ജനാർദ്ദന റെഡ്ഡി ഇങ്ങനെയെങ്കിൽ ജഗൻമോഹൻ റെഡ്ഡി അങ്ങനെ...

2008-09 സാമ്പത്തിക വര്‍ഷത്തില്‍ ജഗന്‍ മോഹന്‍ റെഡ്ഡി ആദായ നികുതി അടച്ചത് മൂന്നുലക്ഷത്തോളം രൂപ. 2009ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കാനിറങ്ങിയപ്പോള്‍ സ്വത്തു പിന്നെയും ഉയര്‍ന്നു. ഇലക്ഷന്‍ കമ്മിഷനു നല്‍കിയ സത്യവാങ്മൂലം അനുസരിച്ച് സ്വത്തുവകകള്‍ 78 കോടി. 2011-ല്‍ കടപ്പ ലോകസഭാ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പിനിറങ്ങുമ്പോള്‍ ആ സ്വത്ത് 365 കോടിയായി

ജനാർദ്ദന റെഡ്ഡി ഇങ്ങനെയെങ്കിൽ ജഗൻമോഹൻ റെഡ്ഡി അങ്ങനെ...

ഖനി മാഫിയ - പരമ്പര നാലാം ഭാഗം

ഒഎംസി ഊറ്റിയെടുത്ത സമ്പത്തിന്റെ നേര്‍പകുതി വൈ. എസ്. രാജശേഖര റെഡ്ഡിയുടെ മകന്‍ ജഗന്‍ മോഹന്‍ റെഡ്ഡിയ്ക്ക് അവകാശപ്പെട്ടതായിരുന്നു. ജഗ്‌മോഹന്റെ ഉടമസ്ഥതയിലുളള ആര്‍ ആര്‍ ഗ്ലോബല്‍ എന്റര്‍പ്രൈസസ്, റെഡ് ഗോള്‍ഡ് എന്റര്‍പ്രൈസസ് എന്നീ സ്ഥാപനങ്ങള്‍ക്ക് ഒബുലാപുരം മൈനിംഗ് കമ്പനിയില്‍ ഓഹരി നല്‍കി. ഒഎംസി ഖനനം ചെയ്യുന്ന അമ്പതു ശതമാനം ഇരുമ്പയിരും അടിസ്ഥാന വിലയ്ക്കു റെഡ് ഗോള്‍ഡ് എന്റര്‍പ്രൈസസിനു വില്‍ക്കണമെന്നായിരുന്നു കരാര്‍. അതായത് ഒഎംസി കുഴിച്ചെടുക്കുന്ന ഇരുമ്പയിരില്‍ പകുതിയും പ്രവര്‍ത്തനച്ചെലവു മാത്രം നല്‍കി ജഗന്‍ മോഹന്റെ കമ്പനി സ്വന്തമാക്കി. ആ വ്യവസ്ഥയോടെയാണ് ആന്ധ്രാപ്രദേശിലെ അനന്തപൂര്‍ ജില്ലയിലെ 134 ഹെക്ടര്‍ വെ എസ് രാജശേഖര റെഡ്ഢി ഖനി മാഫിയയ്ക്ക് തീറെഴുതിയത്.


ചുരുങ്ങിയ കാലം കൊണ്ട് ജഗന്‍ മോഹന്റെ സമ്പാദ്യം പെരുകിക്കയറി. വളര്‍ച്ചയുടെ ആക്കമറിയാന്‍ 2004ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ വൈ എസ് രാജശേഖര റെഡ്ഡി നല്‍കിയ സത്യവാങ്മൂലം വായിക്കണം. അതനുസരിച്ച് വൈഎസ്ആറിന്റെ കുടുംബസ്വത്ത് 50 ലക്ഷം രൂപയാണ്. മകന്‍ ജഗന്‍ മോഹന്റെ സ്വത്തും അതില്‍ രേഖപ്പെടുത്തിയിട്ടുണ്ട്; 9.18 ലക്ഷം രൂപ. വര്‍ഷം എട്ടു കഴിഞ്ഞപ്പോള്‍ വിവിധ കമ്പനികളിലായി ആകെ 1234 കോടിയുടെ നിക്ഷേപം ജഗന്‍ മോഹനുണ്ടെന്നാണ് സിബിഐ കണക്കാക്കിയത്.

2008-09 സാമ്പത്തിക വര്‍ഷത്തില്‍ ജഗന്‍ മോഹന്‍ റെഡ്ഡി ആദായ നികുതി അടച്ചത് മൂന്നുലക്ഷത്തോളം രൂപ. 2009ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കാനിറങ്ങിയപ്പോള്‍ സ്വത്തു പിന്നെയും ഉയര്‍ന്നു. ഇലക്ഷന്‍ കമ്മിഷനു നല്‍കിയ സത്യവാങ്മൂലം അനുസരിച്ച് സ്വത്തുവകകള്‍ 78 കോടി. 2011-ല്‍ കടപ്പ ലോകസഭാ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പിനിറങ്ങുമ്പോള്‍ ആ സ്വത്ത് 365 കോടിയായി കുതിച്ചുയര്‍ന്നു. വെറും ഭാര്യ വൈ. ഭാരതിയുടെ പേരില്‍ 42 കോടി രൂപ.

ജഗന്‍ മോഹന്റെ രണ്ടു വീടുകളുടെ മൂല്യം മാത്രം കണക്കാക്കിയാലും സ്വത്ത് ഇതിനപ്പുറം വരുമെന്നാണ് രാഷ്ട്രീയ എതിരാളികള്‍ പറയുന്നത്. ബങ്കളൂരുവിനു സമീപം യെലഹങ്കയിലും ഹൈദരാബാദിലെ ജൂബിലി ഹില്‍സിലും രണ്ടു രാജകൊട്ടാരങ്ങള്‍ ജഗന്‍ മോഹനുണ്ടത്രേ. യെലഹങ്കയില്‍ 31 ഏക്കറില്‍ പണിതുയര്‍ത്തിയ പടുകൂറ്റന്‍ കൊട്ടാരത്തിന്റെ മതിപ്പുവില 400 കോടി. ഹെലിപ്പാഡും ജലധാരകളും വിശാലമായ പൂന്തോട്ടവുമൊക്കെയാണ് ആ കൊട്ടാരത്തിന്റെ പ്രത്യേകതകള്‍. ജൂബിലി ഹില്‍സിലെ കൊട്ടാരവും അതുപോലൊരെണ്ണം. ഒരു വീടിനു മാത്രം 400 കോടി രൂപ വിലമതിക്കുമ്പോള്‍ ആകെ സമ്പാദ്യം 365 കോടി രൂപയാവുന്നതെങ്ങനെ എന്ന ചോദ്യം പ്രസക്തം തന്നെ.

കോര്‍പറേറ്റ് ലോകത്തും ജഗന്‍ മോഹന്‍ സാമ്രാജ്യം പണിതുയര്‍ത്തി. ജഗനും കുടുംബാംഗങ്ങള്‍ക്കു കൂടി ഭാരതി സിമന്റ്‌സില്‍ ഏതാണ്ട് 6650 കോടിയുടെ ഓഹരികളുണ്ട്. തന്റെ ഓഹരികളിലൊരു ഭാഗം 2500 കോടിയ്ക്ക് ഫ്രഞ്ച് സിമന്റ് കമ്പനിയായ എസ്എ ഡേശ് സിമന്റ്‌സിനു വിറ്റു. 2008ല്‍ മാധ്യമ വ്യവസായത്തിലേയ്ക്കു തിരിഞ്ഞു. സാക്ഷി എന്ന തെലുങ്കു പത്രവുമായി ജഗതി പബ്ലിക്കേഷനും സാക്ഷി ചാനലുമായി ഇന്ദിരാ ടെലിവിഷന്‍ കമ്പനിയും. സാക്ഷി ചാനലിലും പത്രത്തിലും നിക്ഷേപം നടത്തിയവര്‍ക്കൊക്കെ അടിസ്ഥാന സൗകര്യവികസനം, ജലസേചനം തുടങ്ങിയ കരാറുകള്‍ തീറെഴുതി. ഖനി മാഫിയ വഴി സമാഹരിച്ച കളളപ്പണം വെളുപ്പിക്കാന്‍ അസംഖ്യം കമ്പനികള്‍ വേറെയും സൃഷ്ടിച്ചു.

ആഡംബരജീവിതത്തിന്റെ റെഡ്ഡി സ്റ്റൈല്‍

ജഗന്‍ മോഹനും ജനാര്‍ദ്ദന റെഡ്ഡിയുമൊന്നും ശതകോടീശ്വരന്മാരുടെ ഔദ്യോഗിക പട്ടികയില്‍ പെടില്ല. കാരണം, സ്വത്തിന്റെ നല്ലപങ്കും കണക്കില്‍പ്പെടാത്ത കളളപ്പണമാണ്. ഒരുപക്ഷേ, അതുകൊണ്ടാവാം പണപ്രതാപം കാണിക്കാന്‍ ആഡംബരജീവിതത്തിന് അവര്‍ തനതു നിര്‍വചനം നല്‍കി. ജീവിതശൈലിയില്‍ ഔദ്യോഗിക ശതകോടീശ്വരന്മാരെ കളളപ്പണത്തിന്റെ ചക്രവര്‍ത്തിമാര്‍ കടത്തിവെട്ടി. 1998-ല്‍ പാപ്പരായെന്ന് സ്വയം പ്രഖ്യാപിച്ച ജനാര്‍ദ്ദനന്‍ റെഡ്ഡിയെന്ന ചിട്ടിക്കമ്പനി ഉടമ, രാഷ്ട്രീയാധികാരത്തിന്റെ ചെങ്കോലും കിരീടവും ചൂടിയപ്പോള്‍ എത്തിപ്പിടിച്ച നക്ഷത്രജീവിതം ഈ ജീവിതശൈലിയുടെ ചിത്രകഥയാണ്.

സ്വന്തമായി മൂന്നു ഹെലിക്കോപ്റ്ററുകള്‍. അതിലൊന്നിനു വില 12 കോടി. ഹെലികോപ്റ്റര്‍ പാര്‍ക്കു ചെയ്യാന്‍ ബാംഗ്ലൂര്‍ എയര്‍പോര്‍ട്ടിനു പ്രതിമാസം നല്‍കുന്ന വാടക 750000 രൂപ. വിദേശ ആഡംബര കാറുകള്‍ അസംഖ്യം. അഞ്ചു കോടി വിലമതിക്കുന്ന റോള്‍സ് റോയിസ് ഫാന്റം, മസരാട്ടി, ഫോക്‌സ്‌വാഗന്‍, ബിഎംഡബ്ല്യൂ, കോണ്‍ടിനെന്റല്‍ ജിടി കൂപ്പെ, റേഞ്ച് റോവര്‍ സ്‌പോര്‍ട്ട്‌സ് കാര്‍, മെഴ്‌സിഡസ് ബെന്‍സ് ലിമോസെന്‍, ടൊയോട്ട ലാന്‍ഡ് ക്രൂയിസര്‍, ഓഡി, മിറ്റ്‌സുബിഷി പജേറോ... എന്നിങ്ങനെ നീളുന്നു റെഡ്ഡിയുടെ ശേഖരത്തിലെ വിദേശകാറുകള്‍. ഇന്ത്യന്‍ കാറുകള്‍ ഇതിനു പുറമെ. രാഷ്ട്രീയപ്രചരണത്തിന് റോഡു ഷോ നടത്താന്‍ അഞ്ചു കോടി വിലയുളള വോള്‍വോ ബസ്. ബങ്കളൂരുവില്‍ നിന്ന് ഊണുകഴിക്കാന്‍ ബെല്ലാരിയിലെ വീട്ടിലെത്തുന്നതും പോകുന്നതും ഹെലിക്കോപ്റ്ററില്‍.

പുരാതനമായ കോട്ടയുടെ ശൈലിയില്‍ പണിത കെട്ടിടത്തിനുളളളില്‍ കടക്കാന്‍ മൂന്നു ചെക്ക്‌പോസ്റ്റുകള്‍ താണ്ടണം. പരിശോധനയ്ക്ക് മെറ്റല്‍ ഡിറ്റക്ടറുകള്‍, സ്‌കാനറുകള്‍, ബോംബു സ്‌ക്വാഡുകള്‍, സായുധരായ കമാന്‍ഡോകള്‍. അവരെ താണ്ടി സ്വീകരണ മുറിയിലെത്തുന്ന അതിഥികളെ എതിരേല്‍ക്കാന്‍ ദീപാലംകൃതമായ ചന്ദനസ്തൂപത്തില്‍ ഘടിപ്പിച്ച വജ്രകിരീടം. വീട്ടിനുളളില്‍ നീന്തല്‍ കുളം. കുളത്തില്‍ കിടന്നു സിനിമ കാണാന്‍ അത്യാധുനിക 70എംഎം സ്‌ക്രീന്‍. ലക്ഷങ്ങള്‍ ചെലവിട്ടൊരുക്കിയ ദീപക്കാഴ്ചയില്‍ വീടിനടുത്തുളള കുന്നു മുഴുവന്‍ നിന്നു ജ്വലിക്കുമായിരുന്നു. ബങ്കളൂരു നഗരമധ്യത്തില്‍ ടാജ് വെസ്റ്റ് എന്‍ഡ് എന്ന പഞ്ചനക്ഷത്ര ഹോട്ടലിനടുത്ത് 'പരാജിത' എന്നപേരില്‍ അത്യാഡംബര അപ്പാര്‍ട്ടുമെന്റ്...

സുരക്ഷാകാരണങ്ങളാല്‍ റെഡ്ഡിയുടെ മക്കള്‍ പുറത്തിറങ്ങാറില്ല. അവര്‍ക്കു കളിക്കാന്‍ മാത്രം വീടിനു തൊട്ടടുത്ത് കുട്ടികള്‍ക്കു ഒരു മൂന്നുനില മണിമാളിക. തിരഞ്ഞെടുക്കപ്പെട്ട കളിക്കൂട്ടുകാര്‍ ഈ മാളികയിലെത്തുമായിരുന്നു.

2009 മെയില്‍ ഒരു വിവാഹാഘോഷത്തിന് 20 കോടി രൂപയാണ് റെഡ്ഡി കുടുംബം മുടക്കിയത്. പതിനായിരം അതിഥികളെ ബെല്ലാരിയിലെത്തിച്ചത് ഹെലിക്കോപ്റ്റര്‍ വഴി. 500 എയര്‍ കണ്ടീഷണറുകള്‍ കൊണ്ട് ശീതീകരിച്ച പടുകൂറ്റന്‍ കല്യാണപ്പന്തല്‍.

ഖനി കവര്‍ന്നെടുക്കാന്‍ അമ്പലം തകര്‍ത്തുവെങ്കിലും തികഞ്ഞ ഭക്തനാണ് റെഡ്ഡി. തിരുപ്പതി ക്ഷേത്രത്തിനു നല്‍കിയത് 40 കോടി വിലമതിക്കുന്ന വജ്രകിരീടം. അത്തരമൊന്ന് ബെല്ലാരിയിലെ വീട്ടിലും സൂക്ഷിച്ചിരുന്നു.

ഖനി തുരക്കാനുളള സീറോ റിസ്‌ക് സിസ്റ്റം


മന്ത്രിയായതോടെ സ്വന്തം കമ്പനിയുടെ മാത്രമല്ല, കര്‍ണാടകത്തിലെ ഇരുമ്പയിരു കൊളളയടിക്കാന്‍ ആര്‍ത്തിപൂണ്ടെത്തിയ എല്ലാ കൊളള കോര്‍പറേറ്റുകളുടെയും ഏക രക്ഷാധികാരിയായി ജനാര്‍ദ്ദന റെഡ്ഡി. മന്ത്രിക്ക് കപ്പം കൊടുത്താല്‍ പിന്നെ ആപത്ഛങ്ക വേണ്ട. ചുരുക്കത്തില്‍ കര്‍ണാടകത്തിലെയും ആന്ധ്രയിലെയും മൊത്തം ഇരുമ്പയിരു ഖനനത്തിന്റെ നല്ലൊരു പങ്കും ജനാര്‍ദ്ദനറെഡ്ഡിയുടെ കൈവശമെത്തി.

തനതായ ശൈലിയും ആസൂത്രണവും കൊണ്ട് ജനാര്‍ദ്ദന റെഡ്ഡിയുടെ കൊളള സമ്പ്രദായത്തിന് ഒരു പേരുവീണു: സീറോ റിസ്‌ക് സിസ്റ്റം (zero risk system). രാഷ്ട്രീയാധികാരമായിരുന്നു ഈ അഴിമതി തന്ത്രത്തിന്റെ മര്‍മ്മം. ജനാര്‍ദ്ദന റെഡ്ഡിയും സഹോദരന്‍ കരുണാകര റെഡ്ഡിയും യെദ്യൂരപ്പ അംഗങ്ങള്‍. കരുണാകര റെഡ്ഡിയ്ക്ക് കിട്ടിയത് റവന്യൂ വകുപ്പ്. ഉറ്റ സുഹൃത്ത് ശ്രീരാമലുവും മന്ത്രിസഭയില്‍. മറ്റൊരു സഹോദരന്‍ സോമശേഖര റെഡ്ഡി എംഎല്‍എ. എന്തും അനുസരിക്കുന്ന എംഎല്‍എ വൃന്ദം.

പക്ഷേ, രാഷ്ട്രീയാധികാരത്തിന്റെ ഗര്‍വില്‍ മറ്റെല്ലാവരുടെയും വിഹിതം തട്ടിയെടുക്കാന്‍ റെഡ്ഡി ശ്രമിച്ചില്ല. സഹകരിച്ചവര്‍ക്കെല്ലാം കൊളളമുതലിന്റെ ചെറുവിഹിതമെങ്കിലും വീതിച്ചു കൊടുത്തു. ലോകായുക്തയുടെ റിപ്പോര്‍ട്ടു പ്രകാരം 617 ഉദ്യോഗസ്ഥര്‍ക്കായി വീതിച്ച കൈക്കൂലിത്തുക 246 കോടി. മിക്കവര്‍ക്കും മാസപ്പടിയായിരുന്നു.

ബെല്ലാരി എസ്പിയ്ക്ക് പ്രതിമാസം 50,000, അഡീഷണല്‍ എസ്പിയ്ക്ക് 25000, പോര്‍ട്ട് ഡയറക്ടര്‍ക്ക് കപ്പലൊന്നിന് 50,000 രൂപ. മറ്റു സ്റ്റാഫിന് കപ്പലൊന്നിന് 5500 രൂപ. ഉയര്‍ന്ന കസ്റ്റംസ് അധികൃതര്‍ക്ക് പ്രതിമാസം 33,000 രൂപയും ടണ്‍ ഒന്നിന് 50 പൈസ വെച്ച് ടോളും. ഇതൊന്നും ഖനി ഉടമകള്‍ ഒറ്റയ്‌ക്കൊറ്റയ്ക്കു ചെയ്യേണ്ട. എല്ലാത്തിനും ഉത്തരവാദിത്തപ്പെട്ട ഇടത്തട്ടുകാരുണ്ട്. ടണ്‍ ഒന്നിന് 75 രൂപ മുതല്‍ 200 രൂപ വരെ ഇന്‍ഷ്വറന്‍സ് പ്രീമിയം അടയ്ക്കുക മാത്രമാണ് ഖനിയുടമകള്‍ ചെയ്യേണ്ടിയിരുന്നത്.

ഖനനം സംബന്ധിച്ചുളള കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ മാനദണ്ഡങ്ങള്‍ മുഴുവന്‍ ലംഘിക്കപ്പെട്ടു. ഖനനാനുമതി ലഭിച്ച മേഖലയുടെ അതിരുകള്‍ക്കപ്പുറം കടന്ന് തുരങ്കങ്ങള്‍ വലുതായി. വനമേഖലയില്‍ ഖനനം നിരോധിച്ചിട്ടുണ്ടെങ്കിലും വകവെച്ചില്ല. ആറുമീറ്റര്‍ ആഴത്തില്‍ കുഴിക്കാനാണ് ഇന്ത്യന്‍ ബ്യൂറോ ഓഫ് മൈന്‍സ് നിശ്ചയിച്ച മാനദണ്ഡം. പക്ഷേ, കുഴിച്ചതെത്ര മീറ്റര്‍ എന്നതിന് ഒരു കണക്കുമില്ല.

ഉദാഹരണം കൊണ്ടു സൂചിപ്പിച്ചാല്‍, 100 മെട്രിക് ടണ്‍ കുഴിച്ചെടുക്കാനായിരുന്നു അനുമതിയെങ്കില്‍, മാഫിയ 1000 മെട്രിക് ടണ്‍ കവര്‍ന്നെടുത്തു. 158 ലൈസന്‍സുകളാണ് ഖനനത്തിന് നല്‍കിയതെങ്കില്‍ ഖനനം നടന്നത് 252 ഇടങ്ങളിലായിരുന്നു. ഇരുമ്പയിരുമായി തുറമുഖത്തേയ്ക്കു പായുന്ന ലോറികളുടെ എണ്ണം ചെക്ക്‌പോസ്റ്റില്‍ കുറച്ചു കാണിച്ചു.

പ്രതിദിനം 4000 ലോറികള്‍ ചീറിപ്പാഞ്ഞ സ്ഥലത്ത് ചെക്ക്‌പോസ്റ്റ് രജിസ്റ്ററില്‍ രേഖപ്പെടുത്തിയത് വെറും 200 ലോറികള്‍. വിവിധ ഡിപ്പാര്‍ട്ടുമെന്റുകളുടെ വ്യാജ പെര്‍മിറ്റുകള്‍ നിര്‍മ്മിച്ചു. 600 കിലോമീറ്ററോളം വണ്ടിയോടിച്ചാണ് ഇരുമ്പയിര് തുറമുഖങ്ങളിലെത്തിച്ചത്. പരമാവധി കയറ്റാവുന്നതിന്റെ ഇരട്ടിയോളം ഭാരം കയറ്റിയാണ് 24 മണിക്കൂര്‍ കൊണ്ട് ലോറികള്‍ വന്നുപോയത്.

പ്രവര്‍ത്തനരഹിതമായ അനേകം ഖനികള്‍ പ്രവര്‍ത്തനസജ്ജമാണെന്നു കാണിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിച്ചാണ് അനനധികൃത ഖനനം വഴി സമാഹരിച്ച ഇരുമ്പയിര് ജനാര്‍ദ്ദന റെഡ്ഡി തുറമുഖങ്ങളിലെത്തിച്ചത്.

പാരിസ്ഥിതികമായ പ്രത്യാഘാതങ്ങള്‍ പരമാവധി കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ ഖനനത്തിന്റെ തീവ്രത കുറയ്ക്കാനാണ് നിബന്ധനകള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. 11 ഖനികളുടെ കണക്കുശേഖരിച്ചപ്പോള്‍ 14 മാസം കൊണ്ട് 73 ലക്ഷം ടണ്ണാണ് അനധികൃതഖനനം വഴി കവര്‍ന്നത്. ഇതിന്റെ മതിപ്പുവില 1849 കോടി രൂപ. ഈ തോതില്‍ ഖനനം തുടര്‍ന്നാല്‍ പാട്ടക്കാലാവധി തീരുന്നതിനു മുമ്പു നിക്ഷേപം മുഴുവന്‍ മാഫിയ തുരന്നെടുക്കുമെന്ന് 2008ല്‍ ലോകായുക്ത മുന്നറിയിപ്പു നല്‍കിയിരുന്നു. അത്ര മാരകമായിരുന്നു ഖനനത്തിന്റെ വേഗത.

പരിസ്ഥിതി ആഘാതമോ ഖനിജനിക്ഷേപത്തിന്റെ അളവോ പരിഗണിക്കാതെ കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയവും ഇന്ത്യന്‍ മൈനിംഗ് ബ്യൂറോയും വിവേചനരഹിതമായി പാട്ടത്തിന് അനുമതിയും നല്‍കി. സംസ്ഥാനത്ത് വരാനിരിക്കുന്ന സ്റ്റീല്‍ പ്ലാന്റുകളുടെ പ്രവര്‍ത്തനത്തെയും ഇത് പ്രതികൂലമായി ബാധിക്കുമെന്നും മുന്നറിയിപ്പുണ്ടായി.

കര്‍ണാടകത്തിലെ മംഗലാപുരം, കാര്‍വാര്‍, ബെലേക്കാരി, ആന്ധ്രയിലെ കാക്കിനട, കൃഷ്ണപട്ടണം, വിശാഖപട്ടണം എന്നീ തുറമുഖങ്ങള്‍ വഴിയാണ് ഖനിനിക്ഷേപം വിദേശരാജ്യങ്ങളിലേയ്ക്കു കടത്തിയത്. ഇതില്‍ ഒന്നാം അധ്യായത്തില്‍ പരാമര്‍ശിച്ച ഗൗതം അദാനിയുടെ സ്വകാര്യ തുറമുഖമാണ് ബലേക്കാരി. ഇവിടെ എന്തും നടക്കും. അനധികൃതമായി കടത്തിയ 35 ലക്ഷം ടണ്‍ ഇരുമ്പയിര് ഈ തുറമുഖത്തു കണ്ടെത്തി. ഉദ്യോഗസ്ഥന്‍ രണ്ടാമത് പരിശോധനയ്ക്കു വന്നപ്പോള്‍ ഇരുമ്പയിരിന്റെ പൊടിപോലും അവിടെയെങ്ങുമുണ്ടായിരുന്നില്ല. ഇത്ര ഭീമമായ ഇരുമ്പയിര് അമുക്കിയത് മാധ്യമങ്ങളില്‍ വന്‍വാര്‍ത്തയായി. പക്ഷേ, ഒന്നും സംഭവിച്ചില്ല.