ജെഎൻയു തെരഞ്ഞെടുപ്പ് മുന്നോട്ടു വെയ്ക്കുന്ന പാഠങ്ങൾ

കാമ്പസിലെ ശക്തമായ രണ്ട് ഇടതുപക്ഷ വിദ്യാർഥി പ്രസ്ഥാനങ്ങൾ (AISA യും SFI യും) ഒന്നിച്ചു വന്നതിനെ വിദ്യാർഥികൾ ഇരുകൈയും നീട്ടി സ്വീകരിക്കുകയായിരുന്നു. #StandWithJNU, #FightBackJNU എന്ന മുദ്രാവാക്യങ്ങൾ വിദ്യാർഥികൾ നെഞ്ചിലേറ്റി. ഇത്തരത്തിലൊരു വിശാല ഇടതുപക്ഷ ഐക്യം വിദ്യാർഥി സമൂഹം ആഗ്രഹിച്ചിരുന്നുവെന്ന് 2015-16 തെരഞ്ഞെടുപ്പിന് ശേഷം നടന്ന ഇടതുപക്ഷ ഐക്യ മാർച്ചിലെ അഭൂതപൂർവമായ വിദ്യാർഥി പങ്കാളിത്തം തന്നെ വ്യക്തമാക്കിയതാണ്. മത്സരിച്ച 20 സീറ്റുകളിൽ 19 എണ്ണത്തിലും വിജയിച്ചു കയറിയ ഇടതുപക്ഷ സഖ്യം വിദ്യാർഥികളുടെ പ്രതീക്ഷയ്‌ക്കൊത്തുയരുകയും ചെയ്തു.

ജെഎൻയു തെരഞ്ഞെടുപ്പ് മുന്നോട്ടു വെയ്ക്കുന്ന പാഠങ്ങൾ

അശ്വതി അശോക്

ഒരു സർവകലാശാലയിലെ വിദ്യാർഥികളെ മുഴുവൻ രാജ്യദ്രോഹികളായി ചിത്രീകരിക്കാനുള്ള ഭരണകൂടത്തിന്റെ നീക്കങ്ങളെ ഒറ്റക്കെട്ടായി നിന്ന് ചെറുത്തു തോല്പിച്ചവരാണ് ജെ.എൻ.യു. വിദ്യാർഥികൾ. സംവാദങ്ങൾക്കും, ചർച്ചകൾക്കുമുള്ള ഇടം നഷ്ടപ്പെടാതിരിക്കാനായി കഴിഞ്ഞ ഏഴ് മാസങ്ങളായി ഒരേ മനസ്സോടെ ഇവിടുത്തെ വിദ്യാർഥികൾ നടത്തിയ പോരാട്ടം സംഘപരിവാർ ശക്തികൾക്കുള്ള ഉറച്ച താക്കീതായിരുന്നു. അതുകൊണ്ടു തന്നെ ജെ.എൻ.യു.വിലെ 2016-17 യൂണിയൻ തെരഞ്ഞെടുപ്പ് മുമ്പെങ്ങുമില്ലാത്ത വിധം ദേശീയശ്രദ്ധയാകർഷിച്ചിരുന്നു.


മുൻ തെരഞ്ഞെടുപ്പുകളിൽ നിന്നും ക്യാമ്പസ് തലത്തിൽ ഈ തെരഞ്ഞെടുപ്പ് പുലർത്തിയ ചില വ്യത്യസ്തതകളുണ്ട്. ഫെബ്രുവരി 9-നു ശേഷമുണ്ടായ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തിൽ വേണം അവയൊക്കെ ചർച്ച ചെയ്യാനും ഈ തെരഞ്ഞെടുപ്പിനെ വിലയിരുത്താനും.

ശക്തമായ രാഷ്ട്രീയ ചർച്ചകൾ

വ്യക്തമായ ഉദ്ദേശ്യത്തോടെ തന്നെയാണ് സംഘപരിവാർ ശക്തികൾ ജെ.എൻ.യുവിനെ ലക്ഷ്യം വെച്ചത്. വിവിധ മത-ജാതി- ലിംഗ-ഭാഷാ വിഭാഗങ്ങൾക്ക് അവരുടേതായ ഇടം ലഭ്യമാക്കുന്ന, സമൂഹത്തിൽ അടിച്ചമർത്തപ്പെട്ടവർക്കു വേണ്ടി ശബ്ദമുയർത്തുന്ന ഒരു തുരുത്താണ് ഈ കലാലയം. സാമൂഹ്യനീതിയിലധിഷ്ഠിതമായ ഈ പൊതുബോധം ശക്തമായ ഇടപെടലുകളിലൂടെയും മുന്നേറ്റങ്ങളിലൂടെയും വിദ്യാർഥി സമൂഹം നേടിയെടുത്തതുമാണ്.

എന്നാൽ കഴിഞ്ഞ കുറച്ചു കാലമായി ശക്തമായ രാഷ്ട്രീയ സ്വഭാവം ക്യാമ്പസിന് അന്യമായിക്കൊണ്ടിരിക്കുകയായിരുന്നു. എല്ലാ സംഘടനകളും ഒന്നാണെന്ന പൊതുവൽക്കരണത്തിലേക്ക് വിദ്യാർഥികൾ എത്തിക്കൊണ്ടിരിക്കുകയുമായിരുന്നു. രാഷ്ട്രീയമല്ല, വ്യക്തികളാണ് പ്രധാനം എന്ന നിലയിലേക്ക് വിദ്യാർഥികളുടെ വോട്ടിംഗ് സ്വഭാവം മാറിയിരുന്നു. ശക്തമായ രാഷ്ട്രീയ ചർച്ചകൾക്ക് വേദിയായിരുന്ന 'പ്രസിഡൻഷ്യൽ ഡിബേറ്റ്' കേവലം പ്രസംഗ മത്സരം എന്ന നിലയിലേക്ക് ചുരുങ്ങുകയും ചെയ്തു. വർഷം മുഴുവൻ വിദ്യാർഥികൾക്കു വേണ്ടി പ്രവർത്തിക്കുന്ന രാഷ്ട്രീയമല്ല, വളരെ ഒഴുക്കോടു കൂടി പ്രസംഗം പറയുന്നത് മാത്രമാണ് യൂണിയൻ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടാനുള്ള മാനദണ്ഡം എന്ന നിലയിലേക്ക് ഡിബേറ്റ് അധഃപതിക്കുകയായിരുന്നു. 2015-16 തെരഞ്ഞെടുപ്പിൽ School of International Studies ലെ 5 കൗൺസിലർ സ്ഥാനങ്ങളിൽ 5 എണ്ണത്തിലും വ്യത്യസ്ത സംഘടനകളാണ് ജയിച്ചത് എന്നുള്ളത് എത്രത്തോളം വ്യക്തി കേന്ദ്രീകൃതമായാണ് വിദ്യാർഥികൾ വോട്ടു രേഖപ്പെടുത്തിയിരുന്നതെന്ന് വ്യക്തമാക്കുന്നു.

എന്നാൽ നഷ്ടപ്പെട്ടു കൊണ്ടിരുന്ന രാഷ്ട്രീയ സ്വഭാവം ക്യാമ്പസിലേക്കു തിരിച്ചു കൊണ്ടുവരാൻ കഴിഞ്ഞു എന്നതാണ് ഫെബ്രുവരി 9 ജെ.എൻ.യു.വിനു നൽകിയ സംഭാവന. വ്യക്തമായ ഉദ്ദേശ്യത്തോടെ തന്നെ ഭരണകൂടം തയ്യാറാക്കിയ തിരക്കഥയായിരുന്നു ഫെബ്രുവരി 9-ന് ശേഷമുണ്ടായ സംഭവങ്ങൾ. ഒരു വർഗീയ പാർട്ടിയുടെ വിദ്യാർഥി സംഘടന അധികാരത്തിൽ വന്നാൽ ഏതറ്റം വരെയും പോകാം എന്ന് ഇവിടുത്തെ വിദ്യാർഥികൾ മനസിലാക്കി. അതു കൊണ്ടു തന്നെ ABVP - യ്‌ക്കെതിരെയുള്ള രാഷ്ട്രീയായുധം എന്ന നിലയിൽ തന്നെയാണ് വിദ്യാർഥികൾ ഈ തെരഞ്ഞെടുപ്പിനെ കണ്ടത്.

നീണ്ട അവധി മുന്നിൽ കിടക്കുമ്പോഴും മുൻ വർഷങ്ങളെ അപേക്ഷിച്ച് പോളിംഗ് ശതമാനത്തിൽ 17 ശതമാനത്തിനു മുകളിലുണ്ടായ വർധനവ് എത്രത്തോളം ഗൗരവത്തോടെയാണ് വിദ്യാർഥികൾ ഈ തെരഞ്ഞെടുപ്പിനെ സമീപിച്ചതെന്നത് വ്യക്തമാക്കുന്നു. പൊതുവെ വ്യക്തികേന്ദ്രീകൃതമായ രീതിയിൽ വോട്ടിംഗ് പാറ്റേൺ കാണപ്പെടുന്ന സ്‌കൂൾ കൗൺസിലർ സ്ഥാനങ്ങളിലേക്ക് പോലും വളരെ രാഷ്ട്രീയമായാണ് വോട്ടുകൾ രേഖപ്പെടുത്തപ്പെട്ടത്. ഇടതുപക്ഷ പാനലിൽ നിന്ന് കൗൺസിലർ സ്ഥാനത്തേക്ക് മത്സരിച്ച ഒന്നാം വർഷ വിദ്യാർഥികൾ പോലും കൂടുതൽ വ്യക്തി ബന്ധങ്ങളുള്ള മറ്റു സ്ഥാനാർഥികളെ പരാജയപ്പെടുത്തിയത്, വ്യക്തികളല്ല രാഷ്ട്രീയമാണ് പ്രധാനം എന്ന് വിദ്യാർഥികൾ തിരിച്ചറിഞ്ഞു എന്നതിന്റെ തെളിവാണ്.

ഇടതുപക്ഷ ധാരയും, വലതു-വർഗീയ അജണ്ടയും, സ്വത്വരാഷ്ട്രീയവും, വ്യക്തി കേന്ദ്രീകൃത രാഷ്ട്രീയവും തമ്മിൽ ഏറ്റുമുട്ടിയ ഈ തെരഞ്ഞെടുപ്പിൽ വിജയം രാഷ്ട്രീയമായി ഇടതുപക്ഷത്തിന്റെ കൂടെ തന്നെയായിരുന്നു.

വിശാല ഇടതുപക്ഷ മുന്നണിയുടെ രൂപീകരണം

മാസങ്ങളോളം നീണ്ടു നിന്ന സമരത്തിന്റെ ഭാഗമായി രൂപപ്പെട്ട ഇടതുപക്ഷ ഐക്യം മുന്നോട്ടു കൊണ്ടു പോകാൻ സാധിച്ചു എന്നതാണ് ഈ തെരഞ്ഞെടുപ്പിന്റെ വിജയം. ഇടതുപക്ഷ വോട്ടുകൾ വിവിധ സംഘടനകളിലേക്ക് വിഭജിച്ചു പോയിരുന്ന മുൻകാലങ്ങളിൽ നിന്നു വ്യത്യസ്തമായി ABVP ഉയർത്തുന്ന വർഗീയ അജണ്ടകൾക്കെതിരെയുള്ള ഒരു രാഷ്ട്രീയ പോരാട്ടമായിരുന്നു ഇത്തവണത്തെ തെരഞ്ഞെടുപ്പ്. കാമ്പസിലെ ശക്തമായ രണ്ട് ഇടതുപക്ഷ വിദ്യാർഥി പ്രസ്ഥാനങ്ങൾ (AISA യും SFI യും) ഒന്നിച്ചു വന്നതിനെ വിദ്യാർഥികൾ ഇരുകൈയും നീട്ടി സ്വീകരിക്കുകയായിരുന്നു. #StandWithJNU, #FightBackJNU എന്ന മുദ്രാവാക്യങ്ങൾ വിദ്യാർഥികൾ നെഞ്ചിലേറ്റി. ഇത്തരത്തിലൊരു വിശാല ഇടതുപക്ഷ ഐക്യം വിദ്യാർഥി സമൂഹം ആഗ്രഹിച്ചിരുന്നുവെന്ന് 2015-16 തെരഞ്ഞെടുപ്പിന് ശേഷം നടന്ന ഇടതുപക്ഷ ഐക്യ മാർച്ചിലെ അഭൂതപൂർവമായ വിദ്യാർഥി പങ്കാളിത്തം തന്നെ വ്യക്തമാക്കിയതാണ്. മത്സരിച്ച 20 സീറ്റുകളിൽ 19 എണ്ണത്തിലും വിജയിച്ചു കയറിയ ഇടതുപക്ഷ സഖ്യം വിദ്യാർഥികളുടെ പ്രതീക്ഷയ്‌ക്കൊത്തുയരുകയും ചെയ്തു.

ABVP യുടെ തകർച്ച

#ShutDownJNU എന്ന ക്യാമ്പയിൻ ഉയർത്തിവിട്ട ABVP- ക്കെതിരെ വിദ്യാർഥികൾക്കിടയിൽ ഉണ്ടായിരുന്ന അമർഷമാണ് തെരഞ്ഞെടുപ്പ് ഫലമായി പുറത്തുവന്നത്. ABVP യുടെ കോട്ടയെന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന സയൻസ് സ്‌കൂളുകളിൽ നിന്നു പോലും അവർ തൂത്തെറിയപ്പെടുകയാണുണ്ടായത്. 2015-16 തെരഞ്ഞെടുപ്പിൽ യൂണിയൻ ജോയിന്റ് സെക്രട്ടറി സ്ഥാനം നേടിയ ഒരു വിദ്യാർഥി സംഘടനക്ക് ഈ ഇലക്ഷനിൽ കേവലം സംസ്‌കൃത സെന്ററിലെ ഒരു കൗൺസിലർ സ്ഥാനത്തേക്ക് ഒതുങ്ങേണ്ടി വന്നുവെന്നത് ശക്തമായ രാഷ്ട്രീയ സന്ദേശമാണ് നൽകിയിരിക്കുന്നത്. കേന്ദ്രം ഭരിക്കുന്ന BJP ജെ.എൻ.യു.വിനെ കൈപ്പിടിയിലൊതുക്കാനായി എല്ലാ ഒത്താശകളും തങ്ങളുടെ വിദ്യാർഥി പ്രസ്ഥാനത്തിന് നൽകിയിട്ടും ABVP നേരിട്ട തിരിച്ചടി വികസന സ്വപ്നത്തിൽ പൊതിഞ്ഞ വർഗീയ അജണ്ടകൾക്കെതിരെ വിദ്യാർഥി സമൂഹത്തിനിടയിൽ രൂപപ്പെട്ടു വരുന്ന രോഷമായി വേണം വിലയിരുത്താൻ. 2017-ൽ നടക്കാൻ പോകുന്ന ഉത്തർപ്രദേശ്, പഞ്ചാബ് തെരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തിൽ ജെ.എൻ.യു. വിജയം BJP യുടെ അഭിമാന പോരാട്ടം കൂടിയായിരുന്നു. BJP യുടെ പ്രാദേശിക നേതാക്കളും, MLA യും ജെ.എൻ.യു വിദ്യാർഥികൾ വാടകയ്ക്ക് താമസിക്കുന്ന ഇടങ്ങളിലെ ഉടമസ്ഥരോട് സംസാരിക്കുക വരെ ചെയ്ത് വിജയമുറപ്പിക്കാനുള്ള എല്ലാ ഇടപെടലുകളും നടത്തിയിരുന്നു.

jnuസർവകലാശാല അധികൃതരും കൈയയച്ച സഹായം ABVP ക്കു നൽകുകയുണ്ടായി. ക്യാമ്പസിലെ മുഴുവൻ വിദ്യാർഥികളുടെയും മൊബൈൽ നമ്പർ അഡ്മിനിസ്‌ട്രേഷന്റെ കൈയിൽ നിന്നും ശേഖരിച്ച് നിരന്തരമായി സന്ദേശങ്ങൾ അയച്ചിട്ടും, ബെർത്ത് ഡേ ആഘോഷങ്ങൾ എന്ന പേരിൽ മദ്യവും പണവും ഒഴുക്കിയിട്ടും ABVP - യുടെ കാലിന്റെയടിയിൽ നിന്ന് മണ്ണൊലിച്ചു പോവുകയായിരുന്നു.

BAPSA യുടെ ഉദയം

ജെ.എൻ.യു. ക്യാമ്പസിൽ പുതിയതായി രൂപപ്പെട്ട ദളിത് സ്വത്വ രാഷ്ട്രീയം ഈ തെരഞ്ഞെടുപ്പിൽ സ്വാധീനം ചെലുത്തുകയുണ്ടായി. അടിച്ചമർത്തപ്പെട്ട സ്വത്വങ്ങളുടെ ഏക അവകാശികൾ തങ്ങളാണെന്ന് സ്വയം അവകാശപ്പെട്ടു കൊണ്ട് നിലവിൽ വന്ന BAPSA (Birsa- Ambedkar- Phule Students Asosciation) കഴിഞ്ഞ വർഷത്തേക്കാൾ വോട്ടു നില ഉയർത്തുകയും ചെയ്തു. ഇടതുപക്ഷ ധാരയും ഹിന്ദുത്വ വർഗീയ വാദവും ഏറ്റുമുട്ടിയിരുന്ന ജെ.എൻ.യു.വിൽ സ്വത്വരാഷ്ട്രീയവും ശക്തമാകുന്നുവെന്നതിന്റെ സൂചനയാണ് ഈ തെരഞ്ഞെടുപ്പ് നൽകുന്നത്. നിലവിലെ അവസ്ഥയിൽ മറ്റു രാഷ്ട്രീയ വ്യത്യാസങ്ങൾ മറന്ന് ഒന്നിച്ചു നിന്ന് ABVP യെ ചെറുക്കണമെന്ന് ഇടതു ശക്തികൾ തീരുമാനിച്ചപ്പോൾ ഇടതിനെ കടന്നാക്രമിക്കുകയെന്നതായിരുന്നു BAPSA സ്വീകരിച്ച നയം. BAPSA മുന്നോട്ടു വെച്ച സങ്കുചിതസ്വത്വരാഷ്ട്രീയത്തെ സൈദ്ധാന്തികമായി തുറന്നു കാണിക്കുന്നതിന് ഇടതുപക്ഷം ശ്രമിക്കാതിരുന്നത് വിദ്യാർഥികൾക്കിടയിൽ അവരുടെ രാഷ്ട്രീയ സ്വാധീനം വർധിപ്പിച്ചു എന്നു വേണം കരുതാൻ.

ഫെബ്രുവരി 9-ന് ശേഷം ക്യാമ്പസ്സിൽ നടന്ന ഉജ്ജ്വല മുന്നേറ്റത്തെ 'സവർണ സമരമാണെന്ന്' അധിക്ഷേപിച്ചു കൊണ്ട് തുടക്കത്തിൽ വിട്ടു നിന്നവരാണ് അതിന് പിന്നിൽ. ദളിതരുടെ മുന്നേറ്റത്തിന് ഭൂപരിഷ്‌ക്കരണം ഉൾപ്പെടെയുള്ള സാമ്പത്തിക വിതരണത്തിന്റെ ആവശ്യകതയെ സൂചിപ്പിച്ച ജിഗ്‌നേഷ് മെവാനിക്കെതിരെ ശബ്ദിച്ച, ജമാഅത്തെ ഇസ്ലാമിയുടെ വിദ്യാർഥി സംഘടനയായ SIO ഉൾപ്പെടെയുള്ള മൗലികശക്തികളെ കൂട്ടുപിടിച്ച, വർഗീയ ഭരണകൂടത്തിന്റെ ഭീഷണി നിലനിൽക്കുന്ന ഈ ഘട്ടത്തിൽ പോലും ഇടതും വലതും ഒന്നാണെന്നും, എല്ലാ സഖാക്കളും വ്യാജന്മാരാണെന്നുമുള്ള മുദ്രാവാക്യം മുഴക്കിയ BAPSA യുടെ സങ്കുചിത രാഷ്ട്രീയം തുറന്നു കാണിക്കപ്പെടേണ്ടതു തന്നെയാണ്.

അടിച്ചമർത്തപ്പെട്ട സ്വത്വ വിഭാഗങ്ങളുടെ മുഴുവൻ ഏജൻസി ഏറ്റെടുക്കുന്നുവെന്ന് അവകാശപ്പെടുന്ന ഈ സംഘടനയുടെ ഒരു പ്രവർത്തകൻ MA വരെ പ്രാദേശിക ഭാഷയിൽ പഠിച്ച, ഇംഗ്ലീഷോ ഹിന്ദിയോ അനായാസം കൈകാര്യം ചെയ്യാൻ കഴിയാത്ത മലയാളി വിദ്യാർഥി അമലിന്റെ പ്രസംഗത്തെ പരിഹസിച്ചത് ഈ സംഘടനയുടെ കാപട്യത്തെ തുറന്നു കാട്ടുന്നുണ്ട്. സ്വത്വ രാഷട്രീയത്തിന്റെ അപ്പർ ക്ലാസ് ഘടകങ്ങളെ മാത്രമാണ് തങ്ങൾ പ്രതിനിധാനം ചെയ്യുന്നതെന്ന് ഇതിലൂടെ ഇവർ വ്യക്തമാക്കുകയായിരുന്നു.

എസ്.എഫ്.ഐ.യുടെ തിരിച്ചുവരവും അവസരവാദ രാഷ്ട്രീയത്തിന്റെ അവസാനവും

2012 ൽ തങ്ങളുടെ വ്യക്തിഗത താല്പര്യങ്ങളുടെ പേരിൽ ചിലർ SFI യിൽ നിന്നു വിഘടിച്ച് DSF എന്ന സംഘടനയ്ക്ക് രൂപം കൊടുത്തത് ദേശീയ രാഷ്ട്രീയത്തിൽ തന്നെ ചർച്ചയായിരുന്നു. ജെ.എൻ.യു.വിൽ SFI ഇനി ഒരിക്കലും തിരിച്ചു വരില്ലെന്ന് പറഞ്ഞവർക്കുള്ള ശക്തമായ മറുപടിയായിരുന്നു ഈ തെരഞ്ഞെടുപ്പ് ഫലം. 2012 ൽ മത്സരിപ്പിക്കാൻ പോലും ആളില്ലാതെയിരുന്ന SFI, 2016-ൽ മത്സരിച്ച എല്ലാ സീറ്റും വിജയിച്ച ഏക വിദ്യാർഥി സംഘടനയായി മാറി. അതും ചരിത്ര ഭൂരിപക്ഷത്തിൽ. 'Left united panel' ൽ നിന്ന് വൈസ് പ്രസിഡന്റ്, ജനറൽ സെക്രട്ടറി സ്ഥാനങ്ങളിലേക്ക് മത്സരിച്ച എസ്.എഫ്.ഐ. പ്രവർത്തകർ അമൽ പി.പി., ശതരൂപ ചക്രവർത്തി എന്നിവർ 1000 വോട്ടുകൾക്കു മുകളിൽ ഭൂരിപക്ഷത്തോടെയാണ് വിജയിച്ചു കയറിയത്. School of Social Science ലും, School of International Studies ലും ഏറ്റവും കൂടുതൽ വോട്ട് നേടിയതും എസ്.എഫ്.ഐ സ്ഥാനാർഥികൾ തന്നെ. ഇടതുപക്ഷ ഐക്യം കാലഘട്ടം ആവശ്യപ്പെടുന്നുവെന്നു മനസിലാക്കി ഇത്തരത്തിലൊരു ആശയം ഇലക്ഷൻ സമയത്ത് ആദ്യമായി ഉയർത്തിക്കൊണ്ടു വന്നത് SFI ആണെന്നുള്ളത് വിദ്യാർഥി സമൂഹത്തിനിടയിൽ സംഘടനയുടെ സ്വീകാര്യത വർധിപ്പിച്ചുവെന്നു വേണം മനസ്സിലാക്കാൻ.

ഡി.എസ്.എഫ്.മുന്നോട്ടുവെച്ച അവസരവാദ രാഷ്ട്രീയത്തിനേറ്റ തിരിച്ചടിയും ഈ തെരഞ്ഞെടുപ്പിന്റെ പ്രത്യേകതയാണ്. സ്വതന്ത്ര ഇടതുപക്ഷരാണ് ഞങ്ങളെന്ന് സ്വയം പ്രഖ്യാപിച്ചു കൊണ്ട് യാതൊരു രാഷ്ട്രീയ നയങ്ങളുടെയും അടിത്തറയില്ലാതെ വ്യക്തികളെ മാത്രം മുൻനിർത്തി DSF കഴിഞ്ഞ 4 വർഷങ്ങളായി കളിച്ച രാഷ്ട്രീയം ജെ.എൻ.യു. വിദ്യാർഥികൾക്കിടയിൽ അരാഷ്ട്രീയത വളർത്തുന്നതിൽ വലിയ പങ്കുവഹിച്ചിട്ടുണ്ട്. എന്നാൽ രാഷ്ട്രീയമായി ചിന്തിക്കുന്ന, സംഘടിത ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്കു മാത്രമേ സംഘപരിവാർ ആക്രമണത്തിൽ നിന്നു രാജ്യത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കാൻ സാധിക്കുള്ളൂവെന്ന് തിരിച്ചറിഞ്ഞ ജെ.എൻ.യു. വിദ്യാർഥികൾ ഇടതുപക്ഷ ഐക്യത്തിനു പുറകിൽ അണിനിരക്കുകയായിരുന്നു.

തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് AISA യിലെ ഒരു നേതാവിനെതിരെ ഉയർന്ന ലൈംഗികാരോപണത്തെ ആ സംഘടനയ്‌ക്കെതിരെയുള്ള ആയുധമാക്കിയ DSF- ന് ഇടതുപക്ഷ ഐക്യത്തെക്കുറിച്ച് സംസാരിക്കാനുള്ള അവകാശം തന്നെ നഷ്ടമായിരുന്നു. ലൈംഗികാരോപണം ഉയർന്ന വ്യക്തിയെ ഒട്ടും താമസമില്ലാതെ സംഘടനയുടെ പ്രാഥമിക മെമ്പർഷിപ്പിൽ നിന്നു പുറത്താക്കി അയാളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട AISA യെ ഇതിന്റെ പേരിൽ താറടിക്കുന്നത് ABVP യെയാണ് സഹായിക്കുന്നതെന്ന് തിരിച്ചറിയാത്ത DSF നെ ഇടതുപക്ഷമെന്ന നിലയിൽ പോലും കണക്കാക്കേണ്ടതുണ്ടെന്ന് തോന്നുന്നില്ല. വ്യക്തി കേന്ദ്രീകൃതമായ രാഷ്ട്രീയം മാത്രം ശീലമാക്കിയ DSF ഒരു വ്യക്തിയുടെ ഭാഗത്തു നിന്നുണ്ടായ തെറ്റിന് ഒരു സംഘടനയെ ആക്രമിക്കുന്നതിൽ അദ്ഭുതപ്പെടാനുമില്ല

ജെ.എൻ.യു.വിൽ മാത്രം നിലനിൽക്കുന്ന ഈ സംഘടനക്ക് ജീവവായു ലഭിക്കണമെങ്കിൽ അധികാരം കൂടിയേ തീരൂ. കാരണം ഒരു രാഷ്ട്രീയാടിത്തറയും ഇല്ലാത്ത ഒരു ആൾക്കൂട്ടം മാത്രമായി ഒതുങ്ങുകയാണ് DSF. സെൻട്രൽ പാനലിൽ കഴിഞ്ഞ തവണ ABVP ജയിച്ച ജോയിന്റ് സെക്രട്ടറി പോസ്റ്റിൽ മാത്രം സ്ഥാനാർഥിയെ നിർത്തിക്കൊണ്ട് കളിച്ച 'ഒറ്റ വോട്ട്' രാഷ്ട്രീയത്തെ വിദ്യാർഥികൾ തിരിച്ചറിഞ്ഞു കഴിഞ്ഞു എന്നതാണ് ഈ തെരഞ്ഞെടുപ്പ് നൽകുന്ന പാഠം.

ഇത്തരത്തിൽ ഒട്ടേറെ പാഠങ്ങളും, തിരിച്ചറിവുകളും ദേശീയ രാഷ്ട്രീയത്തിനു നൽകിക്കൊണ്ടാണ് ഇത്തവണത്തെ ജെ.എൻ.യു. തെരഞ്ഞെടുപ്പ് അവസാനിക്കുന്നത്. 'ജെ.എൻ.യു.വിന്റെ ചുവന്ന മണ്ണിൽ സംഘപരിവാർ രാഷ്ട്രീയം എരിഞ്ഞു തീരു'മെന്ന മുദ്രാവാക്യം കൂടുതൽ ഉച്ചത്തിൽ, അർഥവത്തായി മുഴക്കാൻ സാധിച്ചുവെന്നതു തന്നെയാണ് അവയിൽ ഏറ്റവും പ്രധാനം. ABVP - ക്കെതിരെ ഇടതുപക്ഷ ഐക്യം നേടിയ ഈ വിജയം രാജ്യമെമ്പാടുമുള്ള വിദ്യാർഥി മുന്നേറ്റങ്ങളെ ആവേശം കൊള്ളിക്കുമെന്നതിൽ സംശയമില്ല. FTII യിലും, ചെന്നൈ IIT - യിലും, പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റിയിലും, HCUവിലും, അലഹബാദ് യൂണിവേഴ്‌സിറ്റിയിലും, ഹിമാചൽ പ്രദേശ് യൂണിവേഴ്‌സിറ്റിയിലും മുഴങ്ങിയ സ്വാതന്ത്ര്യത്തിന്റെ മുദ്രാവാക്യങ്ങൾ ജെ.എൻ.യു. തെരഞ്ഞെടുപ്പിലൂടെ സാക്ഷാത്ക്കരിക്കപ്പെടുകയായിരുന്നു. കൂടുതൽ രോഹിത് വെമുലമാരെ ഉല്പാദിക്കാൻ ഞങ്ങൾ തയ്യാറല്ലെന്ന വിദ്യാർഥികളുടെ നിശ്ചയദാർഢ്യം തന്നെയാണ് ജെ.എൻ.യു. തെരഞ്ഞെടുപ്പ് ഫലം പ്രതിഫലിപ്പിക്കുന്നത്.