കെ ബാബുവിന്റെ ഭാര്യ ബാങ്ക് ലോക്കറില്‍ നിന്നും സാധനങ്ങള്‍ മാറ്റുന്നതിന്റെ സിസി ടിവി ദൃശ്യങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചു

എസ്ബിഐ തൃപ്പൂണിത്തുറ ബ്രാഞ്ചിലെ ലോക്കറില്‍നിന്ന് സാധനങ്ങള്‍ കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങളടങ്ങിയ കംപ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്‌കാണ് അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്.

കെ ബാബുവിന്റെ ഭാര്യ ബാങ്ക് ലോക്കറില്‍ നിന്നും സാധനങ്ങള്‍ മാറ്റുന്നതിന്റെ സിസി ടിവി ദൃശ്യങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചു

മുന്‍ മന്ത്രി കെ ബാബുവിനെതിരെ വിജിലന്‍സ് അന്വേഷണം ആരംഭിച്ചതിന് പിന്നാലെ അദ്ദേഹത്തിന്റെ ഭാര്യ ബാങ്ക് ലോക്കറില്‍ നിന്നും സാധനങ്ങള്‍ മാറ്റുന്നതിന്റെ സിസി ടിവി ദൃശ്യങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചു. എസ്ബിഐ തൃപ്പൂണിത്തുറ ബ്രാഞ്ചിലെ ലോക്കറില്‍നിന്ന് സാധനങ്ങള്‍ കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങളടങ്ങിയ കംപ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്‌കാണ് അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. ഇത് കോടതിയില്‍ ഹാജരാക്കും.

ബാബുവിന്റെ ഭാര്യ എസ്ബിടി തൃപ്പൂണിത്തുറ ശാഖയിലെ ലോക്കറില്‍ നിന്ന് സാധനങ്ങള്‍ എടുക്കുന്നതിന്റെ സിസി ടിവി ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം വിജിലന്‍സ് ശേഖരിച്ചിരുന്നു. എന്നാല്‍ ചിത്രത്തിന് വ്യക്തതയില്ലാത്തതിനാല്‍ ഈ ബാങ്കിലെ ഹാര്‍ഡ് ഡിസ്‌ക് കസ്റ്റഡിയിലെടുത്തില്ല.


ബാര്‍ കോഴ ആരോപണവുമായി ബന്ധപ്പെട്ട് ബാബുവിനെതിരേ വിജിലന്‍സ് എറണാകുളം റെയ്ഞ്ച് കേസെടുത്തത് ജൂലൈ 21നായിരുന്നു. തുടര്‍ന്ന് ജൂലൈ 27, 28, ഓഗസ്റ്റ് 10 തീയതികളിലാണ് ബാബുവിന്റെയും ഭാര്യയുടെയും പേരിലുള്ള ലോക്കറുകളില്‍നിന്ന് ഭാര്യ എത്തി സാധനങ്ങള്‍ മാറ്റിയതായി വിജിലന്‍സ് കണ്ടെത്തിയിട്ടുള്ളത്. ആദ്യത്തെ കേസ് രജിസ്റ്റര്‍ ചെയ്ത് ഒരാഴ്ചക്കുള്ളിലാണ് ലോക്കറുകളില്‍നിന്ന് സാധനങ്ങള്‍ മാറ്റപ്പെട്ടത്. അതുകൊണ്ടു തന്നെ അന്വേഷിക്കുന്ന അഴിമതിയുമായി ഇതിന് ബന്ധമുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.

പിന്നാലെ അനധികൃത സ്വത്ത് സമ്പാദ്യം സംബന്ധിച്ച പരാതിയില്‍ വിജിലന്‍സ് സ്പെഷല്‍ സെല്‍ ബാബുവിനെതിരേ കേസെടുത്തിരുന്നു. അതിന്റെ ഭാഗമായി അദ്ദേഹത്തിന്റെയും ബന്ധുക്കളുടെയും ബിനാമികളെന്ന് സംശയിക്കുന്നവരുടെയും വീടുകളില്‍ റെയ്ഡ് നടത്തുകയും ബാബുവിന്റെയും ബന്ധുക്കളുടെയും ലോക്കര്‍ തുറന്നുപരിശോധിക്കുകയും ചെയ്തിരുന്നു. കെ ബാബുവിന് ബിനാമി പേരില്‍ തമിഴ്നാട്ടിലെ തേനിയില്‍ ഉണ്ടെന്നുപറയുന്ന 120 ഏക്കര്‍ ഭൂമിയുമായി ബന്ധപ്പെട്ട് കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ബാബുവിന്റെ ഇളയ മകള്‍ ഐശ്വര്യ, ഭര്‍ത്താവ് വിപിന്‍, ഭര്‍തൃപിതാവ് ബാബു എന്നിവരെ വിജിലന്‍സ് സംഘം ചോദ്യം ചെയ്തു.

Read More >>