പ്രകൃതിദുരന്ത ഭീഷണിയെക്കുറിച്ചുള്ള സെസ്സിന്റെ റിപ്പോര്‍ട്ടും സര്‍ക്കാര്‍ അവഗണിച്ചു; ദുരന്തഭീതിയില്‍ ബാണാസുര മലയും കോഴിക്കോട്, വയനാട് മലയോര മേഖലയും

1984 മുതല്‍ ഇക്കാലയളവില്‍ ഡസന്‍ കണക്കിന് റിപ്പോര്‍ട്ടുകളാണ് പ്രകൃതിദുരന്തവുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതികള്‍ സമര്‍പ്പിച്ചിട്ടുള്ളത്. ഇതില്‍ ഏറ്റവും പ്രധാനവും കരുതല്‍ നിര്‍ദേശങ്ങളുമടങ്ങിയ റിപ്പോര്‍ട്ടുകള്‍ 2008ല്‍ സെസിന്റെയും 2009ല്‍ വിദഗ്ധ സമിതിയുടെതുമാണ്.

പ്രകൃതിദുരന്ത ഭീഷണിയെക്കുറിച്ചുള്ള സെസ്സിന്റെ റിപ്പോര്‍ട്ടും സര്‍ക്കാര്‍ അവഗണിച്ചു; ദുരന്തഭീതിയില്‍ ബാണാസുര മലയും കോഴിക്കോട്, വയനാട് മലയോര മേഖലയും

കോഴിക്കോട്: ആറുപേരുടെ ജീവനെടുത്ത പശുക്കടവില്‍ ഉള്‍പ്പെടെ വന്‍ പ്രകൃതിദുരന്ത സാധ്യതയുണ്ടെന്ന സെസിന്റെ റിപ്പോര്‍ട്ടും സര്‍ക്കാര്‍ അവഗണിച്ചു. 2008 ലാണ് ഇതുസംബന്ധിച്ച വിശദമായ പഠനറിപ്പോര്‍ട്ട് സെസ്(സെന്റര്‍ ഫോര്‍ എര്‍ത്ത് ആന്റ് സയന്‍സ് സ്റ്റഡീസ്) സര്‍ക്കാറിന് കൈമാറിയത്. 2009ലെ വിദഗ്ധ സമിതി റിപ്പോര്‍ട്ട് സര്‍ക്കാര്‍ അവഗണിച്ചതിന്റെ തെളിവുകള്‍ നാരദ ന്യൂസ് പുറത്തുവിട്ടിരുന്നു. അതിന് പിന്നാലെയാണിപ്പോള്‍ അതീവ ഗുരുതരമായ പ്രകൃതി ദുരന്ത സാധ്യത പറയുന്നതും അതിന്റെ മുന്‍ കരുതലുകളെക്കുറിച്ചുമുള്ള റിപ്പോര്‍ട്ടും സര്‍ക്കാര്‍ അവഗണിച്ചതിന്റെ തെളിവുകള്‍ പുറത്തുവരുന്നത്. പശ്ചിമഘട്ടത്തിലെ സുപ്രധാന ഗ്രീന്‍ ഹോട്ട് സ്പോട്ടായ ബാണാസുര മലയും കടുത്ത ഭീഷണിയിലാണെന്ന് റിപ്പോര്‍ട്ട് അടിവരയിടുന്നു.


ബാണാസുര മലയുടെ നിലനില്‍പ്പ്

പശ്ചിമഘട്ടത്തിലെ സുപ്രധാനവും തുടര്‍ച്ചയായതുമായ അതീവ പാരിസ്ഥിതിക പ്രാധാന്യമുള്ള ബാണാസുര മല ഗുരുതരമായ  ഭീഷണി നേരിടുന്നതായി  സെസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.  ബാണാസുര മലയ്ക്ക് ചുറ്റും 25-30 ക്വാറികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അനധികൃത നിര്‍മ്മാണപ്രവര്‍ത്തനങ്ങളുള്‍പ്പെടെ ഇവിടെ വ്യാപകമാണ്. റിസോര്‍ട്ടുകളുള്‍പ്പെടെയുള്ളവ മലയടിവാരത്തില്‍ നിര്‍ബാധം മുളച്ചുപൊങ്ങുകയും ചെയ്യുന്നു. വിദഗ്ധ സമിതികളുടെ റിപ്പോര്‍ട്ടനുസരിച്ച് ബാണാസുര മല പ്രദേശം അതീവ ദുര്‍ബലമാണ്. പാറയുടെ മുകളില്‍ നേര്‍ത്ത മണ്ണിന്റെ ആവരണം മാത്രമാണുള്ളത്. അടിത്തട്ടില്‍ പാറയും മണ്ണും കൂടിച്ചേര്‍ന്ന് ദുര്‍ബലമായ അവസ്ഥയിലാണ്. ചുറ്റുഭാഗവും പാറഖനനം നടക്കുമ്പോള്‍ അതിന്റെ പ്രകമ്പനത്തില്‍ മലയിലെ മണ്ണുകള്‍ നിരങ്ങി നീങ്ങുന്ന സോയില്‍ ക്രീപ്പിംഗ് പ്രതിഭാസവും പൈപ്പിംഗ് പ്രതിഭാസവും രൂപപ്പെടുന്നുണ്ട്. ഉരുള്‍പൊട്ടല്‍ സാധ്യതയും കൂടുതലാണ്. ഈ മലയുടെ അടിവാരത്തിലാണ് കോഴിക്കോട്, വയനാട് ജില്ലയിലെ പ്രധാന മലയോരമേഖലകള്‍ സ്ഥിതി ചെയ്യുന്നത്. ദുര്‍ബലമായ ഭൂഘടനയുള്ള ഇവിടം സംരക്ഷിതമേഖലയാണെന്നിരിക്കെ നിര്‍മ്മാണപ്രവര്‍ത്തനങ്ങളും ഖനനവും നിര്‍ത്തണമെന്ന് തന്നെയാണ് റിപ്പോര്‍ട്ട് പറയുന്നത്.

cess-1മലയോരമേഖലയ്ക്ക് ഭീഷണിയാകുന്ന പ്രകൃതിചൂഷണം

ഏറ്റവും കൂടുതല്‍ പ്രകൃതി ദുരന്ത ഭീഷണി നേരിടുന്ന ബാണാസുര മലയുടെ അടിവാരത്തില്‍ സ്ഥിതി ചെയ്യുന്ന പ്രദേശങ്ങളിലുള്ളവരാണ് ദുരിതം പേറുന്നവര്‍. കോഴിക്കോട് ജില്ലയിലെ കുറ്റ്യാടി, പശുക്കടവ്, ചക്കിട്ടപ്പാറ, തുഷാരഗിരി, കോടഞ്ചേരി, പുല്ലൂരംപാറ, കൈതപ്പൊയില്‍,  വയനാട്ടിലെ വെള്ളമുണ്ട, പടിഞ്ഞാറത്തറ പഞ്ചായത്തിലെ പ്രദേശങ്ങള്‍ ഉള്‍പ്പെടെ ബാണാസുര മലയടിവാരത്തിലാണുള്ളത്. ഇവിടെ നടക്കുന്ന പ്രകൃതിചൂഷണത്തിന്റെ തിക്തഫലം അനുഭവിക്കേണ്ടിവരുന്നത് മലയോരവാസികള്‍ തന്നെ. അതീവ പരിസ്ഥിതി പ്രാധാന്യമുള്ള നീര്‍ച്ചാലുകളുടെ ശോഷണവും ഗതിമാറലും പശുക്കടവ് പോലുള്ള ദുരന്തത്തിന് വഴിവെച്ചുവെന്നതാണ് വസ്തുത.

cess-2റിപ്പോര്‍ട്ടുകള്‍ അടയിരിക്കുന്ന സര്‍ക്കാര്‍

1984 മുതല്‍ ഇക്കാലയളവില്‍ ഡസന്‍ കണക്കിന് റിപ്പോര്‍ട്ടുകളാണ് പ്രകൃതിദുരന്തവുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതികള്‍ സമര്‍പ്പിച്ചിട്ടുള്ളത്. ഇതില്‍ ഏറ്റവും പ്രധാനവും കരുതല്‍ നിര്‍ദേശങ്ങളുമടങ്ങിയ റിപ്പോര്‍ട്ടുകള്‍ 2008ല്‍ സെസിന്റെയും 2009ല്‍ വിദഗ്ധ സമിതിയുടെതുമാണ്. ഉരുള്‍പൊട്ടല്‍ ഉള്‍പ്പെടെയുള്ള ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ അടിയന്തിര റിപ്പോര്‍ട്ട് തേടുന്ന സര്‍ക്കാര്‍ പിന്നീട്  ഇതിന് മേല്‍ യാതൊരു നടപടിയും എടുക്കാറില്ല. അവസാനമായി പശുക്കടവില്‍ ആറ് യുവാക്കളുടെ ജീവന്‍ പൊലിഞ്ഞതും ഈ അനാസ്ഥയിലേക്ക് വിരല്‍ ചൂണ്ടുന്നു.

cess-3സുപ്രീംകോടതി പറഞ്ഞത്

പാറ ഖനനം നടത്തുമ്പോള്‍ പരിസ്ഥിതി ആഘാത പഠനം വേണമെന്ന സുപ്രീംകോടതി നിര്‍ദേശത്തിന് പുല്ലുവിലയാണുള്ളത്. 2012ലെ ഹരിയാനയിലെ ദീപക്മര്‍ കേസിലാണ് ഖനനത്തിന്  പരിസ്ഥിതി ആഘാതപഠനം നിര്‍ബന്ധമാക്കിക്കൊണ്ടുള്ള സുപ്രീംകോടതി വിധി വരുന്നത്. 2008ലെ സെസിന്റെ റിപ്പോര്‍ട്ടിലും ഇക്കാര്യം തന്നെയാണ് പ്രധാനമായും നിര്‍ദേശിച്ചിരുന്നത്. ഊട്ടിയിലും ഉത്തരാഖണ്ഡിലും നടന്ന പ്രകൃതിദുരന്തങ്ങളില്‍ നിന്ന് കേരളം ഒരു പാഠവും പഠിച്ചില്ലെന്ന് ചുരുക്കം.

Read More >>