തെരുവു നായ ആക്രമണം: നഷ്ടപരിഹാരം മരിച്ചയാളുടെ വരുമാനം നോക്കിയെന്ന് ജസ്റ്റിസ് സിരിജഗന്‍; വളര്‍ത്തുനായ കടിച്ചാല്‍ നഷ്ടപരിഹാരമില്ല

ഉയര്‍ന്ന വരുമാനം ലഭിക്കുന്നയാള്‍ തെരുവുനായയുടെ ആക്രമണത്തില്‍ മരിച്ചാല്‍ ആ കുടുംബത്തിന് കൂടുതല്‍ ധനസഹായവും വരുമാനം കുറഞ്ഞയാള്‍ മരിക്കുകയാണെങ്കില്‍ വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ കുറഞ്ഞ നഷ്ടപരിഹാരവുമായിരിക്കും ലഭിക്കുക. ഇതു സംബന്ധിച്ച് സമിതി നല്‍കുന്ന റിപ്പോര്‍ട്ടില്‍ അന്തിമ തീരുമാനമെടുക്കേണ്ടത് സുപ്രീം കോടതിയാണെന്നും ജസ്റ്റിസ് സിരിജഗന്‍ നാരദാന്യൂസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ പറഞ്ഞു.

തെരുവു നായ ആക്രമണം: നഷ്ടപരിഹാരം മരിച്ചയാളുടെ വരുമാനം നോക്കിയെന്ന് ജസ്റ്റിസ് സിരിജഗന്‍; വളര്‍ത്തുനായ കടിച്ചാല്‍ നഷ്ടപരിഹാരമില്ല

സംസ്ഥാനത്ത് തെരുവുനായ്ക്കളുടെ ആക്രമണം രൂക്ഷമായ സാഹചര്യത്തിലാണ് വിഷയത്തെക്കുറിച്ച് പഠിക്കാന്‍ സുപ്രീം കോടതി മൂന്നംഗ സമിതിയെ നിയോഗിച്ചത്.  ഹൈക്കോടതി മുന്‍ ജസ്റ്റിസ് സിരിജഗന്‍ ആണ് സമിതിയുടെ തലവന്‍. സംസ്ഥാന നിയമ സെക്രട്ടറിയും ആരോഗ്യവകുപ്പ് ഡയറക്ടറുമാണ് സമിതിയിലെ മറ്റ് രണ്ടംഗങ്ങള്‍. തെരുവുനായ്ക്കളുടെ ആക്രമണമേല്‍ക്കുന്നവര്‍ക്കുള്ള നഷ്ടപരിഹാരം, ചികിത്സ, പരാതികള്‍ സ്വീകരിക്കുക തുടങ്ങിയവയാണ് സമിതിയുടെ ചുമതല. തെരുവുനായ്ക്കളെ കൊല്ലുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ സമിതി ഇടപെടേണ്ടതില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. ജസ്റ്റിസ് സിരിജഗനുമായി നാരദ ന്യൂസ് പ്രതിനിധി നടത്തിയ അഭിമുഖം .മരിച്ചാല്‍ നഷ്ടപരിഹാരത്തിന് വരുമാനം മാനദണ്ഡം

തെരുവുനായയുടെ ആക്രമണത്തില്‍ ജീവന്‍ നഷ്ടമായവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കുന്നത് മരിച്ചയാളുടെ വരുമാനത്തിനനുസരിച്ചാകുമെന്ന് ജസ്റ്റിസ് സിരിജഗന്‍ പറഞ്ഞു. ഉയര്‍ന്ന വരുമാനം ലഭിക്കുന്നയാള്‍ തെരുവു നായയുടെ ആക്രമണത്തില്‍ മരിച്ചാല്‍ ആ കുടുംബത്തിന് കൂടുതല്‍ കൂടുതല്‍ ധനസഹായവും വരുമാനം കുറഞ്ഞയാള്‍ മരിക്കുകയാണെങ്കില്‍ വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ കുറഞ്ഞ നഷ്ടപരിഹാരവുമായിരിക്കും ലഭിക്കുക. ഇതു സംബന്ധിച്ച് സമിതി നല്‍കുന്ന റിപ്പോര്‍ട്ടില്‍ അന്തിമ തീരുമാനമെടുക്കേണ്ടത് സുപ്രീം കോടതിയാണെന്നും അദ്ദേഹം വ്യക്തമാക്കി.

വളര്‍ത്തുനായ കടിച്ചാല്‍ സഹായമില്ല

കുട്ടികളും പ്രായമായവരും ഉള്‍പ്പെടെ പ്രത്യേക വരുമാനമില്ലാത്തവര്‍ക്ക് ആക്രമണത്തില്‍ ജീവന്‍ നഷ്ടമായാല്‍ അവര്‍ക്കുള്ള നഷ്ടപരിഹാരം വാഹനാപകട നഷ്ടപരിഹാര മാതൃകയിലായിരിക്കും നല്‍കുക. വീട്ടമ്മമാരുടെ കാര്യത്തിലും ഇതേ മാനദണ്ഡമായിരിക്കും സ്വീകരിക്കുക. തെരുവുനായ്ക്കളുടെ കടിയേറ്റവര്‍ക്കെല്ലാം സര്‍ക്കാര്‍ ആശുപത്രികളില്‍ മതിയായ ചികിത്സ ലഭ്യമാക്കും. തെരുവുനായയുടെ ആക്രമണത്തില്‍ പരിക്കേറ്റ് ജോലിക്ക് പോകാനാകാത്ത സാഹചര്യമുണ്ടായാല്‍ അതിനുള്ള നഷ്ടപരിഹാരവും വരുമാനം നോക്കിയാകും നല്‍കുക. വിദ്യാര്‍ത്ഥികളുള്‍പ്പെടെയുള്ളവരുടെ കാര്യത്തില്‍ മറ്റ് പരിഗണനകള്‍ പ്രകാരം നഷ്ടപരിഹാരം ലഭ്യമാക്കും.

തെരുവുനായയുടെ കടിയേറ്റയാള്‍ക്ക് മതിയായ സര്‍ക്കാര്‍ ചികിത്സ ലഭ്യമായില്ലെങ്കില്‍ അതിന് ഉത്തരവാദി സര്‍ക്കാരായിരിക്കുമെന്ന് ജസ്റ്റിസ് സിരിജഗന്‍ വ്യക്തമാക്കുന്നു. തെരുവുനായകളെ നിയന്ത്രിക്കാത്തതു മൂലമുള്ള അപകടങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കേണ്ട ബാധ്യത തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കാണ്. വളര്‍ത്തു നായ്ക്കളുടെ കടിയേറ്റാല്‍ സഹായം നല്‍കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

നാലു വർഷത്തിനിടെ തെരുവു നായയുടെ കടിയേറ്റതു മൂന്നര ലക്ഷം പേർക്ക്, മരിച്ചതു 48 പേര്‍

ഈ മാസം എട്ടിനാണു സമിതി പ്രവർത്തനം ആരംഭിച്ചത്.  സമിതിയ്ക്ക് ഇതുവരെ 35 പരാതികളാണു ലഭിച്ചത്. ഇതില്‍ കൂടുതലും കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ നിന്നാണ്. 2012 മുതല്‍  ഈ വര്‍ഷം മെയ് വരെ തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ 48 പേരാണ് കൊല്ലപ്പെട്ടത്. ഈ കാലയളവില്‍ മൂന്നരലക്ഷത്തോളം പേര്‍ക്ക് തെരുവുനായയുടെ കടിയേറ്റിട്ടുണ്ട്.

സമിതി സമര്‍പ്പിച്ച ആദ്യ റിപ്പോര്‍ട്ടില്‍ അഞ്ചു നിര്‍ദ്ദേശങ്ങളാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. പാര്‍ശ്വഫലങ്ങളില്ലാത്ത ഹ്യൂമന്‍ റാബിസ് ഇമ്മ്യൂണോ ഗ്ലോബുലില്‍ എന്ന വാക്‌സിന്‍ മുഴുവന്‍ സര്‍ക്കാര്‍ ആശുപത്രികളിലും ലഭ്യമാക്കണമെന്നു സമിതിയുടെ നിര്‍ദേശത്തിലുണ്ട്. 7000 രൂപ വരെ വിലവരുന്ന ഈ വാക്‌സിന്‍ നിലവില്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ സൂക്ഷിക്കുന്നില്ല. സ്വകാര്യ ആശുപത്രികളില്‍ ഇതിനു 20000 രൂപ മുതല്‍ 30000 വരെയാണ് ഈടാക്കുന്നത്. ആശുപത്രി ജീവനക്കാര്‍ക്കു വേണ്ടത്ര പരിശീലനം നല്‍കുക, മാലിന്യസംസ്‌കരണം പലപ്രദമാക്കുക, തെരുവുനായകളെ നിയന്ത്രിക്കുക, വളര്‍ത്തു നായ്ക്കള്‍ക്ക് കുത്തിവെപ്പ് എടുക്കുക തുടങ്ങിയവയാണ് റിപ്പോര്‍ട്ടിലെ മറ്റു നിര്‍ദേശങ്ങള്‍.