വിശ്രമമില്ലാതെ നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍; ക്ലീനിംഗ് വരെ നടത്തി സ്റ്റാഫ് നഴ്‌സുമാര്‍: നഴ്‌സുമാരുടെ നിസഹായാവസ്ഥ ചൂഷണം ചെയ്ത് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രികള്‍

വിദ്യാര്‍ത്ഥികളെ പഠനത്തിനെന്ന പേരില്‍ ഡ്യൂട്ടിക്ക് നിര്‍ത്തുമ്പോള്‍ അവരുടെ ഇന്‍സ്ട്രക്ടര്‍ ഒപ്പമുണ്ടാകണമെന്നാണ് ചട്ടം. എന്നാലിത് പാലിക്കപ്പെടാറില്ല. പകല്‍ സമയങ്ങളില്‍ പോലും ഇൻസ്ട്രക്ടർമാർ അവിടേക്ക് വരാറില്ലെന്നുള്ളതാണ് യാഥാര്‍ത്ഥ്യം.

വിശ്രമമില്ലാതെ നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍; ക്ലീനിംഗ് വരെ നടത്തി സ്റ്റാഫ് നഴ്‌സുമാര്‍: നഴ്‌സുമാരുടെ നിസഹായാവസ്ഥ ചൂഷണം ചെയ്ത് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രികള്‍

എറണാകുളം ജില്ലയില്‍ മാത്രം പത്തോളം ആശുപത്രികളില്‍ ബിഎസ്സി നഴ്സിംഗ് ജനറല്‍ നഴ്സിംഗ് കോഴ്സുകള്‍ നടത്തുന്നുണ്ട്. മുവായിരത്തോളം വിദ്യാര്‍ത്ഥികളാണ് ഇവിടങ്ങളില്‍ പഠിക്കുന്നത്. ഈ ആശുപത്രികളിലൊക്കെയും പഠനത്തിന്റെ ഭാഗമെന്ന് പറഞ്ഞ് വിദ്യാര്‍ത്ഥികളെ ഡ്യൂട്ടി ഷിഫ്റ്റിലിടും. എന്നാല്‍ രാത്രികാലങ്ങളിലടക്കം ഒരു ഫ്ളോറില്‍ ഒരു സ്റ്റാഫ് നഴ്സും ബാക്കി വിദ്യാര്‍ത്ഥികളുമാണ് ഡ്യൂട്ടിക്കുണ്ടാകുക. ഇരുപതും മുപ്പതും രോഗികള്‍ക്ക് ഒരു സ്റ്റാഫ് നഴ്സ് എന്നാണ് അവസ്ഥ. എന്നാല്‍ രോഗികളില്‍ നിന്ന് നഴ്സിംഗ് ചാര്‍ജ്ജ് ആയി ആയിരങ്ങള്‍ ഈടാക്കാന്‍ യാതൊരു മടിയുമില്ല.


ചികിത്സാപിഴവിന് ഉത്തരവാദി സ്റ്റാഫ് നഴ്സ്

ഫ്ളോറുകളിലെ ഇരുപതും മുപ്പതും രോഗികള്‍ക്ക് ഒരു നഴ്സിനെ ഡ്യൂട്ടിക്കിട്ടാല്‍ ഓടിയെത്തുക പ്രായോഗികമല്ലെന്ന് നഴ്സുമാര്‍ പറയുന്നു. നിവൃത്തികേടു കൊണ്ട് ഇഞ്ചക്ഷന്‍ ലോഡ് ചെയ്ത് വിദ്യാര്‍ത്ഥികളെ ഏല്‍പ്പിക്കും. ഇഞ്ചക്ഷന്‍ അടക്കമുള്ള കാര്യങ്ങള്‍ വിദ്യാര്‍ത്ഥികളെ ഏല്‍പ്പിക്കുന്നത് ഗുരുതര വീഴ്ചയാണ്. രോഗികള്‍ക്കുള്ള ഗുളികകള്‍ ഇവരുടെ കയ്യില്‍ കൊടുത്തു വിടുന്നതും പതിവാണ്. ഏതെങ്കിലും ചികിത്സാ പിഴവുണ്ടായാല്‍ ഉത്തരവാദിത്തം തങ്ങള്‍ക്കേല്‍ക്കേണ്ടി വരുമെന്ന് പറവൂരിലെ സ്വകാര്യ സൂപ്പര്‍ സ്‌പെഷ്യലിറ്റി ആശുപത്രിയിലെ നഴ്സുമാര്‍ പറഞ്ഞു.

NURSES3

വിദ്യാര്‍ത്ഥികളെ പഠനത്തിനെന്ന പേരില്‍ ഡ്യൂട്ടിക്ക് നിര്‍ത്തുമ്പോള്‍ അവരുടെ ഇന്‍സ്ട്രക്ടര്‍ ഒപ്പമുണ്ടാകണമെന്നാണ് ചട്ടം. എന്നാലിത് പാലിക്കപ്പെടാറില്ല. പകല്‍ സമയങ്ങളില്‍ പോലും ഇൻസ്ട്രക്ടർമാർ അവിടേക്ക് വരാറില്ലെന്നുള്ളതാണ് യാഥാര്‍ത്ഥ്യം.

കൂടുതല്‍ സ്റ്റാഫ് നഴ്സുമാരെ ഡ്യൂട്ടിക്ക് വെക്കണമെന്ന് നിരന്തരം ആവശ്യപ്പെടുമെന്നതിനാല്‍ ആണ്‍കുട്ടികളെ പൊതുവേ രാത്രി ഷിഫ്റ്റില്‍ നിന്ന് ഒഴിവാക്കുകയാണ് പതിവ്. പെണ്‍കുട്ടികളാണ് ഇങ്ങനെ ചൂഷണം ചെയ്യപ്പെടുന്നവരില്‍ അധികവും. അവര്‍ ആവശ്യപ്പെട്ടാല്‍ കൂടുതല്‍ സ്റ്റാഫിനെ നല്‍കാന്‍ മാനേജ്മെന്റ് മടി കാണിക്കാറുണ്ടെന്ന് യുണൈറ്റഡ് നഴ്സസ് അസോസിയേഷന്‍ ഭാരവാഹി ജിതിന്‍ ലോഹി പറയുന്നു.

രണ്ടുണ്ട് കാര്യം...

കേരളത്തിലെ സ്വകാര്യകോളജുകളില്‍ നാല് വര്‍ഷത്തെ ബിഎസ്സി നഴ്സിംഗ് പൂര്‍ത്തിയാക്കാന്‍ ഫീസിനത്തില്‍ മത്രം മൂന്നരലക്ഷത്തോളം രൂപ വരുമെന്നാണ് കണക്ക്. ഒരു ബാച്ചില്‍ ചുരുങ്ങിയത് അന്‍പത് പേരെങ്കിലുമുണ്ടാകും. നാല് ബാച്ചിലും കൂടി 200 പേര്‍. ജനറല്‍ നഴിംഗിനു ചേരുന്നവരും നൂറു കണക്കിന് വിദ്യാര്‍ത്ഥികളുണ്ട്. ഫീസിനത്തില്‍ മാത്രം ഇവരില്‍ നിന്ന് പിരിച്ചെടുക്കുന്നത് ലക്ഷക്കണക്കിന് രൂപ വരുമെന്നത് സിംപിള്‍ മാത്തമാറ്റിക്സ്.

എന്നാല്‍ പണമുണ്ടാക്കാന്‍ വേറെയുമുണ്ട് മാര്‍ഗം. പഠനത്തിന്റെ ഭാഗമായി വിദ്യാര്‍ത്ഥികളെ ആശുപത്രികളില്‍ ഡ്യൂട്ടിക്ക് നിര്‍ത്തും. രാത്രി ഷിഫ്റ്റില്‍ ഫ്ളോറില്‍ ഒന്നോ രണ്ടോ സ്റ്റാഫ് നഴ്സ് മാത്രമാണുണ്ടാകുക. ഇവരെ സഹായിക്കാന്‍ വിദ്യാര്‍ത്ഥികളെയാണ് നിര്‍ത്തുക. ഏഴ് രോഗികള്‍ക്ക് ഒരു നഴ്സിംഗ് സ്റ്റാഫ് എന്നാണ് കണക്കെങ്കിലും 28 രോഗികള്‍ക്ക് ഒരു നഴ്സൊക്കെയാണ് രാത്രി ഷിഫ്റ്റിലുണ്ടാകുകയെന്ന് അങ്കമാലി ലിറ്റില്‍ ഫ്ളവര്‍ ആശുപത്രിയിലെ ഒരു നഴ്സ് നാരദാന്യൂസിനോട് പറഞ്ഞു. ഇങ്ങനെ സ്റ്റാഫ് നഴ്സുകളുടെ എണ്ണം കുറച്ച് പകരം വിദ്യാര്‍ത്ഥികളെ പണിയെടുപ്പിക്കുന്നത് വഴി ശമ്പളയിനത്തിലും ലക്ഷങ്ങള്‍ ലാഭം.

നഴ്സില്ലാതെ എന്ത് നഴ്സിംഗ് ചാര്‍ജ്ജ്?

നഴ്സുമാരുടെ സേവനം ലഭ്യമാകാതെ നഴ്സിംഗ് ചാര്‍ജ്ജെന്ന പേരില്‍ വന്‍തുകയാണ് ഈടാക്കാറുള്ളത്. 'എറണാകുളം മെഡിക്കല്‍ ട്രസ്റ്റില്‍ തന്റെ ഭാര്യയുടെ പ്രസവത്തിനായി പോയപ്പോള്‍ രാത്രി ഷിഫ്റ്റിലൊക്കെ ഒരു സ്റ്റാഫ് നഴ്സാണുണ്ടായിരുന്നത്'. എന്നാല്‍ നഴ്സിംഗ് ചാര്‍ജ്ജായി ബില്ലില്‍ വന്‍തുക എഴുതിച്ചേര്‍ത്തെന്ന് ജില്ലയിലെ തന്നെ മറ്റൊരു ആശുപത്രിയിലെ നഴ്സ് നാരദയോട് പറഞ്ഞു.

nurse2

2013 ല്‍ തൊഴില്‍ മന്ത്രിയുടെ നേതൃത്വത്തില്‍ നഴ്സുമാരും മാനേജ്മെന്റും നടത്തിയ ചര്‍ച്ചയിലാണ് ശമ്പളം 13000 ആയി ഉയര്‍ത്തിയത്. ഇതിന് ശേഷമാണ് നഴ്സിംഗ് ചാര്‍ജ്ജ് ഉയര്‍ത്തിയത്. ഡോക്ടറുടെ സേവനത്തിന് ഈടാക്കുന്ന തുകയെക്കാള്‍ കൂടുതലാണ് നഴ്സിംഗ് ചാര്‍ജ്ജെന്ന പേരില്‍ ഈടാക്കുന്നത്. വലിയ ആശുപത്രികളില്‍ ഡോക്ടര്‍മാര്‍ക്കുള്ള ഫീസ് ദിവസം ശരാശരി 250 രൂപയാണ്. നഴ്സിംഗ് ചാര്‍ജ്ജായി വാങ്ങിക്കുന്നത് 300 രൂപയും. കിടക്കകള്‍ കുറഞ്ഞ ആശുപത്രികളില്‍ ഇത് യഥാക്രമം 150 ഉം 200ഉം ആണ്.

മുമ്പൊക്കെ നഴ്സിംഗ് ചാര്‍ജ്ജെന്ന പേരില്‍ ഒറ്റതുകയാണ് ഈടാക്കിയിരുന്നതെങ്കില്‍ ശമ്പള പരിഷ്‌ക്കരണത്തിന് ശേഷം വ്യത്യസ്ത സേവനങ്ങള്‍ക്കായി ഫീസ്. ഇഞ്ചക്ഷന്‍, ഗ്ലൂക്കോസ്, ബെഡ് ബാത്ത് എന്നിങ്ങനെ ഓരോ സേവനങ്ങള്‍ക്കും പ്രത്യേക ബില്‍. ഇവയെല്ലാം എത്തുന്നത് മാനേജ്മെന്റിന്റെ പോക്കറ്റിലേക്കും.

ട്രെയ്നികളെ നിയമിച്ചും ചൂഷണം

വിദ്യാര്‍ത്ഥികള്‍ക്ക് പുറമെ വര്‍ഷം തോറും ട്രെയ്നികളെ നിയമിച്ചാണ് മറ്റൊരു ചൂഷണം. ബിഎസ് സി നഴ്സിംഗ് കഴിഞ്ഞ ആളുകളാണെങ്കില്‍ 6500 രൂപയും ജനറല്‍ നഴ്സിംഗ് കഴിഞ്ഞ ആളുകളാണെങ്കില്‍ 6000 രൂപയുമാണ് ട്രെയ്നികള്‍ക്ക് നല്‍കേണ്ടത്. ഒരു വര്‍ഷം കഴിഞ്ഞാല്‍ ഇവരെ സ്റ്റാഫായി നിയമിക്കാവുന്നതാണ്. സ്റ്റാഫായി നിയമിച്ചാല്‍ 13000 രൂപ മിനിമം നല്‍കേണ്ടി വരുമെന്നതിനാല്‍ ഇവരെ പിരിച്ചുവിട്ട് പുതിയ ട്രെയിനികളെ എടുക്കുകയാണ് പതിവ്. ഒരു വര്‍ഷം ട്രെയ്നി സര്‍ട്ടിഫിക്കറ്റുമായി മറ്റെവിടെ ചെന്നിട്ടും കാര്യമില്ലെന്നാണ് അനുഭവസ്ഥര്‍ പറയുന്നത്.

പല ആശുപത്രികളിലും വേണ്ടത്ര ക്ലീംനിംഗ് ജീവനക്കാരെ നിയമിക്കാതെ നഴ്സുമാരെ കൊണ്ടാണ് ഇത് ചെയ്യിപ്പിക്കുക. അറ്റന്‍ഡര്‍മാരില്ലാത്തതിനാല്‍ ട്രോളിയും വീല്‍ചെയറുമൊക്കെ തള്ളുന്നത് തങ്ങളാണെന്ന് നഴ്സുമാര്‍ പറയുന്നു. വിദ്യാര്‍ത്ഥികളെകൊണ്ട് പോലും ഇവ ചെയ്യിക്കാറുണ്ട്.

മാറാത്ത ആശങ്ക

വിദേശരാജ്യങ്ങളിലെ ആഭ്യന്തര സംഘര്‍ഷവും സാമ്പത്തിക പ്രതിസന്ധിയും കാരണം നഴ്സിംഗ് ജോലിക്ക് പോകുന്നവരുടെ എണ്ണം കുറഞ്ഞു വരികയാണിപ്പോള്‍. വിദ്യാര്‍ത്ഥികളേയും ട്രെയ്നികളേയും ഉപയോഗിച്ച് പണിയെടുപ്പിക്കുമ്പോള്‍ എറണാകുളം ജില്ലയില്‍ മാത്രം ഏതാണ്ട് ആയിരത്തിലേറെ നഴ്സുമാരുടെ ഒഴിവുകളാണ് നികത്തപ്പെടാതെ പോകുന്നത്.

nurses1

2013 ലെ ശമ്പളപരിഷ്‌ക്കരണ നടപടികള്‍ക്ക് ശേഷം ഇതുവരെയും ശമ്പളം വര്‍ദ്ധിപ്പിക്കുന്നതില്‍ യാതൊരു നടപടിയുമായിട്ടില്ല. ശമ്പളം 18000രൂപയാക്കണമെന്ന ബലരാമന്‍ കമ്മിറ്റി റിപ്പോര്‍ട്ടും മൂന്ന് ഷിഫ്റ്റാക്കണമെന്ന വീരകുമാര്‍ റിപ്പോര്‍ട്ടും സര്‍ക്കാര്‍ കണ്ടില്ലെന്നു നടിക്കുകയാണ്. സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ ശമ്പളം ചുരുങ്ങിയത് 20000 രൂപയാക്കമെന്ന് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയെങ്കിലും നടപ്പാക്കുക എളുപ്പമാകില്ല. വേണ്ടത്ര സ്റ്റാഫിനെ നിയമിച്ച് രോഗികളേയും വിദ്യാര്‍ത്ഥികളേയും ചൂഷണം ചെയ്യുന്ന ഏര്‍പ്പാടാണ് ആദ്യം തടയേണ്ടത്

Read More >>