ജോയ് മാത്യു അന്ന് നോവലുകൾ തൂക്കി വിറ്റ് തോന്ന്യാസത്തോട് പ്രതികരിച്ചു; സഹോദരൻ ജോൺസ് എന്തു ചെയ്യണം?

കലാപദ്ധതികൾ പ്രോത്സാഹിപ്പിക്കാനുള്ളതെന്ന് പറയപ്പെടുന്ന ഒരിടത്ത്, രാജ്യാന്തര പ്രശസ്തരായ രണ്ടു കലാകാരന്മാർക്ക് സ്വന്തം കലാപദ്ധതി അടിച്ചു മാറ്റപ്പെടുന്നത് നിസ്സഹായരായി കണ്ടു നിൽക്കേണ്ടി വരുന്ന കഥ.

ജോയ് മാത്യു അന്ന് നോവലുകൾ തൂക്കി വിറ്റ് തോന്ന്യാസത്തോട് പ്രതികരിച്ചു; സഹോദരൻ ജോൺസ് എന്തു ചെയ്യണം?

കലയുടെ മേഖലയിലെ പിന്നാമ്പുറക്കഥകൾ പലപ്പോഴും ഒട്ടും കലാത്മകമേയല്ല. നഗ്നമായ വഞ്ചനകളും കുതികാൽവെട്ടുകളും അനുദിനം അതിജീവിക്കണം, 'സക്സസ് ഫുൾ' ആയവരും അല്ലാത്തവരുമായ ഓരോ കലാകാരനും. കേരളത്തിൽ പ്രത്യേകിച്ചും.

ഉദാഹരണമായി രണ്ടു കലാകാരന്മാരായ സഹോദരന്മാരുടെ കഥ കേൾക്കാം. വെള്ളിത്തിരയിൽ ഇടിവെട്ടുതാരമായി മാറിയിരിക്കുന്ന ജോയ് മാത്യുവിന്റെയും, സഹോദരനും അന്താരാഷ്ട്രതലത്തിൽ കലാപ്രവൃത്തി ചെയ്യുന്ന ശില്പിയുമായ ജോൺസ് മാത്യുവിന്റെയും. ഒന്നു നല്ല പഴക്കമുളള, എന്നാൽ പുതുതലമുറയ്ക്ക് അറിയാത്ത കഥയാണ്. രണ്ടാമത്തേതാണ് പുതിയ കഥ.


രണ്ടും വഞ്ചനയുടെ കഥകളാണെങ്കിലും ആദ്യത്തേത് മധുരമായ പ്രതികാരം കൊണ്ട് സ്വയം ക്ലാസിക്കായി മാറി! രണ്ടാമത്തെ കഥയുടെ ഗതിവിഗതി തീരുമാനിക്കുന്നതിൽ കലാരംഗത്തെ വഞ്ചനകളോട് പ്രതികരിക്കണമെന്നാഗ്രഹമുള്ള വായനക്കാർക്ക് റോൾ ഉണ്ട്. വിനിയോഗിക്കാം.

ജോയ് മാത്യുവിന്റെ കഥ

ജോയ് മാത്യു പ്രസാധകനായിരുന്ന കാലം. വിഖ്യാതനായ ഒരു മലയാള നോവലിസ്റ്റിന്റെ വിഖ്യാതമായൊരു നോവൽ പ്രസിദ്ധപ്പെടുത്താൻ ജോയ് മാത്യുവിന് ഭാഗ്യം കിട്ടുന്നു. നോവലിസ്റ്റുമായുള്ള പ്രസാധന സംബന്ധിയായ ഔപചാരികതകളൊക്കെ ജോയ് മാത്യു കൃത്യമായി തീർക്കുകയും ചെയ്തു.

അതിനിടയിൽ ചെറുകിട പ്രസാധകർക്ക് അസുലഭമായൊരു ഭാഗ്യം ജോയ് മാത്യുവിന് കൈവരുന്നു - നോവൽ സർവകലാശാലയുടെ പാഠപുസ്തകങ്ങളിലൊന്നായി തെരഞ്ഞെടുത്തു.

പുസ്തകമിറക്കാൻ നോവലിസ്റ്റുമായുണ്ടാക്കിയ കരാറിൽ വിശ്വാസമർപ്പിച്ച്‌, വിദ്യാർത്ഥികളിൽ നിന്നു നോവലിനുണ്ടാകുമെന്നുറപ്പുള്ള ഡിമാന്റ് കൂടി പരിഗണിച്ച്, ജോയ് മാത്യു നോവൽ കോപ്പികൾ അച്ചടിച്ചിറക്കി.

അപ്പോഴറിയുന്നു നടക്കുന്ന വാർത്ത: ഒരു മുഖ്യധാരാ പ്രസാധകരും ഇതേ നോവൽ പുറത്തിറക്കിയിരിക്കുന്നു! അതും ജോയ് മാത്യുവിന്റെ പുസ്തകത്തിലും കുറഞ്ഞ വിലയ്ക്ക്! പ്രസ്സിൽ കടമാക്കിയും അഡ്വാൻസ് നൽകാൻ കൈ വായ്പ വാങ്ങിയും പുസ്തകമിറക്കുന്ന ഒരു ചെറുകിട പ്രസാധകന് കുഴങ്ങാൻ വേറെന്തു വേണം!

ജോയ് മാത്യു നോവലിസ്റ്റിനെ ബന്ധപ്പെടുന്നു. അദ്ദേഹം എടുത്തു വച്ച മറുപടി ജോയ് മാത്യുവിന് നൽകുന്നു. അതിങ്ങനെ:

'ജോയ്, പുസ്തകമിറക്കാൻ നിങ്ങൾക്ക് സമ്മതം തന്നത് സത്യം. എന്നാൽ, പാഠപുസ്തകമിറക്കാൻ അനുമതി തന്നിട്ടില്ലല്ലോ. അതാണ് മറ്റവന് കൊടുത്തത്.'

കൊലച്ചതിയുടെ ന്യായം കേട്ട് ജോയ് മാത്യു ഞെട്ടി. എന്നാൽ, ജോയ് മാത്യു വെറും 'പ്രസാധക ശിശു'വാണെന്നു കരുതി കളിപ്പീരിനു തുനിഞ്ഞ നോവലിസ്റ്റിന് ജോയ് മാത്യു എന്ന നാടകക്കാരന്റെ പെർഫോമൻസിനു മുന്നിൽ അടിതെറ്റി.

ഇതായിരുന്നു ജോയ് മാത്യു അരങ്ങേറ്റിയ നാടകം: കോഴിക്കോട്ട് നടന്ന അന്താരാഷ്ട്ര പുസ്തകോത്സവ വേദിയുടെ പുറത്ത് കയ്യിലൊരു തുലാസും, ചാരെ താനടിച്ചിറക്കിയ നോവലിന്റെ കോപ്പികളുമായി ജോയ് മാത്യു ഒരിരിപ്പിരുന്നു. 'ഓർമ്മക്കല്ലുകൾ പ്രുസ്തകത്തിന്റെ യഥാർത്ഥ പേരിതല്ല - ലേഖകൻ) ഇതാ, തൂക്കി വിൽക്കുന്നു. ആദായവില. കിലോക്ക് വെറും -- രൂപാ!'

പുസ്തകച്ചന്തയേക്കാൾ ആകർഷകമായ പുറത്തെ ചന്തയിൽ ആളുകൂടി. വിവാദം ഒന്നവസാനിച്ചു കിട്ടാൻ മലയാള കഥയെഴുത്തിലെ ജീവിച്ചിരിക്കുന്ന കുലപതിക്കു തന്നെ ഇടപെടേണ്ടി വന്നു.

ജോൺസ് മാത്യുവിന്റെ കഥ

ജോയ് മാത്യു ഇരയായ കഥ അദ്ദേഹം തന്നെ ഇന്ത്യൻ ഭരണഘടനയുടെ പരിധിക്കുള്ളിൽത്തന്നെ ഇപ്പറഞ്ഞ വിധം പരിഹരിച്ചുവെങ്കിൽ, പരിഹാരം കാത്തുകിടക്കുന്ന തന്റെ കഥ ജോൺസ് മാത്യു ഇങ്ങനെ എഴുതുന്നു:

"പാലക്കാട് അഹല്യ ഹോസ്പിറ്റലിന് വേണ്ടി ഒരു റോക്ക് ഗാർഡൻ നിർമിക്കാൻ കഴിഞ്ഞ ഫെബ്രുവരിയിൽ വി. കെ രാജൻ എന്ന പ്രശസ്ത ശില്പിയോടൊപ്പം ഞാൻ ഡോക്ടർ വർമയേയും, മാനേജിങ് ഡയറക്ടർ ശരത്തിനെയും നേരിട്ട് കണ്ടിരുന്നു. അവർ പറഞ്ഞത് പ്രകാരം റോക്ക് ഗാർഡനുള്ള പണം ലഭിക്കാൻ ഒരു വ്യക്തമായ പ്രൊജക്റ്റ് റിപ്പോർട്ട് തയ്യാറാക്കുവാനാണ്. അതു പ്രകാരം വളരെ വിശദമായി ഞാനും വി. കെ രാജനും ചേർന്ന് പ്രൊജക്റ്റ് റിപ്പോർട്ട് തയ്യാറാക്കി ഡോക്ടർ വർമക്കും ശരത്തിനും അയച്ചു കൊടുത്തു.

എന്നാൽ ഇപ്പോൾ അറിഞ്ഞത് റോക്ക് ഗാർഡൻ നിർമാണം സെപ്റ്റംബർ 21 ന് തുടങ്ങി എന്ന വാർത്തയാണ്. അതായത് പ്രൊജക്റ്റ് അടിച്ചു മാറ്റി വേറെ ശില്പികളെ കൊണ്ട് നിർമാണം തുടങ്ങി എന്ന് ചുരുക്കം.

പ്രൊജക്റ്റ് തയാറാക്കിയ എന്നെയും വി. കെ രാജനെയും ആസൂത്രിതമായി ഒഴിവാക്കി എന്നത് മാത്രമല്ല പ്രധാന പ്രശ്നം. ഇതിലെ ചതിയാണ് വിഷയം. ഏതു ശില്പികളെക്കൊണ്ടും അഹല്യക്ക് റോക്ക് ഗാർഡൻ നിർമിക്കാം പക്ഷെ അത് അടിച്ചുമാറ്റിയ പ്രൊജക്റ്റ് കൊണ്ടാവരുത്. ഇത്തരത്തിൽ പെരുമാറുന്ന ഹോസ്പിറ്റൽ അധികാരികൾ അവിടെ ചികിത്സക്ക് വരുന്ന രോഗികളോടും ഇതേ സമീപനം ആവില്ലേ സ്വീകരിക്കുക? കലാകാരന്മാരോട് കാണിച്ച ഇത്തരത്തിലുള്ള ചതി ഇവർ ഒരു കോർപൊറേറ്റിനോടോ സർക്കാർ സ്ഥാപനത്തോടോ കാണിക്കുമോ?"

ജോൺസും അഹല്യ ആശുപത്രിയും തമ്മിൽ നടന്ന എഴുത്തു കുത്തുകൾ

തന്നോടുചെയ്ത അന്യായം പുറത്ത് പരസ്യപ്പെടുത്തും മുമ്പ് അഹല്യയിൽ താൻ പ്രൊജക്ട് സമർപ്പിച്ച ഡോ.ആർ.വി.കെ. വർമ്മക്ക് ജോൺസ് മാത്യു ഇങ്ങനെ മെയ്ൽ അയച്ചു. താൻ സമർപ്പിച്ച കലാപദ്ധതിയെക്കുറിച്ച് ഒരു പ്രതികരണവും നൽകാതെ, അഹല്യ ആശുപത്രിക്കാർ തന്റെ പദ്ധതി നിർദ്ദേശങ്ങളിൽപ്പെട്ട ഗ്രാനൈറ്റ് ആർട്ട് ക്യാമ്പ് തുടങ്ങാൻ പോകുന്നതായി അറിഞ്ഞതിന്റെ പിറ്റേന്നായിരുന്നു ഈ കത്ത്:

" ശ്രീ. വർമ്മ,
നാളെ ക്യാമ്പ് തുടങ്ങുകയാണെന്നറിഞ്ഞത് നടുക്കമുണ്ടാക്കുന്നു. എന്നെ ക്ഷണിക്കാത്തതിലല്ല നടുക്കം. ഫണ്ട് ലഭിക്കാൻ പ്രൊജക്ട് പ്രൊപ്പോസൽ വേണമെന്നാവശ്യപ്പെട്ട് എന്നെയും ശിൽപ്പി വി.കെ.രാജനെയും പച്ചയ്ക്ക് പറ്റിച്ചതിലാണ്... ദിവസങ്ങളെടുത്താണ് രാജനുമായി കൂടിയാലോചിച്ച് ഞാൻ പദ്ധതി നിർദ്ദേശം തയ്യാറാക്കിയത്. 'താങ്ക് യു' എന്ന ഒറ്റവാക്കല്ലാതെ മാന്യമായ ഒരു മറുപടി പോലും പ്രൊജക്ട് പ്രൊപ്പോസൽ മെയിൽ ചെയ്തതിന് താങ്കൾ നൽകിയിരുന്നില്ല.. എന്റെ പദ്ധതി നിർദ്ദേശമാണ് നടപ്പാക്കാൻ പോകുന്നതെങ്കിൽ അത് നഗ്നമായ കോപ്പിയടിയാണെന്നു പറയേണ്ടി വരും.. പൊതുജന സമക്ഷം വിഷയം കൊണ്ടുവരാൻ ഞാൻ നിർബന്ധിതനാവും.
- ജോൺസ് മാത്യു.''

1-mailമറുപടിയില്ല; പ്രതികരണവുമില്ല

ഒരു മറുപടിയോ ഫോൺ വിളിയോ സമുന്നതനായ ഈ കലാകാരനെത്തേടി അഹല്യ അധികൃതരുടെ ഭാഗത്തു നിന്നുണ്ടായില്ല. തുടർന്നാണ് ജോൺസ് തന്റെ ഫെയ്സ് ബുക്ക് പോസ്റ്റിട്ടത്.കേരളത്തിൽ പതിവായി കാണുന്ന പോലെതന്നെ, സഹകലാകാരന്മാർ ഉന്നയിച്ച ഒരു നൈതികവിഷയത്തോട് കലാകാരന്മാർ പൊതുവിൽ നിശ്ശബ്ദത പാലിച്ചു. എന്നാൽ വായനക്കാർക്ക് വഞ്ചന വ്യക്തമായതായി തെളിയിച്ചു ജോൺസ് മാത്യുവിന്റെ പോസ്റ്റിനോടുള്ള പ്രതികരണങ്ങൾ.

അതേസമയം, ജോൺസ് മാത്യു എന്തോ അപരാധം ചെയ്തുവെന്ന നിലക്കും ചില പ്രതികരണങ്ങൾ ഫെയ്സ് ബുക്ക് പോസ്റ്റിനു താഴെ നിരന്നു.

എന്നാൽ ചില കോണുകളിൽ നിന്നുള്ള കമന്റുകൾ ജോൺസ് മാത്യുവിനെ 'കുറ്റക്കാര'നാക്കി! ജോൺസ് മാത്യുവിന് രഹസ്യ അജണ്ടയുണ്ടെന്നും അഹല്യ പദ്ധതിയുണ്ടാക്കാൻ ആവശ്യപ്പെട്ടത് ശില്പി വി.കെ.രാജനോടാണെന്നും പറഞ്ഞ് കലാകാരൻ കൂടിയായ ദേവൻ മടങ്ങർളി ജോൺസ് മാത്യുവിന്റെ വിശ്വാസ്യതയെ ആക്രമിച്ചു. വി.കെ.രാജനെ പുതിയ ക്യാമ്പിലേക്ക് ക്ഷണിച്ചതാണെന്നും അദ്ദേഹം നിരസിക്കുകയായിരുന്നെന്നും ദേവൻ പറഞ്ഞു. താൻ അഹല്യയുടെ പ്രതിനിധിയാണെന്നും ദേവൻ മടങ്ങർളി പരാമർശിച്ചു.

ജോൺസിന് വഞ്ചനയിൽ സംശയമില്ല

ദേവൻ മടങ്ങർളി പറയുന്നതിൽ നിന്നു തന്നെ വഞ്ചന വ്യക്തമാണെന്നു പറയുന്നു, ജോൺസ് മാത്യു.

" ഞാനും വി.കെ.രാജനും ബന്ധപ്പെട്ടത് ഡോ.വർമ്മയും അഹല്യ എംഡി ശരത്തുമായാണ്. ദേവൻ മടങ്ങർളിയുമായല്ല. അയാളും പദ്ധതിയും തമ്മിലുള്ള ബന്ധമറിയുന്നത് ഇപ്പോൾ മാത്രമാണ്. എന്നാൽ, ദേവൻ ഞാൻ സമർപ്പിച്ച പദ്ധതി നിർദേശം ഭാഗികമായെടുത്ത് ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നു! ഇതെന്ത് നൈതികതയാണ്!"

" ഞാൻ ഒരു സ്ഥാപനത്തിനു സമർപ്പിച്ച പദ്ധതി നിർദ്ദേശത്തെക്കുറിച്ച് സ്ഥാപനം മൗനം പാലിക്കുന്നു! അതേ പദ്ധതിനിർദേശം ഫെയ്സ് ബുക്കിൽ മറ്റൊരു കലാകാരൻ ഉദ്ധരിക്കുന്നു! അദ്ദേഹം ഓൺലൈൻ ചർച്ചയുടെ ഒരു ഘട്ടത്തിൽ താൻ അഹല്യയുടെ പ്രതിനിധിയാണെന്നും പറയുന്നു! പദ്ധതി നിർദേശം ഇപ്പോഴും അഹല്യയിൽ ഉപയോഗിക്കപ്പെടുന്നുണ്ടെന്നല്ലാ തെ എന്താണ് ഞങ്ങൾ മനസ്സിലാക്കേണ്ടത്?" - ജോൺസ് ചോദിക്കുന്നു.

ഈ 'സംശയം' ഫെയ്സ് ബുക്ക് ചർച്ചയിൽ കൂടുതൽ പേർ ഉയർത്തിയതോടെ അവിടെ അഹല്യക്കുവേണ്ടി ആരും പിന്നെ സംസാരിക്കാനുണ്ടായില്ല. ദേവൻ മടങ്ങർളിയുടെയും തുടർ വിശദീകരണമൊന്നുമുണ്ടായില്ല.

ഇതാ വരുന്നു, അഹല്യയിൽ നിന്നു കത്ത്

ഇപ്പറഞ്ഞതിനൊന്നും നിയമ പ്രാബല്യമൊന്നുമില്ലെന്ന് ജോൺസ് മാത്യുവിന് നന്നായറിയാം. "വിശ്വാസപ്പുറത്താണ് ഇല്ലാത്ത സമയമുണ്ടാക്കി, ഒരു പ്രതിഫലവും സ്വീകരിക്കാതെ പ്രൊപ്പോസൽ ഉണ്ടാക്കി നൽകിയത്. വഞ്ചിക്കപ്പെടുമെന്ന തോന്നലുണ്ടാവാഞ്ഞതിനാൽ കരാറുണ്ടാക്കാനും ശ്രദ്ധിച്ചില്ല."

കലാ ബിസിനസ് ചെയ്യുന്നതിലെ ജോൺസ് മാത്യുവിന്റെ 'പ്രാപ്തി' മനസ്സിലായല്ലോ? റാഡിക്കൽ ആർടിസ്റ്റ്സ് പ്രസ്ഥാനം തലയ്ക്കു പിടിച്ചപ്പോൾ ബറോഡയിലെ എം എ പഠനം പാതിക്ക് ഉപേക്ഷിച്ചിറങ്ങിയ ജോൺസിന് ഇങ്ങനെ കുറേ കാര്യങ്ങളിൽ 'പ്രാപ്തിക്കുറവു'ണ്ട്! ഈ കിട്ടിയതും അതിന്റെ ഭാഗമായിക്കാണാം!

ഒരു ചർച്ചയുയർത്തുക എന്നതിൽക്കവിഞ്ഞൊന്നും ഇക്കാര്യത്തിൽ സംഭവിക്കാനില്ലെന്നു ജോൺസ് നാരദന്യൂസിനോട് പറഞ്ഞ് ഞങ്ങൾ പിരിഞ്ഞേയുള്ളൂ, ദാ വരുന്നു അഹല്യയിൽ നിന്നും മറുപടിക്കത്ത്!

കലാകാരൻ തന്റെ ദുരനുഭവത്തിന്റെ കാരണമാരാഞ്ഞ് അയച്ച വൈകാരിക മൂല്യമുള്ളൊരു കത്തിന്, സംഗതി പൊതുചർച്ചയായതോടെ, വരുന്ന മറുപടിക്കത്ത്!സ്വയം സംസാരിക്കുന്ന കത്തും ഉയരുന്ന ചോദ്യങ്ങളും

2-mail

മറുപടി അസാധാരണമായി വൈകിയതിൽ ക്ഷമിക്കൂ എന്ന മുഖവുരയോടെയാണ് അഹല്യ അധികൃതരുടെ കത്ത് ആരംഭിക്കുന്നത്. കത്തിൽ പറയുന്ന കാര്യങ്ങളും, അവ ഇങ്ങനെയൊരു വാദം ശ്രദ്ധിച്ചവരിൽ സാമാന്യമായുയരുന്ന സന്ദേഹങ്ങളും ചുവടെ:

1. മുഖ്യമായ റോക്ക് ഗാർഡൻ പദ്ധതിയുടെ ഒരു ഭാഗം മാത്രമാണ് ഇപ്പോൾ തുടങ്ങിയ ഗ്രാനൈറ്റ് ക്യാമ്പ്.

(ഗ്രാനൈറ്റ് ക്യാമ്പെന്ന ആശയം ജോൺസ് മാത്യു സമർപ്പിച്ച പദ്ധതി നിർദേശത്തിലുള്ളതാണല്ലോ, അല്ലേ?)

2. ജോൺസ് മാത്യുവിന്റെയോ വി കെ രാജന്റെയോ ആശയ മോ പദ്ധതിയോ അഹല്യ നടപ്പാക്കുന്നില്ല.

(ഗ്രാനൈറ്റ് ക്യാമ്പെന്ന ആശയമെങ്കിലും ജോൺസ് മാത്യുവിനും വി.കെ.രാജനും വകവച്ചു കൊടുക്കേണ്ടതല്ലേ? ഇവരുടെ ആശയമോ പദ്ധതിയോ കടം കൊണ്ടിട്ടില്ലെന്നത് ശരിയാണെങ്കിൽ, മറ്റാരുടെ ആശയവും പദ്ധതിയുമാണ് നടപ്പാക്കുന്നതെന്ന് അഹല്യ വെളിപ്പെടുത്തേണ്ടതല്ലേ? ജോൺസ് മാത്യുവിന്റെ പദ്ധതി നിർദേശങ്ങൾ - ഭാഗികമായാണെങ്കിലും - പരസ്യപ്പെടുത്തിയ പോലെ, ഇപ്പോഴത്തേതിന്റെ ഉപജ്ഞാതാവ് തയ്യാറാക്കിയ പദ്ധതി നിർദേശങ്ങളും പൊതുചർച്ചയിൽ പരസ്യപ്പെടുത്തുമോ? സ്വന്തം നിർദ്ദേശങ്ങളാണോ അഹല്യ നടപ്പാക്കുന്നതെന്നറിയാൻ ജോൺസ് മാത്യുവിനെയെങ്കിലും പുതിയ 'പ്രൊജക്ട് പ്രൊപ്പോസൽ' കാണിക്കാൻ സ്ഥാപനം ധാർമ്മിക ബാധ്യത കാട്ടേണ്ടതല്ലേ?)

3. ജോൺസ് മാത്യുവും വി.കെ.രാജനും സമർപ്പിച്ച പദ്ധതി നിർദ്ദേശങ്ങളുടെ ബജറ്റ് അഹല്യയെ സംബന്ധിച്ച് കൂടുതലാണ്.

(അഹല്യ നിർദേശിച്ച പ്രകാരം തയ്യാറാക്കിയ പദ്ധതിനിർദേശം നിരാകരിക്കുന്നതിനുള്ള കാരണം ഈ കലാകാരന്മാരോടായിരുന്നില്ലേ ആദ്യം ചർച്ച ചെയ്യേണ്ടിയിരുന്നത്? അഹല്യയുടെ ബജറ്റിലൊതുങ്ങുന്ന വിധത്തിൽ നിർദേശങ്ങൾ പുതുക്കി നൽകാനാവുമോ എന്ന് ഇവരോട് ആലോചിച്ചിരുന്നോ? അതോ, നിശ്ചിത ബജറ്റിനുള്ളിലല്ലെങ്കിൽ പ്രൊപ്പോസൽ സ്വീകരിക്കാനാവില്ലെന്ന് അവരെ അറിയിച്ചിരുന്നോ?ചെലവഴിച്ച സമയത്തിനും ഭാവനക്കും ഈ രണ്ടു കലാകാരന്മാർ ഉചിതമായ വിധത്തിൽ റെമ്യൂണറേറ്റ് ചെയ്യപ്പെട്ടിട്ടുണ്ടോ?)

4. അതിനാൽ, വലിയ പദ്ധതിക്ക് തുടക്കം കുറിക്കാനായി ചെറിയ ക്യാമ്പ് നടത്താനാണ് തീരുമാനം. ഇതിനു തുടർച്ചയായി വലിയ ക്യാമ്പുകൾ നടത്തും.

(വലിയ പദ്ധതിയെന്നതപ്പോൾ ജോൺസ് മാത്യുവും വി.കെ.രാജനും സമർപ്പിച്ചതാണെന്നല്ലേ മനസ്സിലാക്കേണ്ടത്? 'തുടർച്ചയായി നടക്കാൻ പോകുന്ന വലിയ ക്യാമ്പുകൾ' എന്ന ആശയത്തിനും അപ്പോൾ ഇവർ സമർപ്പിച്ച പദ്ധതിയുമായി ബന്ധമില്ല?)

5. തുടർന്നുള്ള അത്തരം വലിയ ക്യാമ്പുകളിൽ ആർട്ടിസ്റ്റ് വി.കെ.രാജനും മറ്റും പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.

(അഹല്യയാൽ അവഹേളിക്കപ്പെട്ടുവെന്നു സ്വയം വിശ്വസിക്കുന്ന കേരളത്തിലെ സമുന്നതരായ ഈ രണ്ടു കലാകാരന്മാർ, അഹല്യയുടെ പുതിയ ഓഫർ കാത്തിരിക്കുകയാണെന്നാണോ അഹല്യ വിശ്വസിക്കുന്നത്? കലാകാരന്മാർ സ്വന്തം വിലയറിയാത്തവരാണെന്ന ഔദ്ധത്യമാണോ 'ഇന്നല്ലെങ്കിൽ നാളെ അവർ ഞങ്ങളുടെ വഴിക്കു വരും' എന്ന മട്ടിലുള്ള ഈ 'പ്രതീക്ഷ'?)

6. ആർട്ടിസ്റ്റ് ദേവൻ മടങ്ങർളിയാണ് അഹല്യയുടെ സംസ്കൃതി കാര്യ കൺസൾട്ടന്റ്. ഇപ്പോഴും, കഴിഞ്ഞ അഞ്ചു വർഷമായും അഹല്യയുടെ എല്ലാ കലാ ക്യാമ്പുകളും ഏകോപിപ്പിക്കുന്നത് ആർടിസ്റ്റ് ദേവൻ മടങ്ങർളിയാണ്.

(ജോൺസ് മാത്യുവിന്റെ ഫെയ്സ് ബുക്ക് പോസ്റ്റിലോ, അഹല്യ അധികൃതരുമായി നടന്ന കത്തിടപാടുകളിലോ ആർടിസ്റ്റ് ദേവൻ മടങ്ങർളിയെപ്പറ്റി പരാമർശിച്ചിട്ടില്ല. ആ നിലക്ക് അദ്ദേഹമാണ് അഹല്യയുടെ കൺസൾട്ടന്റെന്ന് ജോൺസ് മാത്യുവിനെ പ്രത്യേകമായി അറിയിച്ചിരിക്കുന്നത് എന്തിനാവും? രാജ്യാന്തര തലത്തിൽ അറിയപ്പെടുന്നവരും ആദരണീയരുമായ ഈ രണ്ട് കലാകാരന്മാർക്ക് വന്നു ചേർന്ന നിന്ദ്യാനുഭവത്തിന് അഹല്യയല്ല, മറ്റാരെങ്കിലുമാണ് ഉത്തരവാദിയെന്ന് പറയാതെ പറയുകയാണോ ഇതുവഴി അഹല്യ അധികൃതർ?)

വീണ്ടും ജോയ് മാത്യുവിന്റെ കഥയിലേക്ക്

തിയേറ്ററിക്കൽ ആവിഷ്കാരം നൽകി സ്വന്തം ദുരനുഭവത്തിന്റെ കയ്പ് ജേതാവിന്റെ മധുരമാക്കി മാറ്റി സർഗ്ഗധനനായ ജോയ് മാത്യു, തന്റെ കഥയിൽ.

എന്നാൽ, ജോൺസിന്റെയും വി.കെ.രാജന്റെയുമാകട്ടെ, അവരുടെ വ്യക്തിഗത അനുഭവം മാത്രമല്ല; കലാകാരന്മാർ ജീവിതത്തിൽ നിരന്തരം നേരിടുന്ന നിന്ദാനുഭവങ്ങൾ ഇക്കഥയിൽ ഈ രണ്ടു പേരുടെതായി മാറിയെന്നു മാത്രം.

കലാകാരന്മാരുടെ 'സാമൂഹ്യ ദുരനുഭവം' എന്ന നിലക്ക്, ജോയ് മാത്യു ചെയ്തതിനേക്കാൾ സാമൂഹിക റോളുള്ള ഇടപെടലുകൾ ഈ കഥ അർഹിക്കുന്നില്ലേ? നിങ്ങൾക്കെന്തു തോന്നുന്നു?

Read More >>