അത്ര പോരാത്ത വീരം!

കളിയാട്ടവും കണ്ണകിയും ചിത്രീകരിച്ച ജയരാജ് തന്നെയോ വീരം എടുത്തതെന്ന സംശയം ന്യായമായും ഉയരാം. ആഗോള മാർക്കറ്റ് കച്ചവടം ലക്ഷ്യംവെച്ച് ചെയ്തതുപോലെയാണ് പല രംഗങ്ങളും. ഏച്ചുകെട്ടിയ രംഗങ്ങളും, ജീവനറ്റ കഥാപാത്ര മിശ്രണങ്ങളും കൂടിയാവുമ്പോൾ വീരത്തിനു നഷ്ടമാവുന്നത് അതിന്റെ അന്തസത്തയാണ്. ആഗോള മാർക്കറ്റ് എന്ന ലക്ഷ്യം വലിയ സാധ്യതയാണ് ജയരാജിന് മുമ്പിൽ തുറന്നിട്ടത്. എന്നാൽ ആ സാധ്യത മുന്നിൽകണ്ടുള്ള വിഷ്വൽ ധൂർത്താണ് വീരം.

അത്ര പോരാത്ത  വീരം!

ഷേക്‌സ്പിയറിന്റെ മാക്ബത്തും വടക്കൻ പാട്ടിലെ ചന്തു എന്ന കഥാപാത്രവും ഒന്നിക്കുന്ന ജയരാജിന്റെ വീരം പ്രതീക്ഷകളെ തകിടംമറിക്കുന്ന ഒരു 'യഥാർത്ഥ' ട്രാജഡിയാണ്. ലോകമെങ്ങുമുള്ള സംവിധായകർ സിനിമയാക്കുകയും ആക്കാൻ ശ്രമിക്കുകയും ചെയ്തിട്ടുള്ള ഷേക്‌സ്പിയറിന്റെ ഉത്തമ ട്രാജഡിയും വടക്കൻ പാട്ടുകളിലെ ചന്തുവും ഒന്നിക്കുന്ന ചിത്രമെന്ന ആരെയും മോഹിപ്പിക്കുന്ന ടാഗ് ലൈനാണ് ജയരാജ് വീരത്തിന് നൽകിയത്. ചിത്രം ഇറങ്ങുന്നതിന് മുമ്പ് സംവിധായകൻ നൽകിയ അഭിമുഖത്തിലും മറ്റുമുള്ള വാദങ്ങളും മറ്റും പ്രതീക്ഷ വാനോളം ഉയർത്തിയിരുന്നു.


ചരിത്രം പരിശോധിച്ചാൽ മാക്ബത്തിന് മുമ്പാണ് വടക്കൻ പാട്ടുകളുടെയും അതിലെ കഥാപാത്രമായ ചന്തുവിന്റെയും കാലമെന്ന് കാണാം. മാക്ബത്തിന്റെ കാലം പതിനേഴാം നൂറ്റാണ്ട് എന്നത് ചരിത്രകാരന്മാർ വ്യക്തമായ സൂചനകളോടെ വ്യക്തമാക്കുമ്പോൾ വടക്കൻ പാട്ടുകളുടെ കാലം പതിനാലാം നൂറ്റാണ്ടിൽ തുടങ്ങി പതിനേഴാം നൂറ്റാണ്ടുവരെ നീളുന്നതാണെന്ന അഭിപ്രായങ്ങളാണ് കേരളത്തിലെ ചരിത്രകാരന്മാർക്കുള്ളത്.

ഈ രണ്ട് വസ്തുതകളെ മുൻനിർത്തി വേണം ജയരാജിന്റെ വീരം കാണാൻ. വടക്കൻ പാട്ടുകളും ചന്തുവും എന്ന് കേൾക്കുമ്പോൾതന്നെ ഒരു വടക്കൻ വീരഗാഥ ഓർക്കുന്നവരുടെ മുമ്പിൽ ജയരാജ് അഭിമുഖത്തിൽ പറഞ്ഞ വാചകങ്ങൾ മനസിലുണ്ടാവണം. 'വടക്കൻ പാട്ടുകളും വടക്കൻ പാട്ടുകളിലെ വീരകഥകളും സിനിമയിൽ കണ്ടത് വടക്കൻ വാമൊഴിയിൽ അല്ല, വള്ളുവനാടൻ ഭാഷയിലാണ്. വടക്കൻ പാട്ട് ആദ്യമായി വടക്കൻ വാമൊഴിയിൽ വരുകയാണ്. മാക്ബത്ത് എന്ന ഷേക്സീപീരിയൻ നാടകം കളരിയുടെ പശ്ചാത്തലത്തിൽ പുനരവതരിപ്പിക്കാനാണ് വീരത്തിലൂടെ ശ്രമിക്കുന്നത്
.' എന്നാണ് ജയരാജ് അഭിമുഖത്തിൽ പറഞ്ഞത്. വടക്കൻ പാട്ടുകളിലെ വീരചരിതം വന്നത് വടക്കൻ വാമൊഴിയിൽ അല്ലെന്നും വള്ളുവനാടൻ ഭാഷയിലാണെന്നുമുള്ള ജയരാജിന്റെ വിമർശനം സാധുവാണെന്നും എംടിയ്ക്ക് ഒരു കുത്ത് കൊടുത്തതാണെന്നും വാദിക്കാം. അതെന്തായലും അങ്ങനെ നിൽക്കട്ടെ. ഈ വാദങ്ങൾക്കെല്ലാമപ്പുറം വീരം കണ്ടാൽ ജയരാജിന്റെ ചലച്ചിത്രഭാഷയ്ക്കും കഥ പറച്ചിൽ ശൈലിക്കുമെല്ലാം കോട്ടം തട്ടിയതായി കാണാം.

കളിയാട്ടവും കണ്ണകിയും ചിത്രീകരിച്ച ജയരാജ് തന്നെയോ വീരം എടുത്തതെന്ന സംശയം ന്യായമായും ഉയരാം. ആഗോള മാർക്കറ്റ് കച്ചവടം ലക്ഷ്യംവെച്ച് ചെയ്തതുപോലെയാണ് പല രംഗങ്ങളും. ഏച്ചുകെട്ടിയ രംഗങ്ങളും, ജീവനറ്റ കഥാപാത്ര മിശ്രണങ്ങളും കൂടിയാവുമ്പോൾ വീരത്തിനു നഷ്ടമാവുന്നത് അതിന്റെ അന്തസത്തയാണ്. ആഗോള മാർക്കറ്റ് എന്ന ലക്ഷ്യം വലിയ സാധ്യതയാണ് ജയരാജിന് മുമ്പിൽ തുറന്നിട്ടത്. എന്നാൽ ആ സാധ്യത മുന്നിൽകണ്ടുള്ള വിഷ്വൽ ധൂർത്താണ് വീരം.

നായകനും വില്ലനുമൊക്കെയായി ചന്തുവിനെ സൃഷ്ടിച്ചു കൊണ്ട് വലിയ ഒരു ഉത്തരവാദിത്തമാണ് കുനാൽ കപൂർ നടത്തേണ്ടിയിരുന്നത്. പക്ഷെ ഭാഷയുടെ പരിമിതിയോ അതോ കഥാപാത്രത്തെ വേണ്ടത്ര ഉൾകൊള്ളാത്തത് കൊണ്ടോ ഇനി അതൊന്നും അല്ലെങ്കിൽ ഡബ്ബിങ്ങിലെ പാളിച്ച കൊണ്ടോ ചന്തു ചന്തുവായും കുനാൽ കപൂറിനെ കുനാൽ കപൂറായും വേറിട്ട് നിൽക്കുന്നു. അങ്ങേയറ്റം അരോചകമുളവാക്കുന്നതാണ് ഈ വേറിട്ട് നിൽക്കൽ എന്ന് പറയാതെ വയ്യ.

മാക്ബത്തിനെ കളരിയുടെ പശ്ചാത്തലത്തിൽ പുനരവതിരിപ്പിക്കാനാണ് ജയരാജ് ചിത്രത്തിൽ ചെയ്തിട്ടുള്ളത്. കളരിയുടെ ടൂറിസം സാധ്യതയാണ് സംവിധായകൻ മുന്നിൽ കണ്ടതെന്ന് പറഞ്ഞാലും തെറ്റില്ല. വിഷ്വൽഭംഗികൊണ്ട് സിനിമയുടെ സമഗ്രാവതരണത്തെ മറികടക്കാൻ സംവിധായകൻ ശ്രമിക്കുന്നുണ്ട്. അതിനെ ഒരുപരിധിവരെ ദൈവത്തിന്റെ സ്വന്തം നാട് എന്ന ടാഗ് ലൈനിൽ വിൽക്കുന്ന ടൂറിസം വീഡിയോകളെ ഓർമ്മിപ്പിക്കുന്നുണ്ട്.

'Art scores over mart', എന്ന കേവല വസ്തുത ജയരാജിന് മനസ്സിരുത്തി ചെയ്യാവുന്ന ഒരു കാര്യമാണ്, അത് അദ്ദേഹം മുന്നേ ചെയ്തു കാണിച്ചതുമാണ്. ആഗോള ഫിലിം ചന്തകൾ ലക്ഷ്യം വെക്കുന്നത് കൊണ്ടാണോ എന്തോ പലതരത്തിലുള്ള ഗിമ്മിക്കുകൾ വീരത്തിൽ ദൃശ്യമാണ്. ഇടക്കെവിടെയോ 300 ലെ 'സ്പാർട്ടൻസ്' ആക്രോശത്തിന്റെ രംഗ വിന്യാസം കണ്ടത് ദൃശ്യങ്ങൾക്ക് കൂടുതൽ ശൗര്യം നൽകാനായിരിക്കാം.

ഉണ്ണിയാർച്ചയിൽ നിന്നുണ്ടായ അവമതിയും, അധികാരത്തോടുള്ള മോഹവും പാപപുണ്യ പ്രവർത്തികളുടെ സംഘർഷത്തിലേക്ക് ചന്തുവിനെ കൊണ്ടെത്തിക്കുകയും വിഭ്രാത്മകമായ ഒരു പേടി എന്നന്നേക്കുമായി പിടികൂടുകയും ചെയ്യുന്നു. ഈ ഒരു കഥാ സരണിയിലെക്കാണ് മാക്‌ബെത്തിനെ കൂട്ടിവായിക്കാൻ കഥാകാരൻ ശ്രമിക്കുന്നത്. മന്ത്രവിദ്യയും ആഭിചാരവും മറ്റുമായി അങ്ങനെ ഒരു കൂട് വിട്ട് കൂടുമാറലിന് വീരം ശ്രമിക്കുമ്പോൾ ആ ഒരു കൂടിചെർക്കലിൽ ഏച്ചുകെട്ടിയ ആത്മഗതങ്ങൾ മുഴച്ചു നിക്കുന്നു.

വടക്കൻ പാട്ട്, ചന്തു, ഉണ്ണിയാർച്ച എന്നിവരൊക്കെ നമ്മുടെ പഴംപാട്ടുകളിൽ പതിഞ്ഞത് കൊണ്ടോ അവരുടെ രൂപം മറ്റൊന്നായി നമ്മളിൽ നിറഞ്ഞത് കൊണ്ടോ വെളുത്ത രൂപങ്ങളായി വരുന്ന നായികാ കഥാപാത്രങ്ങൾ ഗെയിം ഓഫ് ത്രോൺസിൽ നിന്ന് ഇറങ്ങി വന്നതാണോ എന്ന് തോന്നിയേക്കാം. ഇപ്പോൾ ഉള്ള ഒരു എപിക് സിരീസ് ട്രെൻഡ് പിടിച്ചു കൊണ്ട് നമുക്ക് ചന്തുവിനെ മാക്ബത്തിൽ കൂട്ടി കലർത്തി ലോകജനതക്ക് സമർപ്പിച്ചു കളയാം എന്ന കച്ചവട തന്ത്രമാണ് സിനിമ എതിനേക്കാൾ വീരത്തിൽ എല്ലായിടത്തും കാണാൻ കഴിയുക.

അഭിനേതാകളുടെ കളരി പഠന കഥകളും, അണിയറ പ്രവർത്തകരുടെ അധ്വാനവും ഒട്ടും വില കുറച്ച് കാണുന്നില്ല, എന്നാലും വീരം അത്ര പോര. ഉപമിക്കാൻ കഥകൾ തമ്മിൽ സാമ്യമില്ലെങ്കിലും ഡാം999 എ ചിത്രത്തെ ഈ ഒരു അവസരത്തിൽ ഓർത്തു പോകുന്നു. കാരണം ഏകദേശം ഇമ്മാതിരി പരിപാടികൾ തന്നെയാണ് സാധനം വിറ്റു പോകാൻ അവരും കാണിച്ചു വെച്ചത്. വലിയ കളികൾ കളിക്കാൻ ഇറങ്ങുമ്പോൾ അതറിയുന്ന ഒരാളായത് കൊണ്ട് ഇങ്ങനുള്ള നീക്ക്‌പോക്കുകൾക്ക് ജയരാജ് നിന്ന് കൊടുത്തില്ലെങ്കിൽ ഇതിഹാസങ്ങൾ അയാളുടെ കയ്യിൽ ഭദ്രമാണ്.

നവരസ ശ്രേണിയിൽ ഉൾപെടുന്ന വീരം, മുന്നെ ഇറങ്ങിയവയോടു കൂടിചേർത്ത് വെക്കാൻ പറ്റാത്ത വിധം കൃത്രിമവത്കരിക്കപ്പെട്ട ഒന്നാണ്. ഒറ്റപെട്ട് പോയ ചെന്നായ ആയി സ്വയം ഉപമിക്കുന്ന ചന്തുവിന്റെ ആത്മസംഘർഷങ്ങൾക്ക് സാന്ത്വനം നൽകുന്ന കുട്ടിമാണിയുടെ പെട്ടെന്നുള്ള മാനസികനിലാ മാറ്റം ആ കഥാപാത്രത്തിന്റെ ആഴം കുറയ്ക്കുകയാണ് ചെയ്യുന്നത്.

അരിങ്ങോടരും കേളുവും ആരോമൽ ചേകവരുമെല്ലാം വേണ്ടത്ര പ്രാധാന്യമില്ലാതെ കൈകാര്യം ചെയ്യപെട്ടവരിൽ ഉൾപെടുന്നു.

ഹോളിവൂഡ് സിനിമ പ്രവർത്തകരുടെ സാങ്കേതികതികവ് ആ മട്ടിൽ വീരത്തിൽ കാണാനില്ല. ജയരാജിന്റെ അഭിമുഖം വായിച്ച ചിത്രം കാണാൻ പോകുന്നവർ നിരാശപ്പെടാനിടയുണ്ട്. ടൂറിസം വിറ്റുപോവാൻ കാട്ടികൂട്ടുന്ന ദൃശ്യങ്ങൾ ഒരു സിനിമക്ക് വേണ്ടി അടുക്കി വെച്ചത് പോലെ അല്ലാതെ തുളുനാടൻ വിദ്യകളുടെ ദൃശ്യ വിന്യാസം ഒരുക്കാൻ വീരം അമ്പേ പരാജയപെടുന്നു.

മലയാളത്തിൽ ഇത്തരമൊരു പരീക്ഷണം നടന്നിട്ടില്ല എന്നതിനെക്കാളും എല്ലോറ ഗുഹയിൽ വെച്ച് ഇതുപോലൊരു കഥ പറഞ്ഞിട്ടില്ല എന്ന് പറയുതാവും കൂടുതൽ നല്ലത്. ലോകസിനിമയിലേക്ക് എത്താനുള്ള ഒരു ശ്രമം എന്ന നിലയിൽ വീരത്തിന് പ്രേക്ഷക ഹൃദയത്തിൽ കിട്ടിയേക്കാമായിരുന്ന ഇടംകൂടി നഷ്ടമാകും. ഉള്ളടക്കത്തിൽ ശ്രദ്ധിക്കാതെ സാങ്കേതികതയിൽ ഊന്നിയപ്പോൾ സിനിമയ്ക്ക് നഷ്ടമായത് അതിന്റെ ആത്മാവിനെയാണ്.