കലാഭവന്‍ ഷാജോണ്‍ പരീത് പണ്ടാരിയാകുന്നു

തങ്ങള്‍പ്പടിഗ്രാമത്തിലെ വിവാഹങ്ങള്‍ക്കുമാത്രമല്ല, ആഘോഷങ്ങള്‍ക്കും മറ്റു പരിപാടികള്‍ക്കുമൊക്കെ പരീത് പണ്ടാരിയുടെ ബിരിയാണി പ്രസിദ്ധമാണ്. കലാഭവന്‍ ഷാജോണ്‍ ഈ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് പരീതുപണ്ടാരി.

കലാഭവന്‍ ഷാജോണ്‍ പരീത് പണ്ടാരിയാകുന്നു

പരീത് എന്നുചോദിച്ചാല്‍ പെട്ടെന്ന് ആളെ മനസ്സിലായിയെന്നുവരില്ല. പക്ഷേ പരീതുപണ്ടാരിയെന്നുപറഞ്ഞാല്‍ തങ്ങള്‍പ്പടി ഗ്രാമത്തിലെ കുഞ്ഞുകുട്ടികള്‍പ്പോലും തലകുലുക്കി അറിയാമെന്നു സമ്മതിക്കും. രുചിയുടെ ഓര്‍മ്മകള്‍ നാവിലൂറും. കാരണം തങ്ങള്‍പ്പടിഗ്രാമത്തിലെ വിവാഹങ്ങള്‍ക്കുമാത്രമല്ല, ആഘോഷങ്ങള്‍ക്കും മറ്റു പരിപാടികള്‍ക്കുമൊക്കെ പരീത് പണ്ടാരിയുടെ ബിരിയാണി പ്രസിദ്ധമാണ്. കലാഭവന്‍ ഷാജോണ്‍ ഈ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് പരീതുപണ്ടാരി.


ഭാവത്തിലും രൂപത്തിലും അവതരണത്തിലും തികച്ചും വ്യത്യസ്തശൈലിയില്‍ പ്രത്യക്ഷപ്പെടുന്ന പരീതുപണ്ടാരി കലാഭവന്‍ ഷാജോണിന്റെ അഭിനയജീവിതത്തില്‍ ഒരു നാഴികക്കല്ലായിരിക്കുമെന്നതില്‍ സംശയമില്ല. ഉള്‍ക്കരുത്തുള്ള ഒരു കഥാപാത്രത്തെ ലഭിച്ചതില്‍ ദൈവത്തോട് നന്ദി പറയുകയാണ് കലാഭവന്‍ ഷാജോണ്‍. നവാഗതനായ ഗഫൂര്‍ ഇല്യാസ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ സജിതാ മഠത്തില്‍ പരീതിന്റെ ഭാര്യ ഹൗവ്വബീവിയായി ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

രശ്മിസതീഷ്, അന്‍സിബ, കബനി എന്നിവരാണ് പരീതിന്റെ മൂന്ന് പെണ്‍മക്കളായി പ്രത്യക്ഷപ്പെടുന്നത്. ജോയ് മാത്യു, ടിനിടോം, ജാഫര്‍ ഇടുക്കി, സുനില്‍സുഖദ, അനില്‍മുരളി, സത്താര്‍, ശ്രീനി ഞാറയ്ക്കല്‍, സുദര്‍ശന്‍ ആലപ്പുഴ, പ്രിയങ്ക, ശാന്തകുമാരി, ദീപിക, ജുനൈദ, റോഷ്‌നി, പോളി തുടങ്ങിയവരാണ് മറ്റ് പ്രമുഖതാരങ്ങള്‍. ചെന്നൈ ഫിലിം ഫാക്ടറിയുടെ ബാനറില്‍ ഷൈബിന്‍.ടി, വെല്ലിരാജ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ഫൈസല്‍ വി. ഖാലിദ് നിര്‍വ്വഹിക്കുന്നു. ഗഫൂര്‍ ഇല്ല്യാസ് തന്നെ ഈ ചിത്രത്തിന്റെ തിരക്കഥ, സംഭാഷണമെഴുതുന്നു. റഫീഖ് അഹമ്മദ്, ബാപ്പു വെള്ളിപ്പറമ്പ് എന്നിവരുടെ വരികള്‍ക്ക് ജെയിംസ് വസന്തന്‍ സംഗീതം പകരുന്നു. സെപ്റ്റംബര്‍ 'പരീത് പണ്ടാരി' പ്രേക്ഷകരുടെ മുന്നിലെത്തും.