പ്രതിഷേധിച്ച പ്രതിപക്ഷ അംഗങ്ങളോട് 'പോയി പണിനോക്കൂ' എന്ന് മുഖ്യമന്ത്രി; മുഖ്യമന്ത്രി സംസാരിക്കുന്നത് തെരുവ് ഭാഷയിലെന്ന് പ്രതിപക്ഷം

പാര്‍ട്ടി പ്രവര്‍ത്തകരോടു പറയുംപോലെയാണ് പിണറായി നിയമസഭയില്‍ സംസാരിക്കുന്നത്. നിരവധി മഹാന്മാര്‍ ഇരുന്ന കസേരയാണിത്. ഇത്തരമൊരു കസേരയുടെ അന്തസ്സിനു ചേര്‍ന്നതല്ല മുഖ്യമന്ത്രിയുടെ പരാമര്‍ശമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

പ്രതിഷേധിച്ച പ്രതിപക്ഷ അംഗങ്ങളോട്

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ സമരത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ പരാമര്‍ശത്തെ ചൊല്ലി നിയമസഭയില്‍ ബഹളം. ചുവന്ന മഷി ഷര്‍ട്ടില്‍ പുരട്ടി അക്രമിച്ചുവെന്നു വരുത്താനാണ് യൂത്ത് കോണ്‍ഗ്രസ് ശ്രമിച്ചതെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശമാണ് പ്രതിപക്ഷത്തെ ചൊടിപ്പിച്ചത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കുനേരെയുണ്ടായ പൊലീസ് അക്രമം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിനു മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി. ഷാഫി പറമ്പിലാണ് അടിയന്തര പ്രമേയത്തിനു നോട്ടീസ് നല്‍കിയത്.


എന്നാല്‍ സമരം ചെയ്ത യൂത്തുകോണ്‍ഗ്രസ് പ്രവര്‍ത്തകരെ അപമാനിക്കുന്ന രീതിയിലാണ് മുഖ്യമന്ത്രിയുടെ പരാമര്‍ശമെന്ന് പ്രതിപക്ഷ നേതാവ് ചെന്നിത്തല പറഞ്ഞു. പാര്‍ട്ടി പ്രവര്‍ത്തകരോടു പറയുംപോലെയാണ് പിണറായി നിയമസഭയില്‍ സംസാരിക്കുന്നത്. നിരവധി മഹാന്മാര്‍ ഇരുന്ന കസേരയാണിത്. ഇത്തരമൊരു കസേരയുടെ അന്തസ്സിനു ചേര്‍ന്നതല്ല മുഖ്യമന്ത്രിയുടെ പരാമര്‍ശമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രിയുടെ പരാമര്‍ശം സഭയെ പ്രക്ഷുബ്ധമാക്കി. പ്രതിപക്ഷ അംഗങ്ങള്‍ നടുത്തളത്തിലിറങ്ങി കുത്തിയിരുന്ന് പ്രതിഷേധിച്ചു. മുഖ്യമന്ത്രിയുടെ പരാമര്‍ശം സഭാ രേഖകളില്‍ നിന്ന് നീക്കം ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് സ്പീക്കറോട് ആവശ്യപ്പെട്ടു.

സെക്രട്ടറിയേറ്റിനു മുന്നില്‍ ലാത്തിച്ചാര്‍ജിനു കാരണമായ പ്രകോപനമുണ്ടാക്കിയത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. ഗതാഗതം തടയുകയും വഴിയാത്രക്കാര്‍ക്കും പൊലീസിനും നേരെ കയ്യേറ്റമുണ്ടാവുകയും ചെയ്ത സാഹചര്യത്തിലാണ് ലാത്തിച്ചാര്‍ജ് നടത്തിയത്. പൊലീസ് അക്രമം അഴിച്ചുവിട്ടില്ല. സമരക്കാരാണ് അക്രമം നടത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

പ്രതിഷേധിച്ച പ്രതിപക്ഷ അംഗങ്ങളോട് ‘പോയി പണിനോക്കൂ’ എന്ന് മുഖ്യമന്ത്രി പറഞ്ഞതായി ചില ചാനലുകൾ റിപ്പോർട്ടു ചെയ്തു. പറയാനുള്ളത് ബഹളം വെച്ചാലും പറയുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്വാശ്രയ കരാറില്‍ നിന്ന് പിന്നോട്ടുപോകില്ല. നീറ്റ്‌മെറിറ്റ് ഉറപ്പാക്കും. ആവശ്യമെങ്കില്‍ സര്‍ക്കാര്‍ ഇടപെടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രി സംസാരിക്കുന്നത് തെരുവില്‍ സംസാരിക്കുന്നത് പോലെയാണെന്ന് ഇതിനു മറുപടിയായി രമേശ് ചെന്നിത്തല പറഞ്ഞു. പിണറായിയുടെ സര്‍ട്ടിഫിക്കറ്റ് യൂത്ത് കോണ്‍ഗ്രസിനു ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് സഭാ നടപടികള്‍ നിര്‍ത്തിവെച്ച് ഇന്നത്തേക്ക് സഭ പിരിഞ്ഞു.

Read More >>