വെളളിമൂങ്ങയ്ക്ക് ശേഷം അത്ഭുതങ്ങള്‍ ഒളിപ്പിച്ച് മുന്തിരി വളളികള്‍ തളിര്‍ക്കുമ്പോള്‍: ജിബു ജേക്കബ് സംസാരിക്കുന്നു

തന്റെ രണ്ടാമത്തെ സംവിധാന സംരംഭമായ 'മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍' എന്ന സിനിമയുടെ ലൊക്കേഷനില്‍ നിന്നും നാരദാ ന്യൂസിനോട് സംസാരിക്കുകയാണ് സംവിധായകന്‍ ജിബു ജേക്കബ്.

വെളളിമൂങ്ങയ്ക്ക് ശേഷം അത്ഭുതങ്ങള്‍ ഒളിപ്പിച്ച് മുന്തിരി വളളികള്‍ തളിര്‍ക്കുമ്പോള്‍: ജിബു ജേക്കബ് സംസാരിക്കുന്നു

'ലാലേട്ടാ ആ ഡയലോഗ് ഇങ്ങനെ പറയുന്നതായിരിക്കും കുറച്ചുകൂടി നല്ലത്..' ജിബു ജേക്കബ് മോഹന്‍ലാലിന് നിര്‍ദ്ദേശം കൊടുക്കുകയാണ്. 'എങ്കില്‍ അങ്ങനെ ചെയ്യാം അല്ലേ സാര്‍ ?' സ്വതസിദ്ധമായ ശൈലിയില്‍ മലയാളത്തിന്റെ മഹാനടന്റെ മറുപടി. ജിബു ജേക്കബ് സന്തോഷത്തിലാണ്. കഴിഞ്ഞ 14 വര്‍ഷമായി ഛായാഗ്രാഹണ മേഖലയില്‍ സജീവ സാന്നിദ്ധ്യമായിരുന്ന ജിബുവിന്റെ തലവര മാറ്റിയത് 2014ല്‍ പുറത്തിറങ്ങിയ 'വെള്ളിമൂങ്ങ' എന്ന സൂപ്പര്‍ഹിറ്റ് സിനിമയായിരുന്നു. ചിത്രം വന്‍ വിജയമായതോടെ മലയാള സിനിമയിലെ പ്രമുഖ സംവിധായകരുടെ നിരയിലേയ്ക്ക് ഒറ്റ ചിത്രത്തിലൂടെ ജിബു ജേക്കബ് നടന്നു കയറി. ഇന്നിതാ തന്റെ എക്കാലത്തെയും സ്വപ്നമായ മോഹന്‍ലാല്‍ സിനിമയുടെ ഷൂട്ടിങ്ങ് ഏതാണ്ട് അവസാന ഭാഗത്തോട് അടുത്തിരിക്കുകയാണ്.


തന്റെ രണ്ടാമത്തെ സംവിധാന സംരംഭമായ 'മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍' എന്ന സിനിമയുടെ ലൊക്കേഷനില്‍ നിന്നും നാരദാ ന്യൂസിനോട് സംസാരിക്കുകയാണ് സംവിധായകന്‍ ജിബു ജേക്കബ്.

  • മുന്തിരി വളളികള്‍ തളിര്‍ക്കുമ്പോള്‍ പേര് സൂചിപ്പിക്കും പോലെ ഒരു കുടുംബ ചിത്രമാകുമോ.. അതോ വെളളിമൂങ്ങ പോലെ ചിരിപ്പിക്കുമോ?


ഇത് ഒരു പക്കാ കുടുംബ ചിത്രമാണ്. ഇതില്‍ ലാലേട്ടന്‍ അവതരിപ്പിക്കുന്ന നായക കഥാപാത്രം ഒരു പഞ്ചായത്ത് സെക്രട്ടറിയാണ്. അയാളുടെ കുടുംബവും അതുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങളുമായാണ് ചിത്രത്തിന്റെ കഥ മുന്നോട്ട് പോകുന്നത്. ചിത്രത്തില്‍ നര്‍മ്മത്തിന്റെ മേമ്പൊടി ധാരാളം ഉണ്ടെങ്കിലും വെള്ളിമൂങ്ങപോലെ ഒരു മുഴുനീള കോമഡി ചിത്രം ആയിരിക്കില്ല ഈ സിനിമ.

13669013_1368716356489720_2374385570813348770_n

  • ലാലേട്ടനെ എങ്ങനെ മുന്തിരി വള്ളികളിലെത്തി?


ലാലേട്ടനെ ഈ സിനിമയിലേക്ക് കൊണ്ടുവന്നതല്ല. ഞാന്‍ ഈ സിനിമയില്‍ എത്തിച്ചേരുകയായിരുന്നു. ലാലേട്ടന് ഇതിന്റെ സബ്ജക്ട് ഇഷ്ടപ്പെട്ടു. സംവിധായകന്റെ കാര്യത്തില്‍ തീരുമാനമാവാതെ വന്നപ്പോള്‍ ചിത്രത്തിന്റ നിര്‍മ്മാതാവും തിരക്കഥാകൃത്തും എന്നോട് ഇത് ചെയ്യാന്‍ പറ്റുമോ എന്ന് ചോദിക്കുകയായിരുന്നു. വിജെ ജെയിംസ് എന്ന എഴുത്തുകാരന്റെ പ്രണയോപനിഷത്ത് എന്ന കഥയെ ആസ്പദമാക്കിയാണ് സിദ്ധുരാജ് ഇതിന്റെ തിരക്കഥ രചിച്ചിട്ടുള്ളത്.

  • വെള്ളിമൂങ്ങ എന്ന സിനിമയ്ക്ക് പശ്ചാത്തലമായത് കണ്ണൂര്‍ ജില്ലയിലെ ആലക്കോട് എന്ന സ്ഥലമാണ്. അതുപോലെ തന്നെ ഈ സിനിമയുടെ ലൊക്കേഷന്‍ കോഴിക്കോടാണ്. മലബാറിനോട് പ്രത്യേക മമതയുണ്ടോ?


കഥ നടക്കുന്ന പശ്ചാത്തലത്തിനനുസരിച്ചാണ് എപ്പോഴും ലൊക്കേഷനുകള്‍ തിരഞ്ഞെടുക്കുന്നത്. കോട്ടയത്തുനിന്നും മറ്റും കുടിയേറിപ്പാര്‍ത്ത ഒട്ടേറെ ക്രിസ്ത്യന്‍ കുടുംബങ്ങള്‍ കണ്ണൂര്‍ ജില്ലയുടെ മലയോര മേഖലകളില്‍ താമസിക്കുന്നുണ്ട്. അങ്ങനെയുള്ള ഒരു കുടുംബത്തില്‍ ഉള്ള ആളാണ് വെള്ളിമൂങ്ങയിലെ മാമച്ചന്‍. എന്നാല്‍ പുതിയ സിനിമയില്‍ ലൊക്കേഷന് വലിയ പ്രധാന്യമൊന്നുമില്ല. ഇത് ഒരു നഗരത്തില്‍ നടക്കുന്ന കഥ എന്നുമാത്രമെ പറയാന്‍ പറ്റു. അതുകൊണ്ടുതന്നെ കോഴിക്കോട് നഗരം ഒരു കഥാപാത്രമല്ല. സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍മാര്‍ താമസിക്കുന്ന ഒരു ക്വാര്‍ട്ടേഴ്സ് ആവശ്യമുണ്ടായിരുന്നു. അത്തരത്തില്‍ ഒന്ന് കോഴിക്കോടാണ് കിട്ടിയത്. ചിത്രത്തിലെ ലാലേട്ടന്റെ കഥാപാത്രം ഒരു ഗ്രാമത്തിലാണ് ജോലിചെയ്യുന്നത്. അതുകഴിഞ്ഞ് അയാള്‍ മടങ്ങിവരുന്നത് നഗരത്തിലുള്ള അയാളുടെ ക്വാര്‍ട്ടേഴ്സിലേക്കാണ്.

mohanlal-meena

  • ദൃശ്യത്തിന് ശേഷം മോഹന്‍ലാല്‍-മീന ജോടികള്‍ ഒരുമിച്ച് അഭിനയിക്കുന്ന സിനിമയാണിത്. അവരുടെ കോമ്പിനേഷന്‍ സിനിമയ്ക്ക് എത്രത്തോളം മുതല്‍ക്കൂട്ടാവും ?


ഭാര്യാ ഭര്‍ത്താക്കന്‍മാരായി അഭിനയിക്കാന്‍ ഇത്രയും നല്ല ഒരു കോമ്പിനേഷന്‍ ഒരു പക്ഷെ മലയാള സിനിമയില്‍ അടുത്തകാലത്തൊന്നും കാണാന്‍ കഴിഞ്ഞിട്ടില്ല. സൗത്ത് ഇന്ത്യയിലേതന്നെ ഏറ്റവും നല്ല നടിമാരില്‍ ഒരാളാണ് മീന. ഈ സിനിമയില്‍ അവര്‍ക്ക് ഒരു കുടുംബിനിയുടെ കഥാപാത്രമാണ്. അതുകൊണ്ടുതന്നെ മീനയല്ലാതെ വേറൊരു ആളെ തുടക്കം മുതല്‍ തന്നെ ആലോചിച്ചിട്ടുണ്ടായിരുന്നില്ല.

  • താരങ്ങളില്ലാതെ പുറത്തിറങ്ങിയ ചിത്രമാണ് വെള്ളിമൂങ്ങ. സൂപ്പര്‍താരങ്ങളെ അണിനിരത്തി സംവിധാനം ചെയ്യുമ്പോള്‍ നേരിടുന്ന വെല്ലുവിളികള്‍ എന്തൊക്കെയാണ് ?


വെള്ളിമൂങ്ങയ്ക്ക് ലഭിച്ച ഗുണം എന്നുപറയുന്നത് പ്രേക്ഷകര്‍ ഒരു പ്രതീക്ഷയും വച്ചുപുലര്‍ത്താതെയാണ് തീയേറ്ററില്‍ പോയി സിനിമ കണ്ടത്. എന്നാല്‍ ഒരു മോഹന്‍ലാല്‍ സിനിമ പുറത്തിറങ്ങാന്‍ പോകുമ്പോള്‍ തീര്‍ച്ചയായും പ്രേക്ഷകര്‍ പ്രതീക്ഷകളുമായാണ് തീയേറ്ററിലേക്ക് കയറിച്ചെല്ലുക. അവരുടെ പ്രതീക്ഷകള്‍ക്കൊത്ത് ഉയരുക എന്നതുതന്നെയാണ് ഏറ്റവും വലിയ വെല്ലുവിളി.

  • രണ്ടാമത്തെ ചിത്രത്തില്‍ മോഹന്‍ലാല്‍ നായകനാകുന്നു?


ഞാന്‍ ഇപ്പോള്‍ ശരിക്കും ഒരു അത്ഭുത ലോകത്താണ്. ഏതൊരു സംവിധായകന്റെയും മോഹമായിരിക്കും മോഹന്‍ലാല്‍ എന്ന മഹാ നടനെ വച്ച് ഒരു സിനിമ ചെയ്യുക എന്നത്. എന്റെ ജീവിതത്തിലെ ഏറ്റവും നല്ല മുഹൂര്‍ത്തങ്ങളിലൂടെയാണ് ഞാനിപ്പോള്‍ കടന്നുപൊയ്ക്കൊണ്ടിരിക്കുന്നത്. ഞാന്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും നല്ല നടനാണ് മോഹന്‍ലാല്‍. അദ്ദേഹത്തിന്റെ കൂടെ ജോലിചെയ്യാന്‍ പറ്റുന്നത് എനിക്ക് കിട്ടിയ ഒരു അവാര്‍ഡായി ഞാന്‍ കണക്കാക്കുന്നു.

13718631_1368716283156394_7816474828193854982_n

  • ചിത്രത്തിലെ മറ്റു താരങ്ങള്‍ ആരൊക്കെയാണ് ?


ലാലേട്ടനെയും മീനയെയും കൂടാതെ അലന്‍സിയര്‍, ശ്രിന്ദ, കലാഭവന്‍ ഷാജോണ്‍, അനൂപ് മേനോന്‍, സുരാജ് വെഞ്ഞാറമ്മൂട് തുടങ്ങിയവരാണ് മറ്റു അഭിനേതാക്കള്‍

  • 28 ഓളം സിനിമകള്‍ക്ക് ഛായാഗ്രാഹണം നിര്‍വ്വഹിച്ച ആളാണ് താങ്കള്‍. എപ്പൊഴാണ് സംവിധാനം ചെയ്യണം എന്ന ആഗ്രഹം ഉദിച്ചു തുടങ്ങിയത് ?


ഒരു സിനിമ സംവിധാനം ചെയ്യണം എന്ന ആഗ്രഹം പണ്ടു തൊട്ടേ ഉണ്ടായിരുന്നു. എന്നാല്‍ ഛായാഗ്രാഹണവുമായി ബന്ധപ്പെട്ട തിരക്കുകള്‍ കാരണം പലപ്പോഴും നടക്കാതെ പോയതാണ്. വെള്ളിമൂങ്ങയുടെ തിരക്കഥാകൃത്തായ ജോജി തോമസിന് ഒരു അവസരം ഉണ്ടാക്കിക്കൊടുക്കുന്നതിനായാണ് വെള്ളിമൂങ്ങയുടെ ചര്‍ച്ചകള്‍ ആരംഭിച്ചത്. കഥയില്‍ ചില്ലറ മാറ്റങ്ങള്‍ വരുത്തി ഞാന്‍ പല സംവിധായകരെയും അതുമായി സമീപിച്ചെങ്കിലും ആര്‍ക്കും കഥ ഇഷ്ടമായില്ല. പിന്നീട് ഞാന്‍ തന്നെ അതിന്റെ സംവിധാന ചുമതല ഏറ്റെടുക്കുകയായിരുന്നു.

  • പുതിയ ചിത്രങ്ങള്‍ ?


പുതിയ ചിത്രങ്ങളെകുറിച്ച് ആലോചിച്ച് തുടങ്ങിയിട്ടില്ല. കഥാ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ഒരു സിനിമ ചെയ്ത് റിലീസ് ചെയ്ത ശേഷമല്ലാതെ ഞാന്‍ അടുത്ത ചിത്രത്തെകുറിച്ച് ആലോചിക്കാറില്ല.