കണ്ണൂരിലെ സിപിഐ(എം) പരിപാടിയില്‍ നിന്ന് പിന്മാറുന്നതായി ജിഗ്നേഷ് മേവാനി

ഈ മാസം 21 നാണ് പികെഎസ് കണ്ണൂരില്‍ സ്വാഭിമാന സംഗമം നടത്തുന്നത്. ഇതില്‍ ജിഗ്നേഷ് മേവാനിയും പങ്കെടുക്കുമെന്ന് അറിയിച്ച് പോസ്റ്ററുകള്‍ ഇറങ്ങിയിരുന്നു.

കണ്ണൂരിലെ സിപിഐ(എം) പരിപാടിയില്‍ നിന്ന് പിന്മാറുന്നതായി ജിഗ്നേഷ് മേവാനി

തിരുവനന്തപുരം: സിപിഐ(എം)ന്റെ പോഷക സംഘടനയായ പികെഎസ്(പട്ടികജാതി ക്ഷേമ സമിതി) കണ്ണൂരില്‍ നടത്തുന്ന പരിപാടിയില്‍ പങ്കെടുക്കില്ലെന്ന് ഗുജറാത്തിലെ ദളിത് മുന്നേറ്റ സമരത്തിന് നേതൃത്വം നല്‍കിയ അഡ്വ. ജിഗ്നേഷ് മേവാനി.

ഈ മാസം 21 നാണ് പികെഎസ് കണ്ണൂരില്‍ സ്വാഭിമാന സംഗമം നടത്തുന്നത്. ഇതില്‍ ജിഗ്നേഷ് മേവാനിയും പങ്കെടുക്കുമെന്ന് അറിയിച്ച് പോസ്റ്ററുകള്‍ ഇറങ്ങിയിരുന്നു.

ഇതിന് പിന്നാലെയാണ് പരിപാടിയില്‍ നിന്ന് പിന്മാറുന്നതായി അറിയിച്ച് ജിഗ്നേഷ് ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടത്.

ഒരു രാഷ്ട്രീയ പാര്‍ട്ടിയുടേയും ഭാഗമല്ലെന്ന് പറഞ്ഞതിനെ തുടര്‍ന്നാണ് താന്‍ പങ്കെടുക്കാമെന്ന് ഏറ്റതെന്നും ഇതിന് ശേഷമാണ് പികെഎസ് സിപിഐ(എം)ന്റെ പോഷക സംഘടനയാണെന്ന് വ്യക്തമായതെന്നും ജിഗ്നേഷ് വിശദീകരിക്കുന്നു. അംബേദ്കര്‍ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കുന്ന തനിക്ക് സിപിഐ(എം)മുമായി ആശയപരമായി ഗൗരവമായ വിയോജിപ്പുകളുണ്ടെന്ന് ജിഗ്നേഷ് മേവാനി തുറന്നു വ്യക്തമാക്കി.

ദളിത് ഓട്ടോ ഡ്രൈവറായ ചിത്രലേഖയുമായി ബന്ധപ്പെട്ട വിഷയത്തില്‍ സിപിഐ(എം) സ്വീകരിച്ച നിലപാടില്‍ വിയോജിപ്പുകളുണ്ടെന്നും ചിത്രലേഖയുടെ പോരാട്ടത്തിനൊപ്പമാണ് താനെന്നും ജിഗ്നേഷ് പറയുന്നു.