സുഗ്ഗലമ്മാദേവീക്ഷേത്രം ബോംബുവെച്ചു തകർത്ത ജനാര്‍ദ്ദന റെഡ്ഡി കർണാടകയുടെ 'ഖനീശ്വര'നും ബിജെപിയിലെ കിരീടം വെയ്ക്കാത്ത രാജാവുമായി വളർന്ന ചരിത്രം

പതിനാലാം നൂറ്റാണ്ടിൽ വിജയനഗര സാമ്രാജ്യം അടക്കിഭരിച്ച കൃഷ്ണദേവരായരുടെ പുനരവതാരമാണ് താനെന്നു വിചാരിക്കുന്ന ജനാർദ്ദന റെഡ്ഡി 1237 ദിവസം ഹൈദരാബാദിലെ ചഞ്ചലഗുഡ ജയിലിൽ കിടന്നത് സുഗ്ഗലമ്മാദേവിയുടെ ശാപമാണെന്ന് ഉറച്ചു വിശ്വസിക്കുന്നു, ഒബലാപുരത്തെ സാധാരണ മനുഷ്യർ. അവർക്കങ്ങനെ തൃപ്തിപ്പെടാം. പക്ഷേ, കൃഷ്ണദേവരായരുടെ പുനരവതാരത്തിന്റെ ആഡംബര ഭ്രമത്തെ തൃപ്തിപ്പെടുത്താൻ മേൽപ്പറഞ്ഞ പട്ടിക മതിയാകുമോ എന്നു ന്യായമായും സംശയിക്കാം

സുഗ്ഗലമ്മാദേവീക്ഷേത്രം ബോംബുവെച്ചു തകർത്ത ജനാര്‍ദ്ദന റെഡ്ഡി കർണാടകയുടെ

[caption id="attachment_42880" align="alignright" width="265"]sushama-reddy സുഷമാ സ്വരാജും ജനാർദ്ദന റെഡ്ഡിയും[/caption]

2011 സെപ്തംബർ ആദ്യവാരം. സുഗ്ഗലമ്മാദേവീ ക്ഷേത്രം ബോംബു വെച്ചു തകർത്തിന്റെ അഞ്ചാം വാർഷികം. സിബിഐ ജോയിന്റ് ഡയറക്ടർ വി വി ലക്ഷ്മിനാരായണന്റെ നേതൃത്വത്തിലുളള അന്വേഷണ സംഘം ജനാർദ്ദന റെഡ്ഡിയുടെ ബെല്ലാരിയിലെ വീടു റെയിഡു ചെയ്യാനെത്തി. മായക്കാഴ്ചകളുടെ മഹാവിസ്മയമായിരുന്നു അവരെ കാത്തിരുന്നത്.

[caption id="attachment_42871" align="alignleft" width="300"]chair-reddy

റെഡ്ഡിയുടെ തങ്കസിംഹാസനം[/caption]

റെഡ്ഡിയ്ക്ക് ഇരിക്കാൻ രണ്ടു കോടിയുടെ സ്വർണസിംഹാസനം. പൂജാമുറിയിൽ തനിത്തങ്കത്തിൽ തീർത്ത വെങ്കിടേശ്വരന്റെയും പത്മാവതിയുടെയും പ്രതിമകൾ. മതിപ്പുവില രണ്ടേമുക്കാൽ കോടി. അരയിൽ ചുറ്റുന്ന ബെൽറ്റിന് പതിമൂന്നേകാൽ ലക്ഷം. പാത്രങ്ങളും സ്പൂണുകളുമുൾപ്പെടെ അടുക്കള സാമഗ്രികളുടെ മതിപ്പുവില ഇരുപതു ലക്ഷത്തിനു മുകളിൽ. മൂന്നു നിലക്കെട്ടിടത്തിൽ ഇൻഡോർ സ്വിമ്മിംഗ് പൂളിൽ 70 എംഎം സ്ക്രീനിൽ സിനിമ കണ്ടു  നീന്തിത്തുടിക്കാം.

2010ൽ റെഡ്ഡി ലോകായുക്തയ്ക്കു നൽകിയ സത്യവാങ്മൂലമുണ്ട്. അതിൽ മൂന്നു ഫുൾ പേജുകളിലാണ് കൈവശമുളള സ്വർണാഭരണങ്ങളുടെ പട്ടിക വിവരിച്ചിരിക്കുന്നത്. റോൾസ് റോയിസും റെയിഞ്ച് റോവറും മെഴ്സിഡസ് ബെൻസും ലാൻഡ് റോവറും ഓഡിയും ബിഎംഡബ്ല്യൂവുമടക്കം നൂറു കാറുകൾ. 12 കോടിയുടെ ബെൽ 407 ഹെലിക്കോപ്റ്റർ, മകൾ രുക്മിണിയുടെ പേരിട്ട അഞ്ചു കോടിയുടെ ആഡംബര ബസ്... ഇങ്ങനെ പോകുന്നു ആസ്തിയുടെ പട്ടിക.

[caption id="attachment_42872" align="alignleft" width="300"]‘Parijat’ the Bangalore residence of former minister Janardhana Reddy who was arrested by CBI in Bellary on Monday. –KPN റെഡ്ഡിയുടെ ഒരു വീട്[/caption]

റെഡ്ഡിയുടെ തന്നെ അവകാശവാദമനുസരിച്ച് പ്രതിദിനം അഞ്ചു കോടിയായിരുന്നു വരുമാനം. 2007 മുതൽ 2010 വരെ റെഡ്ഡി സാമ്രാജ്യത്തിന്റെ കീഴിലുളള കർണാടക തുറമുഖത്തിലൂടെ അനധികൃതമായി ഖനനം ചെയ്ത 12228 കോടി രൂപ വിലമതിക്കുന്ന 29.8 ദശലക്ഷം ടൺ ഇരുമ്പയിരു കടത്തിയെന്നാണ് സിബിഐ കണക്കാക്കുന്നത്. ഈ സാമ്രാജ്യം സംരക്ഷിക്കാൻ റെഡ്ഡി നിയോഗിച്ചത് തോക്കേന്തിയ രണ്ടായിരം പേരുടെ സേനയെ. ജില്ലയിൽ ആരു കടന്നാലും ഈ സേന വിവരമറിയും. മാധ്യമപ്രവർത്തകരെ പ്രത്യേകം നോട്ടമിട്ടിരുന്നുവെന്ന് പറയേണ്ടതില്ലല്ലോ.

എണ്ണം പറഞ്ഞ തിരുപ്പതി വെങ്കിടേശ്വര ഭക്തനായിരുന്നു റെഡ്ഡി. 2009 ജൂൺ 12ന് വെങ്കിടേശ്വരന് റെഡ്ഡി  31 കിലോ തൂക്കമുളള വജ്രകിരീടം സംഭാവന ചെയ്തു. ദക്ഷിണാഫ്രിക്കയിൽ നിന്ന് ഖനനം ചെയ്ത 96 കാരറ്റ് മരതകം പതിച്ച കിരീടത്തിന്റെ ഏകദേശ വില 45 കോടി.

[caption id="attachment_42879" align="alignright" width="300"]crown-janardhana-reddy തിരുപ്പതി വെങ്കിടേശ്വരന് 45 കോടിയുടെ വജ്രകിരീടം[/caption]

ആന്ധ്രാ പ്രദേശിലെ ചിറ്റൂര്‍ ജില്ലയില്‍ ചെങ്ക റെഡ്ഡി എന്ന പൊലീസ് ഹെഡ് കോണ്‍സ്റ്റബിളിന്റെ മകനായി സര്‍ക്കാര്‍ ക്വാര്‍ട്ടേഴ്‌സിലാണ് ജനാര്‍ദ്ദന റെഡ്ഡി, കരുണാകര റെഡ്ഡി, സോമശേഖര റെഡ്ഡി എന്നീ സഹോദരങ്ങൾ പിറന്നത്. കുട്ടിക്കാലം മുതലേ മണിമാളികകളിലെ ആഡംബരജീവിതത്തിന്റെ അത്ഭുതം തിളങ്ങുന്ന കഥകളായിരുന്നുവത്രേ ജനാര്‍ദ്ദനനു പ്രിയം. രാജകഥകളിലെ കൊട്ടാരങ്ങളും വേഷഭൂഷാദികളും സുഖസൗകര്യങ്ങളും വര്‍ണിക്കുന്ന ബാലമാസികകള്‍ കുഞ്ഞുറെഡ്ഡിയുടെ സ്‌ക്കൂള്‍ ബാഗില്‍ എപ്പോഴും കാണുമായിരുന്നുപോലും. ഏതായാലും റെഡ്ഡി സഹോദരങ്ങള്‍ കോളജിന്റെ പടി കയറിയില്ല.

[caption id="attachment_42875" align="alignleft" width="150"]reddy-chopper ബെൽ 407 ചോപ്പറിൽ ജനാർദ്ദന റെഡ്ഡി[/caption]

1996-ല്‍ ജനാര്‍ദ്ദന റെഡ്ഡി ബെല്ലാരിയില്‍ എനേബിള്‍ ഇന്ത്യാ സേവിംഗ്‌സ് എന്ന ചിട്ടിക്കമ്പനി തുറന്നു. ഇടപാടുകാരുടെ 200 കോടി കവര്‍ന്നെടുത്ത് 1998-ല്‍ അതു പൂട്ടി. പിന്നെ ഹോട്ടല്‍ വ്യവസായത്തില്‍ കൈവെച്ചു. പക്ഷേ, വിജയിച്ചില്ല. അങ്ങനെയിരിക്കെയാണ് 1999ലെ ലോക്‌സഭാ തിരഞ്ഞെടുപ്പുവന്നത്. ബെല്ലാരിയില്‍ മത്സരിക്കാന്‍ കോണ്‍ഗ്രസ് നേതാവ് സോണിയാഗാന്ധി തീരുമാനിച്ചു. എതിര്‍സ്ഥാനാര്‍ത്ഥി ബിജെപിയുടെ നക്ഷത്രതാരം സുഷമ സ്വരാജ്. സുഷമ സ്വരാജില്‍ ജനാര്‍ദ്ദന റെഡ്ഡി തന്റെ ഭാഗ്യദേവതയെ കണ്ടു. ചിട്ടിക്കാരെ പറ്റിച്ചു കൈക്കലാക്കിയ പണത്തിന്റെ ഒരു ഭാഗം രാഷ്ട്രീയത്തില്‍ മുതലിറക്കാന്‍ തീരുമാനിച്ചു. തിരഞ്ഞെടുപ്പില്‍ ബിജെപി തോറ്റെങ്കിലും ജനാര്‍ദ്ദന റെഡ്ഡി സുഷമ സ്വരാജിന്റെ ഉറ്റ സുഹൃത്തായി. 2011-വരെ വര്‍ഷത്തില്‍ ഒരു തവണയെങ്കിലും സുഷമ സ്വരാജ് ബെല്ലാരി സന്ദര്‍ശിക്കുമായിരുന്നു. അവരുടെ പിന്‍ബലത്തോടെ ജനാര്‍ദ്ദന റെഡ്ഡി രാഷ്ട്രീയത്തില്‍ ചവിട്ടിക്കയറി.

[caption id="attachment_42873" align="alignleft" width="150"]obalapuram-mining
ഒബലാപുരം മൈനിംഗ് കോർപറേഷൻ[/caption]

അപ്പോഴേയ്ക്കും കഥാനായകൻ കര്‍ണാടകത്തിലെ ബെല്ലാരി, ആന്ധ്രയിലെ അനന്തപൂര്‍ ജില്ലകളിലെ ഖനി ഉടമകളില്‍ പ്രധാനിയായി മാറിക്കഴിഞ്ഞിരുന്നു. തുടക്കം 2002-ല്‍ ഒബുലാപുരം മൈനിംഗ് കമ്പനി കൈക്കലാക്കിക്കൊണ്ടായിരുന്നു. 2001 ല്‍ ജി രാംമോഹന്‍ റെഡ്ഡി എന്നയാളാണ് ഒബുലാപുരം മൈനിംഗ് കമ്പനി സ്ഥാപിച്ചത്. അപ്പോള്‍ അദ്ദേഹത്തിന്റെ കൈയിലുണ്ടായിരുന്നത് പരേതനായ പിതാവില്‍ നിന്ന് പാരമ്പര്യമായി കിട്ടിയ ഖനനത്തിനുളള പാട്ടക്കരാറായിരുന്നു. 1964 മുതല്‍ 1984വരെ 20 വര്‍ഷത്തേയ്ക്കായിരുന്നു പാട്ടക്കരാര്‍. ഒബുലാപുരം വില്ലേജിലെ സര്‍വെ നമ്പര്‍ 1ല്‍പ്പെട്ട 547 ഏക്കര്‍ സ്ഥലത്താണ് ഖനനാനുമതി ലഭിച്ചിരുന്നത്. കരാറിന്റെ കാലാവധി 1984-ല്‍ അവസാനിച്ചപ്പോള്‍ പിന്നീട് 20 വര്‍ഷത്തേയ്ക്കു കൂടി ലൈസന്‍സ് കിട്ടാന്‍ ആന്ധ്രാ സര്‍ക്കാരിന് അപേക്ഷ നല്‍കി. നീണ്ട
നിയമയുദ്ധങ്ങള്‍ക്കുശേഷം 1997ലാണ് ജി. രാംമോഹന്‍ റെഡ്ഡിയ്ക്ക് 20 വര്‍ഷത്തേയ്ക്ക് അനുമതി നീട്ടിക്കിട്ടിയത്. 2002ല്‍ ജനാര്‍ദ്ദന റെഡ്ഡി ഒബുലാപുരം മൈനിംഗ് കമ്പനി (ഒഎംസി) എന്ന സ്ഥാപനത്തിന്റെ ഡയറക്ടര്‍ ബോര്‍ഡ് അംഗമായി. അന്ന് പ്രായം വെറും 34 വയസ്.

[caption id="attachment_42876" align="alignleft" width="150"]reddy-home റെഡ്ഡിയുടെ മറ്റൊരു വീട്[/caption]

ഒഎംഎസിയുടെ ഡയറക്ടര്‍ ബോര്‍ഡില്‍ ജനാര്‍ദ്ദന റെഡ്ഡി എത്തിയതോടെ കച്ചവടം കൊഴുത്തു. അനന്തപൂര്‍ മൈനിംഗ് കോര്‍പറേഷന്‍, മഹാബലേശ്വര ആന്‍ഡ് സണ്‍സ് തുടങ്ങിയ സ്ഥാപനങ്ങളുടെ ലൈസന്‍സ് മുഴുവന്‍ ഒഎംസി കൈക്കലാക്കി. വര്‍ഷം കഴിയുന്തോറും കോടികളുടെ ആസ്തിയും ലാഭവുമുണ്ടാക്കി. 2003-04 ആയപ്പോഴേയ്ക്കും നിയമപരവും അല്ലാത്തതുമായ അനേകം ഖനി ലൈസന്‍സുകള്‍ ഒഎംസിയുടെ കൈയിലെത്തി. ലാഭം 35 കോടിയായി ഉയര്‍ന്നു. അടുത്ത അഞ്ചുവര്‍ഷം കൊണ്ട് അത് 3000 കോടിയായി. രസകരമെന്നു പറയട്ടെ, ആന്ധ്രയിലെ ഖനി ഇടപാടുകളില്‍ റെഡ്ഡിയുടെ രക്ഷാധികാരി
അന്നത്തെ കോണ്‍ഗ്രസ് മുഖ്യമന്ത്രി സാക്ഷാല്‍ വൈ. എസ്. രാജശേഖര റെഡ്ഡിയായിരുന്നു. ബിജെപിയുടെ കേന്ദ്രനേതൃത്വത്തെ ചൂണ്ടുവിരലിൽ നിർത്താൻ ശേഷിയുളള നേതാവാണ് വൈഎസ്ആറിന്റെയും മകന്‍ ജഗന്‍ മോഹന്റെയും വിശ്വാസമാര്‍ജിച്ചത്.

[caption id="attachment_42877" align="alignleft" width="150"]reddy-mine റെഡ്ഡിയുടെ ഖനി[/caption]

ഇപ്രകാരം ഖനി മേഖലയിലെ മുടിചൂടാമന്നനായതിനു ശേഷമാണ് ജനാര്‍ദ്ദനറെഡ്ഡി സജീവ രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നത്. 2008ലെ തിരഞ്ഞെടുപ്പില്‍ ബെല്ലാരിയിലും സമീപജില്ലകളിലും നിന്ന് 35 എംഎല്‍എമാരുടെ പിന്‍ബലവുമായാണ് റെഡ്ഡി വിധാന്‍സൗധത്തിലെത്തിയത്. തിരഞ്ഞെടുപ്പില്‍ 110 സീറ്റു കിട്ടിയ ബിജെപിയ്ക്ക് കേവല ഭൂരിപക്ഷത്തിന് 6 അംഗങ്ങളുടെ കുറവുണ്ടായിരുന്നു. ആറു സ്വതന്ത്രന്മാരെ വിലയ്ക്കു വാങ്ങി പ്രശ്‌നം പരിഹരിച്ചത് ജനാര്‍ദ്ദന റെഡ്ഡിയാണ്. പിന്നീടിന്നോളം റെഡ്ഡി വരയ്ക്കുന്നതിപ്പുറം ഒരു ചുവടു ചവിട്ടിയിട്ടില്ല, ബിജെപിയുടെ കേന്ദ്ര സംസ്ഥാന നേതൃത്വങ്ങള്‍.

[caption id="attachment_42878" align="alignleft" width="252"]rukmini-campaign-charriot അഞ്ചുകോടിയുടെ ആഡംബര ബസ്[/caption]

ഇടയ്ക്ക് ജനാര്‍ദ്ദനറെഡ്ഡിയുമായി തെറ്റിയപ്പോഴാണ് മന്ത്രിസഭയിലെ സഹപ്രവര്‍ത്തകന്റെ യഥാര്‍ത്ഥ വലിപ്പം യെദ്യൂരപ്പ തിരിച്ചറിഞ്ഞത്. തുടക്കത്തില്‍ 35 എംഎല്‍എമാരുടെ പിന്തുണയുണ്ടായിരുന്ന റെഡ്ഡി, 60 എംഎല്‍എമാരുമായാണ് വിലപേശാന്‍ ദില്ലിയ്ക്കു വിമാനം കയറിയത്. തന്റെ ചൂണ്ടുവിരലില്‍ കേന്ദ്രനേതൃത്വത്തെ തളച്ചു സര്‍വശക്തനായാണ് ജനാര്‍ദ്ദന റെഡ്ഡി മടങ്ങിയെത്തിയത്. യെദ്യൂരപ്പ തുടര്‍ന്നെങ്കിലും അദ്ദേഹത്തിന്റെ വിശ്വസ്തയായ മന്ത്രി ശോഭയുടെയും ചീഫ് സെക്രട്ടറിയുടെയും സ്ഥാനം തെറിച്ചു.

ജനാർദ്ദന റെഡ്ഡി ജയിലിലായതോടെ സുഷമാ സ്വരാജ് മോഡേൺ കൃഷ്ണദേവരായരെ തളളിപ്പറഞ്ഞു. പക്ഷേ, റെഡ്ഡിയെ പുറത്താക്കാൻ ബിജെപി തയ്യാറായില്ല. 2015 ജനുവരി 21ന് റെഡ്ഡിയ്ക്ക് സുപ്രിംകോടതി സോപാധിക ജാമ്യം അനുവദിച്ചു. വാർത്ത വന്നയുടൻ അദ്ദേഹത്തെ പാർടിയിലേയ്ക്കു സ്വാഗതം ചെയ്ത് കർണാടക ബിജെപി പ്രസിഡൻറ് പ്രഹ്ളാദ് ജോഷി പ്രസ്താവനയുമിറക്കി.

[caption id="attachment_42874" align="alignleft" width="136"]reddy-childhood-home റെഡ്ഡി പിറന്ന വീട്[/caption]

ജനാർദ്ദന റെഡ്ഡി പയറ്റിയ ചതുഷ്ക്രിയകൾ സ്വായത്തമാക്കിയാൽ ഇന്ത്യയിലെ ശിങ്കിടി മുതലാളിത്തത്തെക്കുറിച്ച് ഏകദേശ ധാരണ കിട്ടും. വൈഎസ്ആർ എന്ന ചുരുക്കപ്പേരിലറിയപ്പെട്ട യശശരീരനായ കോൺഗ്രസ് നേതാവും ആന്ധ്രാ മുഖ്യമന്ത്രിയുമായിരുന്ന വൈ എസ് രാജശേഖര റെഡ്ഡിയും മകൻ ജഗൻമോഹൻ റെഡ്ഡിയുമാണ് ബിജെപി നേതാവായ ജനാർദ്ദന റെഡ്ഡിയുടെ മാഫിയാ സാമ്രാജ്യത്തെ സംരക്ഷിച്ചതും നിലനിർത്തിയതും.

കോൺഗ്രസ്, ബിജെപി അഴിമതിച്ചങ്ങാത്തത്തിന്റെ ആന്ധ്രാ - കർണാടക എപ്പിസോഡ്