ഓണ വിവാദത്തിൽ പശ്ചാത്താപമില്ലെന്ന് കെ ഇ എൻ; 'കൂടുതൽ സവർണ്ണ തന്ത്രങ്ങൾക്ക് കാത്തിരിക്കുക': പ്രത്യേക അഭിമുഖം

ഓണം പോലുള്ള അന്യമത ആഘോഷങ്ങങ്ങളിൽ ഇസ്ലാം മതസ്ഥർ പങ്കാളികളായിക്കൂടെന്ന് ഇസ്ലാം മതവാദികളിൽ ചിലരും, മഹാബലിയെന്ന സാമ്രാജ്യശക്തിയെ ചവിട്ടിത്താഴ്ത്തിയ പുണ്യപുരുഷനാണ് വാമനനെന്ന് ഹിന്ദുത്വവാദികളും നിലപാടെടുത്ത പശ്ചാത്തലത്തിൽ കെ ഇ എൻ നാരദാ ന്യൂസിനോട് സംസാരിക്കുന്നു.

ഓണ വിവാദത്തിൽ പശ്ചാത്താപമില്ലെന്ന് കെ ഇ എൻ; 

പത്താണ്ടുമുമ്പ് താൻ തുടങ്ങിവച്ച 'ഓണം ദേശീയോത്സവമല്ല' സംവാദത്തിൽ ഇന്നും ഉറച്ചുനിൽക്കുന്നുവെന്ന് കെ ഇ എൻ.


"മാവേലി സ്റ്റോറുകൾക്ക് ബദലായി വാമന സ്റ്റോറുകൾ തുടങ്ങിയവരുടെ പിന്തുടർച്ചക്കാരാണ് ഓണത്തെ വാമന ജയന്തിയാക്കാൻ തുനിയുന്നവർ. രാജ്യമെങ്ങും ദളിതരിലുയരുന്ന ജനാധിപത്യ അവബോധത്തോടുള്ള ആശങ്ക കൊണ്ടാണ് കേരളത്തിലെ സവർണ്ണ ഹിന്ദുത്വക്കാർ മാവേലിയെ തളളിപ്പറഞ്ഞ് വാമനനെ പിൻപറ്റാൻ തീരുമാനിക്കുന്നത്."


ഓണം പോലുള്ള അന്യമത ആഘോഷങ്ങങ്ങളിൽ ഇസ്ലാം മതസ്ഥർ പങ്കാളികളായിക്കൂടെന്ന് ഇസ്ലാം മതവാദികളിൽ ചിലരും, മഹാബലിയെന്ന സാമ്രാജ്യശക്തിയെ ചവിട്ടിത്താഴ്ത്തിയ പുണ്യപുരുഷനാണ് വാമനനെന്ന് ഹിന്ദുത്വവാദികളും നിലപാടെടുത്ത പശ്ചാത്തലത്തിൽ കെ ഇ എൻ നാരദാ ന്യൂസിനോട് സംസാരിക്കുന്നു. ഓണാഘോഷത്തെക്കുറിച്ച് മുമ്പുയർത്തിയ വിമർശനങ്ങളെ കെ ഇ എൻ പുനരവലോകനം ചെയ്യുന്നു.ചുള്ളിക്കാടുയർത്തിയ വിമർശനം: 'കുഞ്ഞിരാമൻ നായരും സവർണ്ണ ഹിന്ദുമതവും'


പി കുഞ്ഞിരാമൻ നായരെ ദളിത് കവിയായിക്കൂടി അവതരിപ്പിക്കാൻ ചിലർ തുനിഞ്ഞ പശ്ചാത്തലത്തിലാണ് ബാലചന്ദ്രൻ ചുള്ളിക്കാടും താനും സവർണ്ണത സംബന്ധിച്ച ഒരു സംവാദത്തിന് തുടക്കമിട്ടത്. ഫ്യൂഡൽ സമ്പ്രദായത്തിന്റെ വെയ്സ്റ്റ് എന്നു വിളിക്കാവുന്ന, സംബന്ധ സമ്പ്രദായത്തിന്റെ തുടർച്ചയാണ് പി.യുടെ അലച്ചിലെന്നും, അങ്ങനെ ആദർശവൽക്കരിക്കേണ്ട ഒന്നല്ല അതെന്നുമായിരുന്നു ഞങ്ങളുടെ തിരിച്ചറിവ്.


പാരമ്പര്യം ഏതെഴുത്തുകാരനെയും ആഴത്തിൽ സ്വാധീനിക്കാം. ആ നിലക്ക്, മഹാകവിയായ കുഞ്ഞിരാമൻ നായർ സവർണ്ണ സ്രോതസ്സുകളിൽ നിന്ന് അനുഭൂതികൾ സ്വീകരിച്ചതിൽ തെറ്റൊന്നുമില്ല. എന്നാൽ യാഥാർത്ഥ്യങ്ങളെ കീഴ്മേൽ മറിക്കും വിധം പി. വ്യാഖ്യാനിക്കപ്പെട്ടപ്പോൾ ഞങ്ങളുടേതു പോലൊരു പ്രതികരണം ആവശ്യമായിരുന്നു. അങ്ങനെയാണ് പി.കുഞ്ഞിരാമൻ നായരെക്കുറിച്ച്  ചുള്ളിക്കാട് 'പി.കുഞ്ഞിരാമൻ നായരും സവർണ്ണ ഹിന്ദുമതവും' എന്ന പഠനമെഴുതുന്നതും താനതിന് ആമുഖമെഴുതുന്നതും.ഓണം ദേശീയോത്സവമാക്കിയത് ജാതിമേൽക്കോയ്മയെ പുരസ്കരിക്കാൻ?


ഓണം കേരളീയരുടെ ദേശീയോൽസവമാക്കുന്നത് 1960-ൽ മുഖ്യമന്ത്രി പട്ടം താണുപിള്ളയാണ് എന്നതടക്കമുള്ള ചരിത്ര വസ്തുതകൾ ചുള്ളിക്കാട് അവതരിപ്പിച്ചു. താനാ പശ്ചാത്തലം കൂടുതൽ വിശദമാക്കുകയാണ് ചെയ്തത്. 1956-ൽ ഐക്യകേരളമെന്ന ആശയം രൂപീകരിക്കപ്പെട്ടതിൽ ഓണത്തിനോ കേരളത്തിലെ മറ്റേതെങ്കിലും മതകീയ ഉത്സവത്തിനോ യാതൊരു റോളുമില്ല എന്നതടക്കമുള്ള കാര്യങ്ങൾ ആ പഠനത്തിൽ ചൂണ്ടിക്കാട്ടി.


ഉത്സവങ്ങളെല്ലാം അതാത് സാമൂഹ്യ വിഭാഗങ്ങളാണ് കൊണ്ടാടാറുള്ളതെന്നാണ് താനതിൽ ഉന്നയിച്ച കാഴ്ചപ്പാട്. കേരളത്തിൽ വിവിധ ജാതി-മത വിഭാഗങ്ങൾ തമ്മിൽ ഉപരിതലത്തിൽ ഒരു സൗഹൃദം നിലനില്ക്കുന്നതുകൊണ്ട് ഭക്ഷണ കൈമാറ്റം പോലെ ചില കൊടുക്കൽ വാങ്ങലുകൾ നടക്കാറുണ്ട്. അമ്പതുകളിലും അങ്ങനെയൊക്കെ ഉണ്ടായിരുന്നിരിക്കാം.


എന്നാൽ,1957ൽ അധികാരത്തിൽ വന്ന കമ്യൂണിസ്റ്റ് സർക്കാർ ഓണത്തിന് ദേശീയ പദവി നൽകുകയല്ല ചെയ്തത്. മെയ്ദിനം അവർ ശമ്പളത്തോടു കൂടിയ അവധിദിനമാക്കുകയും ചെയ്തു. എന്തിനാണ് മുൻഗണന നൽകേണ്ടതെന്ന ഇടതുപക്ഷബോധ്യം അതിൽ വ്യക്തമാണ്.


വിമോചനസമരത്തിനു ശേഷമാണ് പട്ടം മുഖ്യമന്ത്രിയാവുന്നത്. ജാതിമേൽക്കോയ്മ ചോദ്യംചെയ്യപ്പെട്ടതിനെതിരായ സമരമായിരുന്നു വിമോചനസമരം. ആ നിലക്ക്, ജാതിമേൽക്കോയ്മക്ക് നൽകിയ ഒരു പുരസ്കാരമായിരുന്നോ ഓണത്തിന് ദേശീയോൽസവ പദവി നൽകിക്കൊണ്ടുള്ള പട്ടത്തിന്റെ പ്രഖ്യാപനമെന്ന ന്യായമായ സംശയമാണ് ഞങ്ങളുന്നയിച്ചത്.ആത്മബോധം നഷ്ടപ്പെട്ടവരുടെ ഫ്യൂഡൽ വേഷംകെട്ടുകൾ


ഐക്യകേരളം പിറക്കാൻ അവസരമൊരുക്കിയത് ഓണമോ മറ്റേതെങ്കിലും ഉത്സവമോ അല്ല. നമ്മുടെ ദീർഘകാലത്തെ സാമ്രാജ്യ വിരുദ്ധസമരവും കർഷകരും കർഷകത്തൊഴിലാളികളുമൊക്കെ നടത്തിയ സമരവും എല്ലാമാണ്‌. അതോടൊപ്പം, കേരളത്തിന് പൊതുവായുള്ള മലയാളപ്പൊതുമയാണ് അതിന് സഹായകമായത്.


ഇതൊക്കെ വിസ്മരിച്ച്, ചില ഫ്യൂഡൽ ചിഹ്നങ്ങളെ കേരളത്തനിമയാക്കി സ്ഥാനക്കയറ്റം നൽകാനുള്ള ശ്രമങ്ങൾ ഉണ്ടായി. സവർണ്ണ സംസ്കാരത്തിന്റെ പ്രച്ഛന്ന മേൽക്കോയ്മയെയാണ് ഇത് പുന:സ്ഥാപിക്കാൻ ശ്രമിച്ചത്.


കേരള സമൂഹത്തിൽ അതുവരെ യൂണിഫോം ഡ്രസ്സ് കോഡ് ഉണ്ടായിരുന്നില്ല. കർഷകരുടുക്കുന്ന ചെറിയ തോർത്തുമുണ്ടടക്കം ജോലിക്കുള്ള ഡ്രസ്സാണ്. അതു കഴിഞ്ഞാലവർ വേറെ വസ്ത്രം ധരിക്കും. കേരള വസ്ത്രം, കേരളീയത എന്നൊക്കെപ്പറഞ്ഞ്, വസ്ത്രധാരണത്തിലടക്കം നിലനില്ക്കുന്ന വൈവിധ്യങ്ങളെയൊക്കെ വെട്ടിച്ചുരുക്കി ചില മേൽക്കോയ്മാ മാതൃകകൾ സൃഷ്ടിക്കപ്പെട്ടു. ഈ മാതൃകകൾക്ക് മുട്ടുകുത്താത്തവരൊക്കെ കേരള സംസ്കാരത്തിന് പുറത്താണെന്നും മുദ്രയടിക്കപ്പെട്ടു തുടങ്ങി.


അങ്ങനെ അപരവല്ക്കരിക്കപ്പെട്ട മനുഷ്യർ അവരുടെ ആത്മബോധത്തിന്റെ ശബ്ദം പോലും ശ്രവിക്കാതെ വേഷം കെട്ടാൻ നിർബന്ധിതരായി. ഈ വേഷംകെട്ട് എന്തു വില കൊടുത്തും ചരിത്രത്തിൽ ചോദ്യം ചെയ്യപ്പെടേണ്ടതുണ്ടായിരുന്നു. അതത്ര എളുപ്പമായിരുന്നില്ല. അതിന് കനത്ത വില കൊടുക്കേണ്ടിയിരുന്നു. ആ കനത്ത വില കൊടുത്തുകൊണ്ടുതന്നെ കേരളത്തനിമയെന്ന നാടുവാഴിത്ത വെയ്സ്റ്റിനെ സാംസ്കാരിക വിമർശനത്തിലൂടെ ചോദ്യം ചെയ്യുകയായിരുന്നു ഞാനടക്കമുള്ളവർ. അതിന്റെ പ്രത്യാഘാതങ്ങൾ വർത്തമാനകാലത്തുപോലും അനുഭവിക്കുന്നുണ്ടെങ്കിൽക്കൂടിയും

, അങ്ങനെ ചോദ്യം ചെയ്യാൻ കഴിഞ്ഞുവെന്നതിൽ ആഹ്ലാദമുണ്ട് - കെ ഇ എൻ പറഞ്ഞു.'സെറ്റുമുണ്ടും കോണകവാലും': സർക്കാർ സ്പോൺസേഡ് 'കേരളത്തനിമ'


ഇതൊന്നുമല്ല കേരളത്തനിമയെന്നും കെ ഇ എൻ ആവർത്തിക്കുന്നു. തനിമ താലോലിക്കപ്പെടുന്നത് കാര്യമായും സർക്കാർ നൽകുന്ന സ്പോൺസർഷിപ്പിലാണ്. ടൂറിസം ആവശ്യത്തിനും പരസ്യങ്ങൾക്കുമായി സർക്കാരുകൾ പ്രചരിപ്പിക്കുന്ന കുറിയ മുണ്ടുടുത്ത് കോണകവാലും പുറത്തുകാട്ടി നടക്കുന്ന കർഷകൻ കരിവള്ളൂരിനും കയ്യൂരിനുമൊക്കെ മുമ്പുള്ള ഫ്യൂഡൽ കർഷകരാണ്. ഈ സമരങ്ങൾക്കു ശേഷമുള്ളത് അങ്ങനെ തൂങ്ങിനിൽക്കുന്ന കർഷകരല്ല, ആത്മബോധത്തോടെ മുഷ്ടിചുരുട്ടി നിൽക്കുന്ന പുതിയ കർഷകരാണ്.


ഈ കർഷകരെ പുറത്തുനിർത്തുന്നതാണ് നമ്മുടെ 'പൊതുബോധം'. ഈ കർഷകൻ കടന്നുവരുന്നതോടെ നാടുവാഴിത്തം നിർമ്മിച്ച പൊതുബോധം തകരുകയായിരുന്നു. നമുക്കത് ഇന്നും സഹിക്കാനായിട്ടില്ല. അതുകൊണ്ടാണ് കോണകവാൽ പുറത്തു കാട്ടിനിൽക്കുന്ന കർഷകനും മുല്ലപ്പൂ ചൂടി സെറ്റുമുണ്ടുടുത്തു നിൽക്കുന്ന മലയാളി സ്ത്രീയുമാണ് കേരളത്തനിമയുടെ ചിഹ്നങ്ങളെന്ന് നമുക്കിപ്പോഴും തോന്നുന്നത്. നാടുവാഴിത്ത പൊതുബോധത്തിൽ നിന്ന് കർഷകരും സ്ത്രീകളും പുറത്തുകടന്നിട്ടും നമ്മൾ പുറത്തു കടക്കാത്തതുകൊണ്ടാണ് ഇത്.


ഈ കുരുക്കിൽ നിന്ന് പുറത്തുകടക്കേണ്ടത് മുല്ലപ്പൂ വർഗ്ഗീയമാണോ, സെറ്റുമുണ്ട് വർഗ്ഗീയമാണോ എന്നൊക്കെയുള്ള പൈങ്കിളി ബാലസാഹിത്യം രചിച്ചുകൊണ്ടല്ല എന്നാണ് അന്നുമിന്നും എന്റെ നിലപാട്. നമ്മുടെ ദേശീയത, നമ്മുടെ പാരമ്പര്യം, നമ്മുടെ പൈതൃകം എന്നിവയൊക്കെ നിർമ്മിക്കപ്പെട്ടിട്ടുള്ളത് ഏത് അസംസ്കൃത പദാർത്ഥങ്ങൾകൊണ്ടാണ്, ഏതു ചരിത്ര സന്ദർഭങ്ങളിലാണ്, ആരാണ്, എന്തിനു വേണ്ടിയാണ് എന്നൊക്കെയാണ് ഞങ്ങൾ അന്വേഷിക്കാൻ ശ്രമിച്ചത്. ഈ തനിമാ വാദങ്ങളൊന്നും അനാദിയല്ലെന്നത് ക്ലിയറാണ്.ജനസൗഹൃദം തകർക്കപ്പെട്ടു കൂടാ: ജീവിതസത്യത്തിന് തീക്കൊടുത്തും കൂടാ


കെ ഇ എന്നും മറ്റും തുടങ്ങിവച്ച ഉത്സവവിമർശനങ്ങളാണോ ഉത്സവങ്ങളെ തന്റെ മതത്തിന്റേതും അന്യമതത്തിന്റേതുമെന്ന് വെട്ടിമുറിച്ചത്? അന്യമതക്കാരന്റെ ആഷോഷങ്ങളിൽ പങ്കു ചേരരുതെന്ന 'ഫത് വ'കൾക്ക് വഴിവച്ചിരിക്കുന്നത്? തന്റെ വിമർശകരുയർത്തുന്ന ഈ ആക്ഷേപങ്ങൾക്ക് കെ ഇ എൻ മറുപടി നൽകുന്നതിങ്ങനെ:


സർക്കാരുകളുടെ താങ്ങിലും തണലിലുമല്ലാതെതന്നെ വ്യത്യസ്ത മതവിഭാഗങ്ങൾക്കിടയിൽ വൻതോതിലുള്ള സൗഹൃദം നിലനിന്നുപോരുന്നുണ്ട്. ഒരു സർക്കാരും പ്രഖ്യാപിച്ചതുകൊണ്ടുണ്ടായതും നിലനിൽക്കുന്നതുമല്ല ഈ സൗഹൃദം. കേരളത്തിലെ മനുഷ്യർ തമ്മിലിടപെട്ടും കൊടുത്തും വാങ്ങിയും വികസിപ്പിക്കുന്ന സാമൂഹ്യ-സാംസ്കാരിക പശ്ചാത്തലത്തിലാണ് ഈ സൗഹൃദം പുലരുന്നത്.


അങ്ങനെയാണ് അമ്പതുകളുടെ പകുതി മുതൽക്കുതന്നെ ഓണവും ബക്രീദും ക്രിസ്തുമസും ഉൾപ്പെടെയുള്ള എല്ലാ ഉത്സവങ്ങളും ജനങ്ങൾ പരസ്പരം പങ്കിടാവുന്നിടത്തോളം പങ്കിട്ടത്.


എന്റെയൊന്നും കുട്ടിക്കാലത്ത് എന്റെ പ്രദേശമായ പെരുമണ്ണയിലെ ഒരു വീട്ടിലും ഓണത്തപ്പൻ വന്നിട്ടില്ല. ഞങ്ങളാരും നിലവിളക്ക് കത്തിച്ചിട്ടില്ല. ഇത് ഞങ്ങളുടെ ജീവിത സത്യമാണ്. ഈ സത്യത്തിന് തീക്കൊടുക്കാൻ ആര് ശ്രമിച്ചാലും അത് ചരിത്രം അട്ടിമറിക്കുന്ന ഫാസിസ്റ്റ് പ്രവർത്തനം തന്നെയാണ്.


പക്ഷെ, ഓണമാവുമ്പോൾ കുട്ടികളൊക്കെ പൂപ്പറിക്കാൻ പോവും. ഒരു പ്രത്യേക സമുദായത്തിലെ കുട്ടികളാണ് മിക്കവാറും ഇപ്പോകുന്നവർ. എന്നാൽ, മറ്റു കുട്ടികൾ ഇവരെ സഹായിക്കും. തൊട്ടടുത്ത വീടുകളിലൊക്കെ പായസം കൊടുക്കും. മറ്റ് ഉത്സവങ്ങളിലാണെങ്കിൽ ഇറച്ചിയും കറിയുമൊക്കെ അയൽ വീടുകളിൽ എത്തിക്കും.ഭക്ഷണം പങ്കിട്ടാൽ മതം തകരുമെന്നോ! ആ പൈങ്കിളി ഇവിടെ ഓടില്ല


ഈയർത്ഥത്തിലുള്ള ഒരു ജനകീയ സൗഹൃദം പരിമിതികളോടെയെങ്കിലും കേരളത്തിൽ പതിറ്റാണ്ടുകളായി നിലവിലുണ്ട്. ആ ജനകീയ സൗഹൃദം ഇന്ന് കൂടുതൽ ശക്തിപ്പെടുത്തുകയും നിലനിർത്തുകയും വേണം.


കാരണം സർക്കാരുകളുടെ പിന്തുണകൊണ്ടോ ഫാസിസ്റ്റുകളുടെ ആജ്ഞക്കു വഴങ്ങിയോ ഉണ്ടായതല്ല ജനങ്ങൾക്കിടയിൽ നിലവിലുള്ള സൗഹാർദ്ദം. അത് ഏതെങ്കിലും ഉത്സവത്തിൽത്തുടങ്ങി അതിൽ അവസാനിക്കേണ്ടതുമല്ല. എല്ലാ ഉത്സവങ്ങളിലേക്കും ജനാധിപത്യപരമായി വികസിച്ച് ജനജീവിതത്തിലൊന്നാകെ തളിർക്കുകയാണ് അതിനി വേണ്ടത്. ഇതാണ് ഞങ്ങളുടെ നിലപാട്.


എന്നാൽ, പണ്ടുമുതലേ ഈ വിധത്തിൽ കേരളത്തിൽ നിലനിന്നുപോരുന്ന ജനകീയ സൗഹൃദം തകർക്കാനുള്ള ഒരു ശ്രമവും, ആരുടെ ഭാഗത്തുനിന്നായാലും, പിന്തുണക്കാൻ പറ്റില്ല. ഏതെങ്കിലും ഉത്സവത്തിന് ആളുകൾ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചാൽ അവർ മതത്തിനെതിരാണെന്ന മട്ടിലുള്ള പൈങ്കിളിക്കു താഴെ ഒപ്പുവെക്കാനൊന്നും കേരളീയരെ കിട്ടില്ല.

ഏതെങ്കിലുമൊരു മതവിഭാഗം മറ്റൊരു മതവിഭാഗത്തിന്റെ ഉത്സവങ്ങൾക്കെതിരെ എന്തുതരത്തിലുള്ള പരാമർശം നടത്തുന്നതും, ജനാധിപത്യത്തിന്റെ കാഴ്ചപ്പാടിൽ, അംഗീകരിക്കാനാവില്ല.


ബഹുസ്വരതയെക്കുറിച്ച് സദാ സംസാരിക്കുകയും, മൂർത്തമായ ജീവിതസന്ദർഭം വരുമ്പോൾ ബഹുസ്വരതാനിഷേധികളാവുകയും ചെയ്യുകയാണ് നമ്മൾ. ഒരു ഉത്സവത്തിൽ പങ്കെടുക്കണോ വേണ്ടയോ എന്നു തീരുമാനിക്കാനുള്ള അവകാശം ഒരു വ്യക്തിക്കും സമൂഹത്തിനും തീർച്ചയായുമുണ്ട്. എന്നാൽ, ഒരുത്സവത്തിൽ സ്വാഭാവികമായി രൂപപ്പെട്ടുവന്ന സൗഹൃദം തകർക്കാൻ ആർക്കും അവകാശമില്ല - കെ ഇ എൻ പറയുന്നു.ഉത്സവങ്ങളുടെ പൊതു സ്വീകാര്യത ഭൗതികതലത്തിൽ മാത്രമാണ്


ഉത്സവങ്ങളിൽ പങ്കാളികളാവാനും വിട്ടുനിൽക്കാനും ഓരോ വ്യക്തിക്കും അവകാശമുണ്ടാവേണ്ടത് എന്തുകൊണ്ടാണെന്നും കെ ഇ എന്നിന് വിശദീകരണമുണ്ട്.


എല്ലാ ഉത്സവങ്ങൾക്കും ആത്മീയവും ഭൗതികവുമായ തലങ്ങളുണ്ട്. മുസ്ലിങ്ങൾക്ക്  ബക്രീദ് കൃത്യമായ മതാനുഷ്ഠാനങ്ങളുടെ ഭാഗമാണ്. ക്രിസ്തുമസാണെങ്കിലും മതാനുഷ്ഠാനവുമായി  ബന്ധപ്പെട്ടുതന്നെയാണിരിക്കുന്ന

ത്. അതാത് വിശ്വാസം പുലർത്തുന്നവർക്ക് ഇവയിലെല്ലാം ഒരുപാടു കാര്യങ്ങൾ അനുഷ്ഠിക്കാനുണ്ട്. വിശ്വാസമുളളവർ മാത്രമേ അവയിൽ പങ്കെടുക്കാറുള്ളൂ. മറ്റുള്ളവർ അതിൽ പങ്കെടുക്കേണ്ട ആവശ്യവുമില്ല. ആർക്കെങ്കിലും ഇവയിലെല്ലാം പങ്കെടുക്കണമെന്ന് ആത്മാർത്ഥമായി ആഗ്രഹമുെണ്ടങ്കിൽ അവർക്ക് പങ്കെടുക്കുകയുമാവാം, ആർക്കും എതിർപ്പുണ്ടാവാനിടയില്ല.


എന്നാൽ എല്ലാ ഉത്സവങ്ങളിലും ഭൗതികതലത്തിലാണ് ഒത്തുചേരലുകൾ നടക്കുന്നത്. ആത്മീയതലത്തിൽ അങ്ങനെ ഒത്തുചേരലുണ്ടാവണമെന്ന് നിലനില്ക്കുന്ന സാഹചര്യത്തിൽ ആഗ്രഹിച്ചിട്ടു കാര്യവുമില്ല. കൃത്രിമമായി അങ്ങനെ ഉണ്ടാക്കേണ്ടതുമില്ല.


വിപണി, സർക്കാർ, പുതിയ കാലത്തിന്റെ കെട്ടുകാഴ്ചാ സ്വഭാവം, മധ്യവർഗ്ഗത്തിനുണ്ടായ സമൃദ്ധി ഇതിന്റെയൊക്കെ പശ്ചാത്തലത്തിൽ എല്ലാ ഉത്സവങ്ങളും അവയുടെ ആത്മീയതക്കപ്പുറത്ത്, ഭൗതികതലത്തിൽ കൂടിക്കൂടി വരുന്നുണ്ട്. കുപ്പി പൊട്ടിക്കലും യാത്ര പോവലുമെല്ലാം എല്ലാ ഉത്സവങ്ങളുടെയും പൊതുസ്വഭാവമായിക്കഴിഞ്ഞിട്ടുണ്ട്

.


എന്നാൽ ഇതൊക്കെയും ഉത്സവങ്ങളുടെ ബാഹ്യതലത്തിൽ രൂപപ്പെട്ടു വരുന്ന കൂട്ടായ്മകൾ മാത്രമാണ്. അതല്ലല്ലോ യഥാർത്ഥത്തിൽ ആ ഉത്സവം! ഉത്സവങ്ങളുടെ അടിത്തട്ടിൽ വിശ്വാസ സംബന്ധിയായ മറ്റു കാര്യങ്ങളുമുണ്ടല്ലോ. അവിടെയാണ് സംവാദം വരുന്നത്.നിലവിളി ഒന്നിനും പരിഹാരമല്ല; പോസിറ്റീവ് ചിന്തയുണ്ടാകട്ടെ


ഓണമെന്നത് സർക്കാരോ വിപണിയോ കലാസമിതികളോ മത്സരിച്ചു നടത്തുന്ന പൂക്കളമാണോ ഓണപ്പാട്ടാണോ, അതല്ല, ഓണപ്പാട്ടും പൂക്കളവുമൊക്കെ അതിന്റെ ഭാഗമായിരിക്കെത്തന്നെ അതിനപ്പുറത്ത്  ഈ ഉത്സവത്തെ സാധ്യമാക്കിയ എതെങ്കിലും തരത്തിലുള്ള ആശയങ്ങളുണ്ടോ, ആ ആശയങ്ങൾ ആര് എപ്പോഴുണ്ടാക്കിയതാണ് തുടങ്ങിയ പല കാര്യങ്ങളുണ്ട്.


അവയുടെ ഉള്ളിലേക്കു നോക്കിയാൽ ഒരു കാര്യം വ്യക്തമാണ്. ഒരു പത്തു നാല്പത്തഞ്ചു കൊല്ലം മുമ്പ് ആരൊക്കെയാണോ വീടുകളിൽ ഓണം ആഘോഷിച്ചത്, അവരൊക്കെത്തന്നെയാണ് ഇന്നും വീടുകളിൽ ഓണമാഘോഷിക്കുന്നത്. പല സ്ഥലങ്ങളിലും ഇതിങ്ങനെയൊരു ദിവസമാണെന്നു പോലും ആളുകൾക്കറിയുന്നുണ്ടാവില്ല. നഗരങ്ങളിലാണ് നാം കാണുന്ന പൊലിമയെല്ലാം.


ഭൗതികതലത്തിൽ മാത്രമാണ് ഓണത്തിന് ഇന്നു നാം കാണുന്ന സ്വീകാര്യത. അതുകൊണ്ടു മാത്രം ആ ഉത്സവത്തിന് എല്ലാ വിഭാഗങ്ങളിലും സ്വീകാര്യതയുണ്ടെന്ന് കരുതിക്കൂടാ. ഭൗതികതലത്തിലെ സ്വീകാര്യത ബക്രീദ് ദേശീയോത്സവമാക്കിയാൽ അതിനും ക്രിസ്തുമസ് ദേശീയോത്സവമാക്കിയാൽ അതിനും കിട്ടാവുന്നതേയുള്ളൂ.
മുസ്ലിങ്ങളുടെ ഉത്സവങ്ങൾക്കും ദളിതരുടെ ഉത്സവങ്ങൾക്കുമെല്ലാം ദേശീയോത്സവ പദവിക്ക് അർഹതയുമുണ്ട്.


നാനാത്വത്തിൽ ഏകത്വമെന്നൊക്കെ പറയുമെങ്കിലും അങ്ങനെയല്ല സംഭവിക്കുന്നത്. പകരം, ഏകത്വത്തെ നാനാവിധത്തിൽ അവതരിപ്പിച്ചുകൊണ്ട് പരോക്ഷമായി അതിനെ ദൃഢപ്പെടുത്തുന്ന പ്രവർത്തനമാണ് ഇന്ത്യയിലെ അദൃശ്യ ഭരണകൂടമായ സവർണ്ണ പ്രത്യയശാസ്ത്രത്തിന്റെ നേതൃത്വത്തിൽ നടന്നുകൊണ്ടിരിക്കുന്നത്.


ഇതിനെയാണ് ഞങ്ങളൊക്കെ ചോദ്യംചെയ്യാൻ ശ്രമിക്കുന്നത്. ചോദ്യംചെയ്യൽ ഒരു ഘട്ടത്തിൽ വികലമായിത്തീരാനുള്ള സാധ്യതയും തീർച്ചയായുമുണ്ട്. അതിൽ ജനാധിപത്യവാദികൾ ജാഗ്രത കാണിക്കുക മാത്രമേ നിർവാഹമുള്ളൂ. അതിനു വഴി ഈ ഉത്സവത്തെ ഉപേക്ഷിക്കുന്നുവല്ലോ എന്നു നിലവിളിക്കലല്ല. പകരം, എല്ലാ ഉത്സവങ്ങളെയും പൊതു ഉത്സവ പദവിയിലേക്ക് നമുക്ക് ഉയർത്താമല്ലോ എന്ന പോസിറ്റീവ് ചിന്തയാണുണ്ടാവേണ്ടത്.ദളിതർ ഓണത്തെ സ്വാംശീകരിച്ചു; മതരഹിതരും അന്യമതസ്ഥരും പുറത്താണ്


അപ്പോൾ ദളിതർ പോലും കൂടുതൽക്കൂടുതൽ ഗാർഹികമായി ഓണമാഘോഷിച്ചു വരുന്നതോ? സവർണ്ണത അനുശാസിക്കുന്ന ആചാരബദ്ധതകൾക്കപ്പുറത്ത് പല മട്ടിൽ - മീൻ കൂട്ടിയും തൃക്കാക്കരപ്പനെ വെക്കാതെയും അങ്ങനെയങ്ങനെ - മലയാള നാട്ടിൽ ഓണം കൊണ്ടാടപ്പെടുന്നുണ്ടെന്നതോ?


സവർണ്ണ പ്രത്യയശാസ്ത്രത്തിന്റെ പ്രവർത്തനരീതികളെക്കുറിച്ചുള്ള നമ്മുടെ അറിവില്ലായ്മയാണിതെന്ന് കെ ഇ എൻ പറയുന്നു:


മീൻ കൂട്ടി ഓണമുണ്ണുന്നതു പോലത്തെ വൈവിധ്യങ്ങളൊക്കെ നാട്ടിൽ ഒരു കാലത്ത് നിലനിന്നിട്ടുണ്ട്. പക്ഷെ ആ വൈവിധ്യങ്ങളൊക്കെ പ്രാദേശികവും, ഓണത്തിന്റെ മേൽക്കോയ്മാ പാഠങ്ങളിൽ നിന്ന് തെറ്റിനിൽക്കുന്നതുമായിരുന്നു, സംശയമില്ല.


എന്നാൽ ഇന്ത്യൻ സവർണ്ണത സമീപകാലത്ത് സ്വീകരിക്കുന്ന ഒരു രീതി നാം ശ്രദ്ധിക്കണം. അത് അതിന്റെ ഹെജിമോണിക് ടെക്സ്റ്റ് ഉയർത്തിപ്പിടിക്കുമ്പോൾത്തന്നെ, ആ പാഠത്തെ നേരിട്ട് വെല്ലുവിളിക്കാത്ത തരത്തിലുള്ള വൈവിധ്യങ്ങളെയും വച്ചുപൊറുപ്പിക്കും. അതൊരു ടാക്ടിക്സാണ്.


ഹിന്ദു സമൂഹത്തിന്റെ അകത്ത് മത്സ്യം കൂട്ടി ഓണമാഘോഷിക്കുന്നവരും അല്ലാതെ ആഘോഷിക്കുന്നവരും ഉണ്ടെന്നത് ശരിയാണ്. പക്ഷെ, മറ്റ് സാമൂഹ്യ വിഭാഗങ്ങളും ഇങ്ങനെ പല വിധത്തിൽ ഓണമാഘോഷിക്കുന്നുണ്ടെന്ന് നാം പറയുന്നത് ഏത് ഫീൽഡ് സ്റ്റഡിയുടെ അടിസ്ഥാനത്തിലാണ്!


കേരളത്തിലെ ദളിത് സമൂഹത്തിൽ ഓണമടക്കമുള്ള സവർണ്ണ ഉത്സവങ്ങളെ സ്വാംശീകരിക്കുന്ന വിധത്തിൽ മാറ്റങ്ങൾ വന്നിട്ടുണ്ടെന്നത് വാസ്തവമാണ്. സവർണ്ണ പ്രത്യയശാസ്ത്രത്തിന് വലിയൊരളവിൽ അവർ കീഴ്പെട്ടിട്ടുണ്ടെന്ന് തോന്നുന്നു. സവർണ്ണ അനുഷ്ഠാനങ്ങളിലേക്ക് പ്രവേശിക്കുക വഴി, തങ്ങളുടെ രണ്ടാംതരം പദവി ഒന്നാന്തരമാക്കി മാറ്റിയെടുക്കാമെന്ന് അവർ വ്യാമോഹിക്കുന്നതുകൊണ്ടാവാം ഇത്.


എന്നാൽ, മുസ്ലിം-കൃസ്ത്യൻ മത സമൂഹങ്ങളും മതരഹിത കാഴ്ചപ്പാടു പുലർത്തുന്ന മാർക്സിസ്റ്റുകളിൽ വലിയൊരു വിഭാഗവും ഓണം പോലത്തെ ഉത്സവങ്ങളുടെ ആത്മീയതയെ ആശ്ളേഷിച്ചിട്ടില്ല. ആശ്ളേഷിക്കാൻ സാധ്യതയും കുറവാണ്.ഓണമാഘോഷിച്ചില്ലെങ്കിലും സവർണ്ണത നിലനില്പുണ്ട്!


ആത്മീയാർത്ഥത്തിലുള്ള ഓണാഘോഷം നടക്കാത്ത ഹിന്ദു വീടുകൾ ഓണത്തിലൂടെ മുന്നോട്ടുവെക്കപ്പെടുന്ന സവർണ്ണ പ്രത്യയശാസ്ത്രത്തിൽ നിന്ന് വിടുതൽ നേടിയവയാണെന്ന് കരുതാനാവില്ലെന്നും കെ ഇ എൻ പറയുന്നു.


ഹിന്ദു മതത്തിന്റെ വലിയൊരു പ്രത്യേകതയാണത്. അതിൽ പല ആചാരാനുഷ്ഠാനങ്ങൾക്കും പ്രസക്തിയുണ്ടെങ്കിലും, അവ നിർവഹിച്ചില്ലെങ്കിലും കുഴപ്പമൊന്നുമില്ല. ഒറ്റക്കാര്യത്തിലേ അതിൽ കൃത്യതയുള്ളൂ. അത് അതിന്റെ ജാതിമേൽക്കോയ്മയാണ്. നിങ്ങൾ ചടങ്ങുകൾ ചെയ്താലും ഇല്ലെങ്കിലും, ക്ഷേത്രത്തിൽ പോയാലും ഇല്ലെങ്കിലും, അക്കാര്യത്തിൽ ഒരു വിട്ടുവീഴ്ചയുമുണ്ടാവില്ല.


അതായത്, ഹിന്ദു മതത്തിന്റെ വൈവിധ്യം അതിന്റെ പെരിഫെറിയിലാണ്. മർദ്ദക സ്വഭാവം അതിന്റെ കേന്ദ്രത്തിലാണ്. അത് ജാതീയതയുമാണ്. ജാതിമേൽക്കോയ്മയെ വെല്ലുവിളിക്കുന്ന തരത്തിലേക്ക് മാറുമ്പോൾ മാത്രമേ വൈവിധ്യങ്ങളെ ഹിന്ദുമതം ചോദ്യംചെയ്യുകയുള്ളൂ.ശശികലയുടെ വാമന വാദം വരുന്നത് ഇവിടെയാണ്


കേരളത്തിൽ പലേ സാമൂഹ്യ മുന്നേറ്റങ്ങളുടെ ഭാഗമായി, ജാതിമേൽക്കോയ്മയെ വെല്ലുവിളിക്കുന്ന വിധത്തിൽ ഹിന്ദു മതത്തിലെ വൈവിധ്യങ്ങൾ വളരുന്നുണ്ടോ എന്ന് ജാതി ഹിന്ദുക്കൾ സന്ദേഹിക്കുന്നുണ്ട്. അതിൽ നിന്നാണ് ഹിന്ദുത്വ വാദികളുടെ സവിശേഷമായ ഓണ വിശകലനങ്ങൾ ഉയർന്നു വരുന്നത്. ആർ എസ് എസ് ഇതുവരെ ഇവിടെ ഉണ്ടായിരുന്നല്ലോ. എന്നിട്ടും ഓണം വാമന ജയന്തിയാണെന്നു പറയാൻ അവർ ധൈര്യപ്പെട്ടിട്ടില്ല.


ഇപ്പോഴതിന് തുനിയുന്നത് ഇന്ത്യയിൽ പല ഭാഗത്തും ഉണ്ടായി വരുന്ന പോലെ കേരളത്തിലും ഒരു കീഴാള ഉണർവുണ്ടായി വരുന്ന സാഹചര്യത്തിലാണ്. നേരത്തെപ്പറഞ്ഞ പോലെ സവർണ്ണവല്ക്കരിക്കപ്പെടുന്ന പ്രവണത തുടരുമ്പോൾത്തന്നെ, കേരളത്തിലെ ദളിതർക്കിടയിൽ നിന്ന് അവരുടേതായ രീതിയിലുള്ള ചില ഇടപെടലുകൾ നടക്കുന്നുണ്ട്.


രാമരാജ്യമെന്ന സങ്കല്പത്തിനെതിരായാണ് ബദൽ ദേശീയതയെന്ന നിലക്ക് ജോതിബാ ഫൂലെ ബലിരാജ്യമെന്ന സങ്കല്പം മുന്നോട്ടു വെക്കുന്നത്. ജോതിബ ഫൂലെ പറഞ്ഞതിന്റെ തുടർച്ചയായി പുതിയൊരു ജനാധിപത്യ കാഴ്ചപ്പാടിലേക്ക് സ്വയം പുനർവിന്യസിക്കാനുള്ള ശ്രമങ്ങൾ കേരളത്തിലെ ദളിത് ബഹുജനങ്ങൾക്കിടയിൽ നടക്കുന്നുണ്ട് - അവ എത്ര ബലഹീനമാണെങ്കിലും.സവർണ്ണതയുടെ ആചാരങ്ങളെ ഇനിയുമവർ ശക്തിപ്പെടുത്തും


ഈ കീഴാള ശ്രമങ്ങളോടുള്ള സംഘപരിവാറിന്റെ അമർഷം കൂടിയാണ് ശശികല ടീച്ചറുടെ പ്രസ്താവനയിലും വാമനനെ ഉയർത്തിക്കാട്ടുന്ന 'കേസരി'യുടെ നിലപാടിലും നുരയുന്നത്. ജോതിബാ ഫൂലെയിൽ നിന്ന് പ്രചോദിതരായി ഓണാഘോഷത്തെ പുനർവിന്യസിക്കാൻ ഹിന്ദു മതത്തിനകത്തു നിന്നും ശ്രമമുണ്ടാകാമെന്ന ഭയം അവർക്കുണ്ടാകാം.


ദേശീയതലത്തിൽ സംഘപരിവാറിനെ ഏറ്റവും അസ്വസ്ഥപ്പെടുത്തുന്നത് ഫൂലെ - അംബേദ്കർ ചിന്തകളാണ്. ഒരു പക്ഷെ, ഇന്ത്യൻ ഫാസിസം അട്ടിമറിക്കപ്പെടുക ഇന്ത്യയിലെ ദളിതരുടെ ഉയിർത്തെഴുന്നേല്പോടെ ആയിരിക്കും. അത് ഏറ്റവും നന്നായി തിരിച്ചറിയുന്നവരാണ് സംഘപരിവാർ.


പല ഭാഗത്തുനിന്നും സവർണ്ണ പ്രത്യയശാസ്ത്രം ചോദ്യം ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണ് ഇന്ത്യയിൽ. അതിനെ ചെറുക്കാൻ സവർണ്ണതയെ, സവർണ്ണതയുടെ വിവിധങ്ങളായ ആചാരങ്ങളെ, പലവിധത്തിൽ ശക്തിപ്പെടുത്താൻ സംഘപരിവാർ ശ്രമിച്ചുകൊണ്ടേയിരിക്കും. ഓണത്തിന്റെ കാര്യത്തിലടക്കം സംഭവിക്കുന്നത് അതാണ്.


ഉത്സവങ്ങളുടെയെല്ലാം ആത്മീയ നേതൃത്വം സവർണ്ണതയാണ് കയ്യാളിക്കൊണ്ടിരിക്കുന്നത്, ഇത്രയേറെ നവോത്ഥാനങ്ങൾ നടന്ന ശേഷവുമെന്ന് നാം മറന്നു കൂടാ - കെ ഇ എൻ പറഞ്ഞു.

Read More >>