ജോൺ ബ്രിട്ടാസ്, ഹലോ എസ്.എഫ്.ഐ, ആകെ കൺഫ്യൂഷനാകുന്നല്ലോ! എൻ.പി.സി. മൗനം വെടിയുമോ?

വിപണിയിലെ മത്സരത്തിൽ വിജയിക്കുകയെന്നതാണ് ജീവിതസത്യമെന്നു കരുതാത്തവർ, കൈ നെഞ്ചിലമർത്തിപ്പിടിച്ച് ഒരു നിമിഷം ധ്യാനിച്ച ശേഷം, ഒന്നു കയ്യുയർത്തിയാലും.. ആരെങ്കിലും ഒന്ന് എണ്ണണം, പ്ലീസ്.. ബ്രിട്ടാസിനും ബ്രിട്ടാസിന്റെ സ്ഥാപനത്തിനും വിപണിയിൽ വിജയിക്കാൻ ശ്രമിച്ചുകൂടെന്നോ!

ജോൺ ബ്രിട്ടാസ്,  ഹലോ എസ്.എഫ്.ഐ, ആകെ കൺഫ്യൂഷനാകുന്നല്ലോ! എൻ.പി.സി. മൗനം വെടിയുമോ?

ആദ്യമേ പറയട്ടെ - ഈ ലേഖനം  എന്റെ മുൻ എഡിറ്ററും സഖാവുമായ ജോൺ ബ്രിട്ടാസിനെയോ, ഇപ്പോഴും എന്റെയൊക്കെ പ്രായമുള്ളവർ സ്വന്തം സംഘടനയായിക്കരുതുന്ന എസ്.എഫ്.ഐ.യെയോ എതിർക്കാനുള്ളതല്ല.

എഴുതിത്തുടങ്ങിയത് അവരെ പിന്തുണക്കാനുള്ള പരിശ്രമമായാണ്.
എന്നാൽ, ഒരു ഘട്ടംവരെ ആ ശ്രമം വിജയകരമായി തോന്നിയെങ്കിലും പിന്നെയങ്ങോട്ട് കൺഫ്യൂഷനോട് കൺഫ്യൂഷനാണ്! വിജയവും കൺഫ്യൂഷനും വഴിയെ വഴിയെ പറയട്ടെ.

ഞങ്ങൾ വിജയിക്കുന്ന വാദമുഖങ്ങൾ (മി വിത്ത് ബ്രിട്ടാസ്)(1) "ജെ.ബി. ജംഗ്ഷൻ വിനോദ പരിപാടിയാണ്. ഞാൻ പോലും അവിടെ അഭിനേതാവാണ്." (ബ്രിട്ടാസ്)

ഡെഫേർഡ് ലൈവ് ഷൂട്ട് ചെയ്തു വച്ച് ലൈവാക്കി അവതരിപ്പിക്കാറുണ്ട്, ടെലിവിഷൻ മാധ്യമപ്രവർത്തകർ. ലൈവിൽ ചോദിക്കുന്ന ചോദ്യത്തിന് അപ്പോൾ ഉത്തരം പറയുകയാണെന്ന് തോന്നിച്ച്, നേരത്തെ ഷൂട്ട് ചെയ്ത ഉത്തരം കേൾപ്പിക്കുന്നതും, അതിനപ്പുറവുമുള്ള ഡ്രാമകളും മെലോഡ്രാമകളും എത്രയെത്രയോ നടക്കുന്നുണ്ട്, നമ്മുടെ ന്യൂസ് റൂമുകളിൽ. ജീവിതത്തിൽ ഒരു വിശ്വാസവും സ്വയം പുലർത്തിയില്ലെങ്കിലും എത്രയോ 'നാടകങ്ങൾ' ശമ്പളം കിട്ടുന്നുവെന്നതു കൊണ്ടുമാത്രം തൊഴിലിടങ്ങളിൽ നമ്മൾ (ബുദ്ധിജീവികളും അല്ലാത്തവരും അടങ്ങുന്ന നമ്മൾ) പുലർത്തിവരുന്നുമുണ്ട്.

തൊഴിലിടങ്ങളിലും പൊതു ഇടങ്ങളിലും പ്രഫഷണലുകൾ ഒന്നടങ്കം നടത്തിവരാറുള്ള ഇത്തരം 'വേഷംകെട്ടു'കൾക്ക് ഇനിയുമെത്രയോ ഉദാഹരണങ്ങൾ നിരത്താനാവും.

അതിനാൽ, ബ്രിട്ടാസുമാത്രം സ്വന്തം തൊഴിലിടത്തിൽ നാടകാതീതനായി നിലകൊള്ളണമെന്ന് വാദിക്കുന്നതിൽ പക്ഷപാതമുണ്ട്.

ഈ പോയന്റിൽ ബ്രിട്ടാസും ഞാനും ജയിച്ചതായി പ്രഖ്യാപിക്കുന്നു!

(2) "എന്തിനുവേണ്ടിയാണോ 'സഖാവ്' ഷോ ചെയ്തത്‌, അതിന് അടിവരയിടാൻ പരിപാടി പുന:സംപ്രേഷണം ചെയ്യും." (ബ്രിട്ടാസ്)

വിപണിയിലെ മത്സരത്തിൽ വിജയിക്കുകയെന്നതാണ് ജീവിതസത്യമെന്നു കരുതാത്തവർ, കൈ നെഞ്ചിലമർത്തിപ്പിടിച്ച് ഒരു നിമിഷം ധ്യാനിച്ച ശേഷം, ഒന്നു കയ്യുയർത്തിയാലും.. ആരെങ്കിലും ഒന്ന് എണ്ണണം, പ്ലീസ്..

ബ്രിട്ടാസിനും ബ്രിട്ടാസിന്റെ സ്ഥാപനത്തിനും വിപണിയിൽ വിജയിക്കാൻ ശ്രമിച്ചുകൂടെന്നോ! ഹ, കൈതാഴ്ത്തു, മറിയത്തെ കല്ലെറിയാൻ നിരന്നവരേ..

ഈ പോയന്റിലും ബ്രിട്ടാസും ഞാനും ജയിച്ചതായി പ്രഖ്യാപിച്ചു കൊള്ളുന്നു!

ഞങ്ങൾ വിജയിക്കുന്ന വാദമുഖങ്ങൾ (മി വിത്ത് എസ്.എഫ്.ഐ.)

സാം കെ മാത്യു എസ്.എഫ്.ഐ.ക്കാരനാണെന്നതുകൊണ്ടുതന്നെ, ഒരു കവിതയെഴുതിയതിന്റെ പേരിൽ ആ സഖാവിനെ ആക്രമിക്കാൻ ഞങ്ങൾ വിട്ടുതരില്ല. ഇങ്ങനെത്തന്നെയാണല്ലോ നമ്മളൊക്കെ സ്വന്തം ശരി നിശ്ചയിക്കാറുള്ളത്. എസ്‌.എഫ്.ഐ.ക്ക് മാത്രമത് പറ്റില്ലെന്നോ!

ഈ പോയന്റിലും നിങ്ങൾ തോറ്റു. എസ്.എഫ്.ഐ.യും ഞാനും ജയിച്ചു!

കവിതാപ്രമേയത്തോട് വിയോജിപ്പെന്നോ? കൺഫ്യൂഷൻ തുടങ്ങുന്നല്ലോ... 

പക്ഷെ, രണ്ടു പേർക്കും ഒരേപോലെ അഭിപ്രായ ഐക്യമുള്ള കാര്യമെടുക്കുമ്പോൾ കൺഫ്യൂഷനും തുടങ്ങുന്നു.

അത് ചർച്ചയിൽ വന്നിട്ടുള്ള രണ്ട് കവിതകളെക്കുറിച്ചുമുള്ള വിലയിരുത്തലിൽ തുടങ്ങുന്നു.

എസ്.എഫ്.ഐ.യും ബ്രിട്ടാസും സാമിന്റെ ആദ്യ കവിതക്ക് കൊടുക്കുന്ന പൊസിറ്റീവ് മാർക്ക്, ബ്രിട്ടാസിന്റെ ഭാഷ കടമെടുത്താൽ, ഇക്കാരണം കൊണ്ടാണ്: 'ക്യാമ്പസുകളിൽ നഷ്ടപ്പെടുന്ന സർഗാത്മകതയുടെ സൗരഭ്യം തിരിച്ചുപിടിക്കാൻ സഖാവ് പോലുള്ള കവിതകൾ സൃഷ്ടിക്കുന്ന അനുഭൂതിയും അനുരണനങ്ങളും സഹായിക്കും'.

അതായത്, 'സഖാവ്' കൊള്ളാവുന്ന കവിതയാണെന്ന് ബ്രിട്ടാസും എസ്.എഫ്.ഐ. നേതൃത്വം പൊതുവിലും കരുതുന്നു.

വിവാദ കവിതയുടെ കാര്യത്തിലാണെങ്കിൽ, തീമിനോട് (ബലാത്സംഗിയോട് ഇരയ്ക്ക് പ്രണയം) ബ്രിട്ടാസും എസ്.എഫ്.ഐ.യും നഖശിഖാന്തം എതിർപ്പു പ്രകടിപ്പിക്കുകയും ചെയ്യുന്നു.

അതേസമയം, കവിതയെ വിലയിരുത്താൻ താൻ ആളല്ലെന്നു ബ്രിട്ടാസ് ഉത്തരവാദിത്തമൊഴിയുന്നു. ഇരു കവിതകളുടെ കാര്യത്തിലായാലും, അവയുടെ കാവ്യാംശത്തെക്കുറിച്ച് എസ്.എഫ്.ഐ.ക്കു വേണ്ടി ആരും പറഞ്ഞു കേൾക്കാത്തതു കൊണ്ട് അതിൽ അവർക്കും ബ്രിട്ടാസിന്റെ അഭിപ്രായമാണെന്നു കരുതാം.

ചുരുക്കിപ്പറഞ്ഞാൽ,

ഒന്ന് - സഖാവ് രണ്ടു കൂട്ടരും നല്ല കവിതയായി വിലയിരുത്തുന്നു. ബലാത്സംഗക്കവിതയെ രണ്ടു കൂട്ടരും മോശം കവിതയായി കരുതുന്നു.

രണ്ട് - ബലാത്സംഗക്കവിതയോടുള്ള മോശാഭിപ്രായം ഉള്ളടക്കം കൊണ്ടാണെന്നു പറയുന്നു. എന്നാൽ സഖാവ് നല്ലതായി തോന്നുന്നത് ഉള്ളടക്കം കൊണ്ടാണോ എന്നു പറയാതിരിക്കുന്നു.

മൂന്ന് - രണ്ടു കവിതകളുടെ കാര്യത്തിലും ഉറച്ച വ്യത്യസ്ത നിലപാടുള്ളപ്പോഴും, കവിത വിലയിരുത്തേണ്ടത് ഞങ്ങളെല്ല, ആസ്വാദകരാണെന്നൊഴിയുന്നു.

മതിയല്ലോ ചിന്താക്കുഴപ്പത്തിലാവാൻ കാരണങ്ങൾ! കൺഫ്യൂഷൻ തീർക്കാൻ കാവ്യാസ്വാദക ശേഷിയുള്ളവരെ തിരയാൻ അതോടെ നിർബന്ധിതനാവുന്നു.

സാംസ്കാരിക വിമർശകർ പറയുന്നത്

ഇടതുപക്ഷഭാവുകത്വമെന്ന് ബ്രിട്ടാസിന്റെയും എസ്.എഫ്.ഐ.യുടെയും സമീപനങ്ങളെ മനസ്സിലാക്കാൻ ശ്രമിക്കുന്ന അവരുടെ അനുകർത്താക്കളായ എന്നെപ്പോലെയുള്ള നിരവധിപേരെ ഇടതുപക്ഷ സാംസ്കാരിക വിമർശകർ കൂടുതൽ കൺഫ്യൂഷനിലാക്കുന്നു.

പ്രമുഖ ഇടതുപക്ഷ സാംസ്കാരിക വിമർശകനായ സുനിൽ പി ഇളയിടത്തെ ഉദ്ധരിച്ചാൽ: "സഖാവും സമാനമായ പടപ്പുകളും അതിന്റെ അവതരണസ്ഥാനവുമെല്ലാം നമ്മുടെ മുഖ്യധാരാ ഇടതുപക്ഷാവബോധം എത്രയോ അരാഷ്ട്രീയമായിത്തീർന്നു എന്നതിനുള്ള ചരിത്ര സ്മാരകങ്ങളാണ്."

ഏറ്റവുമൊടുക്കം കവിയും സൈദ്ധാന്തികനുമായ സച്ചിദാനന്ദൻ പറയുന്ന പ്രകാരം:

"കവിതയും അതിനോടുള്ള പ്രതികരണങ്ങളും സമൂഹത്തിലെ പിതൃമേധാവിത്ത മൂല്യങ്ങളെയും സ്ത്രീവിരുദ്ധതയെയും പ്രതിഫലിപ്പിക്കുന്നതാണ്‌."

സാം മാത്യുവിന്റേത് കവിത തന്നെയോ എന്ന് സംശയമുള്ളതായി ധ്വനിപ്പിച്ചുകൊണ്ട്, ക്വട്ടേഷൻ ചിഹ്നത്തിലാണ് 'കവിത'യെന്ന് സച്ചി പ്രയോഗിച്ചിരിക്കുന്നത്. തനിക്ക് സ്ത്രീവിരുദ്ധ നിലപാടില്ലെന്ന ബ്രിട്ടാസിന്റെ ഫേസ്ബുക്ക് വിശദീകരണം സ്വീകരിക്കാതെ, 'ലിംഗം, ജാതി തുടങ്ങിയ വിഷയങ്ങളിൽ ബ്രിട്ടാസടക്കമുള്ള ആങ്കർമാരിൽ പലരെയും സംവേദനക്ഷമതാ പാഠങ്ങൾ പഠിപ്പിക്കേണ്ടതുണ്ടെ'ന്നും സച്ചിദാനന്ദൻ പറയുന്നു.

ബ്രിട്ടാസിനെയും എസ്.എഫ്.ഐ.എയും വിട്ട് സൈദ്ധാന്തികരെ (ബ്രിട്ടാസ് പറയുന്ന കാവ്യാസ്വാദന എക്സ്പർട്ടുകളെ) ആശ്രയിക്കാമെന്നു വച്ചാലും കൺഫ്യൂഷൻ കൂടുന്നതേയുള്ളൂ.

റൂബിൻ ഡിക്രൂസ് പറയുന്നത്


ചർച്ചയിൽ തുടക്കം മുതൽ സജീവമായി ഇടപെട്ടുവരികയും പരാമർശിച്ച കവിതകളോട് ദാക്ഷിണ്യമില്ലാതെ പെരുമാറുകയും ചെയ്യുന്ന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടർ റൂബിൻ ഡിക്രൂസ് പറയുന്നത് ഇങ്ങനെ:

"വരി മുറിച്ചെഴുതുന്നതെല്ലാം കവിതയല്ല. അവയെല്ലാം ആവിഷ്കാരവുമല്ല.. ടെലിവിഷൻ ഷോയിൽ പാടാനും അച്ചടിച്ച് പുസ്തകമാക്കാനുമുള്ള കഴിവിനെ സർഗ്ഗപ്രവൃത്തി എന്നു പറയാനാവില്ല.. എന്താണ് കവിത എന്നത് അവനവൻ/ൾ ബൗദ്ധികവും ഭാവനാപരവുമായ അധ്വാനം നടത്തി മാത്രം കണ്ടുപിടിക്കാനാവുന്ന ഒരു കാര്യമാണ്.. അതു കണ്ടുപിടിക്കാൻ സിദ്ധി വേണം.. അത് ഒരു കരണ്ടിയിൽ കോരിക്കൊടുക്കാനാവില്ല."

മുൻപറഞ്ഞ സൈദ്ധാന്തികർ പറയാതെ പറഞ്ഞ കാര്യമാണ് റൂബിൻ, ക്രിസ്റ്റൽ ക്ലിയറായി വ്യക്തമാക്കുന്നത്.

അപ്പോൾ ഇടതുപക്ഷ കാവ്യഭാവുകത്വം  രണ്ടു ചേരിയിലായിരിക്കുന്നു?

അങ്ങനെ വേണം നിഗമനത്തിലെത്താൻ. 'പോപ്പുലറായതൊന്നും മഹത്തായതാകില്ല കുട്ടീ' എന്ന അരവിന്ദൻ സിനിമയിലെ വാചകം തുറിച്ചു നോക്കുന്നു. അപ്പോൾ, ബ്രിട്ടാസും എസ്.എഫ്.ഐ.യും സാം മാത്യുവും ഡി.സി.ബുക്സും തന്നെയല്ലേ ശരിയെന്ന് പിന്നെയും ശങ്ക വരുന്നു!

പെട്ടെന്നുതന്നെ കാവ്യാസ്വാദന സൈദ്ധാന്തികരിലേക്ക് മനസ്സ് ബ്രിട്ടാസിനെയും എസ്.എഫ്.ഐ.യെയും വെടിഞ്ഞ് ഓടിയടുക്കുന്നു. എന്നാലവിടെ നില്പുറയ്ക്കുന്നുണ്ടോ, അതില്ല താനും!

മറഞ്ഞൊളിക്കുന്ന കാവ്യകന്യക

കവിതയെന്ന കന്യകയെത്തേടി നാടാകെ അലഞ്ഞ്, ദുരൂഹനിലയിൽ മരിച്ച പി.കുഞ്ഞിരാമൻ നായരെ ഓർമ്മിപ്പിക്കുന്ന കാവ്യ വിപര്യയം നേരിടുന്നു ഞാനടക്കമുള്ള കവിതാനുശീലർ.

കവിത തേടി നടക്കാൻ കഴിഞ്ഞിരുന്നെങ്കിൽ ഭാഗ്യമാകുമായിരുന്നു. ദൗർഭാഗ്യത്തിന്, ഇവിടെ തേടി നടക്കേണ്ടി വന്നിരിക്കുന്നത് എന്താണ് യഥാർഥത്തിൽ കവിതയെന്ന് വിശേഷിപ്പിക്കപ്പെടേണ്ടതെന്ന വരണ്ട ഒരു സത്യത്തെയാണ്!

ബുദ്ധി കൊണ്ടും സിദ്ധി കൊണ്ടും കിട്ടേണ്ടതാണെങ്കിൽ അത് തേടി നടന്നിട്ട് കാര്യവുമില്ല! പക്ഷെ ആ ഉത്തരം/ വിശദീകരണം കിട്ടാതെ ഇക്കവിതാവിവാദമുയർത്തിയ പൊല്ലാപ്പിൽ നിന്ന് മലയാളിക്ക് മോചനവുമില്ല! അതാരും പറഞ്ഞു തരുന്നുമില്ല! അക്ഷരാർത്ഥത്തിൽ ഒരു പ്രഹേളിക!

ഇത്രയേയുള്ളൂ ആകെ സംശയം

എല്ലാ ചർച്ചകൾക്കുമൊടുക്കവും കൺഫ്യൂഷൻ അട്ടി കൂടുമ്പോൾ, സംശയത്തെ ഒന്ന് ലളിതമാക്കി നോക്കട്ടെ. അപ്പോൾ ബാക്കിയാവുന്നത് ഒരേയൊരു സംശയമേയുള്ളൂ.

ആ സംശയമാകട്ടെ, വിവാദകവിതകളെ പിന്തുണക്കുന്നവർക്കും എതിർക്കുന്നവർക്കും മുമ്പാകെ നഗ്നമായി, ഒരു കുഞ്ഞിനെപ്പോലെ നിലവിളിക്കുന്ന ഒന്നാണ്.

ഇതിലും 'സാമൂഹ്യ വിരുദ്ധ'മായ ആശയങ്ങളെ അവലംബിച്ചെഴുതിയ എത്രയോ കൃതികൾ ക്ലാസിക്കുകളായിത്തീർന്നിട്ടുണ്ടെന്നതിനാൽ ഈ സംശയം എത്രയുംവേഗം നമുക്ക് തീർക്കാം. സാം മാത്യുവിന്റെ കവിതകളെ അതോടെ നമുക്ക് ക്ലാസിക്കൽ പദവിയിലേക്കോ ചവറ്റുകൊട്ടയിലേക്കോ അവയുടെ പാട്ടിനുവിട്ട് നമുക്ക് അടുത്ത വിഷയത്തിലേക്ക് കടക്കാമായിരുന്നു.

തീം സമൂഹവിരുദ്ധമാണ് എന്നു പറയുന്നതിന്റെ സ്ഥാനത്ത്, 'അത്തരം പ്രമേയങ്ങളൊന്നും ആവിഷ്കരിക്കാനുള്ള കവിത്വമൊന്നും അക്കവിതയിൽ ഇല്ലെ'ന്നു പറഞ്ഞു കൂടേ? കലാസൃഷ്ടികൾ അവയുടെ ഉള്ളടക്കത്തെ അതിലംഘിച്ചു പോലും സ്വയം വിപ്ലവകരങ്ങളാണെന്നല്ലേ മാർക്സിസ്റ്റ് സൗന്ദര്യശാസ്ത്രജ്ഞർ കണ്ടെത്തിയിരിക്കുന്നത്?

രൂപമാണോ ഭാവമാണോ കവിതയെ (സാഹിത്യ സൃഷ്ടിയെ) അതാക്കുന്നതെന്ന ചർച്ചയും, ഇ എം എസിന്റെ ഭാഷാപോഷിണി ലേഖനവുമൊക്കെ പൊടി തട്ടിയെടുക്കാൻ ആളുകളെ നിർബന്ധിക്കണോ ഇനിയും? എന്താണ് കവിതയെന്നതിൽ ഇടതുപക്ഷ ഭാവുകത്വത്തിനകത്തെങ്കിലും തെളിമ വേണ്ടതല്ലേ? അതില്ലാതെ വന്നാൽ, നമ്മൾ കൂട്ടായി നടത്തുന്നത് ജീവിതം മെച്ചപ്പെടുത്താനുള്ള ശ്രമമാണെന്ന് വിശ്വസിക്കാനാവുമോ?

ആസ്വാദകരും സൈദ്ധാന്തികരും പരസ്പരം ഗോളടിച്ച് നേടുന്ന ആത്മരതിയുടെ പേരാണോ സാംസ്കാരികസംവാദം?

എൻ.പി.ചന്ദ്രശേഖരൻ മൗനം വെടിയുമോ?

കാവ്യഗുണ സംബന്ധിയായ ഇത്തരം സംശയങ്ങൾ ക്ലിയറാക്കാൻ കെല്പുള്ളതായി മനസ്സിൽത്തോന്നുന്ന ആദ്യത്തെയാൾ എന്റെ ഒരു പ്രിയ കവിയും, ബ്രിട്ടാസിന്റെ സഹപ്രവർത്തകനും, നിത്യഹരിതങ്ങളായ പലേ എസ്.എഫ്.ഐ. മുദ്രാവാക്യങ്ങളുടെ സ്വഷ്ടാവും, എന്നെയൊക്കെപ്പോലെ ഇപ്പോഴും എസ്.എഫ്.ഐ.ക്കാരനുമായ കൈരളി ന്യൂസ് ഡയറക്ടർ എൻ.പി.ചന്ദ്രശേഖരനാണ്.

സഖാവ് കവിതയുടെ കാവ്യഭാവുകത്വം ഏതളവിലുള്ളതാണെന്നതിൽ സുവ്യക്തതയുണ്ടാവും എൻ.പി.സി.യ്ക്ക് (എൻ.പി.ചന്ദ്രശേഖരൻ) എന്നെനിക്കുറപ്പുണ്ട്. മലയാളി പുരുഷിൽ സ്വയംഭോഗവിഗ്രഹമായിരുന്ന സിൽക്ക് സ്മിതയെക്കുറിച്ച് 'സമൂഹ വിരുദ്ധ' കവിത പോലും എഴുതിയിട്ടുണ്ട് എൻ.പി.സി.

ഫോണിൽ ചോദിച്ചാൽ ഉഴപ്പി ഊരുമെന്നതുകൊണ്ടാണ് പരസ്യമായി ചോദിക്കാൻ തുനിയുന്നത്: എൻ.പി.സി. മൗനം വെടിയുമോ?

(അതോ ഇതിനകം സംസാരിച്ചു കാണുമോ? കാണാതെ പോയതാണോ? എങ്കിൽ ഈ ഇടതുപക്ഷ സാംസ്കാരിക വിവാദം അടുത്തൊന്നും തീരാൻ പോവുന്നില്ല. അവ സമാഹരിച്ച് ഡി.സി.ബുക്സ് സഖാവിന്റെ തുടർച്ചയായി പുസ്തകവും ചെയ്യും).