ഇറ്റാലിയൻ കരുത്തിൽ ചാമ്പ്യൻ ചെന്നൈയിൻ എത്തുന്നു; കിരീടമോഹവുമായി

ഒക്ടോബർ രണ്ടിനു അത്‌ലറ്റികോ ഡി കൊൽക്കത്തയുമായാണ് ചെന്നൈയിൻ ടീമിന്റെ ആദ്യമത്സരം.

ഇറ്റാലിയൻ കരുത്തിൽ ചാമ്പ്യൻ ചെന്നൈയിൻ എത്തുന്നു;  കിരീടമോഹവുമായി

നിരഞ്ജൻ

എതിർ ഗോൾമുഖത്ത് കൊടുങ്കാറ്റ് വിതച്ചാണ് രണ്ടാം ഐ.എസ്.എൽ കിരീടത്തിൽ
ചെന്നൈയിൻ മുത്തമിട്ടത്. ആ കൊടുങ്കാറ്റിന് നേതൃത്വം നൽകിയത് കൊളംബിയൻ
താരം മെൻഡോസയായിരുന്നു. എന്നാൽ ആഘോഷഫുട്‌ബോളിന്റെ മൂന്നാം കാർണിവലിന് ഒരുങ്ങുമ്പോൾ കോച്ച് മാർക്കോ മറ്റെരാസിയുടെ സംഘത്തിൽ എതിർവല കുലുക്കാൻ മെൻഡോസയില്ല. പകരം സീരി ബി ലീഗിൽ നിന്നും വരുന്ന ഡേവിഡ് സൂസിയും സീരി ഡിയിൽ നിന്നെത്തുന്ന മൗറീഷ്യോ പെലൂസോയും മുന്നേറ്റനിരയെ നയിക്കും.


ഇറ്റാലിയൻ ജോഡിക്കു പിന്തുണയുമായി ഇന്ത്യൻ ഫുട്‌ബോളിന്റെ മുന്നേറ്റ നിരയിൽ നിന്നു ജെജെ ലാൽപെലൂഖയും ജയേഷ് റാണയും ഉത്തം റായിയും ബൽജിത് സാഹ്നിയും ചേരുന്നതോടെ കിരീടം നിലനിറുത്തുകയെന്ന ചെന്നൈയിന്റെ ലക്ഷ്യം
എളുപ്പമാകും എന്നാണു  ടീം മാനേജ്‌മെന്റിന്റെ വിശ്വാസം. എന്നാൽ
മെൻഡോസ ഇല്ലാതെ ഇറങ്ങുന്ന ചെന്നൈയിൻ ടീമിന്റെ പ്രകടനം മോശമാകുമോ എന്ന  ആശങ്കയിലാണ് ആരാധകർ.
ഒക്ടോബർ രണ്ടിന് അത്‌ലറ്റികോ ഡി കൊൽക്കത്തയുമായാണ് ചെന്നൈയിൻ ടീമിന്റെ
ആദ്യമത്സരം. കൊൽക്കത്തയിൽ നടക്കുന്ന ആദ്യ കളിയിൽ പുതിയ ടീം ഏതു വിധത്തിൽ ഒത്തിണക്കത്തോടെ കളിക്കുമെന്നതു തന്നെയയാകും വിജയപരാജയങ്ങൾ നിശ്ചയിക്കുക. കോച്ചും മുൻ മാർക്വി താരവുമായ ഇറ്റാലിയൻ താരം മറ്റെരാസിയുടെ
സാന്നിദ്ധ്യമാണ് ചെന്നൈയിൻ ടീമിന്റെ കരുത്ത്. ഇത്തവണ കളത്തിൽ
ഇറങ്ങുന്നില്ലെങ്കിലും കളിയിൽ തന്ത്രങ്ങൾ മെനയുന്നതിൽ ലോകകപ്പ്
ജേതാക്കളുടെ സംഘത്തിൽ ഉൾപ്പെട്ട മറ്റെരാസിക്ക് ടീം മാനേജ്‌മെന്റ്
പരിപൂർണ്ണ പിന്തുണ നൽകിയിട്ടുണ്ടെന്ന് വ്യക്തം.

എലാനോയിൽ നിന്ന് റീസെയിലേക്ക്

ലിവർപൂളിന്റെ ഇതിഹാസതാരം ജോൺ ആർനെ റീസെയാണ് ചെന്നൈയിന്റെ പുതിയ മാർക്വി താരം. ഏഴു സീസനുകളിൽ ലിവർപൂളിനായി ബൂട്ടണിഞ്ഞ റീസെ കഴിഞ്ഞ തവണ ഡൽഹിക്കു വേണ്ടിയായിരുന്നു ഐ.എസ്.എല്ലിൽ കളിച്ചത്. 15 കളികളിൽ പ്രത്യക്ഷപ്പെട്ട താരം ഒരു ഗോളും നേടി. ഡൽഹിയെ സെമിയിൽ എത്തിക്കുന്നതിൽ റീസെയുടെ പങ്ക് വലുതായിരുന്നു. പിന്നീട് നോർവീജിയൻ ക്ലബിലേക്കു കൂടു മാറിയ 35 കാരൻ ഫ്രീ ട്രാൻസ്ഫറിലൂടെയാണ് തമിഴക ടീമിന്റെ അഴകാവുന്നത്. ചെന്നൈയിന്റെ പഴയ മാർക്വി താരം എലാനോയ്ക്ക് പകരമാണു റീസെയെ നിയോഗിക്കുന്നത്. 2005ലെ ചാമ്പ്യൻസ് ലീഗ് കിരീടം ലിവർപൂളിനു
നേടിക്കൊടുത്ത സംഘത്തിലെ പ്രമുഖനായ റീസെ ലോംഗ് റേഞ്ചിൽ നിന്ന് വലയിലേക്ക്
പന്തെത്തിക്കുന്നതിലും ഫ്രീകിക്ക് എടുക്കുന്നതിലും വിദഗ്ധനാണ്. ഈ മികവുകൾ
തന്നെയാകും കോച്ച് മറ്റെരാസിയും റീസെ എന്ന പരിചയസമ്പന്നനിൽ നിന്നും
പ്രതീക്ഷിക്കുന്നത്.

ഇറ്റലിയിൽ പരിശീലനം


ഇറ്റലിക്കാരനായ കോച്ചിന്റെ കീഴിൽ ഇറ്റലിയിലായിരുന്നു ചെന്നൈയിൻ ടീമിന്റെ
ടൂർണമെന്റിനു മുൻപുള്ള പരിശീലനം. തലസ്ഥാനമായ റോമിൽ നിന്നും 164
കിലോമീറ്റർ അകലെയുള്ള പെറുഗ്യയിലെ സ്റ്റേഡിയോ എല്ലേരയായിരുന്നു പരിശീലന
വേദി. ഇറ്റാലിയൻ ലോവർ ഡിവിഷൻ ക്ലബുകളുമായി കളിച്ച പരിശീലന മത്സരങ്ങളിൽ തൃപ്തികരമായിരുന്നു ടീമിന്റെ പ്രകടനമെന്ന് കോച്ച് മറ്റെരാസി വിലയിരുത്തി. ഇന്ത്യൻ താരങ്ങളൊഴികെയുള്ള ആഭ്യന്തര താരങ്ങളും വിദേശതാരങ്ങളും ഇറ്റലിയിൽ നടന്ന പരിശീലനത്തിൽ പങ്കെടുത്തിരുന്നു.

കഴിഞ്ഞ സീസണിനു  മുൻപും സമാനരീതിയിൽ ചെന്നൈയിൻ ടീം പരിശീലനം നടത്തിയിരുന്നു. ഇതു ടീമിന്റെ ആത്മവിശ്വാസം വർദ്ധിപ്പിച്ചിരുന്നതായും കിരീട ധാരണത്തിലേക്കു നയിച്ചെന്നും ടീം മാനേജ്‌മെന്റ് വിലയിരുത്തിയിരുന്നു. അതാണ് ഇത്തവണയും വിദേശപരിശീലനം നൽകിയതത്രെ. കരുത്തും പരിശീലനവും മികവും പരിഗണിച്ചാൽ അഭിഷേക് ബച്ചന്റെയും എം.എസ്. ധോണിയുടെയും ഉടമസ്ഥതയിലുള്ള ടീം വീണ്ടുമൊരിക്കൽ കൂടി കിരീടമണിയുമെന്നുറപ്പ്.

ചെന്നൈയിൻ ടീം
മുന്നറ്റനിര: ഡേവിഡ് സൂസി, മൗറീഷ്യോ പെലൂസോ, ജെജെ ലാൽപെലൂഖ, ജയേഷ് റാണ, ബൽജിത് സാഹ്നി, ഡാനിയേൽ ലാലംപ്യൂയ, ഉത്തം റായ്.

മദ്ധ്യനിര: ഹൻസ് മുൾട്ടർ, മാനുവൽ ബ്ലാസി, റഫേൽഡ അഗുസ്‌തോ, ഹർമൻജ്യോത് കാബ്ര, തോയ് സിംഗ്, ധനപാൽ ഗണേശ്, സിയാം ഹംഗൽ.

പ്രതിരോധനിര: ജോൺ ആർനെ റീസെ, ബെർനാഡ് മെൻഡി, സാബിയ, എഡർ ഫെർണാണ്ടസ്, ധനചന്ദ്ര സിംഗ്, നെപ്പോളിയൻ മോഹൻരാജ്, അഭിഷേക് ദാസ്,
മെഹ്‌റാജുദ്ദിൻ വാഡു

ഗോൾ കീപ്പർമാർ: ഡ്വെയ്ൻ കെർ, കരൺജിത് സിംഗ്, പവൻ
കുമാർ.

Read More >>