മുഖ്യമന്ത്രിയും മന്ത്രിമാരും തൊഴിലാളി പ്രസ്ഥാനങ്ങളുടെ പത്രങ്ങളും ചാനലുകളുമൊന്നും പണിമുടക്കില്‍ പങ്കെടുക്കാതിരുന്നത് എന്തുകൊണ്ട്: പണിമുടക്കിനെ വിമര്‍ശിച്ച് വീണ്ടും ജോയ് മാത്യു

''വലിയൊരു വിഭാഗം ജനങ്ങളുടെ ജനാധിപത്യ അവകാശത്തെ നിഷേധിക്കുന്ന പണിമുടക്ക് പ്രാകൃതമാണ്''

മുഖ്യമന്ത്രിയും മന്ത്രിമാരും തൊഴിലാളി പ്രസ്ഥാനങ്ങളുടെ പത്രങ്ങളും ചാനലുകളുമൊന്നും പണിമുടക്കില്‍ പങ്കെടുക്കാതിരുന്നത് എന്തുകൊണ്ട്: പണിമുടക്കിനെ വിമര്‍ശിച്ച് വീണ്ടും ജോയ് മാത്യു

പണിമുടക്കിനെ വിമര്‍ശിച്ച് വീണ്ടും ജോയ് മാത്യു രംഗത്ത്. പണിമുടക്ക്‌ കാലഹരണപ്പെട്ട  സമരരീതിയാണെന്നും ഇതിലൂടെ ലക്ഷ്യമാക്കിയ കാര്യങ്ങള്‍ നേടിയെടുത്ത തൊഴിലാളി സംഘടന ഏതെന്നറിയാന്‍ തനിക്ക് ആഗ്രഹമുണ്ടെന്നും കഴിഞ്ഞ വാരം തന്‍റെ ഫേസ്ബുക്ക് പേജിലൂടെ ജോയ് മാത്യു അഭിപ്രായപ്പെട്ടത് വിവാദമായിരുന്നു.

സമരമുറകളില്‍ പുതുമ കൊണ്ടുവന്നൂടെ എന്നും പോസ്റ്റിലൂടെ അദ്ദേഹം ചോദിച്ചിരുന്നു. അദ്ദേഹത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ പ്രതികരണങ്ങളുമായി രംഗത്തെത്തി. ഇപ്പോള്‍ വീണ്ടും പണിമുടക്കിനെക്കുറിച്ച് തന്‍റെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് ജോയ് മാത്യു. മലയാള മനോരമയില്‍ രചിച്ച 'മാറിയില്ലേ.. കിണ്ടിയും കോളാമ്പിയും' എന്ന തലക്കെട്ടോടുകൂടിയ ലേഖനത്തിലാണ് ജോയ് മാത്യു പണിമുടക്കിനെക്കുറിച്ചുള്ള തന്‍റെ അമര്‍ഷം പ്രകടിപ്പിച്ചിരിക്കുന്നത്.


പണിമുടക്ക്‌ പ്രശ്നമല്ലെങ്കില്‍ പിന്നെ മുഖ്യമന്ത്രിയും മന്ത്രിമാരും തൊഴിലാളി പ്രസ്ഥാനങ്ങളുടെ പത്രങ്ങളും ചാനലുകളുമൊന്നും  എന്തുകൊണ്ട് അതിന്റെ ഭാഗമാകുന്നില്ല എന്ന് അദ്ദേഹം ലേഖനത്തില്‍ ചോദിക്കുന്നു. ഒരു ദിവസം പണിമുടക്കിയാല്‍ കേരളത്തിനുണ്ടാവുന്ന സാമ്പത്തിക നഷ്ടത്തെക്കുറിച്ചും അദ്ദേഹം വിശദീകരിക്കുന്നു. സമരത്തോടല്ല സമരരീതികളോടാണ്‌ തനിക്കു എതിര്‍പ്പെന്നും വ്യക്തമാക്കുന്ന അദ്ദേഹം വലിയൊരു വിഭാഗം ജനങ്ങളുടെ ജനാധിപത്യ അവകാശത്തെ നിഷേധിക്കുന്ന പണിമുടക്ക് പ്രാകൃതമാണെന്ന തന്‍റെ മുന്‍ നിലപാട് വീണ്ടും ആവര്‍ത്തിക്കുന്നു.

ലേഖനത്തിന്റെ പൂര്‍ണ്ണരൂപം താഴെ വായിക്കാം ;-

നമ്മുടെയൊന്നും വീടുകളില്‍ ഇന്നു കിണ്ടിയും കോളാമ്പിയും ഇല്ല. രണ്ടിന്റെയും ആവശ്യമില്ലാത്ത തരത്തില്‍ കാലം മാറി. ചില വീടുകളിലൊക്കെ കോളാമ്പി ഫ്‌ലവര്‍വെയിസ് ആക്കിയിട്ടുണ്ട്. എന്നു വച്ചാല്‍ കാലത്തിനൊത്ത് കോളാമ്പിയും മാറി എന്നര്‍ഥം. പണിമുടക്കിന്റെ രീതികളിലും കാലത്തിനൊത്ത് മാറ്റം വരേണ്ടേ? പണിക്കു പോകുന്നവനെ തടയുന്നതാവരുതു പണിമുടക്ക്. പണിക്കു പോകുന്നില്ല എന്ന പ്രഖ്യാപിക്കലാകണം. സമരങ്ങളോട് എതിര്‍പ്പുള്ള ആളല്ല ഞാന്‍. സമരങ്ങള്‍ക്കിറങ്ങിയിട്ടുമുണ്ട്. സമര രീതികളോട് ആണ് എന്റെ എതിര്‍പ്പ്. ഒരു ദിവസത്തെ പണിമുടക്കില്‍ കേരളത്തിനു നഷ്ടം 1700 കോടി രൂപയാണ്. ഇതു നഷ്ടപ്പെടുത്തിയാണ് നമ്മുടെ ഓരോ പണിമുടക്കും. പിറന്നു വീഴുന്ന ഓരോ മലയാളിയും 40,000 രൂപ കടക്കാനാരനാണ്. ഈ കടം കൂട്ടുകയാണ് ഓരോ പണിമുടക്കും. ഇതിന്റെ ദുഷ്ഫലം അനുഭവിക്കേണ്ടി വരുന്നതു സാധാരണ ജനമാണ്, ബാങ്കില്‍ നിന്നു വായ്പയെടുത്തു ചായക്കട നടത്തുന്നവരും ഓട്ടോറിക്ഷ ഓടിക്കുന്നവരുമാണ്. വായ്പകളുടെ പലിശ രാവും പകലുമില്ലാതെ കൂടിക്കൊണ്ടിരിക്കുന്നതാണ്. അതിന്റെ സുഖം ഞാന്‍ നന്നായി അനുഭവിച്ചിട്ടുള്ളതാണ്. പണിമുടക്ക് എന്തു പ്രാകൃത സമരമാര്‍ഗമാണ് എന്നു ഞാന്‍ ഫെയ്‌സ്ബുക്കില്‍ ഒരു പോസ്റ്റിട്ടു. അനുകൂലിച്ചും പ്രതികൂലിച്ചും പ്രതികരണങ്ങളുമുണ്ടായി. പ്രതികൂലിച്ചവര്‍ വേഗം മര്‍മത്തു കയറിപ്പിടിച്ചു. 'സിനിമാനടന്‍ ആയതോടെ ജോയ് മാത്യു പഴയതൊക്കെ മറന്നിരിക്കുന്നു. ജോയ് മാത്യുവിന്റെ പഴയതൊക്കെ ആരാ കണ്ടത്? സിനിമാനടന്‍ ആകുന്നതിനു മുന്‍പുള്ള 24 വര്‍ഷം ഞാന്‍ എന്തൊക്കെ പണി ചെയ്താണ് ജീവിച്ചതെന്ന് ആര്‍ക്കാണ് അറിയാവുന്നത്? ഒരു ദിവസം പോലും പണിമുടങ്ങുന്നത് എനിക്ക് ആലോചിക്കാനാവുമായിരുന്നില്ല. ഇപ്പോഴും എന്റെ പണികള്‍ തീര്‍ക്കാന്‍ 24 മണിക്കൂര്‍ പോരാ.

പണിമുടക്കുന്നവര്‍ ആത്മാര്‍ഥമായാണ് അതു ചെയ്യുന്നതെങ്കില്‍ ശമ്പളം വേണ്ടെന്നു വച്ചു മുടക്കണം. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അതു ചെയ്യുമോ? മാര്‍ക്‌സിന്റെ നിര്‍വചനം അനുസരിച്ച് ഉല്‍പാദന പ്രക്രിയയില്‍ പങ്കെടുന്നവനാണ് തൊഴിലാളി. നമ്മുടെ തൊഴിലാളികള്‍ ഏതെങ്കിലും പൊതുമേഖലാസ്ഥാപനം നാടിനു തൃപ്തി തോന്നുന്ന മട്ടില്‍ അവരുടെ അധ്വാനം കൊണ്ട് ആക്കിയെടുത്തിട്ടുണ്ടോ? അതു ചെയ്തിട്ടില്ലെങ്കില്‍ അവരോട് എങ്ങനെയാണ് ബഹുമാനം തോന്നുക? ബഹുമാനം തോന്നുക മുന്‍പേ പറഞ്ഞ വായ്പയെടുത്തു ജീവിതം കരുപ്പിടിപ്പിക്കാന്‍ ഓടുന്ന തൊഴിലാളിയോടാണ്. അവന്റെ പണിയാണ് നമ്മള്‍ മുടക്കുന്നത്. അവന്റെ ഓട്ടോയുടെ കാറ്റാണ് അഴിച്ചുവിടുന്നത്.

തൊഴിലാളി പ്രസ്ഥാനങ്ങളുടെ പത്രങ്ങളും ചാനലുകളുമൊന്നും പണിമുടക്കില്‍ പങ്കെടുക്കാതിരുന്നത് എന്തുകൊണ്ടാണ്? മുഖ്യമന്ത്രിയും മന്ത്രിമാരും പണിമുടക്കാതിരുന്നത് എന്തു കൊണ്ടാണ്? അപ്പോള്‍ പണിമുടക്കിയാല്‍ പ്രശ്‌നമുണ്ട്. മുഖ്യമന്ത്രി ഡല്‍ഹിക്കു പോകാതിരുന്നില്ല. വിമാനം പറക്കാതിരുന്നില്ല.

പണിമുടക്കും ഹര്‍ത്താലും ഇവിടെ ആഘോഷമാണ്. ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ട് ഏതെങ്കിലും ജില്ലയെ ഒഴിവാക്കി എന്നു പറഞ്ഞാല്‍ ആ ജില്ലയില്‍ നിന്നു കേള്‍ക്കാം അയ്യോ എന്ന്. എന്നാല്‍ ഹര്‍ത്താല്‍ എന്നു കേള്‍ക്കുമ്പോള്‍ മറുനാട്ടില്‍ കഠിനമായി ജോലി ചെയ്തു നാട്ടിലേക്കു പണമയയ്ക്കുന്ന മലയാളികള്‍ക്കു തോന്നുക പുച്ഛമാണ്. അവരുടെ പണം കൊണ്ടാണല്ലോ കേരളത്തിന്റെ സാമ്പത്തിക മേഖല നേരേ നില്‍ക്കുന്നത്. അല്ലാതെ ഇവിടത്തെ ഉല്‍പാദന പ്രക്രിയയും വ്യവസായ വളര്‍ച്ചയും കൊണ്ടല്ല. സര്‍ക്കാര്‍ നിലനില്‍ക്കുന്നതു ജനത്തെ പിഴിയുന്ന നികുതി കൊണ്ടാണ്. പണിമുടക്ക് ആ പിഴിച്ചില്‍ കൂട്ടും. പാവപ്പെട്ടവന്റെ വരുമാനം മുടക്കിയും അവനുള്ള സേവനം തടഞ്ഞും ആകരുത് പണിമുടക്ക്. ആശുപത്രി പ്രവര്‍ത്തിക്കാതിരുന്നാല്‍ അവന്റെ ചികില്‍സയാണ് മുടങ്ങുക. ആശുപത്രിയെ ഒഴിവാക്കി എന്നു പറയുന്നതു വിഡ്ഢിത്തമാണ്, ജോലിക്കു പോകാന്‍ നഴ്‌സിനും ഡോക്ടര്‍ക്കും വാഹനമില്ലെങ്കില്‍ അവരെങ്ങനെ ആശുപത്രിയിലെത്തും. അവരില്ലാതെ എങ്ങനെ ആശുപത്രികള്‍ പ്രവര്‍ത്തിക്കും? ഇതു ഹൈടെക് കാലം ആണ്. ഹൈടെക് 
സാക്ഷരതയിലേക്ക് ഉയര്‍ത്തപ്പെട്ടവര്‍ വീട്ടിലിരുന്നും പണിയെടുക്കും. അവിടെയും തള്ളപ്പെടുന്നതു പാവപ്പെട്ടവനാണ്. അവരെ കൂടുതല്‍ ദുരിതത്തിലേക്കു തള്ളിവിടുന്നതാവുകയാണ് ഇന്നത്തെ പണിമുടക്ക്. നമ്മുടെ നാടു ഫുള്‍ടൈം രാഷ്ട്രീക്കാരും ഫുള്‍ടൈം ട്രേഡ് യൂണിയന്‍ നേതാക്കളും ഉള്ളതാണ്. വികസിത രാജ്യങ്ങളില്‍ ഇല്ലാത്ത പ്രതിഭാസമാണിത്. സമരം എന്നത് ഇവര്‍ നടത്തിയാല്‍ പോരേ? അലവന്‍സൊക്കെ പറ്റുന്ന ട്രേഡ് യൂണിയന്‍ നേതാക്കള്‍ക്ക് ഇതു ചെയ്യാവുന്നതേയുള്ളു. അവര്‍ പ്രധാനമന്ത്രിയെ തടയട്ടെ. പാര്‍ലമെന്റ് സ്തംഭിപ്പിക്കട്ടെ. അവര്‍ക്കെന്തെങ്കിലും സംഭവിച്ചാല്‍ നമ്മള്‍ കൂടെയുണ്ട്. അതല്ലാതെ വലിയൊരു വിഭാഗം ജനങ്ങളുടെ ജനാധിപത്യ അവകാശത്തെ നിഷേധിക്കുന്ന പണിമുടക്ക് പ്രാകൃതമാണ്.

Read More >>