ഇന്ത്യൻ ദൈവസഭയുടെ ആലയം പണിയിലും സഭാനേതാക്കന്മാരുടെ കയ്യിട്ടുവാരൽ

ഇന്ത്യയിലെ പെന്തക്കോസ്തുകാരുടെ വത്തിക്കാനാണ് കുമ്പനാട്ടെ ഹെബ്രോൻപുരം. സഭാ ആസ്ഥാനത്ത് വിശ്വാസികൾക്ക് അവധിക്കാലവസതി ഒരുക്കാമെന്ന് വാഗ്ദാനം ചെയ്തു കാശമുക്കിയതാകട്ടെ, ദൈവദാസന്മാരും.

ഇന്ത്യൻ ദൈവസഭയുടെ ആലയം പണിയിലും സഭാനേതാക്കന്മാരുടെ കയ്യിട്ടുവാരൽ

[caption id="attachment_43604" align="alignright" width="150"]ബീന ഏബ്രഹാം ബീന ഏബ്രഹാം[/caption]

ബീന ഏബ്രഹാം

തിരുവല്ല: ദൈവസഭയ്ക്ക് ആലയം പണിയുന്നതിൽ നിന്നു പണം അടിച്ചുമാറ്റിയ സത്യ വിശ്വാസികളുടെ കഥയാണ് പറയാൻ പോകുന്നത്. ലക്ഷങ്ങളുടെയല്ല, കോടികളുടെ തന്നെ തട്ടിപ്പ്. അതിന്റെ നിര്‍മ്മാണത്തില്‍ വ്യാപകമായി നടന്ന അലംഭാവവും നിഗൂഢ പങ്കാളിത്തവും സംബന്ധിച്ച രേഖകള്‍ നാരദാ ന്യൂസിന് ലഭിച്ചു. അതിലേക്കു വരുംമുന്നേ കുറേ പശ്ചാത്തല വിവരം നൽകണം.


നായർ സർവീസ് സൊസൈറ്റിക്കു പെരുന്ന പോലെയാണ് ഇന്ത്യൻ പെന്തക്കോസ്തു സഭയ്ക്ക് ഹെബ്രോൻ പുരം. തിരുവല്ലയ്ക്കും കോഴഞ്ചേരിക്കുമിടയിൽ കുമ്പനാട് ഭാഗത്ത് കണ്ണായ സ്ഥലത്താണ് ഇവരുടെ ആസ്ഥാനം. കൃത്യമായി പറഞ്ഞാൽ പുതിയ ‘സഹോദരങ്ങളെ’ വാർത്തെടുക്കുന്ന ഇടം. പെന്തക്കോസ്തുകാർക്ക് പുതിയ പാസ്റ്റർമാരെ പഠിപ്പിച്ചെടുക്കാനുള്ള സ്ഥലം. കൂടാതെ സഭയുടെ ആസ്ഥാനവും.

ഈ ആസ്ഥാന മന്ദിരത്തിന് മാറ്റുകൂട്ടാൻ 14 നിലയുള്ള ഫ്ലാറ്റ് സമുച്ചയം പണിയാൻ തീരുമാനിക്കുന്നത് 2012ലാണ്. നിലവിലുള്ള മൂന്നുനില കെട്ടിടത്തിനു മുകളിലേക്ക് ബാക്കി നിലകൾ കെട്ടിപ്പൊക്കാനായിരുന്നു പദ്ധതി. കൃത്യമായി പറഞ്ഞാൽ അമേരിക്കയിലും യൂറോപ്പിലും അറേബ്യന്‍ രാജ്യങ്ങളിലും ജോലിനോക്കുന്നവരായ "NRI " സഹോദരന്മാർക്കായി അപ്പാർട്മെന്റുകളും വില്ലകളും പണിതു നല്‍കാനായിരുന്നു, പ്ലാൻ.

കേരള കൗൺസിൽ ഓഫീസും ഡൈനിങ് റൂമും അടക്കമുള്ള കെട്ടിടം 1997ലാണ് പണി ആരംഭിക്കുന്നത്. അന്നത്തെ കൺവീനറും സഹപ്രവർത്തകരും ഏറെ വിയർപ്പൊഴുക്കിയാണ് അത് അടിസ്ഥാനം മുതൽ പണിതുയർത്തിയത്. അന്നത്തെ സാഹചര്യങ്ങളിൽ പല പ്രാവശ്യം സാമ്പത്തിക പ്രയാസങ്ങൾ മൂലം പണി തുടരാൻ കഴിയാതെ വരികയും വീണ്ടും ആരംഭിക്കയും ഒക്കെ ചെയ്തിട്ടുണ്ട്. അങ്ങനെ വിവിധ ഘട്ടങ്ങളിലായാണ് ഗ്രൗണ്ട് ഫ്ളോർ മുതൽ സെക്കൻഡ് ഫ്ളോർ വരെ പണി തീർത്തത്. ആ വിയർപ്പിന്റെ മുകളിലാണ് പുതിയ ബാബേൽഗോപുരം പണിതുയർത്താൻ തീരുമാനമായത്.

വിദേശത്തുള്ള മലയാളികളായ ഐപിസി അംഗങ്ങളിൽ നിന്ന് ഒരു കുടുംബത്തിന് 10 ലക്ഷം രൂപ എന്ന ടാർഗെറ്റ് ഇട്ടാണ് ആസ്ഥാനമന്ദിരത്തിനു പണം പിരിച്ചത്. പകരമായി അവർ സന്ദർശനത്തിനെത്തുമ്പോൾ ഒരു ഫുൾ ഫർണിഷ്ഡ് ഏസി റൂം, എത്ര ദിവസം അവിടെ താമസിച്ചാലും മൂന്നുനേരവും പഞ്ചനക്ഷത്ര നിലവാരത്തിൽ ആഹാരം, റൂമിന്റെ ഒരു താക്കോലും കൈവശം. മറ്റൊരു താക്കോൽ ജനറൽ കൗൺസിൽ ഓഫീസിലും, തിരിച്ചു പോകുന്ന നാൾ മുതൽ അവർ അടുത്ത വർഷം മടങ്ങി വരും വരെ ആ റൂം ജനറൽ കൗൺസിലിനു എന്തു ചെയ്യാനും അധികാരം: ഇതായിരുന്നു ഒരു റൂം സ്പോൺസർ ചെയ്യുന്നവർക്ക് നൽകിയ വാഗ്ദാനം. തങ്ങൾ കേരളത്തിലെത്തുമ്പോൾ സഭാആസ്ഥാനത്ത് തങ്ങൾക്കായി ഒരു മുറി. കയ്യിൽ പണമുള്ള ഏതു പെന്തക്കോസ്തുകാരനെയാണ് അതാകർഷിക്കാതിരിക്കുക? അമേരിക്കൻ മലയാളികളായ ഐപിസിക്കാർ ആഞ്ഞുശ്രമിച്ചു. ആവശ്യത്തിനു പണം ഒഴുകി. ഇതിനിടയിലാണ് കഥയിലെ ട്വിസ്റ്റ്.

“എന്റെ വസ്ത്രം അവർ പകുത്തെടുത്തു, എന്റെ അങ്കിക്കായി ചീട്ടിട്ടു”

ഐ.പി.സി.ഹെബ്രോന്‍ ഹെഡ്‌ക്വാട്ടേഴ്സില്‍ എല്ലാം തുടങ്ങുന്നതും അവസാനിക്കുന്നതും പ്രാര്‍ത്ഥനയില്‍ കൂടിയാണ്. പരിശുദ്ധാത്മാവില്‍ നിറഞ്ഞു നിന്ന് പ്രവചനത്തിലൂടെ അവര്‍ എല്ലാം തുടങ്ങും. അങ്ങനെയായിരുന്നു ഇവിടെ പണിത കെട്ടിടത്തിന്റെ കാര്യത്തിലും!

ക്രിസ്തുവിനെയും മാമോനെയും ഒപ്പം സ്നേഹിക്കാൻ ആരാലും സാധ്യമല്ല എന്നാണ് ഏവൻഗേല്യോസ്ഥന്മാരായ മത്തായിയും ലൂക്കോസും ഒരേപോലെ പറയുന്നത്. പണം, ദുരാർത്തി, ധനദേവത എന്നൊക്കെയാണ് മാമോന്റെ അർത്ഥം. ഐപിസിക്കാരുടെയിടയിൽ അത്തരമൊരു മാമോൻ ആരാധകനുണ്ടോ എന്നറിയില്ല. എങ്കിലും കെട്ടിടം പണിയിൽ മാമോന്റെ സാന്നിദ്ധ്യം കൃത്യമായും വെളിപ്പെട്ടു.

[caption id="attachment_43594" align="alignleft" width="350"]സുധി ഏബ്രഹാം സുധി ഏബ്രഹാം[/caption]

കെട്ടിടനിര്‍മ്മാണവുമായി ബന്ധപ്പെട്ടു ക്രമക്കേട് ഉണ്ടെന്ന് സഭയ്ക്ക് തോന്നിയതിനാലാകണം ആദ്യം ഖാന്‍ കമ്മിറ്റി അന്വേഷണം നടത്തിയത്. ചാർട്ടേഡ് എഞ്ചിനീയറും സ്ട്രക്ചറൽ കൺസൽട്ടന്റുമായ എഞ്ചിനീയർ എം എം ഖാൻ ആയിരുന്നു എക്സ്റ്റേണൽ റിവ്യൂവറായി വന്നത്. അദ്ദേഹം സമർപ്പിച്ച മൂന്നുപേജടങ്ങുന്ന ഇവാല്യുവേഷൻ റിപ്പോർട്ട് ലഭ്യമായ രേഖകളുടെ മാത്രം അടിസ്ഥാനത്തിലുള്ളതാണ്. അതായത് ആവശ്യത്തിനുള്ള രേഖകൾ നൽകി ആ കമ്മിഷനോടു സഹകരിക്കാൻ പോലും ഐപിസിയിലെ ഉന്നതർ തയ്യാറായില്ല. ആരെയും കുറ്റപ്പെടുത്താതെ എന്നാൽ നടത്തിപ്പിലെ പ്രശ്നങ്ങൾ അക്കമിട്ടു നിരത്തിയാണ് ആ റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. എന്നാൽ ഇത് പോരാ എന്ന് കരുതിയതിനാലാവണം,‍ ഐ.പി.സി. കോര്‍ കമ്മിറ്റിയും പ്രത്യേക അന്വേഷണവുമായി രംഗത്തെത്തി. ഇത് പ്രഹസനമായിരുന്നു എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

എല്ലാ റിപ്പോര്‍ട്ടുകളും പൂഴ്ത്തിവച്ചു രണ്ടു കമ്മിറ്റികളും അക്ഷയപാത്രത്തില്‍ നിന്നും ഒരുമിച്ചു കയ്യിട്ടുവാരി. കട്ടവനെ മാത്രം രണ്ടുകൂട്ടരും കണ്ടെത്തിയില്ല. ആര്‍ക്കാണ് ഈ കച്ചവടത്തില്‍ നിന്നും ലാഭാമുണ്ടായതെന്ന് കോര്‍ കമ്മിറ്റിയ്ക്കു പോലും കണ്ടെത്താന്‍ കഴിഞ്ഞില്ല എന്നുള്ളത് വിചിത്രം തന്നെയാണ്. ഇങ്ങനെ ഒരു കാര്യം അന്വേഷിക്കാന്‍ FBIയുടെതോ, CBIയുടെതോ ആയ അതിനിഗൂഢ അന്വേഷണശൈലി പഠിക്കേണ്ടതില്ല. കട്ടവനെ കണ്ടെത്തണം എന്നുള്ള നിശ്ചയദാർഡ്യം മാത്രം മതി അതിന്.

തിരുവല്ലയിലെ എവിഎസ് സെറീൻ ബിൽഡേഴ്സ് എന്ന സ്ഥാപനത്തിനായിരുന്നു കെട്ടിടം പണിയുടെ ടെൻഡർ ലഭിച്ചത്. അതെങ്ങനെ എന്നു വഴിയേ പറയാം. ഈ സ്ഥാപനത്തിനു വേണ്ടി കരാറിൽ ഏർപ്പെട്ടിരിക്കുന്നത് മാനേജിങ് ഡയറക്റ്റർ എന്ന കപ്പാസിറ്റിയിൽ സുധി ഏബ്രഹാമാണ്. ഇതേ ബിൽഡർമാരുടെ വെബ്സൈറ്റിൽ ചെയർമാനും മാനേജിങ് ഡയറക്റ്ററും ആയി പരിചയപ്പെടുത്തുന്നത് ഏബ്രഹാം ജോസഫിനെയാണ്. അതിലൊരിടത്തും സുധി ഏബ്രഹാം എന്ന പേരില്ല. ഒരു സ്ഥാപനത്തിന് രണ്ട് മാനേജിങ് ഡയറക്റ്റർമാർ ഉണ്ടാവുമോ എന്നു നിശ്ചയമില്ല. തന്നെയുമല്ല, പൂർത്തിയാക്കിയതോ നിലവിൽ തുടരുന്നതോ ആയ പദ്ധതികളുടെ പട്ടികയിലും ഐപിസി ഹെബ്രോൻ ആസ്ഥാനത്തെ കെട്ടിടംപണി സൂചിതമല്ല.

എങ്കിലും ഈ സുധി ഏബ്രഹാം ആരെന്നു പറയേണ്ടതുണ്ട്. പെന്തകോസ്തല്‍ യുവജന സംഘടനയായ PYPAയുടെ (Pentecostal Young People's Association) അദ്ധ്യക്ഷനാണ് ഈ യുവാവ്. സ്വാഭാവികമായും പെന്തക്കോസ്തുകാരാണ് ക്ലയന്റ്സിൽ പലരും.

[caption id="attachment_43593" align="aligncenter" width="640"]14047184_312679529080759_8891180379490803727_o പിവൈപിഎ സമ്മേളനത്തിൽ ബ്രദർ സുധി ഏബ്രഹാം സംസാരിക്കുന്നു[/caption]

കെട്ടിടത്തെ സംബന്ധിച്ചു‍ പരാതിയിന്മേല്‍ പരാതി കുമിഞ്ഞുകൂടാന്‍ അധികം സമയമൊന്നും വേണ്ടി വന്നില്ല. വളരെ ആഗ്രഹത്തോടെ പണം കൊടുത്തവർ അവിടെ താമസിക്കാൻ വന്നപ്പോൾ കണ്ടത് ഉത്സവം കഴിഞ്ഞ പറമ്പുപോലെ അലങ്കോലപ്പെട്ടു കിടക്കുന്ന ഇടമാണ്. ടോയ്‌ലറ്റ്‌ സൗകര്യമോ ആവശ്യത്തിനു വെള്ളമോ മുറികളിൽ വൈദ്യുതി കണക്ഷനോ ഇല്ലായിരുന്നു. ഇനിയും പണിതീരാത്ത സൗധത്തിൽ വേണ്ടുംവിധം വെന്റിലേഷൻ ഇല്ലായിരുന്നു. ജനാലകൾ അലുമിനിയമം സ്ലൈഡിങ് പാനൽ കൊണ്ടാണ് ഉണ്ടാക്കിയിരിക്കുന്നത്. അങ്ങനെ അകെ പണിതീരാത്ത സൗധം മിച്ചമായി. തുടർന്ന് അതിനു മുകളിൽ പണിയാൻ കഴിയില്ല എന്നാണ് വിദഗ്ദ്ധ എഞ്ചിനീയർമാരുടെ അഭിപ്രായം. ഇതിനോടകം പണിതീരാത്ത ഒരു നിലയ്ക്കായി 1.7 കോടി ചെലവായി കഴിഞ്ഞു.

സ്വന്തം 'സഹോദരന്‍' ആയതിനാല്‍ പരാതി പറയാനും പലരും മടിച്ചു. എന്നാല്‍ മാമോൻസേവ അങ്ങാടിപ്പാട്ടാകാന്‍ അധികം താമസമില്ലല്ലോ. സുധിയുടെ സെറീൻ ബിൽഡേഴ്സ് തട്ടിപ്പുകഥകള്‍ പല പത്രങ്ങളിലും അച്ചടിച്ചുവന്നു. എങ്കിലും വിശ്വാസിസമൂഹം സുധി ബ്രദറിനോട് പൂര്‍ണ്ണമനസ്സോടെ ക്ഷമിച്ചു. അങ്ങനെത്തന്നെ വേണമല്ലോ. സന്ധ്യയാകും മുന്നെ നീ നിന്റെ സഹോദരനോടു നിരപ്പാകാനാണു കര്‍ത്താവ് പറയുന്നതും.

എന്നിരുന്നാലും സത്യം സത്യമല്ലാതെയാകുന്നില്ല. വിവാദമായ പതിനാലു നില കെട്ടിടം പണിയുമ്പോള്‍, സുധി ഏബ്രഹാം ആരെയെല്ലാം വിശ്വാസത്തിലെടുത്താണ് ഈ മായാജാലം കാട്ടിയത് എന്നുള്ളത് അജ്ഞാതം. ഇദ്ദേഹം കനിഞ്ഞവര്‍ക്ക് സൗജന്യമായി ഫ്ലാറ്റ് ലഭിച്ചു, ഒപ്പം ഫ്ലാറ്റിന്‍റെ വിലയും!

[caption id="attachment_43595" align="alignright" width="350"]പാസ്റ്റർ ജേക്കബ് ജോൺ പാസ്റ്റർ ജേക്കബ് ജോൺ[/caption]

ഐ.പി.സിയുടെ പ്രസിഡന്റ് പാസ്റ്റര്‍ ജേക്കബ്‌ ജോണ്‍ വലിയ അട്ടിമറിയിലൂടെയാണ് നിലവിലെ കുടുംബവാഴ്ചയ്ക്ക് അവസാനം കുറിച്ച്, വത്സന്‍ എബ്രഹാമിനെ തോല്‍പ്പിച്ച് ആ സ്ഥാനത്തെത്തിയത്. പഞ്ചായത്ത് തിരഞ്ഞെടുപ്പിനെ പോലും തോല്‍പ്പിക്കും വിധമുള്ള കയ്യാങ്കളിയും ബൂത്ത്‌ പിടുത്തവും, എതിരാളിയെ അപമാനിക്കും വിധമുള്ള നുണപ്രചാരണം, കിവംദന്തി പരത്തുവാന്‍ രഹസ്യ നോട്ടീസുകള്‍ അച്ചടിച്ച്‌ വിതരണം ചെയ്യൽ. ആകെ ജഗപൊഗയായിരുന്നു, ഐപിസി തെരഞ്ഞെടുപ്പ് ! കീഴ്ക്കോടതി മുതല്‍ ഹൈക്കോടതി വരെ നീളുന്ന വ്യവഹാരങ്ങളും ഒപ്പമുണ്ട്. അതല്ലെങ്കിലും കേരളത്തിലെ സഭകളുടെ കൂടപ്പിറപ്പാണ് വ്യവഹാരം. ബ്രിട്ടീഷുകാരുടെ കാലത്ത് വട്ടിപ്പണക്കേസിൽ തുടങ്ങിയതാണല്ലോ, ഈ കളി. ഈ വക പ്രവര്‍ത്തികളും പ്രാര്‍ത്ഥിച്ചു കൊണ്ടുത്തന്നെയായിരിക്കുമോ ഇവര്‍ ചെയ്തിട്ടുണ്ടാകുക?

പഞ്ചാബില്‍ സുവിശേഷകനായി പ്രവര്‍ത്തിച്ചുകൊണ്ടായിരുന്നു പാസ്റ്റര്‍ ജേക്കബ്‌ ജോണ്‍ ശുശ്രൂഷാ ജീവിതം ആരംഭിക്കുന്നത്. അവിടെനിന്ന് ഇങ്ങോട്ട് ദൈവം എടുത്തുയര്‍ത്തി. പ്രതിസന്ധികളില്‍ ദൈവം തന്നെ സഹായമായി എത്തിയിരുന്നു എന്ന് പാസ്റ്റര്‍ സാക്ഷ്യം പറയുന്നു. അനുബന്ധമായി ജീവിതാനുഭവ സാക്ഷ്യവും അദ്ദേഹം പറയും: വടക്കേ ഇന്ത്യയിൽ ശുശ്രൂഷിക്കാന്‍ എത്തിയ ജേക്കബും ഭാര്യയും വാടക വീട്ടിലായിരുന്നു താമസിച്ചിരുന്നത്. കയ്യിൽ ഒട്ടും പണമില്ല, കഴിക്കാന്‍ ആഹാരമില്ല, ദാരിദ്ര്യത്തോട് ദാരിദ്ര്യം. എങ്കിലും അവര്‍ പ്രാര്‍ത്ഥനയില്‍ ബലപ്പെട്ടു നിന്നു. അങ്ങനെ പലദിവസങ്ങൾ കടന്നു പോയി. ഒരിക്കൽ ഇങ്ങനെ പ്രാര്‍ഥനയില്‍ മുഴുകി സര്‍വ്വശക്തനായവനോട് തങ്ങളുടെ സങ്കടങ്ങള്‍ പറഞ്ഞ് ഇരിക്കുമ്പോഴാണ് ആ വീടിന്റെ മേല്‍ക്കൂരയില്‍ കൂടി ഓടിപ്പോയ ഒരു എലിയുടെ കയ്യില്‍ നിന്നും ഒരു നൂറു രൂപാ നോട്ട്, അവരുടെ കയ്യിലേക്ക് വീണു… “ഏലിയാവിന് ദൈവം കാക്കയെ ഒരുക്കിയെങ്കില്‍, അടിയന് ദൈവം ഒരുക്കിയിരുന്നത് ഒരു എലി ആയിരുന്നു… സ്തോത്രം!”

[caption id="attachment_43596" align="alignleft" width="350"]പാസ്റ്റർ കെ സി ജോൺ പാസ്റ്റർ കെ സി ജോൺ[/caption]

കെ.സി.ജോൺ ഐപിസിയുടെ ഐക്കോണിക് മുഖമാണ്. ബിബ്ലിക്കൽ ക്ലർജിയായ ഇദ്ദേഹം സഭാനേതൃത്വത്തിൽ പലവർഷമായി തുടരുന്നു. ആറുവർഷം സഭയുടെ ജനറൽപ്രസിഡന്റ് ആയിരുന്ന ഇദ്ദേഹം ഇപ്പോൾ ജനറൽ സെക്രട്ടറി ആണെന്നു വിക്കിപ്പീഡിയ പേജ് സാക്ഷിക്കുന്നു. പവർവിഷൻ എന്ന ഇവാഞ്ചലിസ്റ്റ് ചാനലിന്റെ സ്ഥാപക ചെയർമാനുമാണ്. പതിനേഴു കോടി ബഡ്ജറ്റില്‍ പണിതുയര്‍ത്തിയ ഒന്നിനും കൊള്ളാത്ത കെട്ടിടത്തില്‍ നിന്നും ഓഹരി പറ്റിയവര്‍ ഇവരൊക്കെയാണ്.

കെട്ടിടം പണിയെ സംബന്ധിച്ച ഖാൻ കമ്മിഷൻ റിപ്പോർട്ട് പറയുന്ന ആദ്യത്തെ പോയിന്റ് തന്നെ കെട്ടിടം പണിക്ക് ആവശ്യമായ ടൗൺ പ്ലാനിങ് വിഭാഗത്തിന്റെ അനുമതിയോ പ്രാദേശിക ഗ്രാമപഞ്ചായത്തിന്റെ അനുമതിയോ മലിനീകരണ നിയന്ത്രണ ബോർഡിന്റെ അനുമതിയോ നേടിയിട്ടില്ല എന്നാണ്. ഇത്ര വലിയ സമുച്ചയം ഉണ്ടാക്കുമ്പോൾ അതി‍ന്റെ പ്ലാനിനു മുന്‍‌കൂര്‍ അംഗീകാരം വേണമെന്ന് ഉന്നതമായ ശ്രേണിയില്‍ ഇരിക്കുന്ന ഇവര്‍ക്ക് അറിയില്ലെന്നാണോ? അതോ പ്രാർത്ഥനയിലൂടെ എല്ലാ തടസ്സവും നീങ്ങുമെന്നും മേൽക്കൂരയിൽ നിന്നു സാക്ഷാൽ ഡിങ്കഭഗവാൻ അനുമതിപത്രം ഇട്ടുനൽകുമെന്നും ഇവർ നിനച്ചിരുന്നോ?

കെട്ടിടം പണി പൂർത്തിയായ ശേഷം പഞ്ചായത്തിൽ നിന്നും ആരെയൊക്കെയോ സ്വാധീനിച്ചു കുറെ പേപ്പറുകള്‍ ഇവര്‍ സംഘടിപ്പിച്ചിട്ടുണ്ട്. കുറ്റം പറയരുതല്ലോ, അതും സിറോക്സ്‌ കോപ്പി മാത്രം.

നിലവിലെ മൂന്നുനിലക്കെട്ടിടത്തിനു മുകളിലേക്ക് 11 നിലകൾ കൂടി കെട്ടിപ്പൊക്കാനുള്ള പദ്ധതിയായിരുന്നു എന്ന് ആദ്യമേ പറഞ്ഞിരുന്നല്ലോ. 44 മീറ്റർ ഉയരമുള്ള ഹൈറൈസ് ബിൽഡിങ്ങിന്റെ പ്രധാന ബ്ലോക്കിനു മാത്രം 43മീറ്റർ x 37 മീറ്റർ ആണ് ബിൽറ്റ് അപ് ഏരിയ. ഇത്തരം കെട്ടിടത്തിന് ആവശ്യമായ കൺസ്ട്രക്ഷൻ ജോയിന്റ്, ഫയർ ആൻഡ് എമർജൻസി എസ്കേപ്പ്, ഡക്റ്റ്സ്, സെൻട്രലൈസ്ഡ് സ്റ്റെയേഴ്സ് എന്നിവ കെട്ടിടത്തിന്റെ പ്ലാനിൽ പോലും ഇല്ല. അപകടമുണ്ടായാല്‍, അവിടെ താമസിക്കുന്നവര്‍ അവിടെക്കിടന്നു തന്നെ പരലോകം പൂകണം!

വലിയ കെട്ടിടങ്ങൾ പണിയുമ്പോൾ അത്തരമൊരു കെട്ടിടത്തെ താങ്ങാനുള്ള ഉറപ്പ് മണ്ണിനുണ്ടോ എന്നു പരിശോധിക്കേണ്ടതുണ്ട്. ബലക്കുറവാണെങ്കിൽ അതിനനുസൃതമായ പൈലിങ് വർക്സ് ചെയ്തുവേണം കെട്ടിപ്പൊക്കാൻ. എന്നാൽ ഇവിടെ നിലവിലെ കെട്ടിടം നിലനില്‍ക്കുന്ന മണ്ണ് പോലും പരിശോധിച്ചിട്ടില്ല. അനുമതി ലഭിച്ച സ്ട്രക്ചറൽ ഡ്രോയിങ്സ് ഇല്ല, സർവീസ് ഡ്രോയിങ്സ് ഇല്ല, ഷോപ് ഡ്രോയിങ്സ് ഇല്ല, ചുരുക്കത്തിൽ പ്രധാനപ്പെട്ട രേഖകളൊന്നുമില്ല. അല്ലെങ്കിൽ അവയെല്ലാം മിസിങ് ആണ്. അതിശയമെന്നല്ല ഇതിനെ പറയേണ്ടുന്നത്, വലിയ വിരോധാഭാസം എന്നാണ്.

അതിലും വലിയ തമാശ കെട്ടിടം പണി നിരീക്ഷിക്കാൻ പോലും ഐപിസി നേതൃത്വം ഒരാളെ ഏല്പിച്ചിട്ടില്ല. അതായത് പ്രസ്തുത നിര്‍മ്മാണം നടക്കുമ്പോള്‍ സഭയുടെതായ ഒരു സൂപ്പര്‍വൈസര്‍ പോലും അവിടെ ഉണ്ടായിരുന്നില്ല. ക്വാളിറ്റി മെറ്റീരിയൽ ആണോ ഉപയോഗിക്കുന്നതെന്ന് അറിയാനൊ തിരക്കാനോ ഐപിസിയുടെ ഭാഗത്തുനിന്നോ കൺസൽട്ടന്റ്സിന്റെ ഭാഗത്തുനിന്നോ അവിടെ ആളുകൾ ഉണ്ടായിരുന്നില്ല. പണിയുടെ ഗുണമേന്മ പൊതുവിൽ മോശമായിരുന്നു എന്നാണ് ഖാൻ കമ്മിഷന്റെ കണ്ടെത്തൽ. കഴിയുന്നത്ര തുക മത്സരബുദ്ധിയോടെ പിരിച്ചെടുക്കാന്‍ എല്ലാവരുമുണ്ട്. അക്കൗണ്ടബലിറ്റി ഉറപ്പാക്കാന്‍ ആർക്കും സമയമില്ല, ആരെയും ഏല്പിച്ചിട്ടുമില്ല.

വർക് മാനേജ്മെന്റ് ഏതാണ്ട് ഇല്ല എന്നുതന്നെയാണ് ഖാൻ കമ്മിഷൻ പറയുന്നത്. എംപ്ലോയർ ആയ ഐപിസിയും കൺസൽട്ടന്റ് ആയ ജേക്കബ് ചാണ്ടി ആൻഡ് അസോസിയേറ്റ്സും കോൺട്രാക്റ്ററായ എവിഎസ് സെറീൻ ബിൽഡേഴ്സ് തിരുവല്ലയും തമ്മിൽ യാതൊരു കോ-ഓർഡിനേഷനും ഇല്ലായിരുന്നുവെന്ന് റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു. പണം വിതരണം ചെയ്യുന്നതിൽ ഒതുങ്ങിനിന്നു, ഐപിസിയുടെ റോൾ. നിർമ്മാണഘട്ടത്തിൽ ഒരിടത്തും കൺസൽട്ടന്റിന്റെ പങ്കാളിത്തം ദൃശ്യമായിരുന്നില്ല. സൈറ്റിലെ ഏതെങ്കിലും ഒരു മെഷർമെന്റ് എങ്കിലും കൺസൽട്ടന്റ് പരിശോധിച്ചതായി അറിവില്ല.

റിപ്പോർട്ടുകളിൽ നിന്നും മനസ്സിലാക്കുന്നത്‌ സുധി എബ്രഹാം നേരായ വഴിയിൽ കൂടിയല്ല ഈ കെട്ടിടം പണിയുടെ കരാര്‍ നേടുന്നത് എന്നാണ്. ഒരു മലയാള ദിനപത്രത്തിൽ ഐപിസി കെട്ടിടത്തിന്റെ ടെൻഡർ പരസ്യം കൊടുക്കുന്നു, അടങ്കൽ തുക പതിനേഴു കോടി, ഓപ്പൺ ടെൻഡർ. പരസ്യം കണ്ടു പലരും ടെൻഡർ കൊട്ടേഷന്‍ കൊടുത്തു. അപ്പോഴാണ്‌ സുധിയുടെ സെറീൻ ബിൽഡേഴ്‌സ് മറ്റൊരു സംഖ്യയുമായി രംഗത്തെത്തുന്നത്. പന്ത്രണ്ടു കോടിയിൽ എല്ലാ പണികളും തീര്‍ത്തു കൊടുക്കാം എന്ന മോഹന വാഗ്ദാനം അദ്ദേഹം മുന്നോട്ടു വച്ചു. ഐപിസി സഭയുടെ കത്തിജ്വലിക്കുന്ന യുവരക്തം, യുവജന സംഘടനയുടെ അധ്യക്ഷൻ, സഭയുടെ പ്രിയപ്പെട്ട കുഞ്ഞാടും. കോൺട്രാക്ട് സുധിക്ക് തന്നെ! പിന്നെയും കഥകൾ മാറി മറിഞ്ഞു. കരാർ അംഗീകരിച്ചതിന്റെ പിറ്റേ ദിവസം ഏഴുകോടി രൂപയുടെ അഡീഷണൽ കൊട്ടേഷൻ വേറെ വന്നുവെന്നാണ് പാണന്മാർ പാടി നടക്കുന്നത്. അതായത് പന്ത്രണ്ടുകോടിയുടെ സ്ഥാനത്ത് പത്തൊൻപതു കോടി!

[caption id="attachment_43620" align="aligncenter" width="640"]Screen Shot 2016-09-18 at 11.16.56 AM ആരെയും കുറ്റക്കാരായി കണ്ടെത്താതെ തടി കയ്ച്ചിലാക്കുന്ന ഐപിസി ജനറൽ ബിൽഡിങ് കോർ കമ്മിറ്റി റിപ്പോർട്ട്[/caption]

മുംബൈയിൽ ബിസിനസ്സുകാരനായിരുന്ന സുധി ഏബ്രഹാമിന് ആരെയൊക്കെ എങ്ങനെയൊക്കെ വിഴുങ്ങണം എന്ന് നന്നായി അറിയാം. അഡ്വാൻസ് കൊടുക്കുന്നതിൽ കർശന നിയന്ത്രണങ്ങളാണ് ടെൻഡർ ഡോക്യുമെന്റിലുള്ളത്. പക്ഷെ ആ നിബന്ധനകള്‍ എല്ലാം ക്രമേണ കാറ്റിൽ പറന്നു. മുൻകൂറായി പലതുകകളും സുധി കൈപ്പറ്റി. നിബന്ധന പ്രകാരം കൺസൽട്ടന്റിന്റെ പക്കൽ നിന്നുള്ള ഒരു റിപ്പോർട്ടും കൂടാതെയാണ് മുൻകൂർ തുക വസൂലാക്കിയത്. ഇങ്ങനെ വാങ്ങുന്ന ഓരോ ഗഡുക്കൾക്കും പണി പൂർത്തിയാക്കിയതിന്റെ വർക് റിപ്പോർട്ട് സമർപ്പിച്ചാൽ മാത്രമേ പിന്നീട് പണം കൈപ്പറ്റാനാവൂ. അതും നടന്നിട്ടില്ല.

മൂന്നുമാസത്തിനിടയിൽ മാത്രം ഒരുകോടി പതിനഞ്ചുലക്ഷം രൂപയാണ് കോൺട്രാക്റ്റർക്ക് അഡ്വാൻസ് ചെയ്തത്. ഇവയിൽ ഒരു ഇരുപതു ലക്ഷത്തിന്റെയും ഒരു മുപ്പതു ലക്ഷത്തിന്റെയും അഡ്വാൻസ് പേമെന്റ് നടത്തിയത് നാലാഴ്ചത്തെ ഇടവേളയിലാണ്. ക്രമരഹിതവും തുടർച്ചയായതുമായ ഈ അഡ്വാൻസുകളെ കുറിച്ച് ക്യാഷ്യർ മുന്നറിയിപ്പ് നൽകിയിരുന്നില്ലായെങ്കിൽ ഐപിസിക്ക് ഉണ്ടാകുമായിരുന്ന നഷ്ടം ഇതിലും ഭീമമായിരുന്നേനെ എന്നാണ് ഖാൻ കമ്മിഷൻ ഇതേക്കുറിച്ചു പറയുന്നത്. ഇങ്ങനെ പണമൊഴുക്കുന്നതിന് തടസ്സം പറഞ്ഞത് ഐപിസിയുടെ ട്രഷറർ മാത്രമാണെന്നും അതിന് അദ്ദേഹത്തെ അഭിനന്ദിക്കണമെന്നും റിപ്പോർട്ട് പറയുന്നു.

പണിത കെട്ടിടത്തിന്‍റെ ഭിത്തികള്‍ക്കാകെ ബലക്കുറവ്, പലഭാഗങ്ങളും ഇപ്പോള്‍ തന്നെ വിണ്ടുകീറി, എയർ സര്‍ക്കുലേഷന്‍ എവിടെയുമില്ല. മുറികൾ അധികവും ജയിലിലെ സെല്ലുകള്‍ പോലെയാണ്. ഉപയോഗിച്ചിരിക്കുന്ന മര ഉരുപ്പടികള്‍ ഏറ്റവും നിലവാരം കുറഞ്ഞവ, റെയിലുകള്‍ ഇല്ലാത്ത ജനാലകള്‍, നേരെ ചൊവ്വേ ടൈൽസ് പോലും പാകിയിട്ടില്ല, പാകിയതാകട്ടെ അധികവും പൊളിഞ്ഞു കിടക്കുന്നു, ഇലക്ട്രിസിറ്റി പാനൽ എവിടെയുമില്ല, പ്ലംബിംഗ് നടത്തിയില്ല. ആകെ ഒരു തട്ടുമുട്ടു രീതി എല്ലായിടവും അനുഭവപ്പെടും.

പ്രവർത്തിപരിചയമുള്ള ആർക്കിടെക്റ്റ് കൺസൽട്ടന്റായിട്ടുണ്ടായിരുന്നിട്ടും ലളിതമായ ക്യൂബ് ടെസ്റ്റ് നടത്താനോ സ്ലമ്പ് ടെസ്റ്റ് നടത്താനോ ഉപയോഗിച്ച വസ്തുക്കളുടെ യീൽഡ് ടെസ്റ്റ് നടത്താനോ കോൺട്രാക്റ്റർ ശ്രദ്ധിച്ചില്ല. കോൺക്രീറ്റ് പണിക്കു ശേഷം ആവശ്യമായ തോതിൽ വെള്ളം കെട്ടി നിർത്തുക തുടങ്ങിയ കാര്യങ്ങൾ പോലും ചെയ്തിട്ടില്ല. മെഷർമെന്റ് ബുക്കോ സൈറ്റ് ഓർഡർ ബുക്കോ സൂക്ഷിച്ചിട്ടില്ല. കെട്ടിടത്തിന് ഭാവിയിൽ എന്തെങ്കിലും ഘടനാപരമായ പിഴവുകൾ ഉണ്ടായെന്നു കണ്ടാൽ പോലും അതിന്റെ കാരണം അന്വേഷിക്കണമെങ്കിൽ ഇത്തരം റെക്കോർഡുകളൊക്കെ ആവശ്യമായിരുന്നു.

[caption id="attachment_43619" align="aligncenter" width="640"]എഞ്ചിനീയർ എം എം ഖാൻ നൽകിയ ഇവാല്യുവേഷൻ റിപ്പോർട്ടിലെ ഉപദേശം എഞ്ചിനീയർ എം എം ഖാൻ നൽകിയ ഇവാല്യുവേഷൻ റിപ്പോർട്ടിലെ ഉപദേശം[/caption]

സ്റ്റെബിലിറ്റി സർട്ടിഫിക്കറ്റ് പോലും സംഘടിപ്പിക്കാതെ നിലവിലുള്ള കെട്ടിടത്തിനു മുകളിലേക്ക് 11 നിലകൾ കെട്ടിപ്പൊക്കാൻ മാനേജ്മെന്റിന് എങ്ങനെ അനുമതി ലഭിച്ചു എന്ന് അത്ഭുതം കൂറുന്നുമുണ്ട്, എഞ്ചിനീയർ എം എം ഖാൻ. ഒടുവിൽ ഒരുപദേശവും അദ്ദേഹത്തിന്റേതായുണ്ട്. മേലാൽ മെസേഴ്സ് ഐപിസി ഒരു നിർമ്മാണക്കരാറിൽ ഏർപ്പെടുമ്പോൾ ഐപിസിയുടെ ഭരണനിർവ്വഹണാംഗങ്ങളുമായി നേരിട്ടുള്ള ബന്ധമോ ഏതെങ്കിലും കടപ്പാടോ ഇല്ലാത്ത ക്വാളിഫൈഡ് എക്സ്പീരിയൻസ്ഡ് കൺസൽട്ടന്റിന്റെ ഉപദേശം സ്വീകരിച്ചു മാത്രമേ മുന്നോട്ടു പോകാവൂ എന്നാണ് ഈ ഉപദേശം. അതിലെ കൊളുത്ത് കൃത്യമാണ്. ഈ കെട്ടിടത്തിന്റെ പണിക്കു സംഭവിച്ചത്, ഈ അടുപ്പം കൊണ്ടുണ്ടായ ദോഷമാണെന്നു തന്നെ.

ഐപിസിയുടെ ഈ കെട്ടിടം പണിയുടെ നിർമാണത്തിന് വേണ്ടി അമേരിക്കയിലും മറ്റു വിദേശ രാജ്യങ്ങളിലും നല്ല പോലെ പണപ്പിരിവു നടത്തിയിട്ടുണ്ട്. അപ്പോള്‍ പറഞ്ഞിരുന്ന ഒരു ഓഫർ ഇങ്ങനെ ആയിരുന്നു - പത്തു ലക്ഷം രൂപാ കൊടുത്താൽ ഒരു കുടുംബത്തിന് ഒരു ഫ്ലാറ്റ് ലഭിക്കും. പഞ്ചനക്ഷത്ര ഹോട്ടലുകൾക്കു സമാനമായ മുറികളും സുഖസൗകര്യങ്ങളും അതില്‍ ഉണ്ടാകും. സ്വര്‍ഗ്ഗതുല്യമായ അവധിക്കാലത്തിന് ഇതില്‍ പരമെന്തു വേണം? എന്നാല്‍, ലളിതമായി പറയാം, ഇപ്പോഴത്തെ സ്ഥിതിയിൽ ഇത് തകര്‍ന്നു പൊളിഞ്ഞ ഒരു 'ലക്ഷംവീട്' മാത്രമാണ്. വിപുലമായ ഒരു പ്രോജക്റ്റ് എങ്ങനെ ഈ പരുവത്തിലായി? ആർക്കും അറിയില്ല. ആർക്കാണ് ഇതിന്റെ ഉത്തരവാദിത്തം? ഇത് അന്വേഷിച്ചവരുടെ പക്കല്‍ ഉത്തരമുണ്ട്. എന്നാല്‍ പരസ്യമായ മറുപടി പ്രതീക്ഷിക്കേണ്ടതില്ല, കാരണം ആ ചക്കരക്കുടത്തിന്‍റെ രുചി അവരും അനുഭവിച്ചിട്ടുണ്ട്!

Read More >>