സുഗ്ഗലമ്മാദേവിയുടെ ക്ഷേത്രം തകർത്തവരെ കുമ്മനത്തിനും ടി ജി മോഹൻദാസിനും പരിചയമുണ്ടോ?

ക്ഷേത്രം തകര്‍ത്തത് എന്തിനെന്നല്ലേ? ശതകോടികള്‍ വിലമതിക്കുന്ന ഇരുമ്പയിരിന്റെ അക്ഷയഖനിയ്ക്കു മീതെയായിരുന്നു സുഗ്ഗലമ്മാദേവി നൂറ്റാണ്ടുകളായി പ്രതിഷ്ഠയും വിശ്വാസവുമായി നിലകൊണ്ടത്. ഭക്തർക്ക് സുഗ്ഗലമ്മാദേവിയെ വേണം, മാഫിയയ്ക്ക് ഇരുമ്പയിരും. ദേവിയും വിശ്വാസവും മറ്റൊരു ക്ഷേത്രത്തിലേയ്ക്കു കുടിമാറുകയാണ് പ്രായോഗികമായ വഴി.

സുഗ്ഗലമ്മാദേവിയുടെ ക്ഷേത്രം തകർത്തവരെ കുമ്മനത്തിനും ടി ജി മോഹൻദാസിനും പരിചയമുണ്ടോ?

ദണ്ഡകാരണ്യത്തിലെ വനസമ്പത്ത് ഊറ്റിയെടുത്ത് തദ്ദേശീയരായ ആദിവാസികളുടെ ജീവിതം തകർത്ത വിഭവചൂഷണത്തിന്റെ ചരിത്രം മാത്യുസാമുവലെഴുതിയതു വായിച്ചപ്പോൾ  ഒബലാപുരം ഗ്രാമത്തിലെ സുഗ്ഗലമ്മാ ദേവീക്ഷേത്രത്തെക്കുറിച്ചോർത്തു.  ഒരമ്പലം തകർന്നാൽ അത്രയും അന്ധവിശ്വാസം കുറയുമെന്ന സി കേശവന്റെ ചരിത്രപ്രസിദ്ധമായ നിരീക്ഷണത്തിന്റെ പേരിൽ കേരളത്തിൽ ആഘോഷമായി നുണ പ്രചാരണം നടത്തുന്നവരും തീർച്ചയായും സുഗ്ഗലമ്മാ ദേവിയെ പരിചയപ്പെടണം.

കര്‍ണാടക - ആന്ധ്ര സംസ്ഥാനങ്ങളിലായി വ്യാപിച്ചു കിടക്കുന്ന ബെല്ലാരി റിസര്‍വ് വനമേഖലയിലാണ് ഒബലാപുരം. ആ ഗ്രാമവാസികൾ നൂറ്റാണ്ടുകളായി ആരാധന നടത്തുന്ന ക്ഷേത്രമാണ് സുഗ്ഗലമ്മാദേവീ ക്ഷേത്രം. അവിടെ 2006 ആഗസ്റ്റ് അവസാനം ഒരു പൂജ ആരംഭിച്ചു. സുഗ്ഗലമ്മാദേവിയുടെ ശക്തിചൈതന്യങ്ങള്‍ മറ്റൊരു പ്രതിഷ്ഠയിലേയ്ക്ക് ആവാഹിക്കണം. അതാണ് ലക്ഷ്യം. തമിഴ്നാട്ടിലും കേരളത്തിലും നിന്നെത്തിയ, പൂജാവിധികളിൽ അവഗാഹമുളള 18 ബ്രാഹ്മണശ്രേഷ്ഠരാണ് കാര്യങ്ങൾ നിയന്ത്രിച്ചത്.


[caption id="attachment_42681" align="aligncenter" width="607"]suggalamma-devi സുഗ്ഗലമ്മ ദേവീക്ഷേത്രം[/caption]

പൂജയുടെ ഭാഗമായി മൃഗബലിയടക്കമുളള ആഭിചാരകര്‍മ്മങ്ങള്‍ അരങ്ങേറി. മിണ്ടാപ്രാണികളുടെ രക്താഭിഷേകത്തില്‍ പ്രീതിപ്പെട്ട സുഗ്ഗലമ്മ മറ്റൊരിടത്തേയ്ക്കു കൂടുമാറിയെന്ന് സന്ന്യാസിമാരും പൂജാരിമാരും പ്രഖ്യാപിച്ചു. വേദമന്ത്രങ്ങള്‍ ഉറക്കെച്ചൊല്ലി അവര്‍ ദേവീചൈതന്യം മറ്റൊരു വിഗ്രഹത്തിലേയ്ക്ക് ആവാഹിച്ചു. അനന്തരം അമ്പലം തകര്‍ക്കാന്‍ ആജ്ഞ നല്‍കി. അങ്ങനെ നൂറ്റാണ്ടുകള്‍ പഴക്കമുളള സുഗ്ഗലമ്മാദേവീക്ഷേത്രം 2006 സെപ്തംബര്‍ മൂന്നിന് ബോംബു വെച്ചു തകര്‍ത്തു.

ക്ഷേത്രം തകര്‍ത്തത് എന്തിനെന്നല്ലേ? ശതകോടികള്‍ വിലമതിക്കുന്ന ഇരുമ്പയിരിന്റെ അക്ഷയഖനിയ്ക്കു മീതെയായിരുന്നു സുഗ്ഗലമ്മാദേവി നൂറ്റാണ്ടുകളായി പ്രതിഷ്ഠയും വിശ്വാസവുമായി നിലകൊണ്ടത്. ഭക്തർക്ക് സുഗ്ഗലമ്മാദേവിയെ വേണം, മാഫിയയ്ക്ക് ഇരുമ്പയിരും. ദേവിയും വിശ്വാസവും മറ്റൊരു ക്ഷേത്രത്തിലേയ്ക്കു കുടിമാറുകയാണ് പ്രായോഗികമായ വഴി.

വിശ്വാസികളെ ബോധ്യപ്പെടുത്തി കാര്യങ്ങൾ ആസൂത്രണം ചെയ്തവരുടെ സന്മനസിനെ നാം അംഗീകരിക്കണം. ലക്ഷങ്ങൾ ചെലവഴിച്ച് തകർപ്പൻ ഹോമവും പൂജയും. കൈവരുന്നത് ആയിരക്കണക്കിനു കോടികളാവുമ്പോൾ, പൂജയ്ക്കും പുതിയ അമ്പലം നിർമ്മിക്കാനും വരുന്ന ചെലവ് എത്രയോ തുച്ഛം. മറ്റു സംസ്ഥാനങ്ങളിൽനിന്നുവരെ പ്രഗത്ഭരായ പൂജാരിമാർ. മൃഗബലിയും പൂജയും മന്ത്രവാദവുമൊക്കെ യഥാവിധി നടന്നു. വേദമന്ത്രങ്ങളും പൂജാവിധികളും മതാനുഷ്ഠാനങ്ങളും ഉപയോഗിച്ചുതന്നെ സുഗ്ഗലമ്മാദേവിയെ മറ്റൊരു ക്ഷേത്രത്തിലേയ്ക്കു കുടിയിറക്കി. പരാതിയും പരിഭവവുമില്ലാതെ നൂറ്റാണ്ടുകളുടെ വാസസ്ഥലം ഉപേക്ഷിച്ചു ദേവി പടിയിറങ്ങി. ഒബുലാപുരത്തെ പാവപ്പെട്ട മൂവായിരത്തോളം ഹൈന്ദവവിശ്വാസികൾ വിദഗ്ധമായി പുതിയ ക്ഷേത്രത്തിലെ പതിവുകാരുമാക്കി.

ഇതൊക്കെ ചെയ്തത് ആരാണെന്നല്ലേ? ഹൈന്ദവ മതവിശ്വാസത്തിന്റെ മൊത്തക്കച്ചവടക്കാരായ ബിജെപിയുടെ കര്‍ണാടകത്തിലെ അതിശക്തരായ നേതാക്കളായിരുന്നവർ. റെഡ്ഡി സഹോദരങ്ങളെന്നാണ് അവരറിയപ്പെടുന്നത്. ബിജെപി നേതാവും സുഷമ സ്വരാജിന്റെ ഉറ്റ അനുയായിയും  കർണാടകത്തിലെ യെദ്യൂരപ്പ മന്ത്രിസഭയിൽ ടൂറിസം മന്ത്രിയുമായിരുന്ന ജനാര്‍ദനറെഡ്ഡി, സഹോദരനും കര്‍ണാടക റവന്യൂമന്ത്രിയുമായിരുന്ന ജി. കരുണാകര റെഡ്ഡി, എംഎല്‍എയും സഹോദരനുമായ സോമശേഖര റെഡ്ഡി, ഇവരുടെ കുടുംബസുഹൃത്തും കര്‍ണാടക ആരോഗ്യമന്ത്രിയുമായിരുന്ന ശ്രീരാമുലു എന്നിവര്‍ നേതൃത്വം നല്‍കുന്ന കര്‍ണാടകത്തിലെ ഖനി മാഫിയയാണ്, വിശ്വാസികളെ വഞ്ചിച്ച്, സുഗ്ഗലമ്മാദേവിയെ കുടിയിറക്കി, മല തുരന്നു ആയിരക്കണക്കിനു കോടി രൂപയുടെ പ്രകൃതി സമ്പത്ത് കവര്‍ന്നെടുത്തത്.

ഈ സംഭവം വായിക്കുന്നവരുടെ മനസിൽ ആദ്യമെത്തുന്നത് രാമജന്മഭൂമി വിവാദമാണ്. നൂറ്റാണ്ടുകൾക്കു പിന്നലെന്നോ ക്ഷേത്രം തകർക്കപ്പെട്ടുവെന്ന് ആരോപിച്ചാണല്ലോ പ്രതികാരത്തിനു കളമൊരുക്കിയത്. അതിന് രാജ്യം നൽകിയ വില നമ്മുടെ ഓർമ്മയിലുണ്ട്. ആളിക്കത്തിയ വര്‍ഗീയകലാപങ്ങളും കൂട്ടക്കുരുതികളും ചോരയില്‍ കുളിച്ച തെരുവുകളും ആര്‍ത്തനാദങ്ങളും പലായനങ്ങളും  പകയുടെ കെട്ടുതീരാത്ത  കനലുകളും തലമുറകളിലേയ്ക്കു കരുതിവെച്ച പരസ്പരവൈരവും ആ പ്രതികാരത്തിന്റെ തുടർച്ചയായിരുന്നു. സുഗ്ഗലമ്മാദേവിയെ കുടിയിറക്കി ക്ഷേത്രം ബോംബുവെച്ചു തകർത്തതും അതേ സംഘപരിവാരത്തിന്റെ നേതാക്കളായിരുന്നു. ശ്രീരാമനെ അധികാരവേട്ടയ്ക്കുളള വെടിമരുന്നാക്കിയവർ അതിഭീമമായ പ്രകൃതി സമ്പത്തുകൊളളയടിക്കാന്‍ സുഗ്ഗലമ്മാദേവിയെ കുടിയിറക്കി അമ്പലം ബോംബുവെച്ചു തകര്‍ത്തു.

വേദമന്ത്രങ്ങളും ഉപനിഷദ്‌സൂക്തങ്ങളും ആചാരവും അനുഷ്ഠാനങ്ങളുമൊക്കെ സമർത്ഥമായി ഉപയോഗിച്ചു തന്നെയാണവർ ഒബലാപുരത്തെ പാവപ്പെട്ട വിശ്വാസികളെ ഹീനമായി വഞ്ചിച്ചത്. അധികാരത്തിനും സമ്പത്തിനും അഴിമതിയ്ക്കും വേണ്ടി എന്തും ചെയ്യാൻ മടിയില്ലാത്തവരുടെ തനിനിറമാണ് ബെല്ലാരിയിലെ ഖനിമാഫിയ വെളിപ്പെടുത്തിയത്.

സുഗ്ഗലമ്മാദേവീക്ഷേത്രം ബോംബുവെച്ചു തകർത്ത ജനാര്‍ദ്ദന റെഡ്ഡി കർണാടകയുടെ 'ഖനീശ്വര'നും ബിജെപിയിലെ കിരീടം വെയ്ക്കാത്ത രാജാവുമായി വളർന്ന ചരിത്രം

ചിത്രത്തിനു കടപ്പാട് : ഡെക്കാൻ ക്രോണിക്കിൾ