കെ ജി ജോർജ്ജും കാലവും
നിരന്തരം മാറിക്കൊണ്ടിരിക്കുന്ന ഇതിവൃത്തപരിസരങ്ങളുടെ സാമൂഹികവും ബൗദ്ധികവുമായ പരിചരണങ്ങളാണ് തന്നിൽ തന്നെ കുടുങ്ങിപ്പോകുകയും തന്നെത്തന്നെ ആവർത്തിക്കുകയും ചെയ്യാത്ത ഏതൊരു ചലച്ചിത്രകാരനെയുമെന്നതുപോലെ കെ ജി ജോർജിന്റെ ആഖ്യാനങ്ങളെയും പ്രശ്നസങ്കുലമാക്കുന്നത്. ജി പി രാമചന്ദ്രൻ എഴുതുന്നു.
ജി പി രാമചന്ദ്രൻ
കെ ജി ജോർജിന് ജെ സി ദാനിയേൽ പുരസ്കാരം കൊടുക്കാനുള്ള തീരുമാനം, കേരള സർക്കാരിനും ചലച്ചിത്ര അക്കാദമിക്കുമെന്നതു പോലെ മുഴുവൻ കേരള സമൂഹത്തിനും മലയാളികൾക്കും അഭിമാനിക്കാവുന്ന ഒന്നാണ്. കെ ജി ജോർജിനെയെന്നതു പോലെ മലയാള സിനിമയെയും അഭിനന്ദിക്കുന്നു.
അന്തിനേരത്ത് വീടണയുന്നതോടെ പുനർഭദ്രമാവുന്ന ചാക്രികമായ കുടുംബവ്യവസ്ഥയുടെ ഗ്രാമീണസുരക്ഷയിലല്ല താൻ തന്റെ ബാല്യകൗമാരങ്ങൾ കഴിച്ചുകൂട്ടിയതെന്ന് ചലച്ചിത്രകാരനായ കെ ജി ജോർജ് അനുസ്മരിക്കാറുണ്ട്. അറുപതുകളിലും എഴുപതുകളിലും മലയാള സാഹിത്യ-സിനിമാ വേദികളിൽ നവോത്ഥാനമൂല്യങ്ങളും ആധുനികതയും ആവാഹിച്ചെടുത്ത സർഗാത്മക രചയിതാക്കളുടെ മധ്യവർഗസ്ഥിതമായ ജീവചരിത്ര-അടിക്കുറിപ്പുകൾ ജോർജിന് ചേരാത്തതിന്റെ അടിസ്ഥാനകാരണം ഒരു പക്ഷെ ഇതായിരിക്കാം. നിയോൺ ബൾബുകൾ തെളിയുന്ന നഗരകാന്താരങ്ങളിൽ പെട്ടുഴലുമ്പോൾ കാൽപനികമായി ഓർത്തെടുക്കാനുള്ള പച്ചച്ച ഗ്രാമീണ നന്മകൾ അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ ഭാവനകളിൽ സഞ്ചരിക്കുന്നുണ്ടായിരുന്നില്ല.
ഇരകൾ(1986) എന്ന ചിത്രത്തിലെ ബേബി എന്ന മുഖ്യപുരുഷകഥാപാത്രം അന്നു നടപ്പിലുണ്ടായിരുന്ന മുഖ്യധാരാസിനിമയിലെയോ പരീക്ഷണ സിനിമയിലെയോ നായക/കഥാപാത്ര സങ്കൽപങ്ങളുമായി ഒരു തരത്തിലും പൊരുത്തപ്പെടുന്നതായിരുന്നില്ല. ആ ചിത്രത്തിലാവിഷ്ക്കരിക്കപ്പെട്ട ഗ്രാമീണജീവിതവും കുടുംബാന്തരീക്ഷവുമാകട്ടെ മധ്യതിരുവിതാംകൂറിലെ ജീവിതം കണ്ടിട്ടുള്ളവർക്ക് അപരിചിതമായി തോന്നിയില്ലെങ്കിലും സാഹിത്യ സിനിമാ സൃഷ്ടികളിലൂടെ പ്രതീതിയാഥാർത്ഥ്യം മാത്രം രുചിച്ചിരുന്നവർക്ക് ഒട്ടും തന്നെ ഉൾക്കൊള്ളാനാവുന്നതായിരുന്നില്ല. അതുകൊണ്ടുതന്നെയാകണം അന്ന് ആ സിനിമ കണ്ടില്ലെന്നു നടിച്ചില്ലാതാക്കാനാണ് കലാരംഗത്ത് നിലവിലുണ്ടായിരുന്ന വരേണ്യനിരൂപണപദ്ധതി പരിശ്രമിച്ചത്.
മറ്റുള്ളവരെ കഴുത്തിൽ ഇലക്ട്രിക് വയർ വരിഞ്ഞുമുറുക്കി ക്രൂരമായി വധിക്കുന്നതിലും സ്വയം മുറിവേൽപിക്കുന്നതിലും ഒരു പോലെ ആനന്ദം കണ്ടെത്തുന്ന കഥാപാത്രമാണ് ബേബി (ഗണേശൻ). തന്റെ മൂത്ത പെങ്ങൾ ആനി(ശ്രീവിദ്യ)യുമായി അവിഹിതബന്ധം പുലർത്തുന്ന ഉണ്ണൂണ്ണി(മോഹൻജോസ്)യെയാണ് അവർ സമാഗമം നടത്താറുള്ള അടുക്കളമുറ്റത്തെ ഷെഡ്ഡിൽവെച്ച് ബേബി ആദ്യമായി കൊലപ്പെടുത്തുന്നത്. കൊലപ്പെടുത്തിയ ഉടനെ ആ കുറ്റകൃത്യം മറച്ചുവെക്കാൻ പ്രൊഫഷനൽ കുറ്റവാളികൾ ചെയ്യുന്നതുപോലെ തെളിവുകൾ മായ്ക്കുകയും ഉണ്ണൂണ്ണി തൂങ്ങിമരിച്ചതാണെന്ന് മറ്റുള്ളവരെ വിശ്വസിപ്പിക്കാൻ വേണ്ടി അയാളെ തൂക്കിയിടുകയും ചെയ്യുകയല്ല ബേബി ചെയ്യുന്നത്. ഒരു നിമിഷം ആ ശവത്തിലേക്ക് നോക്കിനിന്നിട്ട് ആ ഷെഡ്ഡിൽ നിന്ന് പുറത്തുകടക്കുകയും തൊട്ടപ്പുറത്തുള്ള കാലിത്തൊഴുത്തിലെ തൂണുചാരിയിരുന്ന് ഭീകരമായ ഒരു ദുസ്വപ്നത്തിൽ നിന്ന് ഉണർന്നിട്ടെന്നവണ്ണം വിങ്ങിക്കരയുകയുമാണ്. അതിനുശേഷം സ്വബോധം വീണ്ടെടുത്ത് ശവം തൂങ്ങിമരിച്ചതെന്നവണ്ണം കെട്ടിത്തൂക്കിയിടുന്നു. ഇതിനിടെ ബന്ധപ്പെടാനായി അവിടെയെത്തിയ ആനി ഉണ്ണൂണ്ണിയുടെ നിവർത്തിയിട്ട ശവശരീരത്തിൽ കാൽ തട്ടി വീഴാൻ പോകുകയും അത് തന്റെ ജാരന്റെ ജഡമാണെന്ന് മനസ്സിലാക്കി ചകിതയായി മുറിയിലേക്ക് തിരിച്ചുപോകുകയുമാണ്.
ബേബിയുടെ സ്വപ്നാനുഭവങ്ങളും യഥാർത്ഥമായ കൊലപാതകങ്ങളും കൊലപാതകശ്രമങ്ങളും ഇതുപോലെ കാണിയിൽ വിഭ്രാന്തി രൂപപ്പെടുന്ന വിധത്തിൽ കൂടിക്കുഴയുന്നുണ്ട്. കോളേജിലെ ജൂനിയർ വിദ്യാർത്ഥികളെ ക്രൂരമായി റാഗ് ചെയ്യുമ്പോഴും റബർ മരത്തിൽ നിന്ന് ഒലിച്ചിറങ്ങുന്ന പാലിന്റെ നിറം ചോര പോലെ ചുകന്നിട്ടാണെന്ന് കാണുന്നതിലും അയാൾ അനുഭവിക്കുന്ന പരപീഡനാത്മകമായ (sadtsiic) ആനന്ദം കേവലം മാനസികവും വൈയക്തികവുമായ വ്യതിചലനവും രോഗലക്ഷണവുമല്ല എന്നത് സിനിമയുടെ മുഴുവൻ സൂക്ഷ്മപ്രേക്ഷണത്തിൽ നിന്നാണ് നമുക്ക് ബോധ്യപ്പെടുന്നത്.

മുഖ്യ കഥാപാത്രമായ ബേബിയോട് പ്രേക്ഷകനുണ്ടാകാൻ പോകുന്ന പാരസ്പര്യവും തന്മയീഭാവവും എപ്രകാരമായിരിക്കുമെന്ന് മുൻകൂട്ടി കാണാൻ സംവിധായകന് സാധിക്കുന്നുണ്ട്. അവൻ പരിസരങ്ങളുടെ ഉത്പന്നമാണെന്നും അതുകൊണ്ടു തന്നെ കാലവ്യവസ്ഥയുടെ ഒരു ഇര മാത്രമാണെന്നും നമുക്കറിയാം. ചായമൊട്ടും കൂട്ടിച്ചാലിക്കാതെ ഗണേശനെ അവതരിപ്പിക്കുന്നതിലൂടെ ചരിത്രത്തോട് അങ്ങേയറ്റം നീതി അദ്ദേഹം പുലർത്തുന്നുണ്ട്. എന്തെല്ലാം പ്രതീക്ഷകളോടെയാണ് ഇവർ നിന്നെ പഠിക്കാനയച്ചത്. നിന്റെ അമ്മയും അപ്പനും നീ മൂലം ദു:ഖിക്കാനിടവരരുത്. നിനക്കവരോട് സ്നേഹമില്ലേ? എന്ന് സിറിയക്കച്ചൻ ചോദിക്കുമ്പോൾ ഒരു വികാരവും പ്രകടിപ്പിക്കാതെ ഇല്ല എന്ന് തറപ്പിച്ചുത്തരം പറയുകയാണ് ബേബി ചെയ്യുന്നത്. അതിനു കാരണമായി അവൻ പറയുന്നത് വീട്ടിൽ ആർക്കും ആരോടും സ്നേഹമില്ല. എനിക്കും ആരോടും സ്നേഹമില്ല എന്നാണ്. സ്നേഹം എന്ന പവിത്രമായ വികാരത്തിന്മേലും അനുഭവയാഥാർത്ഥ്യത്തിന്മേലും കെട്ടിപ്പടുക്കപ്പെട്ട ഒന്നാണ് കുടുംബം അഥവാ ബന്ധങ്ങൾ എന്നും അത്തരം മാതൃകാ കുടുംബങ്ങൾ ഇപ്പോഴും ഗ്രാമങ്ങളിൽ നിറയെ പൂത്തുലഞ്ഞു നിലനിൽക്കുന്നു എന്നും അവയെ കാലക്രമേണ ഇല്ലാതാക്കുന്നത് നാഗരികതയുടെ കേവലമായ ധനാർത്തിയും കാമാർത്തിയും മാത്രമാണെന്നുമുള്ള വ്യാഖ്യാനങ്ങൾ എവിടെത്തിരഞ്ഞാലും കാണാനാകുമായിരുന്ന കാലത്താണ് ഇത്തരത്തിൽ സ്ഫോടനാത്മകമായ ഗ്രാമത്തെ കെ ജി ജോർജ് സധൈര്യം അവതരിപ്പിച്ചതെന്നതോർക്കുക. ആവർത്തിക്കപ്പെട്ടതിനാൽ സത്യമെന്നു തന്നെ തോന്നിപ്പിച്ച ഗ്രാമ-നഗര വൈരുദ്ധ്യത്തിന്റെ വാർപ്പുമാതൃകകൾ തന്നെയായിരുന്നു മലയാളിയുടെ സ്വപ്നോപഭോഗത്തിന്റെ കാൽപനികച്ചന്തകളിൽ പ്രിയമേറിയിരുന്ന ചരക്ക്. അതിനാൽ പിൽക്കാലത്ത് ഈ ഗ്രാമീണ നന്മ തിരിച്ചുപിടിക്കാൻ അതിരാത്രങ്ങളിലൂടെയും ബലപ്രയോഗത്തിലൂടെയും സവർണരും തമ്പുരാക്കന്മാരും തിരിച്ചുവരുമ്പോൾ നാം ആരവങ്ങളോടെ എതിരേറ്റു. യഥാർത്ഥ ഗ്രാമീണതയെക്കുറിച്ചുള്ള കെ ജി ജോർജിന്റെ അന്വേഷണങ്ങളെ കണ്ടില്ലെന്നു നടിച്ചുകൊണ്ട് നാം അഭിരമിച്ച മധ്യവർഗ/കാൽപനിക/കൃത്രിമ ഭൂതകാലത്തിലേക്കാണ് പുതിയ കാലത്ത് നമ്മെ തിരിച്ചാനയിച്ചത് എന്നാലോചിക്കുമ്പോൾ ബോധ്യപ്പെടും.
സ്നേഹരാഹിത്യത്തിന്റെയും കാപട്യത്തിന്റെയും മുകളിൽ പണിതുയർത്തപ്പെട്ട ഗ്രാമം/കുടുംബം/ബന്ധം എന്ന വിരസമായ നുണയോട് പ്രതിപ്രവർത്തിക്കുന്ന മനോഭാവം മാത്രമല്ല ബേബിയുടെ കഥാപാത്രവത്ക്കരണത്തെ സങ്കീർണമാക്കുന്നത്. വൃദ്ധഗൃഹങ്ങൾ കണ്ടുപിടിക്കപ്പെട്ടിട്ടില്ലാത്തതിനാൽ വീടകത്തെ മൂലയിൽ തന്നെ ബൈബിൾ വചനങ്ങളും പായാരം പറച്ചിലുമായി കഴിച്ചുകൂട്ടുന്ന പാപ്പി എന്ന മാത്തുക്കുട്ടിയുടെ പിതാവിന്റെ രോഗസ്ഥിതി ഒരു ഘട്ടത്തിൽ മൂർഛിക്കുകയും മരണത്തോട് അടുക്കുകയും ചെയ്യുന്നു. എന്നാൽ ഒന്നും സംഭവിക്കാതെ അയാൾ മുമ്പെന്നതുപോലെ ജീവിതത്തിന്റെ സാധാരണത്തത്തിലേക്ക് തിരിച്ചുപോരുകയുമാണ്. ചുറ്റും കൂടി നിന്ന സ്ത്രീകളുടെ മുഖത്ത് ആശ്വാസം കാണാനാകുമ്പോൾ മാത്തുക്കുട്ടിക്കുണ്ടാകുന്നത് നിരാശയാണ്. കാലമെത്രയായി ഈ കിടപ്പങ്ങനെ കെടക്കാൻ തൊടങ്ങിയിട്ട്. ബാക്കിയൊള്ളോരുടെ കഷ്ടപ്പാട് എന്നാണയാളുടെ ആത്മഗതം. ഈ ഘട്ടത്തിൽ വൃദ്ധന്റെ തൊട്ടടുത്തിരുന്നിരുന്ന ബേബിയിലേക്ക് മാത്തുക്കുട്ടിച്ചായന്റെ നികൃഷ്ടമായ മനോഭാവം സംക്രമിക്കുകയും വല്ല്യപ്പച്ചനെ കൊലപ്പെടുത്തിയാലോ എന്ന ആലോചനയിലേക്ക് അവനെത്തുകയുമാണ്. അവന്റെ നോട്ടം പാപ്പിയുടെ കഴുത്തിലേക്ക് കേന്ദ്രീകരിക്കുന്നു. അവന്റെ ബോധത്തിൽ തന്റെ കൈയിലെ കുരുക്കിട്ട ഇലക്ട്രിക് വയർ ഉപയോഗിച്ചാലോ എന്ന ധാരണ ബലം പിടിക്കുന്നു. പെട്ടെന്ന് ഞെട്ടിയുണരുന്ന അവൻ നിയന്ത്രണം വീണ്ടെടുത്ത് മുറിക്ക് പുറത്തേക്കു പോകുകയാണ്. നേരെ തന്റെ മുറിയിലെത്തുന്ന ബേബി കുറ്റബോധത്തോടെ ഇലക്ട്രിക് വയർ പല കഷ്ണങ്ങളായി മുറിച്ച് മുറിയുടെ മൂലയിലേക്കെറിയുകയാണ് ചെയ്യുന്നത്. ബേബിയുടെ സങ്കീർണമായ മാനസികവ്യക്തിത്വത്തെ വെളിപ്പെടുത്തുന്ന ദൃശ്യമാണിത്. അധസ്ഥിതയും അന്യമതസ്ഥയുമായ നിർമല (രാധ) എന്ന കാമുകിയോടുള്ള അവന്റെ ബന്ധവും ഇപ്രകാരം സങ്കീർണമാണ്. ബേബിക്കുഞ്ഞിന് തന്നെ ഒരിക്കലും കെട്ടാൻ പറ്റത്തില്ലെന്നറിഞ്ഞുകൊണ്ടു തന്നെ അവനെ സ്നേഹിക്കുകയും അവന്റെ കാമശമനത്തിന് വിധേയയാകുകയും ചെയ്യുന്ന നിഷ്കളങ്കയായ നിർമലയോട്, നോവലിലെയും സിനിമയിലെയും നായകന്മാർ ചെയ്യാറുള്ളതുപോലുള്ള ഒരു തരം സഹാനുഭൂതിയും ബേബി തിരിച്ചു കാണിക്കുന്നില്ല.

ഇന്ദിരാഗാന്ധിയുടെ മരണവും തുടർന്നുണ്ടായ സിക്ക് കൂട്ടക്കൊലയും (വൻ മരങ്ങൾ വീഴുമ്പോൾ) സൃഷ്ടിച്ച വികാരാധിക്യത്തിൽ നിന്നാണ് ഇരകളുടെ ആലോചന തുടങ്ങുന്നതെന്ന് ജോർജ് അനുസ്മരിക്കുന്നുണ്ട്. വളരെ വേഗം മരിച്ചുപോയതുകൊണ്ട് ഇന്ത്യയിലെ ഏറ്റവും ക്രൂരനും ഭ്രാന്തനുമായ സ്വേഛാധിപതിയായിത്തീരാൻ സാധ്യതയുണ്ടായിരുന്ന സഞ്ജയ്ഗാന്ധിയുടെ അധീശത്വം നമുക്കനുഭവിക്കേണ്ടിവന്നില്ല. ഈ രാഷ്ട്രീയ വിപരിണാമങ്ങളാണ് ഇരകളിലെ കഥാപാത്രവത്ക്കരണത്തെ പ്രചോദിപ്പിച്ചതെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു.
പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പഠിച്ചിറങ്ങിയ കെ ജി ജോർജ് താൻ ആർജിച്ച പാഠ്യപദ്ധതിക്കും തുറന്നു സമ്മതിക്കുന്ന പടിഞ്ഞാറുനോട്ടത്തിനും അനുസൃതമായ പരീക്ഷണസിനിമയായ സ്വപ്നാടന(1975)മാണ് ആദ്യം പൂർത്തീകരിക്കുന്നത്. അതുവരെയുള്ള മലയാള സാഹിത്യ-സിനിമാ-നാടക പാഠങ്ങളിലൂടെ നമുക്ക് സുപരിചിതരായിരുന്നവരായിരുന്നില്ല കെ ജി ജോർജിന്റെ കഥാപാത്രങ്ങൾ. കഥാപാത്രങ്ങളായി പരിവർത്തനപ്പെടുത്തപ്പെട്ടപ്പോഴും അവരിലെ പരുക്കനോ മൃദുലമോ ആയ ഭാവങ്ങളും സ്വഭാവസവിശേഷതകളും നടപ്പു കാഴ്ചയുടെയും സദാചാരമൂല്യങ്ങളുടെയും പരിധിവൃത്തങ്ങളെ ഉല്ലംഘിച്ചു. ഫ്രോയ്ഡിന്റെ സ്വപ്നവ്യാഖ്യാനത്തെ ഉപജീവിച്ചതെന്നു തോന്നിപ്പിക്കുന്ന സ്വപ്നാടനം പുരസ്കാരങ്ങളിലൂടെയും മറ്റും ശ്രദ്ധ പിടിച്ചുപറ്റി. ഗാനനൃത്തരംഗങ്ങളൊന്നുമില്ലാതെ തന്നെ മികച്ച വാണിജ്യവിജയം നേടാനായ സ്വപ്നാടനത്തിൽ അസംപ്തൃത ദാമ്പത്യബന്ധത്തിൽ നിരാശനായ ഗോപിയുടെയും അയാളുടെ മുറപ്പെണ്ണു കൂടിയായ ഭാര്യ സ്മിതയുടെയും കഥയാണുള്ളത്. തന്റെ അമ്മാവനും ഭാര്യാപിതാവുമായ വ്യക്തിയാണ് തന്നെ പഠിപ്പിച്ച് ജോലിയാക്കിയത് എന്നതുകൊണ്ട് അയാളോടുള്ള വിധേയത്വവും ഗോപിയുടെ മാനസികാസ്വാസ്ഥ്യത്തിന് നിദാനമാവുന്നു. തന്റെ കലാലയജീവിതത്തിലെ പ്രണയബന്ധത്തെ ക്കുറിച്ചുള്ള ഓർമകൾ ഫ്ളാഷ്ബാക്കായി കടന്നുവരുന്ന സിനിമയിലവസാനം ഗോപി മാനസികരോഗാശുപത്രിയിലടക്കപ്പെടുന്ന ദുരന്താത്മകമായ അന്ത്യമാണുള്ളത്.
പി ജെ ആന്റണിയുടെ ഒരു ഗ്രാമത്തിന്റെ ആത്മാവ് എന്ന നോവലിനെ ആസ്പദമാക്കി കെ ജി ജോർജ് സംവിധാനം ചെയ്ത കോലങ്ങൾ(1980) നന്മകളും സന്തോഷവും കളിയാടുന്ന ഉൾനാടൻ ഗ്രാമം എന്ന മിഥ്യയെ പൊളിച്ചടുക്കി. അസൂയയുടെയും ശത്രുതയുടെയും വന്യതകൊണ്ട് മുടന്തുന്ന ബന്ധങ്ങളുടെ പ്രതിബിംബങ്ങളാണ് ആ ഗ്രാമത്തെ അഥവാ ഏതൊരു കേരളീയഗ്രാമത്തെയും ജീവിക്കാൻ കൊള്ളാത്തതാക്കിതീർക്കുന്നതെന്ന് ശക്തമായ ആഖ്യാനമികവിലൂടെ ജോർജ് തെളിയിക്കുന്നു. ചന്തയിൽ അപ്പക്കച്ചവടം നടത്തുന്നവളുടെ (രാജം കെ നായർ) മകളായ കുഞ്ഞമ്മ (മേനക) അയൽവീടുകളിലും ചായക്കടയിലും പാൽ കൊണ്ടുപോയിക്കൊടുത്ത് അമ്മയെ സഹായിക്കുന്നു. ചായക്കടയിലും കൾവർട്ടിലും ഇരിക്കുന്നവരുടെ വായ്നോട്ടങ്ങൾക്കും തുപ്പലിറക്കലുകൾക്കും വിധേയയാണവൾ. ആയിടക്കാണ് നഗരത്തിൽ നിന്നെത്തുന്ന ഒരു യുവാവുമായി (വേണു നാഗവള്ളി) അവൾ അടുക്കുന്നത്. പരദൂഷണങ്ങളിലും അസൂയകളിലും പെട്ട് ആ ബന്ധം തകരുകയും അയാളെ എല്ലാവരും ചേർന്ന് നാടുകടത്തുകയും ചെയ്യുന്നു. പേരു ചീത്തയായ അവളെ വിവാഹം കഴിക്കാൻ തയ്യാറാകുന്നത് മുഴുക്കുടിയനായ ഒരു വയസ്സനാണ്(തിലകൻ). അയാളോടുള്ള വിവാഹബന്ധത്തിന് സമ്മതിച്ചില്ലെങ്കിൽ താൻ ചത്തുകളയുമെന്ന് അമ്മ അവളെ ഭീഷണിപ്പെടുത്തുന്നു. കുഞ്ഞമ്മയുടെ അയൽവീടിലെ അമ്മയും മകളും വഴിവിട്ട ജീവിതം ജീവിക്കുന്നവരാണെങ്കിലും പേരു ചീത്തയാവുന്നത് കുഞ്ഞമ്മയുടേതാണെന്നതാണ് വിരോധാഭാസം. അയൽക്കാരിയായ യുവതിയുടെ ഗർഭഛിദ്രം നടത്തുന്നതിന്റെ ശബ്ദ-ദൃശ്യ സമന്വയം കോലങ്ങൾ കണ്ട ആരുടെയും മനസ്സിലെക്കാലവും തറച്ചു നിൽക്കും. തന്റെ ഹൃദയത്തോട് ഏറ്റവും അടുത്തുനിൽക്കുന്ന ഒരു സിനിമയാണ് കോലങ്ങൾ എന്നും അതിനു കാരണം തനിക്ക് ചിരപരിചിതമായ പശ്ചാത്തലവും കഥാപാത്രങ്ങളുമാണതിലുള്ളത് എന്നും കെ ജി ജോർജ് പറയുകയുണ്ടായി.

നിരന്തരം മാറിക്കൊണ്ടിരിക്കുന്ന ഇതിവൃത്തപരിസരങ്ങളുടെ സാമൂഹികവും ബൗദ്ധികവുമായ പരിചരണങ്ങളാണ് തന്നിൽ തന്നെ കുടുങ്ങിപ്പോകുകയും തന്നെത്തന്നെ ആവർത്തിക്കുകയും ചെയ്യാത്ത ഏതൊരു ചലച്ചിത്രകാരനെയുമെന്നതുപോലെ കെ ജി ജോർജിന്റെ ആഖ്യാനങ്ങളെയും പ്രശ്നസങ്കുലമാക്കുന്നത്. എഴുപതുകളിൽ പുനക്രമീകരിക്കപ്പെട്ടതും ഗ്രാമം, ഗ്രാമീണത, ഭാഷ, പ്രാദേശികത, സ്വത്വം എന്നിവയിലൂടെ അടയാളപ്പെടുത്തപ്പെട്ടതുമായ കേരളീയതയെ തെല്ലും അംഗീകരിച്ചില്ല എന്നതുകൊണ്ട് ജോർജിന്റെ സിനിമകൾ 'വിശുദ്ധ'സിനിമയുടെ മഹാഗണപ്പട്ടികയിൽ നിന്ന് സമർത്ഥമായി ഒഴിവാക്കപ്പെട്ടു. ഭാവുകത്വത്തിന്റെ ഈ തെന്നിമാറൽ മാത്രമല്ല ജോർജിന്റെ സിനിമകളെ വിശുദ്ധസിനിമാചരിത്രത്തിൽ നിന്ന് മാറ്റാൻ സഹായകമായ ഘടകം. വിഗ്രഹവത്ക്കരിക്കപ്പെട്ട ഉന്നതകലയുടെ പന്ഥാവിലല്ല ജോർജിന്റെ സ്വപ്നാടനത്തിനു ശേഷമുള്ള സിനിമകൾ സ്ഥാനം പിടിച്ചത്. അവയിൽ പലതും വ്യാപാരവിജയങ്ങൾ നേടി. ഉടനെ അവയെ ഒത്തുതീർപ്പുകൾ എന്നു മുദ്രകുത്തി വരേണ്യ വ്യാഖ്യാതാക്കൾ വലിച്ചെറിഞ്ഞു.
