലംഘനവും മനുഷ്യാവകാശലംഘനവും നടത്തിയ ഉന്നത ഉദ്യോഗസ്ഥർ മുൻഗണനാക്രമത്തിൽ ശിക്ഷിക്കപ്പെടണം. അതിനു രാഷ്ട്രീയം നോക്കരുത്. അതിനുള്ള മേധാശക്തി ഭരണനേതൃത്വം കാണിക്കണം.

ഈ 'സർവാധി തേർവാഴ്ചയിൽ' മുഖം നഷ്ടപ്പെടുന്ന കുറെപ്പേരുണ്ട്. കേരളത്തിൽ സേവനമനുഷ്ടിക്കുന്ന സത്യസന്ധരും കാര്യക്ഷമത ഉള്ളവരുമായ ഭുരിപക്ഷം വരുന്ന കേന്ദ്ര സർവീസ് ഉദ്യോഗസ്ഥർ. കേരളത്തിൽ കാര്യക്ഷമമായ ഒരു സംസ്ഥാന സർവീസ് ഉണ്ട്. ഇവരൊന്നും ഇല്ലാതെതന്നെ അവരെക്കൊണ്ടും ഭരണയന്ത്രം ഭംഗിയായി ഓടിക്കാൻ സാധിക്കും. ഇവിടെ ഭരിക്കാൻ കുറ്റിച്ചൂൽ മതിയെന്നു സർവ്വാധികാര്യക്കാരന്മാരെ ഉടൻ വ്യക്തമായി ബോധിപ്പിക്കാൻ രാഷ്ട്രീയ നേതൃത്വത്തിനു കഴിഞ്ഞില്ലങ്കിൽ കേരളം ലോകത്തിലെ ആദ്യ ബ്യൂറോക്രാറ്റിക് സ്റ്റേറ്റാവാൻ അധികകാലം വേണ്ട.

വാൽക്കഷണം - ഏറ്റവും ഉയർന്ന നിലയിൽ കേരളാ സർവീസിൽനിന്നും റിട്ടയർ ചെയ്ത പരിണിതപ്രജ്ഞനായ ഒരു ഉദ്യോഗസ്ഥന്റെ ഭാഷയിൽ '... വടക്കേ ഇന്ത്യയിലൊക്കെ ഉള്ളതുപോലെ ഇവരെക്കൊണ്ടു ചെരുപ്പ് എടുപ്പിക്കുകയും പച്ചക്കറി വാങ്ങിപ്പിക്കുകയും ചെയ്യാൻ രണ്ടുമൂന്നു മന്ത്രിമാർ തയാറാവണം. അവർ പഴികേട്ടേക്കാം. പക്ഷേ അങ്ങിനെ മാത്രമേ കേരളത്തെ ഈ ദുരവസ്ഥയിൽനിന്നും രക്ഷിക്കാനാവു...' ശരിയായിരിക്കാം.