സ്വാശ്രയ പ്രശ്‌നത്തില്‍ പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം; മുഖ്യമന്ത്രിയുടെ തോന്നല്‍ തിരുത്തണമെന്ന് ആവശ്യം; സഭ തത്കാലത്തേക്കു പിരിഞ്ഞു

നിയമസഭാ കവാടത്തില്‍ എംഎല്‍എമാര്‍ നടത്തുന്ന നിരാഹാര സമരം രണ്ടാം ദിവസത്തിലേക്കു കടന്നു

സ്വാശ്രയ പ്രശ്‌നത്തില്‍ പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം; മുഖ്യമന്ത്രിയുടെ തോന്നല്‍ തിരുത്തണമെന്ന് ആവശ്യം; സഭ തത്കാലത്തേക്കു പിരിഞ്ഞു

തിരുവനന്തപുരം: സ്വാശ്രയ ഫീസ് വര്‍ദ്ധനയെ ചൊല്ലി തുടര്‍ച്ചയായ രണ്ടാം ദിവസവും നിയമസഭ പ്രക്ഷുബ്ധം. പ്ലക്കാര്‍ഡുകളും ബാനറുകളും കറുത്ത ബാഡ്ജും ധരിച്ചായിരുന്നു പ്രതിപക്ഷം സഭയിലെത്തിയത്. പ്രതിഷേധം ശക്തമാക്കുന്നതിന്റെ ഭാഗമായി പ്രതിപക്ഷം ചോദ്യോത്തര വേള ബഹിഷ്‌കരിച്ചു. വിഷയത്തില്‍ അവതരണാനുമതി തേടി ഇന്നും പ്രതിപക്ഷം അടിയന്തര പ്രമേയത്തിനു നോട്ടീസ് നല്‍കി. സണ്ണി ജോസഫ് എംഎല്‍എ ആയിരുന്നു നോട്ടീസ് നല്‍കിയത്.

ഒരേ വിഷയത്തില്‍ ഇതു നാലാം തവണയാണ് അടിയന്തര പ്രമേത്തിനു അവതരണാനുമതി തേടുന്നതെന്നു സ്പീക്കര്‍ പ്രതികരിച്ചു. ഇത് ചട്ടവിരുദ്ധമാണെന്നും അവതരണാനുമതി നിഷേധിക്കുന്നു എന്നും സ്പീക്കര്‍ സഭയെ അറിയിച്ചു.


ചാനല്‍ വാടകയ്ക്ക് എടുത്തവരാണു കരിങ്കൊടി കാണിച്ചതെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന തിരുത്തണമെന്ന് ആവശ്യപ്പെട്ടു പ്രതിപക്ഷം ബഹളം തുടങ്ങി. പരാമര്‍ശം തന്റെ തോന്നലായിരുന്നെന്നു മുഖ്യമന്ത്രി ഇന്നലെ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു. തോന്നല്‍ തെറ്റായിരുന്നെങ്കില്‍ അതു സഭയില്‍ തന്നെ തിരുത്തണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.

അതിനിടയില്‍ നിയമസഭാ കവാടത്തില്‍ എംഎല്‍എമാര്‍ നടത്തുന്ന നിരാഹാര സമരം രണ്ടാം ദിവസത്തിലേക്കു കടന്നു. ഹൈബി ഈഡന്‍,ഷാഫി പറമ്പില്‍,അനൂപ് ജേക്കബ് എന്നിവരാണ് നിരാഹാരമിരിക്കുന്നത്. മൂവരും ഇന്നു സഭയില്‍ എത്തിയിട്ടില്ല. മുസ്ലീം ലീഗിന്റെ എംഎല്‍എമാരായ എന്‍ ഷംസുദ്ദീന്‍, കെഎം ഷാജി എന്നിവര്‍ സത്യാഗ്രഹം നടത്തുന്നുണ്ട്. അതെസമയം സ്വാശ്രയ നയം സുപ്രീംകോടതി സാധുകരിച്ചെന്നും ഇനിയും എന്തിനാണ് എംഎല്‍എമാര്‍ നിരാഹാരം ഇരിക്കുന്നതെന്നും ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ ചോദിച്ചു.
വിഷയം ചര്‍ച്ച ചെയ്യാന്‍ ഇന്നു വൈകീട്ട് യുഡിഎഫ് യോഗം ചേരും. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിലാണു യോഗം.

Read More >>