ഇങ്ങനെയും സര്‍ക്കാര്‍ ഓഫിസില്‍ ഓണം ആഘോഷിക്കാം; നിര്‍ധന കുടുംബത്തിന്റെ വീട് സൗജന്യമായി വൈദ്യുതീകരിച്ച് കെഎസ്ഇബി ജീവനക്കാരുടെ ഓണാഘോഷം

തെറ്റുവഴി ലക്ഷം വീട് സ്വദേശിനി സുജാതയ്ക്കും കുടുംബത്തിനുമാണ് കെഎസ്ഇബി ഉദ്യോഗസ്ഥരുടെ വക ഓണസമ്മാനം ലഭിച്ചത്.

ഇങ്ങനെയും സര്‍ക്കാര്‍ ഓഫിസില്‍ ഓണം ആഘോഷിക്കാം; നിര്‍ധന കുടുംബത്തിന്റെ വീട് സൗജന്യമായി വൈദ്യുതീകരിച്ച് കെഎസ്ഇബി ജീവനക്കാരുടെ ഓണാഘോഷം

കണ്ണൂര്‍: ജോലിസമയത്ത് ഓണാഘോഷം നടത്തി പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കരുതെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. എന്നാല്‍ ജോലിയെത്തന്നെ ഓണാഘോഷമാക്കി മാറ്റിയാലോ? അതെങ്ങനെയെന്ന് സംശയമുള്ളവര്‍ക്ക് കണ്ണൂര്‍ പേരാവൂരിലെ തുണ്ടിയില്‍ കെഎസ്ഇബി സെഷന്‍ ഓഫീസിലെ ഉദ്യോഗസ്ഥരോട് ചോദിക്കാം.

സാമ്പത്തിക പരാധീനതകൊണ്ട് വയറിംഗ് പോലും ചെയ്യാതിരുന്ന കുടുംബത്തിന്റെ വീട് സൗജന്യമായി വയറിംഗ് നടത്തി വൈദ്യൂതീകരിച്ച് നല്‍കിയാണ് ഈ കെഎസ്ഇബി ഉദ്യോഗസ്ഥര്‍ ഓണം ആഘോഷിച്ചത്.


തെറ്റുവഴി ലക്ഷം വീട് സ്വദേശിനി സുജാതയ്ക്കും കുടുംബത്തിനുമാണ് കെഎസ്ഇബി ഉദ്യോഗസ്ഥരുടെ വക ഓണസമ്മാനം ലഭിച്ചത്. തുണ്ടിയില്‍ സെഷന്‍ ഓഫീസിലെ ജീവനക്കാര്‍ തങ്ങളുടെ ശമ്പളത്തില്‍ നിന്നും ഓണാഘോഷത്തിനായി മാറ്റിവച്ച തുകകൊണ്ടാണ് വയറിംഗിനും വൈദ്യുതി കണക്ഷനും ആവശ്യമായ ചിലവുകള്‍ നിര്‍വഹിച്ചത്.

ഇരിട്ടി ഡിവിഷന്‍ എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ എംപി രാജന്‍, അസി. എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ കെഎ അനന്തന്‍, തൊണ്ടിയില്‍ സെഷന്‍ ഓഫീസ് അസി. എന്‍ജിനീയര്‍ സുജിത്ത്കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഫീല്‍ഡ് സ്റ്റാഫ്, സെഷന്‍ സ്റ്റാഫ്, സബ് എന്‍ജിനീയര്‍മാര്‍ എന്നിവരടക്കമുള്ള ജീവനക്കാരാണ് ഈ വേറിട്ട ഓണാഘോഷത്തില്‍ പങ്കാളികളായത്.

Read More >>