സംഘപരിവാറിന്റെ നിലവിളക്ക് മുസ്ലീംലീഗ് കൊളുത്തുമ്പോള്‍

പേരിൽ മുസ്ലിം എന്ന വാക്കു പേറുന്നുവെന്നു വെച്ച് മുസ്ലീംലീഗ് എല്ലാ മുസ്ലിങ്ങളെയും പ്രതിനിധീകരിക്കുന്നില്ല. മുസ്ലീം സമുദായത്തിലെ ഒരു ന്യൂനപക്ഷത്തിന്റെ മാത്രം പാർടിയാണത്. അതിലുളളതിനെക്കാൾ മുസ്ലിങ്ങൾ മറ്റു പാർടികളിലുണ്ട്. മതം അതിന്റെ വഴിക്കും രാഷ്ട്രീയം അതിന്റെ വഴിക്കുമാണ് കേരളത്തിലെ പൊതുരീതി. എന്നാല്‍ രണ്ടും കൂട്ടിക്കലര്‍ത്തിയുള്ള രീതിയാണ് മലബാര്‍ മേഖലകളില്‍ മുസ്ലീം ലീഗ് മുമ്പ് പയറ്റിയത്.

സംഘപരിവാറിന്റെ നിലവിളക്ക് മുസ്ലീംലീഗ് കൊളുത്തുമ്പോള്‍

കേരളത്തില്‍ രാഷ്ട്രീയ സാമൂഹിക സാഹചര്യങ്ങള്‍ക്ക് അപ്രതീക്ഷിതമായി വഴിത്തിരിവുണ്ടാകുന്ന കാലഘട്ടമാണിത്. കാലങ്ങളായി തുടര്‍ന്നു വന്ന പല രാഷ്ട്രീയ മുന്നണി ബന്ധങ്ങള്‍ക്കു വിള്ളല്‍ വീണ സമയവും. ജാതി- മത സമവാക്യങ്ങളില്‍ പൊളിച്ചെഴുത്ത് നടക്കുന്ന കാലം. ജാതിയും മതവും കേരളത്തിലും ഒരു പ്രധാന രാഷ്ട്രീയായുധമാണ്.  വിരുദ്ധരെന്ന് കരുതുന്നവരില്‍ ഉരുണ്ടുകൂടുന്ന സഹവര്‍ത്തിത്വം ചില പുതിയ കാഴ്ചകള്‍  ചില ചോദ്യങ്ങളും ബാക്കിവെയ്ക്കുന്നു.


കോഴിക്കോട്ട് ശിവസേന സംഘടിപ്പിച്ച ഗണേശോത്സവ ആഘോഷങ്ങള്‍ എംകെ മുനീര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തത് സ്വാഭാവികമായും വാർത്തയായി. മതസൗഹാര്‍ദ്ദത്തിന്റെ ഉത്തമ ഉദാഹരണമെന്ന നിലയില്‍ ഈ സംഭവത്തെ ശിവസേന ഉള്‍പ്പെടെയുള്ള സംഘപരിവാര്‍ സംഘങ്ങള്‍ വാഴ്ത്തിയപ്പോൾ മുസ്ലീംലീഗ് അഭിമാനപുളകിതരായി. മുമ്പ് ശ്രീകൃഷ്ണ ജയന്തി  ശോഭയാത്രയ്ക്ക് നാടെങ്ങും സ്വീകരണം നല്‍കിയും മുസ്ലീംലീഗ് മാതൃകയായിരുന്നു. ഇത്തരത്തിലുള്ള മതമൈത്രി സംഗമങ്ങള്‍ കേരളം ഈ അടുത്ത കാലം മുതല്‍ കാണാന്‍ തുടങ്ങിയതിന്റെ ഉള്ളിറങ്ങി പരിശോധിക്കുമ്പോഴാണ് ചില വസ്തുതകള്‍ കണ്ണില്‍പ്പെടുന്നത്.

തികച്ചും സൗഹാർദ്ദപരം എന്നു തോന്നുന്ന ഈ കൂടിച്ചേരലുകള്‍ അത്ര ലളിതമല്ല. ഹിന്ദു- മുസ്ലീം കൂടിച്ചേരല്‍ എന്നുള്ള നിലയിലാണ് കാര്യങ്ങള്‍ അവതരിപ്പിക്കപ്പെടുന്നതെങ്കിലും പിന്നണിയിൽ ഒരു രാഷ്ട്രീയ സൗഹൃദത്തിന്റെ പാലംപണിയാണു നടക്കുന്നത്. സംഘപരിവാറും മുസ്ലീംലീഗും തമ്മിൽ രൂപപ്പെട്ടു വരുന്ന ഈ പുതിയ ബന്ധം പലരുടെയും നെറ്റിചുളിപ്പിക്കാൻ പോന്നതാണ്. അതു തന്നെയാണ് ഈ കൂട്ടായ്മയിലെ ആശങ്കപ്പെടുത്തുന്ന വസ്തുതയും.

പേരിൽ മുസ്ലിം എന്ന വാക്കു പേറുന്നുവെന്നു വെച്ച് മുസ്ലീംലീഗ് എല്ലാ മുസ്ലിങ്ങളെയും പ്രതിനിധീകരിക്കുന്നില്ല.  മുസ്ലീം സമുദായത്തിലെ ഒരു ന്യൂനപക്ഷത്തിന്റെ മാത്രം പാർടിയാണത്. അതിലുളളതിനെക്കാൾ മുസ്ലിങ്ങൾ മറ്റു പാർടികളിലുണ്ട്.  മതം അതിന്റെ വഴിക്കും രാഷ്ട്രീയം അതിന്റെ വഴിക്കുമാണ് കേരളത്തിലെ പൊതുരീതി. ബിജെപിയുടെ കടന്നുവരവോടെയാണ് അതിനൊരു മാറ്റമുണ്ടായത്. എന്നാല്‍ രണ്ടും കൂട്ടിക്കലര്‍ത്തിയുള്ള രീതിയാണ് മലബാര്‍ മേഖലകളില്‍ മുസ്ലീം ലീഗ് മുമ്പ് പയറ്റിയത്.

ഹിന്ദുത്വ അജണ്ട ലക്ഷ്യം വെച്ചുള്ള പ്രവര്‍ത്തനങ്ങളിലൂടെ രാജ്യത്ത് സംഘടിതരാകാന്‍ ശ്രമിക്കുന്ന സംഘപരിവാര്‍ സംഘടനകള്‍ക്കുപോലും ഇതുവരെ മുഴുവന്‍ ഹിന്ദുക്കളുടെയും പ്രതിനിധിയാകാന്‍ കഴിഞ്ഞിട്ടില്ല. അതിനുള്ള സാധ്യതയും ഈ അടുത്തകാലങ്ങളിലൊന്നും സംജാതമാകുകയുമില്ല. അതുകൊണ്ടുതന്നെ മുസ്ലീം ലീഗ് എന്ന രാഷ്ട്രീയ പാര്‍ട്ടി, അവര്‍ പ്രതിനിധാനം ചെയ്യുന്ന മുസ്ലീം സമുദായത്തിനുള്ളിലെ ഒരു ചെറുവിഭാഗത്തെ മാത്രം ഉള്‍പ്പെടുത്തി അതേ ഗണത്തിലുള്ള സംഘപരിവാറുമായി കൈകോര്‍ക്കുന്ന നീക്കമാണ് സമുദായത്തിനുള്ളിലെ ഭൂരിപക്ഷം ആശങ്കയോടെ വീക്ഷിക്കുന്നതും.

സ്വതന്ത്രമായി നോക്കിയാല്‍ എംകെ മുനീര്‍ ഗണേശോത്സവം വിളക്കുകൊളുത്തി ഉദ്ഘാടനം ചെയ്തതോ അബ്ദുള്‍ സമദ് സമദാനി സംഘപരിവാര്‍ വേദയില്‍ പ്രസംഗിച്ചതോ അതല്ലെങ്കില്‍ യൂത്ത് ലീഗ് ശ്രീകൃഷ്ണ ജയന്തി ഘോഷയാത്രയ്ക്ക് ദാഹജലം നല്‍കിയതോ ഒന്നുമല്ല ഇവിടുത്തെ പ്രധാന പ്രശ്‌നം. ആ നീക്കങ്ങളുടെ പേരില്‍ മുസ്ലീംലീഗ് മുന്നോട്ടു വെയ്ക്കുന്ന രാഷ്ട്രീയത്തില്‍ പൊതിഞ്ഞ മതത്തിനുള്ളിലെ മതമാണ് പ്രശ്‌നം. ആര്‍എസ്എസ്- ശിവസേന പോലുള്ള ഹിന്ദുസംഘടനകളോട് തങ്ങള്‍ സഹിഷ്ണുതയുള്ളവരാണെന്നും തങ്ങളുടെ സമുദായത്തിനുള്ളില്‍പ്പെട്ട മറ്റുള്ളവര്‍ അത്തരക്കാരല്ലെന്നും പറയാതെ പറയുന്ന ആ രീതിയാണ് പ്രശനം. സംഘപരിവാറുമായി സഹവര്‍ത്തിത്വമാകാമെന്ന് പ്രവര്‍ത്തകളിലൂടെ സൂചനകള്‍ തരുന്നതാണ് പ്രശ്‌നം.

ഈ കാര്യങ്ങളൊന്നും അറിയാതെ സംഭവിക്കുന്ന ഒന്നല്ല. വോട്ട് എന്ന ആത്യന്തിക ലക്ഷ്യത്തിലേക്കുള്ള യാത്രയില്‍ എസ്ഡിപിഐ, വെല്‍ഫെയര്‍ തുടങ്ങിയ സ്വന്തം സമുദായ പാര്‍ട്ടികള്‍ക്ക് മുസ്ലീം ലീഗ് നല്‍കുന്ന ചുവന്ന കാര്‍ഡാണത്. (കപട)മതേതരത്വം പറഞ്ഞ് മതത്തിന്റെ ചട്ടക്കൂടില്‍ നിന്നും മാറിനിന്ന് മറ്റുള്ളവരെ ഹിന്ദുവിരുദ്ധരും അതുവഴി രാജ്യവിരുദ്ധരുമാക്കുന്ന കളിയുടെ ഭാഗം. ഈ കളിയുടെ ഫലമായി ഉരുത്തിരിയുന്ന സാഹചര്യങ്ങള്‍ തങ്ങളുടേതാക്കി മാറ്റാനുള്ള ശ്രമങ്ങളാണ് ലീഗ് ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ പഞ്ചായത്ത്- നിയമസഭ തെരഞ്ഞെടുപ്പില്‍ മലബാര്‍ ഖേലയില്‍ എസ്ഡിപിഐ തുടങ്ങിയവയില്‍ നിന്നുമേറ്റ ചെറതല്ലാത്ത തിരിച്ചടി ഇത്തരത്തില്‍ സ്വന്തം സ്വത്വം അടിയറവെച്ച് നേടാമെന്നുള്ള ഉറച്ച വിശ്വസത്തിലാണ് ലീഗ് നേതൃത്വം.

ഫാസിസം എന്ന മലയാളത്തിലെ പ്രശ്ത കൃതിയുടെ കര്‍ത്താവായ എംകെ മുനീര്‍ ഗണേശോത്സവം ഉദ്ഘാടനം ചെയ്തത് മതസൗഹാര്‍ദ്ദത്തിന്റെ പ്രതീകമായിട്ടാണ് എന്ന് കരുതവയ്യ. അബദ്ധം പറ്റിയതാണെന്നു കരുതാനും പറ്റില്ല. സുരക്ഷിതമേഖലയില്‍ കാലുറപ്പിച്ചു നിന്നുള്ള ഒരു ചെറിയ ശ്രമം മാത്രം. പഴയ കോലീബി സഖ്യത്തിന്റെ ഓര്‍മ്മകള്‍ പൊടിമൂടി കിടക്കുന്നതും രണ്ടു കൂട്ടരേയും ഒരുപോലെ ഉത്തേജിപ്പിക്കുന്നുണ്ട്. അതിന്റെ തുടക്കം ഇത്തരത്തിലുള്ള വേദി പങ്കിടലുകളിലൂടെയാകട്ടെ എന്നാവും ലീഗ് കരുതിയിട്ടുണ്ടാകുക. പക്ഷേ സംഘപരിവാറിന് നന്നായി അറിയാം, ശത്രുവിന്റെ ശത്രുവിനെ മിത്രമാക്കി കാര്യം നേടാനും അതിനുശേഷം അതേ മിത്രത്തെ ശത്രുവാക്കി ഇല്ലായ്മ ചെയ്യാനും.

Read More >>