ജിഷ വധക്കേസ് - അമീറുൾ ഇസ്ലാമിന് വധശിക്ഷ വിധിയ്ക്കണമെന്നു വാദിക്കുമോ പിണറായി സർക്കാർ...?

ചോര മരവിപ്പിക്കുംവിധം പൈശാചികമായി നിരപരാധികളെ പട്ടാപ്പകൽ കൊല്ലുന്ന ഖാപ് പഞ്ചായത്തുകളുളള നാടാണിത്. അത്തരം ഹീനകൃത്യങ്ങൾ ആസൂത്രണം ചെയ്ത് നടപ്പാക്കുന്നവർക്ക് വധശിക്ഷ ഉറപ്പുവരുത്തണമെന്ന ആവശ്യം രാജ്യവ്യാപകമായി ഉയരുമ്പോഴാണ് "ഗോഡ്സെയെപ്പോലും തൂക്കിക്കൊല്ലരുത്" എന്ന പൈങ്കിളി നിലപാടുകളുമായി സിപിഎം രംഗത്തു വരുന്നത്. പാടത്തെ പണിയ്ക്ക് വരമ്പത്തു കൂലി നൽകണമെന്നു പ്രസംഗിക്കുന്ന അതേ നാവുകൊണ്ട് വധശിക്ഷയ്ക്കെതിരെ ഗീർവാണം മുഴക്കാൻ ചുരുങ്ങിയത് ജാള്യമെങ്കിലും തോന്നണം.

ജിഷ വധക്കേസ് - അമീറുൾ ഇസ്ലാമിന് വധശിക്ഷ വിധിയ്ക്കണമെന്നു വാദിക്കുമോ പിണറായി സർക്കാർ...?

പ്രതിയ്ക്ക് നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ. അതാണ്, ക്രൂരതയുടെ അങ്ങേപ്പുറത്തു നിൽക്കുന്ന കൊലപാതകക്കേസുകളിൽ  വാദിഭാഗം കോടതിയോടാവശ്യപ്പെടുന്നത്. അതു വധശിക്ഷയാണ്. സൌമ്യയുടെ കൊലയാളിയ്ക്ക് വധശിക്ഷ നൽകേണ്ടതില്ല എന്ന് എം എ ബേബി മുതൽ വിഎസ് അച്യുതാനന്ദൻ വരെയുളളവർ അഭിപ്രായപ്പെട്ട സാഹചര്യത്തിൽ, കുറ്റം തെളിഞ്ഞാൽ ജിഷയുടെ കൊലയാളിയ്ക്ക് ഏതു ശിക്ഷയാണ് പ്രോസിക്യൂഷൻ ആവശ്യപ്പെടുക? ഗോഡ്സെയെപ്പോലും തൂക്കിക്കൊല്ലരുത് എന്നാണ് സഖാവ് എം എ ബേബിയുടെ നിലപാട്. അതാണ് സിപിഎമ്മിന്റെയും നിലപാട്. അപ്പോൾ ജിഷയുടെ കൊലയാളിയ്ക്ക് പരമാവധി ശിക്ഷ ആവശ്യപ്പെടാൻ സിപിഎം നേതൃത്വം നൽകുന്ന സർക്കാരിന്റെ പ്രോസിക്യൂഷനു കഴിയുമോ?


സൌമ്യ വധക്കേസിലെ സുപ്രിംകോടതി വിധിയെ വധശിക്ഷയെക്കുറിച്ചുളള നൈതിക നിലപാടുകൾ ഊട്ടിയുറപ്പിക്കാനുളള അവസരമാക്കി മാറ്റിയ എം എ ബേബി അക്ഷരാർത്ഥത്തിൽ സർക്കാരിനെ പുലിവാലു പിടിപ്പിക്കുകയായിരുന്നു.  ജിഷയുടെ കൊലയാളിയ്ക്ക് വധശിക്ഷയിൽ കുറഞ്ഞ ഒരു ശിക്ഷ കൊണ്ടും തൃപ്തിപ്പെടുന്നവരല്ല, ഇടതുമുന്നണിയെ വോട്ടു ചെയ്തു വിജയിപ്പിച്ച മഹാഭൂരിപക്ഷവും. ആൾക്കൂട്ടത്തിന്റെ ഇച്ഛയ്ക്കു വഴങ്ങിയാണോ വിധി പറയേണ്ടത് എന്ന ചോദ്യം അവിടെയിരിക്കട്ടെ. അതേക്കുറിച്ചല്ല പറഞ്ഞുവരുന്നത്. ക്രൂരതയുടെ മറുവാക്കായ പ്രതിയ്ക്ക് നിയമം അനുശാസിക്കുന്ന ഏറ്റവും വലിയ ശിക്ഷ നൽകണമെന്ന് വാദിക്കാനുളള അവസരത്തിന്മേലാണ് എം എ ബേബി ഒരു ചോദ്യചിഹ്നം കെട്ടിത്തൂക്കിയത്. അങ്ങനെയൊരു സാഹചര്യം നാട്ടിലെ നീതിനിർവഹണത്തിന്റെ വിശ്വാസ്യതയെ ഏതുതരത്തിലാണ് ബാധിക്കുക?

വേറെയുമുണ്ട് പ്രശ്നം. കേരളത്തിലെ ജയിലുകളിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട് കൊലക്കയറും കാത്തു കഴിയുന്നവരുടെ എണ്ണം പതിനഞ്ചാണ്. ശിക്ഷ ഇളവു ചെയ്യാനും പ്രതിയെ വെറുതേ വിടാനുമൊക്കെ ഭരണഘടനയുടെ 16-ാം വകുപ്പ് സംസ്ഥാന സർക്കാരിന് അനുവാദം നൽകുന്നുണ്ട്. ആ പഴുതുപയോഗിച്ചാണ് അഴിമതിക്കേസിൽ സുപ്രിംകോടതി ശിക്ഷിച്ച ആർ ബാലകൃഷ്ണപിളളയെ ഉമ്മൻചാണ്ടി മോചിപ്പിച്ചത്. രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളെ വെറുതേ വിടാൻ ജയലളിത ആധാരമാക്കിയതും ഇതേ വകുപ്പാണ്. ആ തീരുമാനം വലിയ കോളിളക്കമുണ്ടാക്കിയിരുന്നു. പ്രശ്നം സുപ്രിംകോടതിയുടെ ഭരണഘടനാബെഞ്ചിലെത്തി.

കേന്ദ്ര ഏജൻസി അന്വേഷിച്ച കേസായതുകൊണ്ട്, കേന്ദ്ര സർക്കാരുമായി കൂടിയാലോചിച്ചു മാത്രമേ തീരുമാനമെടുക്കാവൂ എന്നും സംസ്ഥാനം ഏകപക്ഷീയമായി തീരുമാനമെടുക്കരുതെന്നുമായിരുന്നു ജസ്റ്റിസ് എച്ച് എൽ ദത്തുവിന്റെ നേതൃത്വത്തിലുളള അഞ്ചംഗ ബെഞ്ചിന്റെ വിധി. കേന്ദ്ര നിയമം അനുസരിച്ച് രജിസ്റ്റർ ചെയ്തതും കേന്ദ്ര ഏജൻസി അന്വേഷിച്ചതുമായ കേസുകൾക്കു മാത്രമേ ഈ ഉത്തരവ് ബാധകമാകൂ.

മൂന്നു ജീവനക്കാരെ തീകൊളുത്തി കൊന്ന കേസിൽ വധശിക്ഷ ലഭിച്ച തൂത്തുക്കുടിക്കാരൻ കോൺട്രാക്ടർ തോമസ് ആൽവാ എഡിസൺ മുതൽ ആറ്റിങ്ങൽ ഇരട്ടക്കൊലപാതകക്കേസിലെ പ്രതി നിനോ മാത്യുവരെയുളളവരുടെ കേസു പരിഗണിക്കാൻ ഈ വിധി തടസമല്ല. കേസന്വേഷിച്ചത് കേരളാ പോലീസാണ്. തീർത്തും സംസ്ഥാനത്തിന്റെ പരിധിയിലുളള വിഷയം. ആലുവ കൂട്ടക്കൊലക്കേസിലെ ആൻറണി, പട്ടാമ്പിയിൽ ഭാര്യയെയും നാലു മക്കളെയും കൊലപ്പെടുത്തിയ റെജി കുമാർ, കണിച്ചുകുളങ്ങരയിൽ മൂന്നുപേരെ വണ്ടിയിടിച്ച് കൊലപ്പെടുത്തിയ ഉണ്ണി എന്നിവരൊക്കെ ഈ പട്ടികയിലുണ്ട്. ഇവരൊക്കെയാണ് കൂട്ടക്കൊലപാതകങ്ങൾക്ക് വധശിക്ഷ ലഭിച്ചവർ.

ഇവരടക്കമുളള പതിനാറുപേരുടെ വധശിക്ഷ ഭരണഘടനയുടെ 161-ാം വകുപ്പുപയോഗിച്ച് വേണമെങ്കിൽ സംസ്ഥാന സർക്കാരിന് ജീവപര്യന്തമായി ഇളവു ചെയ്യാം. വധശിക്ഷയെക്കുറിച്ചുളള പാർടിയുടെ നൈതിക നിലപാടിന്റെ അടിസ്ഥാനത്തിൽ ഇത്തരമൊരു തീരുമാനമെടുക്കാനുളള ധീരത പിണറായി വിജയൻ നേതൃത്വം നൽകുന്ന മന്ത്രിസഭയ്ക്കുണ്ടോ? ആ ധീരത സർക്കാർ കാണിക്കണമെന്ന് എം എ ബേബി ആവശ്യപ്പെടുമോ? വധശിക്ഷയെക്കുറിച്ചുളള പാർടിയുടെ നൈതിക നിലപാട് ആധാരമാക്കി കൊലക്കയറിൽ നിന്ന് മേൽപ്പറഞ്ഞവരുടെ  ശിക്ഷ ജീവപര്യന്തമായി ചുരുക്കിയാൽ കൈയടിക്കാൻ ചുരുങ്ങിയ പക്ഷം സിപിഎമ്മിന്റെ അംഗങ്ങളെങ്കിലും ഉണ്ടാകുമോ? ഒരിക്കലുമില്ല. അങ്ങനെയൊരു തീരുമാനമെടുത്താൽ അതു വകവെച്ചു തരുന്ന സമൂഹമല്ല കേരളത്തിലേത്.

ദുരഭിമാനക്കൊലകൾക്ക് വധശിക്ഷ ലഭിക്കുന്ന തരത്തിൽ പീനൽ കോഡ് പരിഷ്കരിക്കണമെന്ന ആവശ്യം ഏറെ നാളായി രാജ്യത്ത് ഉയരുന്നുണ്ട്. തൂക്കുമരം തങ്ങൾക്കു വേണ്ടി ഒരുങ്ങിയിരിക്കുന്നുവെന്ന ബോധം ഇത്തരം കൊലപാതകങ്ങൾ ആസൂത്രണം ചെയ്യുന്നവർക്കുണ്ടാകണമെന്ന് 2011 മെയ് മാസത്തിൽ പുറപ്പെടുവിച്ച ഒരു വിധിയിൽ ജസ്റ്റിസ് മാർക്കണ്ഠേയ കട്ജുവും ജസ്റ്റിസ് ഗ്യാൻ സുധ മിശ്രയും അടങ്ങിയ ഡിവിഷൻ ബെഞ്ച് വിധിച്ചിരുന്നു.

ഈ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ കൊലപാതകം നിർവചിക്കുന്ന ഐപിസിയിലെ 300 -ാം വകുപ്പു ഭേദഗതി ചെയ്യാൻ യുപിഎ സർക്കാർ ആലോചിക്കുകയും ചെയ്തിരുന്നു. എന്നാൽ അതിന്റെ ആവശ്യമില്ലെന്നായിരുന്നു 24-ാം നിയമകമ്മിഷൻറെ നിലപാട്. ചോര മരവിപ്പിക്കുംവിധം പൈശാചികമായി നിരപരാധികളെ പട്ടാപ്പകൽ വിചാരണ ചെയ്ത് ക്രൂരമായി കൊല്ലുന്ന ഖാപ് പഞ്ചായത്തുകളുളള നാടാണിത്. അത്തരം ഹീനകൃത്യങ്ങൾ ആസൂത്രണം ചെയ്ത് നടപ്പാക്കുന്നവർക്ക് വധശിക്ഷ ഉറപ്പുവരുത്തണമെന്ന ആവശ്യം രാജ്യവ്യാപകമായി ഉയരുമ്പോഴാണ് "ഗോഡ്സെയെപ്പോലും തൂക്കിക്കൊല്ലരുത്" എന്ന പൈങ്കിളി നിലപാടുകളുമായി സിപിഎം രംഗത്തു വരുന്നത്. പാടത്തെ പണിയ്ക്ക് വരമ്പത്തു കൂലി നൽകണമെന്നു പ്രസംഗിക്കുന്ന അതേ നാവുകൊണ്ട് വധശിക്ഷയ്ക്കെതിരെ ഗീർവാണം മുഴക്കാൻ ചുരുങ്ങിയത് ജാള്യമെങ്കിലും തോന്നണം.

കൊലയ്ക്കു കൊല, ചോരയ്ക്കു ചോര തുടങ്ങിയ നീതിശാസ്ത്രങ്ങളാണ് വധശിക്ഷയുടെ അടിസ്ഥാനം. സമൂഹത്തിന്റെ ചോരയിൽ വേരുറച്ച നീതിസങ്കൽപമാണത്.  വരമ്പത്തു നൽകുന്ന കൂലി മുതൽ സർക്കാർ സ്പോൺസേഡ് കെട്ടിത്തൂക്കൽ വരെ പാടത്തു പണിയെടുത്തതിന്റെ തുടർച്ചയാണ്. പാടത്തെ പണിയുടെ രൂക്ഷതയാണ് വരമ്പത്തെ കൂലിയുടെ തൂക്കം നിശ്ചയിക്കുന്നത്. സർക്കാർ നൽകുന്ന കൂലി ആനുപാതികമല്ലെങ്കിൽ, ആ ചുമതല കൃഷ്ണപ്രിയയുടെ പിതാവ് ശങ്കരനാരായണനെപ്പോലുളളവർ ഏറ്റെടുക്കും. ചീമേനി കൂട്ടക്കൊലക്കേസിലെ പ്രതികളാരും ഇന്ന് ജീവനോടെ ഭൂമുഖത്ത് ഇല്ലാത്തതിനു കാരണവും മറ്റൊന്നല്ല. അതും നിയമവാഴ്ചയുടെ പരാജയമാണ്.