'ഓണപ്പൊട്ടനെ വീട്ടില്‍ കയറ്റരുതെന്ന് അവര്‍ പ്രചാരണം നടത്തി'; നടന്നത് സംഘപരിവാര്‍ അക്രമം തന്നെയെന്ന് സജേഷ് നാരദാ ന്യൂസിനോട്

ഓണപ്പൊട്ടനും സംഘവും വീടുകളില്‍ കയറി അപമര്യാദയായി പെരുമാറിയെന്നും ഓണപ്പൊട്ടന്‍ വീടുകയറേണ്ടെന്നും മറ്റും പറഞ്ഞുകൊണ്ട് ജാതിപ്പേര് വിളിച്ച് ആക്ഷേപിക്കുകയും മര്‍ദിക്കുകയും ചെയ്‌തെന്ന് സജേഷ് നാരദാ ന്യൂസിനോട് പറഞ്ഞു.

കോഴിക്കോട്: 'സ്‌കൂളില്‍ പഠിക്കുമ്പോള്‍ ആണ് ആദ്യമായി ഓണപ്പൊട്ടന്‍ കെട്ടുന്നത്. അപ്പോള്‍ പത്തോ പന്ത്രണ്ടോ വയസ്സാണ്. കൃത്യമായി ഓര്‍മയില്ല. പക്ഷെ അവിടുന്നിങ്ങോട്ട് പതിവായി ഓണത്തിന് ഓണപ്പൊട്ടനാവും. ഇപ്പോള്‍ 32 വയസ്സായി. ആദ്യമായാണ് ഇങ്ങനെയൊക്കെ സംഭവിക്കുന്നത്' - ഓണപ്പൊട്ടന്‍ കെട്ടി ഗൃഹസന്ദര്‍ശനം നടത്തിയതിന് സംഘപരിവാര്‍ ആക്രമണത്തിനിരയായ തെയ്യം കലാകാരന്‍ സജേഷ് നാരദാ ന്യൂസിനോട് സംസാരിക്കുന്നു.

ഓണക്കാലം തുടങ്ങിയപ്പോള്‍ തന്നെ പ്രദേശത്ത് ഓണപ്പൊട്ടനെ വീട്ടില്‍ കയറ്റരുത് എന്ന് ആര്‍എസ്എസ്സുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ചിലര്‍ പ്രചാരണം നടത്തിയിരുന്നതായി സജേഷ് പറയുന്നു. പക്ഷേ ഓണപ്പൊട്ടന്‍ കെട്ടരുതെന്നോ വീടുകള്‍ സന്ദര്‍ശിക്കരുതെന്നോ തന്നോട് ആരും ആവശ്യപ്പെട്ടിരുന്നില്ല. എല്ലാ വര്‍ഷത്തെയും പോലെ വീടുകളില്‍ നിന്ന് നല്ല സ്വീകരണമാണ് ലഭിച്ചത്. വലിയൊരു ശതമാനം വീടുകളില്‍ കയറി മടങ്ങുമ്പോള്‍ ആണ് പ്രദേശത്തെ ബിജെപി പ്രവര്‍ത്തകരായ ചിലര്‍ എത്തി തടയുകയും ചീത്ത വിളിക്കുകയും ചെയ്തത്.


ഓണപ്പൊട്ടനും സംഘവും വീടുകളില്‍ കയറി അപമര്യാദയായി പെരുമാറിയെന്നും ഓണപ്പൊട്ടന്‍ വീടുകയറേണ്ടെന്നും മറ്റും പറഞ്ഞുകൊണ്ട് ജാതിപ്പേര് വിളിച്ച് ആക്ഷേപിക്കുകയും മര്‍ദിക്കുകയും ചെയ്‌തെന്ന് സജേഷ് നാരദാ ന്യൂസിനോട് പറഞ്ഞു.

അക്രമിച്ചവര്‍ മദ്യപിച്ചിരുന്നുവെന്ന് കാണിച്ച് പ്രശ്‌നത്തെ മദ്യപര്‍ ഉണ്ടാക്കിയ പ്രശ്‌നമായി ഒതുക്കാന്‍ ശ്രമം നടക്കുന്നുണ്ട്. എന്നാല്‍ ഓണവുമായി ഓണപ്പൊട്ടന് ബന്ധമില്ലെന്ന പ്രചാരണവും തനിക്കെതിരെ നടന്ന അക്രമവും കരുതിക്കൂട്ടി നടത്തിയതാണെന്ന ആരോപണത്തില്‍ ഉറച്ച് നില്‍ക്കുന്നതായി സജേഷ് പറഞ്ഞു.

മലയ സമുദായത്തില്‍പെട്ട കലാകാരന്മാര്‍ ആണ് ഓണപ്പൊട്ടന്‍ കെട്ടുന്നത്. പണ്ട് രാജാക്കന്മാര്‍ ആണ് മലയവിഭാഗത്തില്‍ പെട്ടവര്‍ക്ക് തെയ്യം കെട്ടാന്‍ അനുമതി നല്‍കിയത് എന്നാണ് ഐതിഹ്യം. ഓണക്കാലത്ത് ഓണപ്പൊട്ടന്‍ ഓരോ വീടുകളിലുമെത്തി ഐശ്വര്യം നല്‍കുന്നു എന്നാണ് വിശ്വാസം. മുഖത്ത് ചായവും കുരുത്തോലക്കുടയും കൈതനാരുകൊണ്ട് തലമുടിയും കിരീടം, കൈവള, പ്രത്യേകരീതിയിലുള്ള ഉടുപ്പ് എന്നീ ആടയാഭരണങ്ങളുമാണ് ഓണപ്പൊട്ടന്റെ വേഷവിധാനം.

ഓണപ്പൊട്ടന്‍ ഒരിക്കലും കാല്‍ നിലത്തുറപ്പിക്കില്ല. താളം ചവിട്ടുകയും ഓടുകയും ചെയ്തുകൊണ്ടേയിരിക്കും. ദക്ഷിണയായി അരിയും പണവുമാണ് ലഭിക്കാറ്. ഓണപ്പൊട്ടനും മണിയൊച്ചയും ഓണം വരുന്നു എന്ന സന്ദേശം നല്‍കാറുണ്ട്.

സജേഷിനെ മര്‍ദിച്ച സംഭവത്തില്‍ ബിജെപി പ്രവര്‍ത്തകരായ വിഷ്ണുമംഗലം സ്വദേശി അനീഷ്, പ്രണവ്, നന്ദു എന്നിവര്‍ക്കെതിരെ ക്രിമിനല്‍ വകുപ്പുകള്‍ പ്രകാരം നാദാപുരം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.