ജെ സി ഡാനിയേൽ പുരസ്‌കാരം ആദരിക്കപ്പെടുമ്പോൾ!

വൈകിയെത്തിയ അംഗീകാരമാണ് ഒരര്‍ത്ഥത്തില്‍ കെജി ജോര്‍ജിന് ഈ പുരസ്‌കാരം. സ്വപ്നാടനം മുതല്‍ ഇളവങ്കോട് ദേശം വരെയുള്ള 19 ചിത്രങ്ങളില്‍ തന്റേതായ കൈയൊപ്പ് പതിപ്പിച്ച പ്രതിഭകൂടിയാണദ്ദേഹം. യാഥാര്‍ത്ഥ്യങ്ങളില്‍ വെള്ളം ചേര്‍ക്കാതെ പ്രേക്ഷകര്‍ക്കു മുന്നിലെത്തിയ നാല് പതിറ്റാണ്ടുകള്‍.കെ ജി ജോർജ്ജിന് സമ്മാനിക്കുന്നതിലൂടെ ജെ സി ഡാനിയേൽ പുരസ്കാരം തന്നെ ആദരിക്കപ്പെടുകയാണ്.

ജെ സി ഡാനിയേൽ പുരസ്‌കാരം ആദരിക്കപ്പെടുമ്പോൾ!

ഈ വര്‍ഷത്തെ ജെസി ഡാനിയേല്‍ പുരസ്‌കാരം മലയാളം കണ്ട പ്രശസ്ത സംവിധായകന്‍ കെജി.ജോര്‍ജിന്. മലയാള സിനിമയ്ക്കു നല്‍കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരം. ഒരു ലക്ഷം രൂപയാണ് സമ്മാനത്തുക. ഒക്ടോബര്‍ 15നു പാലക്കാട്ട് നടക്കുന്ന സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിശയില്‍ കെജി ജോര്‍ജിന് മുഖ്യമന്ത്രി പിണറായി വിജയന്‍ പുരസ്‌കാരം സമ്മാനിക്കും.

വൈകിയെത്തിയ അംഗീകാരമാണ് ഒരര്‍ത്ഥത്തില്‍ കെജി ജോര്‍ജിന് ഈ പുരസ്‌കാരം. സ്വപ്നാടനം മുതല്‍ ഇളവങ്കോട് ദേശം വരെയുള്ള 19 ചിത്രങ്ങളില്‍ തന്റേതായ കൈയൊപ്പ് പതിപ്പിച്ച പ്രതിഭകൂടിയാണദ്ദേഹം. യാഥാര്‍ത്ഥ്യങ്ങളില്‍ വെള്ളം ചേര്‍ക്കാതെ പ്രേക്ഷകര്‍ക്കു മുന്നിലെത്തിയ നാല് പതിറ്റാണ്ടുകള്‍. ഒടുവില്‍ ഇനിയെനിക്ക് പറയാനൊന്നുമില്ലെന്ന തിരിച്ചറിവോടെ തിരശ്ശീലയ്ക്ക് പിന്നിലേക്ക് മറഞ്ഞ ആ മഹാപ്രതിഭയെതേടി ഇപ്പോള്‍ ജെസി ഡാനിയേല്‍ പുരസ്‌കാരവും എത്തിയിരിക്കുന്നു.


മലയാളത്തിലേക്ക് ആദ്യമായി പ്രസിഡന്റിന്റെ വെള്ളിമെഡലും സ്വര്‍ണ്ണമെഡലും കൊണ്ടുവന്ന സംവിധായകന്‍ രാമുകാര്യാട്ടിലൂടെയാണ് കെജി ജോര്‍ജിന്റെ സിനിമാ പ്രവേശം. ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുമിറങ്ങി രാമു കാര്യാട്ടിന്റെ അസിറ്റായി സിനിമാ ജീവിതം ആരംഭിച്ച കെജി ജോര്‍ജ്, 40 വര്‍ഷത്തിനുള്ളില്‍ ചെയ്ത 19 സിനിമകള്‍ മതി അദ്ദേഹത്തിന്റെ പ്രതിഭ അടയാളപ്പെടുത്താന്‍. മനസഞ്ചാരത്തിന്റെ കഥപറഞ്ഞ ആദ്യ ചിത്രമായ സ്വപ്‌നാടനത്തിലൂടെ തന്നെ കെജി ജോര്‍ജ് തന്റെ സ്ഥാനം മലയാള ചലച്ചിത്ര ലോകത്ത് ഉറപ്പിച്ചിരുന്നു.

മലയാളം തുടര്‍ന്നുവന്ന ഒരു വ്യവസ്ഥാപിത രീതിയുടെ പൊളിച്ചെഴുത്തായിരുന്നു സ്വപ്‌നാടനം. സൈക്കോളജിക്കൽ ത്രില്ലർ സ്വഭാവമുള്ള ചിത്രങ്ങൾ അധികം കണ്ടിട്ടില്ലാത്ത മലയാളി പ്രേക്ഷകർ സ്വപ്നാടനത്തെ ചേർത്ത് പിടിച്ചു. സ്വപ്നവ്യഖ്യാനത്തിന്റെ ഒരു ഫ്രോയ്ഡിയൻ ശൈലിയാണ് സ്വപ്നാടനത്തിൽ കെ ജി ജോർജ് പകർത്താൻ ശ്രമിച്ചത്. മികച്ച ചിത്രത്തിനുള്ള ദേശീയ സംസ്ഥാന അവാര്‍ഡുകള്‍ നേടിയ ചിത്രം കൂടിയായിരുന്നു അത്. മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന പുരസ്‌കാരവും ആ ചിത്രത്തിലൂടെ എംജി സോമന്‍ സ്വന്തമാക്കി. സ്വപ്‌നാടനത്തിലൂടെ ആഘോഷമായി തന്നെ തന്റെ വരവറിയിച്ച കെജി ജോര്‍ജ് തന്റെ തനതുശൈലിക്ക് മലയാളത്തില്‍ തുടക്കമിടുകയായിരുന്നു.

ഇരകള്‍, യവനിക, ആദമിന്റെ വാരിയെല്ല്, ലേഖയുടെ മരണം ഒരു ഫ്‌ളാഷ് ബാക്ക്, പഞ്ചവടിപ്പാലം തുടങ്ങി മലയാള ചലച്ചിത്ര ചരിത്രത്തില്‍ ഇടം നേടിയ ഒരുപിടി ചിത്രങ്ങള്‍ ജോര്‍ജിന്റേതായി പുറത്തുവന്നു. ചിത്രങ്ങളെല്ലാം തന്നെ ഒന്നിനൊന്ന് വ്യത്യസ്തമായിരുന്നുവെന്നതും എടുത്തുപറയേണ്ട കാര്യമാണ്. യാതൊരു ഒത്തുതീര്‍പ്പിനും വഴങ്ങാതെ തന്റെ മനസ്സിലുള്ളത് തുറന്നു പറയുവാനും ചിത്രീകരിക്കുവാനും അദ്ദേഹം മടികാണിച്ചിരുന്നില്ല. അതിന്റെ ഫലമാണ് ഇന്നും ഈ ചിത്രങ്ങളെല്ലാം പ്രേക്ഷക മനസ്സില്‍ നിലനില്‍ക്കുന്നതിന്റെ കാരണവും.

മലയാള സിനിമയുടെ അമ്പതാം വാര്‍ഷികത്തോട് അനുബന്ധിച്ച് 1988ല്‍ ഫ്രാന്‍സില്‍ നടന്ന മലയാളസിനിമയുടെ ആദ്യത്തെ യൂറോപ്യന്‍ അവലോകനത്തില്‍ ജോര്‍ജ് സംവിധാനം ചെയ്ത കോലങ്ങള്‍ പ്രദര്‍ശിപ്പിച്ചിരുന്നു. വന്‍ വരവേല്‍പ്പായിരുന്നു അന്ന് ജോര്‍ജിന് ലഭിച്ചത്. വിജയകരമായ സിനിമാ ജീവതത്തിന് 18 വര്‍ഷം മുമ്പ് സ്വയം അദ്ദേഹം തിരശ്ശീലയിടുകയായിരുന്നു. സിനിമ ലോകത്തിന്റെ അകത്തളങ്ങളില്‍ വളര്‍ന്നുവരുന്ന അസഹിഷ്ണുതകള്‍ തന്നെ വിഷമിപ്പിച്ചിരുന്നതായി കെജി ജോര്‍ജ് തുറന്നു പറഞ്ഞിട്ടുണ്ട്. അതുകൊണ്ടുകൂടിത്തന്നെ 'തനിക്ക് പറയാനുള്ളതെല്ലാം പറഞ്ഞുകഴിഞ്ഞു'വെന്ന നന്ദിപ്രകാശനത്തോടെ അദ്ദേഹം വേദിവിട്ടതും.

മാക്ട ചെയര്‍മാന്‍, നാഷനല്‍ ജൂറി അംഗം, കെഎസ്എഫ്ഡിസി ചെയര്‍മാന്‍ തുടങ്ങിയ പദവികളും കെജി ജോര്‍ജ് വഹിച്ചിരുന്നു. പാരമ്പര്യവാദികളോട് കലഹിച്ചും പുത്തനാശയക്കാര്‍ക്ക് വഴിമാറിയും മനസ്സുകൊണ്ട് മലയാള സിനിമയുടെ ഭാഗമായി നില്‍ക്കുന്ന കെജി ജോര്‍ജ് എന്ന പ്രതിഭയ്ക്ക് ലോകം അര്‍ഹിക്കുന്ന അംഗീകാരം നല്‍കിയിട്ടില്ല എന്നുള്ള കാര്യം തീര്‍ച്ചയാണ്. മലയാള സിനിമാ ലോകത്തിന് വൈകിവന്ന വിവേകമാകട്ടെ ഈ പുരസ്‌കാര ദാനം. കൂടെ ഒരു തുടക്കവും.