പുതിയ പ്രതീക്ഷകളുമായി ഐഎസ്എൽ പോരാട്ടങ്ങളുടെ മൂന്നാമങ്കം

ഐപിഎല്‍ പോലെ പണക്കൊഴുപ്പിന്‍റെ ഉത്സവം മാത്രമാണ് ഐഎസ്എല്‍. എന്നാൽ പുതുമുഖ താരങ്ങള്‍ക്കു കഴിവ് തെളിയിക്കാനുള്ള അവസരം ഇതു വഴി ലഭിക്കും.

പുതിയ പ്രതീക്ഷകളുമായി ഐഎസ്എൽ പോരാട്ടങ്ങളുടെ മൂന്നാമങ്കം

സുഹൈൽ അഹമ്മദ്

ഒക്ടോബര്‍ ഒന്നിനു കേരള ബ്ലാസ്റ്റേഴ്സും നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡും ഗുവഹാട്ടിയില്‍ ഏറ്റുമുട്ടുന്നതോടെ  ഇന്ത്യന്‍ സൂപ്പര്‍ലീഗ് ഫുട്ബോള്‍ മത്സരങ്ങളുടെ മുന്നാം സീസണ്‍  ആരംഭിക്കും. ഡിസംബര്‍  18 നു ഈ ഫുട്ബോള്‍ കാര്‍ണിവല്‍ അവസാനിക്കുകയും ചെയ്യും.

ഇതിനിടയില്‍ ഇന്ത്യന്‍ ഫുട്ബോളിനെ കുറിച്ചു വായ്തോരാതെയുള്ള ചര്‍ച്ചകളുണ്ടാവും. അടിസ്ഥാന സൗകര്യമില്ലായ്മ,മികച്ച പരിശീലകരുടെ അസാന്നിധ്യം തുടങ്ങി നീളും ചർച്ചകൾ. ഐപിഎല്‍ പോലെ പണക്കൊഴുപ്പിന്‍റെ ഉത്സവം മാത്രമാണ് ഐഎസ്എല്‍. എന്നാൽ പുതുമുഖ താരങ്ങള്‍ക്കു കഴിവ് തെളിയിക്കാനുള്ള അവസരം ഇതു വഴി ലഭിക്കും. കള്ളപ്പണം വെളുപ്പിക്കാന്‍ വ്യവസായ ഭീമൻമാർ നടത്തുന്ന തമാശയാണ് ലീഗ് തുടങ്ങി കഴമ്പുള്ളതും തെളിവില്ലാത്തതുമായ ഒരുപാട് ആരോപണങ്ങള്‍ക്ക് ഇത്തവണയും സാധ്യതയുണ്ട്. ഒരു പക്ഷേ ഇത്തവണ  കൂടി മാത്രം.


കാരണം അടുത്ത വര്‍ഷം മുതല്‍ രാജ്യത്തെ ഒന്നാം ഡിവിഷന്‍ ഫുട്ബോള്‍ ലീഗായി ഐഎസ്എല്‍ മാറാന്‍ സാധ്യതയുണ്ട്. അതിനുള്ള അണിയറ നീക്കങ്ങള്‍ അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്‍ ശക്തിപ്പെടുത്തുന്നുമുണ്ട്. ഏഷ്യന്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷന്‍ സെക്രട്ടറി ജനറലുമായി അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി കുശാല്‍ ദാസിന്‍റെ നേതൃത്വത്തില്‍  കൂടിക്കാഴ്ച നടത്തിയിരുന്നു. ഇന്ത്യന്‍ ഫുട്ബോളിന്‍റെ വികസനത്തിനായി ഒരുമിച്ചു നീങ്ങാന്‍ ചർച്ചയിൽ ധാരണയായിട്ടുണ്ട്.  ഇതിൽ ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ് ഐഎസ് എല്ലിനെ ഇന്ത്യയിലെ ഒന്നാം ഡിവിഷനാക്കുക എന്നത്. അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്‍റെ മുഖ്യവാണിജ്യ പങ്കാളിയായ റിലയന്‍സ് ഗ്രൂപ്പാണ് നിലവില്‍ ഐഎസ്എല്‍ നടത്തുന്നത്. ഇതിനാല്‍ വാണിജ്യപരമായ വിജയം കൂടെ ഇതിന്‍റെ പിന്നിലുണ്ട് എന്നു പറയേണ്ടി വരും. ഒരു പക്ഷേ ദീര്‍ഘ കാലത്തേക്കുളള വ്യത്യസ്തമായൊരു നിക്ഷേപമാണ് റിലയന്‍സ് ലക്ഷ്യമിടുന്നത് എന്നും പറയാം.

സൂപ്പര്‍ ലീഗ് ഇന്ത്യന്‍ ഫുട്ബോളില്‍ കൊണ്ടുവന്ന മാറ്റങ്ങളെ അവഗണിക്കാന്‍ കഴിയില്ല. ഗ്യാലറിയില്‍ നിന്നുയരുന്ന ആവേശത്തിനനുസൃതമായി, നൃത്തച്ചുവടുകളേടെ, കാല്‍പന്തുകളെ തലോടുന്ന ലാറ്റിനമേരിക്കന്‍ ഫുട്ബോള്‍ സൗന്ദര്യവും യൂറോപ്യന്‍ ഫുട്ബോളിന്‍റെ വേഗവും കണ്ട് കണ്ണ്തള്ളിപ്പോയ കാല്‍പന്തു പ്രേമികളെ ഇന്ത്യന്‍ഫുട്ബോളിലേക്ക് തിരകെ കൊണ്ടു വന്നു എന്നത് ചെറിയ കാര്യമല്ല. ജെ ജെ ലാപ് പെക്കൂല എന്ന യുവതാരത്തെ പരിചയപ്പെടുത്തി. വിദേശ താരങ്ങളോടൊപ്പമുള്ള രാജ്യത്തെ കളിക്കാരുടെ സമ്പര്‍ക്കം അവരുടെ കളി മികവിന് അഴക് മാത്രമല്ല സാങ്കേതികത കൂടെ സമ്മാനിച്ചതായി കായിക മാസികകള്‍ വിലയിരുത്തിയിരുന്നു. സ്റ്റേഡിയങ്ങളിലേക്കു കാണികള്‍ ഒഴുകി. ടെലിവിഷനിലൂടെയും ഐഎസ്എല്‍ വിറ്റു പോയി. എന്നും ക്രിക്കറ്റിനു മാത്രം അടിമപ്പെട്ട ഇന്ത്യന്‍ വിപണിയെ ഫുട്ബോളിലേക്കു കൂടെ വിപുലമാക്കി.

ഫുട്ബോളിന്‍റെ പ്രൊഫഷണല്‍ മുഖം ഐഎസ്എല്ലിനു കൈവരുന്നു എന്നു പറയേണ്ടിയിരിക്കുന്നു. ആദ്യസീസണില്‍ 129 ഗോളുകള്‍ പിറന്നിടത്ത് രണ്ടാം സീസണിലത് 186 ആയി ഉയര്‍ന്നു. പാസുകളുടെ കൃത്യത 72 ശതമാനത്തില്‍ നിന്ന് 75 ആയി. ആദ്യ സീസണില്‍ ഒറ്റ ഹാട്രിക് ഉണ്ടായിടത്ത് രണ്ടാം സീസണില്‍ എട്ടു ഹാട്രിക്കുകള്‍പിറന്നു.

ഇക്കാരണങ്ങള്‍ കൊണ്ടു തന്നെയാവണം കാണികളുടെ എണ്ണത്തില്‍ 6.8 ശതമാനം വളര്‍ച്ച രണ്ടാം സീസണിലുണ്ടായത്. 52000 കാണികളുടെ ശരാശരിയുമായി കൊച്ചി ഒന്നാം സ്ഥാനത്തെത്തിയത്. ഡല്‍ഹിയില്‍ മാത്രം 24 ശതമാനം വളര്‍ച്ച ഉണ്ടായതായും കണക്കുകള്‍ സൂചിപ്പിക്കുന്നു.

ഇനി എല്ലാം തെളിയിക്കേണ്ടത് പുതിയ സീസണാണ്. പുതിയ ഇന്ത്യന്‍ താരങ്ങള്‍ ഉയർന്നു വരണം. വാണിജ്യ - മാധ്യമ പങ്കാളികള്‍ക്ക് നഷ്ടം ഉണ്ടാവരുത്. കാണികള്‍ ഒഴുകി എത്തണം. അവരെ നിരാശരാക്കാത്ത പ്രകടനങ്ങള്‍ കളിക്കാരില്‍ നിന്നുണ്ടാവണം.

Read More >>